ആന്‍മരിയ കലിപ്പിലാണ്

ആന്‍മരിയ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ദൈവത്തിരുമകള്‍, ജസ്ബ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ബേബി സാറയാണ്.

ആന്‍മരിയ കലിപ്പിലാണ്

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ആ കര്‍മം നിര്‍വ്വഹിച്ചത്.

ആന്‍മരിയ കലിപ്പിലാണ് എന്നാണ് ചിത്രത്തിന്റെ പേര്. ആന്‍മരിയ എന്ന ടൈറ്റില്‍ റോളിലെത്തുന്നത് ദൈവത്തിരുമകള്‍, ജസ്ബ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ബേബി സാറയാണ്. സണ്ണി വെയിനാണ് കേന്ദ്ര നായക വേഷം ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് ചിത്രം.


അജു വര്‍ഗ്ഗീസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്. മിഥുന്‍ മാനുവലും ജോണ്‍ മന്ത്രിച്ചലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ഗുണ്ട് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ്ജാണ് ആന്‍മരിയ കലിപ്പിലാണ് നിര്‍മിയ്ക്കുന്നത്.

ഉറ്റ സുഹൃത്ത് സണ്ണി വെയിനിന് ആശംസകള്‍ നേരുന്നതിനൊപ്പം ചിത്രത്തിന്റെ ചെറിയൊരു ഭാഗമായി താനും എത്തുന്നുണ്ട് എന്നും ദുല്‍ഖര്‍ വെളിപ്പെടുത്തി. കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നും അത്തരമൊരു ചിത്രത്തില്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.