ഇനി കേരളത്തിലെ ഏതെങ്കിലും കോളെജിൽ പഠിച്ചാൽ മതിയെന്ന് റാഗിങ് ഇര അശ്വതി; റാഗിങ് വിവരം മറച്ചു വച്ചത് വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ

അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത നാലു സീനിയർ വിദ്യാർത്ഥികളിൽ മൂന്നുപേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് ഗുല്‍ബര്‍ഗയിലെ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്ത വിവരം ഇന്ന് രാവിലെയാണ് അശ്വതി അറിഞ്ഞത്. റാഗിങ് നടന്ന് ഗുരുതരമായ പരുക്കുകളോടെ നാട്ടില്‍ തിരിച്ചെത്തിയപ്പോഴും വിവരം വീട്ടുകാരേയും മറ്റും അറിയിച്ച് വിഷമിപ്പിക്കേണ്ട എന്നാണ് അശ്വതി കരുതിയ

ഇനി കേരളത്തിലെ ഏതെങ്കിലും കോളെജിൽ പഠിച്ചാൽ മതിയെന്ന് റാഗിങ് ഇര അശ്വതി; റാഗിങ് വിവരം മറച്ചു വച്ചത് വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ

കോഴിക്കോട്:  ചികിത്സ കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നാല്‍ കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ നഴ്‌സിംഗ് കോളെജില്‍ ചേര്‍ന്ന്, മുടങ്ങിയ പഠനം തുടരാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് കർണാടകയിൽ വച്ച് ക്രൂരമായ റാഗിങിന് ഇരയായ ദളിത് വിദ്യാർത്ഥി അശ്വതി.  താന്‍ ക്രൂരമായ റാഗിങ്ങിന് ഇരയായ കര്‍ണാടക ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ ഇന്‍സ്റ്റിറ്റൂറ്റ് ഓഫ് നഴ്സിംഗ് കോളെജിലേക്ക് ഇനി തിരിച്ചു പോകുന്നത് ചിന്തിക്കാന്‍ പോലും അശ്വതിക്ക് വയ്യ.  എന്നാല്‍ പഠനം മുടക്കാനും വയ്യ. തന്നെ കാണാന്‍ വരുന്ന പ്രമുഖരോടും രാഷ്ട്രീയക്കാരോടുമെല്ലാം അശ്വതിക്ക് പറയാനുള്ളത് ഇതുമാത്രമാണ്.  അശ്വതിയുടെ അമ്മയും അമ്മാവന്‍മാരും ഇതാണ് ആവശ്യപ്പെടുന്നത്. അശ്വതിയെ കാണാൻ ചെന്ന നാരദ ന്യൂസിനോടും അവര്‍ ഇതേ ആവശ്യം തന്നെ ആവർത്തിച്ചു.


അശ്വതിയെ ക്രൂരമായി റാഗ് ചെയ്ത നാലു സീനിയർ വിദ്യാർത്ഥികളിൽ  മൂന്നുപേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് ഗുല്‍ബര്‍ഗയിലെ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്ത വിവരം ഇന്ന് രാവിലെയാണ് അശ്വതി അറിഞ്ഞത്. റാഗിങ്  നടന്ന് ഗുരുതരമായ പരുക്കുകളോടെ നാട്ടില്‍ തിരിച്ചെത്തിയപ്പോഴും വിവരം വീട്ടുകാരേയും മറ്റും അറിയിച്ച് വിഷമിപ്പിക്കേണ്ട എന്നാണ് അശ്വതി കരുതിയത്. ചെറിയ തോതില്‍ റാഗിങ്ങ് നടന്നുവെന്നല്ലാതെ കൂടുതലൊന്നും അശ്വതി തുടക്കത്തില്‍ പറഞ്ഞിരുന്നില്ല. നാട്ടിലെത്തിയ അവശയായിരുന്ന അശ്വതിയെ വീട്ടുകാര്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോകുമ്പോഴും ഇതൊന്നും അറിഞ്ഞിരുന്നില്ല. സാധാരണ അസുഖമാണെന്നാണ് അവര്‍ കരുതിയിരുന്നത്. അക്കാര്യങ്ങള്‍ അശ്വതിയുടെ അമ്മാവൻ ഭാസ്‌കരന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

കുറ്റിപ്പുറത്തിനടുത്ത് കോലത്തുകുന്ന് പുള്ളുവപ്പടിയില്‍ വീട്ടില്‍ അശ്വതിക്ക് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് ഒരു നഴ്സാവുക എന്നത്. നേഴ്സിങ്ങ് പഠിച്ചാല്‍ തൊഴില്‍ കിട്ടും, കുടുംബവും രക്ഷപ്പെടുത്താം എന്ന മോഹം കൂടി ഇതിനു പുറകിലുണ്ട്.  അച്ഛന്‍ രാജന്‍ അശ്വതിയുടെ ബാല്യത്തിൽ തന്നെ നാടുവിട്ടു പോയതാണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്നൊന്നും അറിയില്ല. പിന്നീട് അമ്മ ജാനകി കൂലിപ്പണിക്ക് പോയാണ് അശ്വതിയേയും ചേച്ചി അഞ്ജലിയേയും വളര്‍ത്തിയത്. ചേച്ചി അഞ്ജലി ഓപ്പണ്‍ യൂണിവേഴ്സിറ്റി വഴി എം കോമിനു പഠിക്കുന്നുണ്ട്. അമ്മയെ കൂടാതെ അമ്മയുടെ സഹോദരങ്ങളാണ് ഇവരുടെ സഹായത്തിനുള്ളത്.

വെളിയങ്കോടുള്ള ഒരു ഏജന്‍സി വഴിയാണ് അശ്വതി ഗുല്‍ബര്‍ഗയിലെ നഴ്സിംഗ് കോളെജില്‍ ചേര്‍ന്നത്. അഡ്മിഷന്‍ സമയത്ത് അയ്യായിരം രൂപയും പിന്നീട് ഒരു വര്‍ഷത്തെ ഫീസായി 75000 രൂപയും കോളെജില്‍ അടച്ചു. നാട്ടിലെ കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പ എടുത്തിരുന്നു. ഇതില്‍ ആദ്യത്തെ വര്‍ഷം അനുവദിച്ച 75000 രൂപയാണ് കോളെജില്‍ അടച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് കോളെജില്‍ ചേര്‍ന്ന അശ്വതിയുടെ പഠനം ഈ കഴിഞ്ഞ മെയ് 9ന് അവസാനിച്ചു. അന്നേ ദിവസമാണ് സീനിയർ വിദ്യാർത്ഥികൾ അശ്വതിയെ ക്രൂരമായി റാഗ് ചെയ്യുന്നതും ടോയ്ലെറ്റ് ക്ലീനര്‍ കുടിപ്പിക്കുന്നതും   ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതുമെല്ലാം. ഗുല്‍ബര്‍ഗയിലുള്ള ഭാസവേശ്വര ഹോസ്പിറ്റലില്‍  നാലു ദിവസം ഐ സി യു വിലും ഒരു ദിവസം കാഷ്വാലിറ്റിയിലും കിടത്തി. കേസെടുക്കാനായി പോലീസ് വന്നെങ്കിലും സംസാരിക്കാന്‍ കഴിയാത്തതു കൊണ്ട് മൊഴിയെടുത്തില്ല. തുടര്‍ന്ന് ഹോസ്പ്പിറ്റലിന്റെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് പോലീസ് മൊഴിയെടുക്കാന്‍ വരുമെന്നറിഞ്ഞപ്പോള്‍ രണ്ടു ദിവസത്തിനുള്ളില്‍, കഴിഞ്ഞ മാസം 15 ന് പുലര്‍ച്ചെ ഇവരെ നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നു.

പക്ഷെ ഈ വിവരങ്ങളൊന്നും ഈ സമയത്ത് വീട്ടില്‍ അറിഞ്ഞില്ല. സംഭവം ഉണ്ടായപ്പോള്‍ അശ്വതിയുടെ മുറിയില്‍ ഉണ്ടായിരുന്ന സായിനികിത എന്ന വിദ്യാർത്ഥി നാട്ടിലേക്ക് വിളിച്ച് അശ്വതിക്ക് ചെറിയ തോതില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടെന്നു പറഞ്ഞിരുന്നു. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ വിളിക്കാമെന്നും പറഞ്ഞിരുന്നു. നാട്ടില്‍ വന്ന ശേഷം അശ്വതിയുടെ കയ്യിലെ ഫോണ്‍ കേടായിരുന്നു. സ്വന്തമായി ഫോണ്‍ ഇല്ലാത്തതു കൊണ്ട് അമ്മായിയുടെ സാധാരണ ഫോണാണ് അശ്വതി കോളെജിലേക്ക്  കൊണ്ടു പോയിരുന്നത്. റൂംമേറ്റായ സായി നികിതക്കും മറ്റൊരു കുട്ടിക്കും ഒപ്പമാണ് അശ്വതി നാട്ടിലെത്തിയത്.
നാട്ടിലെത്തിയ ശേഷം അശ്വതിക്ക് ഭക്ഷണമോ വെള്ളമോ കഴിക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു.  ഒരു തുള്ളി വെള്ളം പോലും ഇറക്കാന്‍ കഴിയാതെ വന്നതോടെ അശ്വതിയെ നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയി കാണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു അന്ന്. അപ്പോഴും ഗുല്‍ബര്‍ഗയില്‍ നടന്ന റാഗിങ്ങോ പീഡനത്തിന്റെ ഭീകരതയോ അശ്വതി വീട്ടില്‍ പറഞ്ഞില്ല. ചെറുപ്പത്തില്‍ അശ്വതിക്ക് ചെറിയ തോതില്‍ വയറിൽ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ടായിരുന്നു. അതേ  പ്രശ്നമാകുമെന്നാണ് വീട്ടുകാര്‍ കരുതിയത്. അന്നേ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.  മൂന്നു ദിവസം കിടത്തിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തു. പിന്നീടും ഛര്‍ദ്ദിയും അസ്വസ്ഥതയും വര്‍ദ്ധിച്ചു. പലയിടത്തും ഡോക്ടര്‍മാരെ കാണിച്ചു. മെയ് മുപ്പതിന് അസുഖം വീണ്ടും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിൽ കാണിച്ചു. രാത്രി തിരികെ വീട്ടിലേക്ക് കൊണ്ടു വന്നു, അസുഖം വര്‍ദ്ധിച്ചപ്പോള്‍ ആ രാത്രി വീണ്ടും കൊണ്ടു പോയി.

31 ന് അവിടെ സന്ദർശനത്തിന് വന്ന തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലെ ഡോക്ടര്‍ എൻഡോസ്കോപി ചെയ്യണം എന്നു പറഞ്ഞു. എൻഡോസ്കോപ്പി ചെയ്യാനായി ജൂണ്‍ ഒന്നിന് തൃശൂര്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലേക്ക് എത്തിച്ചു. അന്നനാളം ചുരുങ്ങി ഒട്ടി നില്‍ക്കുന്നതിനാല്‍ എന്‍ഡോസ്കോപ്പി ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. മരുന്ന് പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥ. അല്‍പം ഗുരുതരമാണെന്നും സര്‍ജറി വേണ്ടി വരുമെന്നും ഡോക്ടര്‍ പറഞ്ഞു. അവിടെ നിന്ന് രണ്ടാം തീയ്യതി ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു വന്നത്.

രണ്ടാം തീയ്യതി രാത്രി  പത്ത് മണിക്കാണ് മെഡിക്കല്‍ കോളെജില്‍ എത്തിച്ചത്. മെഡിക്കല്‍ കോളെജില്‍ എത്തിയ ശേഷമാണ് ശരിക്കുള്ള അവസ്ഥകളൊക്കെ മനസ്സിലായത്. സംസാരിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടി വേദനയോടെയാണ്. എന്തു തന്നെയായാലും സര്‍ജറി ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാൽ ആറുമാസം കഴിയാതെ ഒന്നും ചെയ്യാന്‍ പറ്റില്ല. പക്ഷെ റാഗിങ്ങ് നടന്നിട്ടില്ലെന്നാണ് കോളെജ് അധികൃതരുടെ വാദം. റാഗ് ചെയ്ത കുട്ടികള്‍ സംഭവ ദിവസം നാട്ടിലായിരുന്നുവെന്നും കോളെജില്‍ ഇല്ലായിരുന്നുവെന്നാണ് കോളെജ് അധികൃതര്‍ നല്‍കിയ മൊഴി.

Read More >>