പതിന്നാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; താമരപൂക്കളുമായി ആഘോഷപൂര്‍വ്വം ഒ രാജഗോപാല്‍ നിയമസഭയിലേക്ക്

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പുതുതായി പദവികളിലെത്തിയവര്‍ ഇരുപക്ഷത്തെയും നയിക്കുമ്പോള്‍ രണ്ടു മുന്‍ മുഖ്യമന്ത്രിമാര്‍ ട്രഷറി ബഞ്ചിലും പ്രതിപക്ഷ ബഞ്ചിലുമുണ്ടാകും.

പതിന്നാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; താമരപൂക്കളുമായി ആഘോഷപൂര്‍വ്വം ഒ രാജഗോപാല്‍ നിയമസഭയിലേക്ക്

പതിന്നാലാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. ഇന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെയാണ്. സംസ്ഥാനത്തെ ആദ്യ ബിജെപി എം.എല്‍എയായ ഒ രാജഗോപാല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ താമരപ്പൂക്കളുമായി ആഘോഷപൂര്‍വം സഭയിലെത്താനാണ് രാജഗോപാലിന്റെ തീരുമാനം.

കണ്ണൂര്‍ പയ്യാമ്പലത്തുനിന്ന് തുടങ്ങിയ വിജയയാത്ര നയിച്ചാണ് ബിജെപിയുടെ ആദ്യ എംഎല്‍എ സഭയിലെത്തുക. പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് രാജഗോപാല്‍ സഭയിലെത്തുന്നത്.


രാവിലെ 9 മണി മുതല്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പ്രോട്ടേം സ്പീക്കര്‍ എസ് ശര്‍മ പതിന്നാലാം നിയമസഭയുടെ ആദ്യ സമ്മേളനം നിയന്ത്രിക്കും. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ നടക്കുക.

ഇരു മുന്നണിയിലും പെടാതെ സ്വതന്ത്രനായി പി.സി ജോര്‍ജുമുണ്ടെന്നുള്ളത് പതിനാലാം നിയമസഭയുടെ പ്രത്യേകതയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി പുതുതായി പദവികളിലെത്തിയവര്‍ ഇരുപക്ഷത്തെയും നയിക്കുമ്പോള്‍ രണ്ടു മുന്‍ മുഖ്യമന്ത്രിമാര്‍ ട്രഷറി ബഞ്ചിലും പ്രതിപക്ഷ ബഞ്ചിലുമുണ്ടാകും. പതിന്നാലാം കേരള നിയമസഭയില്‍ ഒ.രാജഗോപാലടക്കം 44 പുതുമുഖങ്ങളുണ്ട്. ഇതില്‍ മൂന്നു പേര്‍ വനിതകളാണ്. 83 സിറ്റിങ് എം.എല്‍.എമാരാണ് സഭയിലുള്ളത്.

നാളെ രാവിലെ ഒമ്പതിനാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. അദ്യ സമ്മേളനം രണ്ടു ദിവസം മാത്രമാണ് നടക്കുന്നത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പത്രിക നല്‍കാം. പി ശ്രീരാമകൃഷ്ണനാണ് ഇടതു മുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. വി ശശി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാണ്.