മെയ്‌ 28 ലോക ആര്‍ത്തവ ശുചിത്വദിനം (ലേഡീസ് ഒണ്‍ലി)

സാനിറ്ററി നാപ്കിനുകൾ കടകളിൽ നിന്നു വാങ്ങുന്നത് തന്നെ, നിരോധിതമായതെന്തോ വാങ്ങുന്നത് പോലെയാണ്. പ്രത്യേകമായി പേപ്പറുകളിൽ പൊതിഞ്ഞും, കറുത്ത കവറുകളിലുമായിട്ടാണ് ഇവ കടകളില്‍ നിന്നും പുറത്തു പോകുന്നത്

മെയ്‌ 28 ലോക ആര്‍ത്തവ ശുചിത്വദിനം (ലേഡീസ് ഒണ്‍ലി)

ആർത്തവവും, അതിനെ തുടർന്നു സ്ത്രീകൾക്കു ചില ദേവാലയങ്ങളിലുള്ള വിലക്കും സമീപകാലത്ത് ഇന്ത്യയിൽ വൻ ചർച്ചകൾക്ക് വഴിയൊഴുക്കിയിരുന്നു. ആർത്തവത്തെ കുറിച്ചുള്ള ചർച്ചകൾ പോലും അസഭ്യമായി കരുതുന്നവർക്കിടയിൽ വ്യത്യസ്ത പ്രവർത്തികളുമായി പഞ്ചാബിലെ ചില സന്നദ്ധ സംഘടനകൾ ലോക ആർത്തവ ശുചിത്വ ദിനം ആഘോഷിച്ചു. മെയ് 28നാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.

പഞ്ചാബിലെ അഞ്ച് സ്ക്കൂളുകളിലാണ് ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സാനിറ്ററി നാപ്കിൻ ഇൻസിനേറ്ററുകൾ സ്ഥാപിക്കുകയും, മറ്റ് ആറു സ്ക്കൂളുകളിൽ നാപ്കിനുകൾ സൂക്ഷിക്കുവാനുള്ള അലമാരകളും വിതരണം ചെയ്തു.


ആർത്തവം ഒരു ശാരീരികാവസ്ഥയാണെന്നും, ആരോഗ്യമുള്ള എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുമെന്നും സമൂഹം ഉൾകൊള്ളുന്നതിലെന്താണ് മടിയെന്നാണ് സംഘാടകരുടെ ചോദ്യം.

സാനിറ്ററി നാപ്കിനുകൾ കടകളിൽ നിന്നു വാങ്ങുന്നത്  തന്നെ നിരോധിതമായതെന്തോ വാങ്ങുന്നത് പോലെയാണ്. പ്രത്യേകമായി പേപ്പറുകളിൽ പൊതിഞ്ഞും, കറുത്ത കവറുകളിലുമായിട്ടാണ് ഇവ കടകളില്‍ നിന്നും പുറത്തു പോകുന്നത്. പ്രത്യേകിച്ച് പുരുഷൻമാരുടെ സാന്നിദ്ധ്യമവിടെ ഉണ്ടെങ്കിൽ.. സേവാ സൊസൈറ്റി പ്രവർത്തകൻ ജ്ഞാൻദീപ് പറയുന്നു.

ഈ മനോഭാവത്തിന് മാറ്റമുണ്ടാകുവാൻ വേണ്ടി പുരുഷൻമാരായ അദ്ധ്യാപകരെ കൊണ്ട് വിദ്യാർത്ഥിനികൾക്ക് സാനിറ്ററി നാപ്കിൻ വിതരണവും നടത്തിയെന്ന് ജ്ഞാൻ ദീപ് പറഞ്ഞു. ആർത്തവം സംബന്ധിച്ച പോസ്റ്ററുകൾ ഉണ്ടാക്കുവാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥിനികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആർത്തവം സംബന്ധിച്ച വിവരണങ്ങൾ അടങ്ങുന്ന ചിത്രകഥാപുസ്തകങ്ങളും ലോക ആർത്തവ ശുചിത്വ ദിനാഘോഷവുമായി ബന്ധപ്പെട്ടു വിതരണം ചെയ്തു.9 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളുടെ ക്ലാസ്സുകളിലാണ് ഇത് വിതരണം ചെയ്തു.

മെൻസ്ട്രുപീഡിയ എന്ന ദൃശ്യ- കാവ്യ ഓഡിയോയും ഓൺലൈനായി പ്രസിദ്ധീകരിച്ചു. ശുചിത്വമുള്ള ആർത്തവത്തെ സംബന്ധിച്ച ബോധവൽക്കരണമാണ് മെൻസ്ട്രുപീഡിയ എന്ന് നിർമ്മാതാക്കളായ അദിതി ഗുപ്തയും, ടുഹിനും പ്രതികരിച്ചു. ആർത്തവക്കാലത്ത് തുണി ഉപയോഗിക്കുന്നതിലല്ല, അവയുടെ ശുചിത്വമാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നത്. ആർത്തവത്തെ സംബന്ധിച്ച ശരിയായ ധാരണ ഇന്നും കൗമാരക്കാരായ പെൺകുട്ടികളില്ല എന്നും ഇവർ പറഞ്ഞു.

ഇന്ത്യയിലെ കൗമാരക്കാര പെൺകുട്ടികളിൽ നല്ലൊരു ശതമാനക്കാർക്കും ആർത്തവം ആരംഭിക്കുന്നതിന് മുമ്പ് അവയെ കുറിച്ച് അജ്ഞരാണ്. ഇതൊരു സ്വാഭാവിക ശാരീരികാവസ്ഥയാണെന്ന് അവർ മനസ്സിലാക്കിയിട്ടില്ല. അതു കൊണ്ടു തന്നെ ആർത്തവം ആരംഭിക്കുമ്പോൾ അവർ പരിഭ്രാന്തരാകുന്നു. തങ്ങൾക്ക് ഗുരുതരമായ രോഗം പിടിപ്പെട്ടു എന്ന ഭയം മെല്ലെ ശാരീരിക-മാനസിക നിയന്ത്രണത്തിലേക്ക് കടക്കുന്നു. ആർത്തവക്കാലത്തെ ശുചിത്വത്തെക്കാൾ, അവൾ മറ്റുള്ളവരിൽ നിന്നും അവ ഒളിപ്പിക്കുന്നതിലും, സ്വയം ഒതുങ്ങുന്നതിനുമാണ് ശ്രദ്ധ ചെലുത്തുന്നത്.

സാനിറ്ററി നാപ്കിനുകളുടെ ശരിയായ ഉപയോഗം പോലും പലർക്കും അറിയില്ല. ശരിയായ ശുചിത്വം ആർത്തവക്കാലത്ത് പാലിച്ചില്ലെങ്കിൽ, പിൽക്കാലത്ത് ഇത് ഗുരുതരമായ രോഗാവസ്ഥകൾ സൃഷ്ടിക്കുമെന്നിരിക്കെ, വിദ്യാലയങ്ങളിലും, വീടുകളിലും ഇവ സംസാരിക്കുന്നതിൽ പോലും വിലക്കുകൾ നിലനിൽക്കുന്നു. നിശബ്ദതയെ ഭേദിക്കാൻ സമയമായിരിക്കുന്നു. ലോക ആർത്തവ ശുചിത്വ ദിനമതിനാണ്. ആർത്തവം അനുഭവിക്കുന്ന സ്ത്രീകളും, അവളെ ഉൾക്കൊള്ളുന്ന സമൂഹത്തിനും ആർത്തവ ചർച്ചകൾ അസഭ്യമാകരുത്.

ആർത്തവത്തെ സംബന്ധിച്ചുള്ള ചർച്ചകൾ സമൂഹത്തിൽ നിരുത്സാഹപ്പെടുത്തുന്ന പ്രവണതയെ കുറിച്ച് ഹൈബി ഈഡൻ എം.എൽ.എയും ഒരു മാധ്യമ ചർച്ചക്കിടയിൽ പരാമർശിച്ചിരുന്നു. തന്റെ മണ്ഡലത്തിലെ പ്രശസ്തമായ ഒരു വുമൻസ് കോളേജിലെ സന്ദർശനത്തിനിടയിലെ ഒരു ചർച്ചയെ കുറിച്ചാണ് ഹൈബി ഈഡൻ പറഞ്ഞത്. ശുചിത്വ പ്രശ്നത്തെ കുറിച്ചു ചർച്ച ചെയ്യുമ്പോൾ, സാനിറ്ററി നാപ്കിൻ വിഷയം സംസാരിക്കുന്നതിനു പോലും കോളേജിലെ മുതിർന്ന അദ്ധ്യാപികമാർ മടിച്ചു. ഒരു പുരുഷ എം.എൽ.എയോട് എങ്ങനെ ഇത് സംസാരിക്കും എന്ന പരിഭ്രമമായിരുന്നു അവർക്ക് എന്ന് എം.എൽ.എ വിവരിക്കുന്നു. ആർത്തവത്തോടുള്ള കേരളീയ കാഴ്ചപാടും വിഭിന്നമല്ലെന്ന് ഹൈബി ഈഡൻ എന്ന യുവ എം.എൽ.എയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നു.