മമ്മൂട്ടി നായകനാകുന്ന 'വൈറ്റി'ന്റെ റിലീസ് തീയതി തീരുമാനിച്ചു

ചിത്രം ജൂലൈ 29ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു.

മമ്മൂട്ടി നായകനാകുന്നഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'വൈറ്റി'ന്റെ റിലീസ് തീയതി തീരുമാനിച്ചു. ചിത്രം ജൂലൈ 29ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഇതോടെ ചിത്രത്തിന്റെ റിലീസ് തീയതിയെപ്പറ്റി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കും ട്രോളുകള്‍ക്കും മറ്റും വിരാമമാകുകയാണ്.

'വൈറ്റി'ന്‍റെ  റിലീസ് ഡേറ്റിനെക്കുറിച്ച്  മുന്‍പ് പല വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിനനുസരിച്ച് ചിത്രം പുറത്തെത്താത്തതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വ്യാപകമായിരുന്നു. മറ്റ് സിനിമകളുടെ റിലീസ് ഡേറ്റുകളില്‍ നിന്ന് അകലം പാലിച്ച് സുരക്ഷിതമായ ദിവസം നോക്കുന്നതാണ് വൈറ്റിന്റെ റിലീസ് അനന്തമായി നീളാന്‍ കാരണം എന്ന തരത്തിലായിരുന്നു ട്രോളുകള്‍. എന്നാല്‍ ചിത്രം വൈകിയതിന് പിന്നില്‍ പോസ്റ്റ്‌ പ്രൊഡക്ഷന്‍  ജോലികള്‍ പൂര്‍ത്തിയാകാനുണ്ടായ കാലതാമസം മാത്രമാണ് ഉണ്ടായതെന്ന് സംവിധായകന്‍  ഉദയ് അനന്തന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.


ഇരുപത്തഞ്ചുകാരിയെ പ്രണയിക്കുന്ന മധ്യവയസ്‌കനായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ ഹുമാ ഖുറേഷിയാണ് നായിക. പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇറോസ് ഇന്റര്‍നാഷണലാണ്.