ആരാണ് നികേഷ് കുമാറിനെ തോൽപ്പിച്ചത്?

നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് അഴീക്കോട്. ശക്തമായ മത്സരം കാഴ്ചവെച്ച എൽഡിഎഫ് സ്ഥാനാർത്ഥി നികേഷ് കുമാർ കെ എം ഷാജിയോട് 2287 വോട്ടുകൾക്ക് പരാജയപ്പെട്ടു. കേരളം പ്രതീക്ഷയോടെ കണ്ട അഴീക്കോട് മണ്ഡലത്തിലെ മത്സരഫലം വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. ജയശങ്കർ, എം എൻ പിയേഴ്‌സൺ എന്നിവർ.

ആരാണ് നികേഷ് കുമാറിനെ തോൽപ്പിച്ചത്?

Nikeshഅഡ്വ. ജയശങ്കർ

കെ എം ഷാജിയുടെ പ്രവർത്തന മികവാണ് അഴീക്കോട് മണ്ഡലത്തിൽ പ്രതിഫലിക്കുന്നത്. നികേഷ് കുമാർ സ്ഥാനാർത്ഥിയായതോടെ ശക്തമായ മത്സരം നടന്നു എന്നത് നേരാണ്. പക്ഷേ, അത് മത്സരഫലത്തെ സ്വധീനിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് കെ എം ഷാജി നടത്തിയിട്ടുള്ളത്. അതിനെ മറികടക്കാനും മാത്രം വലിയ സ്ഥാനാർത്ഥിത്വമാണ് നികേഷ് കുമാറിന്റേതെന്ന് ജനങ്ങൾക്ക് തോന്നിക്കാണില്ല. ചെറുപ്പക്കാരായ രണ്ടുപേർ മത്സരിക്കുമ്പോൾ അതിൽ മണ്ഡലത്തിന് ഏറ്റവും യോജിച്ച ഒരാളെ തിരഞ്ഞെടുക്കുക എന്നതാണ് സാധാരണ കണ്ടുവരുന്നത്.


കേരളം എൽഡിഎഫിന് അനുകൂല വിധിയെഴുതുമ്പോഴും അഴീക്കോട് മണ്ഡലത്തിൽ നികേഷ് കുമാർ പരാജയപ്പെടുന്നത് അഴീക്കോട് മണ്ഡലത്തിന്റെ മതനിരപേക്ഷ മുഖമാണ് കാണിക്കുന്നത്. ലീഗിന്റെ തീപ്പൊരി നേതാവാണ് കെ എം ഷാജി. നികേഷ് കുമാർ സ്ഥാനാർത്ഥിയായതോടെ കെ എം ഷാജി സർവ്വശക്തിയുമെടുത്താണ് പോരാടിയത്. അതിന്റെ ഫലവുമുണ്ടായി എന്നാണ് കരുതേണ്ടത്.

കെ എം ഷാജി മണ്ഡലത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്തു എന്നത് മാത്രമല്ല വിജയത്തിന് കാരണം. കെ എം ഷാജി മുന്നോട്ട് വെച്ചിട്ടുള്ളത് മതനിരപേക്ഷ നിലപാടാണ്. ഇതിനെ അഴീക്കോട് മണ്ഡലത്തിലെ ജനങ്ങൾ സ്വീകരിച്ചതായും കാണാം. അഴീക്കോട് ആർഎസ്എസ് വോട്ട് മറിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അത് നടന്നിട്ടുണ്ടാകാൻ സാധ്യത കുറവാണ്. വലിയ തോതിൽ ഹിന്ദുവോട്ടുകൾ കെ എം ഷാജിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ആർഎസ്എസിന്റെ ആഹ്വാനങ്ങൾക്കപ്പുറമുള്ള പിന്തുണ ആവാനാണ് സാധ്യത.

കോൺഗ്രസ് വിമതനായി മത്സരിച്ച പി കെ രാഗേഷ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ശ്രദ്ധിക്കേണ്ട കാര്യമാണ്. രണ്ട് ശക്തരായ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ ബാക്കിയുള്ളവരെല്ലാം അപ്രസക്തരാകും. അതാണ് മത്സരഫലം കാണിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിക്ക് പോലും കാര്യമായി മുന്നേറാൻ സാധിക്കാത്തതും ശ്രദ്ധേയമാണ്.

ഏതൊക്കെ പഞ്ചായത്തുകളിലാണ് കെ എം ഷാജി മുന്നേറിയത് എന്നത് നോക്കിയാൽ മാത്രമാണ് മത്സരഫലത്തെ സൂക്ഷ്മമായി വിലയിരുത്താൻ സാധിക്കൂ.

എം വി രാഘവന്റെ മകൻ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുന്നതിനെ അഴീക്കോട് മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർ ഏത് തരത്തിൽ നോക്കിക്കാണും എന്ന ചോദ്യം ഇലക്ഷന് മുമ്പുതന്നെ ഉയർന്നതാണ്. ആ ചോദ്യത്തിന് വളരെ പ്രാധാന്യമുണ്ടെന്നാണ് ഇലക്ഷൻ ഫലം വ്യക്തമാക്കുന്നത്. പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനെ നികേഷ് കുമാറിന്റെ ചേട്ടൻപോലും എതിർത്തതാണ്. അതിനെയൊക്കെ കുടുംബകാര്യമാക്കി കാണാൻ വോട്ടർമാർക്ക് സാധിച്ചെന്ന് വരില്ല.

എം വി രാഘവന്റെ സഹോദരിപോലും നികേഷ് കുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തതും ഇലക്ഷൻ ഫലത്തെ സ്വാധീനിച്ചിരിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഇലക്ഷനിൽ കെ എം ഷാജിയുടെ നേരിയ ഭൂരിപക്ഷം ഇത്തവണ വർദ്ധിച്ചെങ്കിൽ അതിൽ രാഷ്ട്രീയമുണ്ട്. തിരഞ്ഞെടുപ്പിൽ എപ്പോഴും ഒരു രാഷ്ട്രീയ നേതാവിന് മാത്രമാണ് അതിജീവനം സാധ്യമാകുക. മറ്റ് പല മേഖലയിലുള്ള പ്രഗത്ഭരെയും രാഷ്ട്രീയ നേതാക്കന്മാർ പരാജയപ്പെടുത്തുന്നതിന് കേരളം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്. നികേഷ് നല്ല മാധ്യമ പ്രവർത്തകനാകുമ്പോഴും രാഷ്ട്രീയ പ്രവർത്തകനായി മണ്ഡലത്തിലെ വോട്ടർമാർ അംഗീകരിച്ചിട്ടില്ല.

നികേഷ് കുമാർ മോശമായതുകൊണ്ടല്ല, കെ എം ഷാജി മികച്ച നേതാവായത് കൊണ്ടാണ് അഴീക്കോട് മണ്ഡലം എൽഡിഎഫ് തരംഗത്തിലും യുഡിഎഫിനോടൊപ്പം നിന്നത്.

മതനിരപേക്ഷ നിലപാടിന് കിട്ടിയ അംഗീകാരം

എം എൻ പിയേഴ്‌സൺ

കെ എം ഷാജി എന്ന രാഷ്ട്രീയ നേതാവിന്റെ മതനിരപേക്ഷ നിലപാടിനുള്ള അംഗീകാരമാണ് ഈ വിജയം. കഴിഞ്ഞ നിയമസഭ ഇലക്ഷനിൽ കെ എം ഷാജിക്ക് ഭൂരിപക്ഷം കുറവായിരുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മത്സരത്തെ ശ്രദ്ദേയമാക്കിയത്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കെ എം ഷാജി മണ്ഡലത്തിൽ ചെയ്ത കാര്യങ്ങൾ ആരും നോക്കിയില്ല. അതാണ് നികേഷ് കുമാർ വന്നതോടെ അട്ടിമറി വിജയം സാധ്യമാണെന്ന രീതിയിലുള്ള അഭിപ്രായങ്ങൾ വരാൻ കാരണം.

നികേഷ് കുമാർ ഒരിക്കലും ഒരു മോശം സ്ഥാനാർത്ഥിയല്ല. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കേരള സമൂഹത്തിൽ വലിയ തോതിൽ ഇടപെടൽ നടത്തിയിട്ടുള്ള വ്യക്തിയുമാണ്. എന്നാൽ അതൊന്നും ഒരു മികച്ച രാഷ്ട്രീയ നേതാവിനെ പരാജയപ്പെടുത്താൻ മതിയാകില്ല. മണ്ഡലം സംരക്ഷിക്കുക എന്നൊരു പ്രയോഗം രാഷ്ട്രീയ പ്രവർത്തകർക്കിടയിലുണ്ട്. അത് കൃത്യമായി പാലിക്കുന്ന ഒരു നേതാവാണ് കെ എം ഷാജി. വർഗ്ഗീയത വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ട ഇലക്ഷനിൽ അഴീക്കോട് മണ്ഡലത്തിൽ കെ എം ഷാജിക്കുള്ള മതനിരപേക്ഷ മുഖം ഗുണം ചെയ്തിട്ടുണ്ട്.

നിസാര വോട്ടുകൾക്ക് വിജയിച്ച കെ എം ഷാജിയെ വേഗത്തിൽ പരാജയപ്പെടുത്താൻ സാധിക്കുമെന്ന് നികേഷ് കുമാർ ഒരിക്കലും കരുതിക്കാണില്ല. ശക്തനായ ഒരു സ്ഥാനാർത്ഥിയെ നേരിടാനാണ് താൻ പോകുന്നതെന്ന് നികേഷ് കുമാർ പലതവണ വ്യക്തമാക്കിയിരുന്നതാണ്.

രാഷ്ട്രീയ നേതാക്കന്മാർക്ക് തന്നെയാണ് തിരഞ്ഞെടുപ്പിൽ മേൽക്കൈ ലഭിക്കുന്നത്. അതിന് ഈ ഇലക്ഷനും സാക്ഷ്യംവഹിച്ചന്ന് പറയാം. ഒരു നേതാവ് മണ്ഡലത്തിൽ ചെയ്യുന്ന വികസന പ്രവർത്തനങ്ങളാണ് ജനങ്ങൾ ആത്യന്തികമായി വിലയിരുത്തുന്നത്. പരാജയപ്പെടുന്നതിനും വിജയിക്കുന്നതിനും കാരണം ഒന്നുതന്നെയാണ്. അഴിമതിക്കെതിരെ കേരളം വിധിയെഴുതുമ്പോഴും പല സ്ഥാനാർത്ഥികളും വിജയിക്കുന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്.

അഴീക്കോട് മണ്ഡലത്തിലെ മത്സരം കേരളം ആകാംക്ഷയോടെ ഉറ്റ് നോക്കാൻ കാരണം നികേഷ് കുമാറിന്റെ സാന്നിധ്യമാണ്.