പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടിംഗ് പുരോഗമിക്കുന്നു

കുച്ച് ബെഹാറില്‍ 361 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പൊലീസിലെ 12,000 സേനാംഗങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്. പോളിംഗ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടിംഗ് പുരോഗമിക്കുന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ആറാമത്തെയും അവസാനഘട്ടത്തേയും വോട്ടിംഗ് പുരോഗമിക്കുന്നു. 18 വനിതകളടക്കം 170 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടെണ്ണല്‍ ഈ മാസം 16ന് ആരംഭിക്കും.

25 നിയോജകമണ്ഡലങ്ങളിലായി 6,774 പോളിംഗ് സ്‌റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കൂച്ച് ബെഹാര്‍ ജില്ലയില്‍ ഒമ്പത് നിയോജകമണ്ഡലങ്ങളും ഈസ്റ്റ് മിഡ്‌നാപൂരില്‍ 16 മണ്ഡലങ്ങളുമാണുള്ളത്.

58 ലക്ഷം ജനങ്ങളാണ് വിധി നിര്‍ണയിക്കാനായി പോളിംഗ് സ്‌റ്റേഷനുകളിലേക്കെത്തുന്നത്. കുച്ച് ബെഹാറില്‍ 361 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പൊലീസിലെ 12,000 സേനാംഗങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്. പോളിംഗ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതാദ്യമായി കുച്ച് ബെഹാറിലെ 51 എന്‍ക്ലേവുകളില്‍ നിന്നുള്ള ജനങ്ങളും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലായ 51 എന്‍ക്ലേവുകളിലെ 9,776 വോട്ടര്‍മാരാണ് തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത്.