വേനല്‍ച്ചൂടില്‍ ഉരുകുന്ന പാലക്കാട്ട് മദ്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വക സൗജന്യ നിരക്കില്‍ കുടിവെള്ളം; ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് മദ്യകമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന �

എം. പി ഡിസ്റ്റിലറിയില്‍ മദ്യം ഉണ്ടാക്കാന്‍ മാത്രമല്ല ഈ വെള്ളം പോകുന്നത്. അവിടത്തെ മദ്യനിര്‍മ്മാണ ആവശ്യത്തിനു വേണ്ടി ഉപയോഗിച്ച വെള്ളത്തിനു ശേഷം ബാക്കിയുള്ളത് ഉയര്‍ന്ന വിലക്ക് ഇവര്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ നിന്ന് വെള്ളം വാങ്ങി വില്‍പ്പന നടത്തുന്ന ഏജന്‍സികള്‍ വരെയുണ്ട്. കൂടാതെ സമീപ സ്ഥലങ്ങളായ കോയമ്പത്തൂരിലേക്ക് വരെ ഇവിടെ നിന്ന് വെള്ളം വില്‍പ്പന നടത്തുന്നു.

വേനല്‍ച്ചൂടില്‍ ഉരുകുന്ന പാലക്കാട്ട് മദ്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ വക സൗജന്യ നിരക്കില്‍ കുടിവെള്ളം; ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് മദ്യകമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന �

പാലക്കാട്: ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് മദ്യം നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ വക സൗജന്യ നിരക്കില്‍ കുടിവെള്ളം. അതും മലമ്പുഴ ഡാമില്‍ നിന്ന് മദ്യനിര്‍മ്മാണ കമ്പനികളിലേക്ക് വലിച്ച പ്രത്യേക പൈപ്പ് ലൈന്‍വഴി. ഓരോ കമ്പനിയിലേക്കും മാത്രമായി ഇങ്ങിനെ നല്‍കുന്നത് നിത്യേന ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം. ഇത് മൊത്തമായി നോക്കിയാല്‍ കോടി കണക്കിന് ലിറ്റര്‍ വരും. കൊടും വേനലിന്റെ ചൂടില്‍ ഉരുകുന്ന പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ ജനങ്ങളുടെ ദാഹം തീര്‍ക്കാന്‍ ഈ വെള്ളം മാത്രം മതിയാകും. പക്ഷെ മൂന്ന് ദിവസത്തിലൊരിക്കലോ, ആഴ്ച്ചയില്‍ ഒരിക്കലോ മാത്രമാണ് പൊതുജനങ്ങള്‍ക്ക് ജല അതോറിറ്റി കുടിവെള്ള വിതരണമുള്ളു. ചില പഞ്ചായത്തുകളില്‍ കുടിവെള്ളം തീരെ ഇല്ലാതായിട്ട് മാസങ്ങളായി. കുടിവെള്ളം കിട്ടാതെ മലമ്പുഴ മണ്ഡലത്തില്‍ നിന്ന് ബന്ധു വീടുകളിലേക്ക് സ്ഥലം മാറി പോയവരുണ്ട്, വാഹനത്തില്‍ പോയി ദൂരെ സ്ഥലങ്ങളില്‍ നിന്ന് കുടിവെള്ളം കൊണ്ടു വരുന്നവരുണ്ട്. ഒരു കുടം വെള്ളത്തിനു വരെ വില കൊടുത്ത് വാങ്ങേണ്ടി വരുന്നവരുണ്ട്. പക്ഷെ കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മ്മാണ കമ്പനികളില്‍ ഒന്നില്‍ പോലും വെള്ളമില്ലാതെ മദ്യം നിര്‍മ്മാണം നിര്‍ത്തേണ്ടി വന്നിട്ടില്ല. മദ്യ കമ്പനികള്‍ക്കിത് കുടിവെള്ളമല്ല, മദ്യം നിര്‍മ്മിക്കാനും പുല്‍ത്തകിടിയും തോട്ടങ്ങള്‍ നനക്കാനും ബാക്കിയുള്ളത് ടാങ്കര്‍ ലോറികളിലാക്കി ഉയര്‍ന്ന വിലക്ക് വില്‍പ്പന നടത്താനുമുള്ളതാണ്. ബാറുകള്‍ പൂട്ടിയെന്നും മദ്യഉപഭോഗം കുറച്ചെന്നും മദ്യം നിരോധനം നടപ്പില്‍ വരുത്തുമെന്നും പറയുന്ന സര്‍ക്കാര്‍ ജനങ്ങളുടെ വെള്ളം കുടി മുട്ടിച്ച് കുടിവെള്ളം മദ്യമാക്കുന്നതിനെ കുറിച്ച നാരദ ന്യൂസ് നടത്തിയ അന്വേഷണം.


കഞ്ചിക്കോട് ഐ ടി ഐ ജംഗ്ഷന് സമീപം ഒരു ക്രിസ്ത്യന്‍പള്ളിയുണ്ട്. ഇതിന്റെ മുമ്പില്‍ റോഡിന് എതിര്‍വശത്തായി ജലഅതോറിറ്റി കെട്ടിപ്പൊക്കിയതെന്നു തോന്നുന്ന, കോണ്‍ക്രീറ്റുപയോഗിച്ച് നാലു തൂണില്‍ ഇയര്‍ത്തി നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് കാണാം. ഒറ്റ നോട്ടത്തില്‍ 20000 ലിറ്റര്‍ സംഭരണ ശേഷി തോന്നിക്കുന്ന ടാങ്കാണത്. ഇതിന്റെ പരിസരങ്ങളിലൊന്നും പൊതുടാപ്പില്‍ കുടിവെള്ളം വല്ലപ്പോഴുമെ വരാറുള്ളു. പക്ഷെ മിക്കവാറും സമയത്ത് ഈ ടാങ്കിന് സമീപത്ത് ടാങ്കര്‍ ലോറികള്‍ വന്നു പോകുന്നത് കാണാം. അര മണിക്കൂറിനകം വന്ന ലോറി പൊയി മറ്റൊന്ന് വരും. ഇവിടെ എന്താണ് നടക്കുന്നതെന്ന് പരസരവാസികളില്‍ ചിലര്‍ക്ക് മാത്രമേ അറിയു. എം പി ഡിസ്റ്റിലറി എന്ന മദ്യനിര്‍മ്മാണ കമ്പനി അവരുടെ സ്വകാര്യ സ്ഥലത്ത് നിര്‍മ്മിച്ച ടാങ്കാണിത്. ഈ ടാങ്ക് മുകള്‍ഭാഗത്ത് 20000 ലിറ്ററോളം വരുന്ന ടാങ്ക് മാത്രമേയുള്ളുവെങ്കിലും തൂണുകള്‍ നില്‍ക്കുന്ന സ്ഥലത്ത് രഹസ്യമായി നിര്‍മ്മിച്ച വലിയ ഭൂഗര്‍ഭ അറയാണുള്ളത്. ഇതില്‍ രണ്ടു ലക്ഷത്തിലേറെ വെള്ളം സംഭരിക്കാന്‍ കഴിയും. ഈ ഭൂഗര്‍ഭ അറയില്‍ നിന്ന് മുകളിലെ ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്തു കയറ്റുകയാണ് ചെയ്യുന്നത്. ആരെങ്കിലും പരിശോധനക്ക് വന്നാല്‍ കാണിക്കാനായി മുകളിലെ വെള്ളം അങ്ങിനെ കിടക്കും. താഴെ ഭൂഗര്‍ഭ അറയിലേക്ക് വരുന്ന വെള്ളമാണ് ഇടക്കിടെ വരുന്ന ടാങ്കര്‍ ലോറികളില്‍ കയറ്റി പോകുന്നത്. എം. പി ഡിസ്റ്റിലറിയില്‍ മദ്യം ഉണ്ടാക്കാന്‍ മാത്രമല്ല ഈ വെള്ളം പോകുന്നത്. അവിടത്തെ മദ്യനിര്‍മ്മാണ ആവശ്യത്തിനു വേണ്ടി ഉപയോഗിച്ച വെള്ളത്തിനു ശേഷം ബാക്കിയുള്ളത് ഉയര്‍ന്ന വിലക്ക് ഇവര്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ നിന്ന് വെള്ളം വാങ്ങി വില്‍പ്പന നടത്തുന്ന ഏജന്‍സികള്‍ വരെയുണ്ട്. കൂടാതെ സമീപ സ്ഥലങ്ങളായ കോയമ്പത്തൂരിലേക്ക് വരെ ഇവിടെ നിന്ന് വെള്ളം വില്‍പ്പന നടത്തുന്നു.

13162002_1229290220414790_1987561355_n

ഇനി ഈ ടാങ്കിലേക്ക് ഇത്രമാത്രം വെള്ളം എങ്ങിനെയാണ് വരുന്നതെന്ന് നോക്കാം. ജല അതോറിറ്റി സ്വന്തം ചെലവില്‍ ഇവിടേക്ക് മാത്രം വലിച്ചു കൊടുത്ത പൈപ്പ് വഴിയാണ് ഇവിടേക്ക് വെള്ളം എത്തുന്നത്. മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം 8 കിലോമീറ്റര്‍ അകലെ ചെടയന്‍കലായ് എന്ന ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം എത്തുന്നു. ഇവിടെ നിന്നും ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമാണ് എല്ലായിടത്തും വിതരണം ചെയ്യേണ്ടത്. പക്ഷെ വര്‍ഷങ്ങളായി ഈ ശുദ്ധീകരണ പ്ലാന്റ് ഭാഗികമായി തകരാറിലാണ്. സാധാരണ 5 പ്രക്രിയകളിലൂടെയാണ് ഡാം വെള്ളം ശുദ്ധീകരിക്കാറുള്ളത്. എയറേഷന്‍, കെമിക്കല്‍ ആഡിങ്ങ്, സാന്‍ഡ് ഫില്‍റ്ററേഷന്‍, ക്ലോറിനേഷന്‍ തുടങ്ങിയ പ്രക്രിയകള്‍ ശുദ്ധീകരിക്കാന്‍ ആവശ്യമാണ്. ഇതില്‍ ക്ലോറിനേഷന്‍ മാത്രമാണ് ചെടയന്‍ കലായിലെ ശുദ്ധീകരണ പ്ലാന്റില്‍ നടക്കുന്നുള്ളു. പ്ലാന്റ് തകരാറിലായിട്ട് വര്‍ഷങ്ങളായെങ്കിലും അത് നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇവിടെ നിന്നും ശുദ്ധീകരിക്കാത്ത വെള്ളമാണ് ശുദ്ധജലമായി പൊതുജനങ്ങള്‍ക്ക് വര്‍ഷങ്ങളായി വിതരണം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. ചെടയന്‍ കലായ് പ്ലാന്റില്‍ നിന്നും പ്രത്യേക പൈപ്പ് ലൈന്‍ വഴിയാണ് എം പി ഡിസ്റ്റിലറി എന്ന മദ്യനിര്‍മ്മാണ കമ്പനി കഞ്ചിക്കോട് ഐ ടി ഐ ജംഗ്ഷന് സമീപം റോഡരികില്‍ നിര്‍മ്മിച്ച നേരത്തെ പറഞ്ഞ ടാങ്കിലേക്ക് വെള്ളം ജല അതോറിറ്റി എത്തിക്കുന്നത്. താഴത്തെ ഭൂഗര്‍ഭ അറയില്‍ എപ്പോഴും വെള്ളം നിറച്ചു കൊടുക്കുന്ന വിധത്തിലാണ് പമ്പിങ്ങ്. 10 വര്‍ഷം മുമ്പാണ് ജലഅതോറിറ്റി ഈ കമ്പനിക്കായി ഇവിടേക്ക് പൈപ്പ് ലൈന്‍ വലിച്ച് വെള്ള വിതരണം തുടങ്ങിയത്. കമ്പനികള്‍ക്ക് അവരുടെ കോമ്പൗണ്ടിനകത്തേക്ക് പ്രത്യേക പൈപ്പ് ലൈന്‍ വാണിജ്യവാശ്യത്തിന് വലിച്ചു കൊടുക്കാം എന്ന നിയമം ദുരുപയോഗം ചെയ്താണ് ഇവിടേക്ക് ജലഅതോറിറ്റി പൈപ്പ് ലൈന്‍ വലിച്ചത്. ഇവിടെ കമ്പനി പോയിട്ട് പ്രത്യേക കോമ്പൗണ്ട് പോലുമില്ല. ഇങ്ങിനെ വാണിജ്യാവശ്യത്തിന് വെള്ളം കൊടുക്കുകയാണെങ്കിലും കുടിവെള്ളത്തിന് ക്ഷാമമില്ലാത്ത സമയങ്ങളില്‍ പരമാവധി പതിനായിരം ലിറ്റര്‍ വെള്ളം കൊടുക്കാനേ അനുമതിയുള്ളു.പക്ഷെ ഇവിടെ നിത്യേന പത്ത് ലക്ഷം ലിറ്റര്‍ അധികം കുടിവെള്ളമാണ് ഈ ടാങ്ക് വഴി മാത്രം ജലഅതോറിറ്റി അടിച്ചു നല്‍കുന്നത്. പരിശോധനയില്‍ കള്ളത്തരം പിടിക്കപ്പെടാതിരിക്കാനാണ് മുകളില്‍ ചെറിയ ടാങ്ക് കെട്ടി താഴെ ഭൂഗര്‍ഭ അറയില്‍ വെള്ളം സംഭരിക്കുന്നത്. ഇനി ഈ വെള്ളത്തിന് ജലഅതോറിറ്റി ഈടാക്കുന്ന വില കൂടി കേള്‍ക്കണം. ഒരു ടാങ്കര്‍ ലോറിയില്‍ കൊള്ളുന്ന വെള്ളത്തിന് 100 രൂപയോളമാണ് വില. ജലഅതോറിറ്റിക്ക് വന്‍ നഷ്ടം വരുത്തുന്ന ഈ ഇടപാടിനെതിരെ ജല അതോറിറ്റിയിലെ ജീവനക്കാര്‍ തന്നെ കടുത്ത പ്രതിഷേധത്തിലാണ്. പക്ഷെ വര്‍ഷങ്ങളായി ഒരു മാറ്റവുമില്ലാതെ കരാര്‍ പുതുക്കി കൊണ്ടിരിക്കുന്നു. സത്യത്തില്‍ മലമ്പുഴ ഡാമിലെ വെള്ളം വില്‍ക്കുന്നതില്‍ ലാഭം കിട്ടുന്നത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ചില രാഷ്ട്രീയകാര്‍ക്കുമാണെന്ന് വകുപ്പില്‍ തന്നെ അഭിപ്രായമുണ്ട്.

കഞ്ചിക്കോട്ടെ ഒരു എം പി ഡിസ്റ്റിലറിയില്‍ മാത്രമേ ഇത് നടക്കുന്നുവെന്നും കരുതേണ്ട. കഞ്ചിക്കോട് തന്നെയുള്ള യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ് എന്ന വിജയ്മല്യയുടെ മദ്യനിര്‍മ്മാണ് കമ്പനിയിയുടെ ഉള്ളിലേക്ക് മലമ്പുഴ ഡാമില്‍ നിന്നും നേരിട്ടാണ് ജലഅതോറിറ്റി പൈപ്പിട്ട് നല്‍കിയിരിക്കുന്നത്. നിത്യേന ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം നേരിട്ട് ഇവിടേക്ക് എത്തുന്നു. മദ്യനിര്‍മ്മാണവും , വില്‍പ്പനയും കഴിഞ്ഞ ശേഷമുളള വെള്ളം കറങ്ങുന്ന പൈപ്പുകള്‍ വെച്ച് കമ്പനിക്കകത്തെ പുല്‍ത്തകിടിയും പൂന്തോട്ടവും നനക്കാന്‍ ഉപയോഗിക്കുന്നു. ഈ മതിലിന് പുറത്ത് ഒരു കുടം വെള്ളത്തിന് വേണ്ടി സാധാരണ ജനം പരക്കം പായുമ്പോഴാണ് അകത്ത് വിരോധഭാസം. ഈ കമ്പനിക്കകത്ത് ജലഅതോറിറ്റിയുടെ മീറ്റര്‍ തൊഴിലാളികള്‍ക്ക് കൂടി കാണാന്‍ കഴിയാത്ത വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. കഞ്ചിക്കോട്ടെ എല്ലാ കമ്പനികള്‍ക്കും ഇതു പോലെ മദ്യം സര്‍ക്കാര്‍ വക സൗജന്യ നിരക്കില്‍ ലഭിക്കുന്നതായി നാരദ ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

അതെ സമയം മലമ്പുഴയില്‍ വെള്ളം ഇല്ലാത്തതു കൊണ്ടാണ് കുടിവെള്ളം മുടങ്ങുന്നതെന്നും ജല അതോറിറ്റി വിശദീകരണമുണ്ട്. പാവങ്ങളായ ജനങ്ങള്‍ അത് വിശ്വസിച്ചിട്ടുമുണ്ട്. പക്ഷെ മദ്യ കമ്പനികള്‍ക്ക് വെള്ളം കൊടുക്കല്‍ ഒഴിവാക്കിയാല്‍ കഞ്ചിക്കോട് ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലത്തിലോ , പാലക്കാട് കുടിവെള്ളം സുലഭമാകും. കോടി കണക്കിന് ലിറ്റര്‍ വെള്ളം മദ്യ കമ്പനികള്‍ക്ക് നല്‍കിയ ശേഷം സാധാരണ ജനങ്ങള്‍ക്ക് വെള്ളം നല്‍കാമെന്നതാണ് ഇവിടത്തെ ജല അതോറിറ്റിയുടെ നയം. കുടിവെള്ളം കൊടുക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റിയുടെ കണക്ക് കൂടി നോക്കാം. തിങ്കളാഴ്ച്ചത്തെ കണക്ക് പ്രകാരം മലമ്പുഴ അണക്കെട്ടില്‍ 21.8029 ദശലക്ഷം വെള്ളം മാത്രമേയുള്ളു. ഞായറാഴ്ച്ചയില്‍ ഇത് 21.9801 ദശലക്ഷം ഘനമീറ്ററായിരുന്നു.226 ദശലക്ഷം യൂണിറ്റാണ് അണക്കെട്ടിന്റെ ശേഷി. നിലവില്‍ മലമ്പുഴയില്‍ നിന്ന് കുടിവെള്ളം മാത്രമേ വിതരണം ചെയ്യുന്നുള്ളു. അഞ്ച് വര്‍ഷമായി അണക്കെട്ടില്‍ നിന്ന് മണല്‍ നീക്കാത്തതു കൊണ്ട് ജല സംഭരണ ശേഷി കുറഞ്ഞതായും ജല അതോറിറ്റി വിശദീകരിക്കുന്നു. ഇനിയും മഴ പെയ്യുന്നില്ലെങ്കില്‍ ഇപ്പോള്‍ ഭാഗികമായി നടത്തുന്ന കുടിവെള്ള വിതരണം നിര്‍ത്തേണ്ടി വരുമെന്നും ജല അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. മദ്യ കമ്പനികള്‍ക്ക് വെള്ളം കൊടുക്കുന്നതിനെ കുറിച്ച് ചോദിച്ചാല്‍ മറുപടി വിചിത്രമാണ്. കമ്പനികള്‍ക്ക് സര്‍ക്കാറുമായി കരാറുള്ളതിനാല്‍ അത് നിര്‍ത്താനാവില്ല. ജനങ്ങള്‍ക്ക് കുടിവെള്ളം കൊടുക്കാമെന്ന് കരാറില്ല എന്നതിനാല്‍ അതു നിര്‍ത്തുമെന്നും സാരം.

സര്‍ക്കാര്‍ മദ്യ കമ്പനികള്‍ക്ക് കുടിവെള്ളം നല്‍കുന്നതിനെതിരെ നാട്ടുകാരില്‍ ചിലര്‍ നേരത്തെ രംഗത്ത് വന്നിരുന്നെങ്കിലും ഒന്നും നടന്നില്ല. ഒരു രാഷട്രീയ പാര്‍ട്ടിയും ഈ വിഷയത്തില്‍ ഇടപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുള്‍പ്പടെ മന്ത്രിമാര്‍്ക്കും, ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ലെന്ന് ആള്‍ കേരള ആന്റി കറക്ഷന്‍ ആന്‍ഡ് ഹ്യുമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് തോമസ് നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>