മലമ്പുഴയില്‍ കുടുംബയോഗങ്ങള്‍ക്കിടയില്‍ വീട്ടുകാരനായി വിഎസ്

മലമ്പുഴയില്‍ കുടുംബയോഗങ്ങള്‍ക്കിടയില്‍ വീട്ടുകാരനായി വിഎസ്. ഇടവേളക്കിടയില്‍ നാരദ ന്യൂസിനോടും രണ്ട് വാക്ക്. വിജയം ഉറപ്പിക്കാനല്ല, ഭൂരിപക്ഷം കൂട്ടാനുള്ള പ്രവര്‍ത്തനമെന്ന് നടക്കുന്നതെന്ന് പാര്‍ട്ടി.

മലമ്പുഴയില്‍ കുടുംബയോഗങ്ങള്‍ക്കിടയില്‍ വീട്ടുകാരനായി വിഎസ്

പാലക്കാട്: മലമ്പുഴ മണ്ഡലത്തില്‍ വിഎസിന്റെ കുടുംബയോഗം നടക്കുന്ന സ്ഥലം. പാലക്കാട് കഴിഞ്ഞ് മലമ്പുഴ മണ്ഡലം തുടങ്ങുന്ന കൊടുമ്പ് പഞ്ചായത്ത് തുടങ്ങുന്ന അതിര്‍ത്തിയായ കാടങ്കോട് എന്ന സ്ഥലത്തെ ഇഎംഎസ് നഗറിലാണ് യോഗം നടക്കുന്നത്. അവിടെ നാട്ടിന്‍പുറത്തിന്റെ ഇടവഴികള്‍ കടന്നു പോകുന്ന ഒരു ചെറിയ പറമ്പ്, പുളിമരക്കൂട്ടങ്ങള്‍ക്കിടയില്‍ ഒരുക്കിയിട്ട നൂറിലേറെ കസേരകള്‍. യോഗം തുടങ്ങുന്നത് അഞ്ചുമണിക്കാണ്. നാലുമണി കഴിഞ്ഞപ്പോല്‍ തന്നെ സ്ത്രീകളും കുട്ടികളും വരാന്‍ തുടങ്ങി. കൊടുമ്പ് പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും സിപിഐ(എം) പ്രാദേശിക നേതാവുമായ പി കിട്ടയെ പോലുള്ളവര്‍ സംഘാടകരായി ഉണ്ട്. നാലരയായപ്പോഴേക്കും ആകാശത്ത് കനത്ത കാര്‍മേഘം വന്നു കൂടാന്‍ തുടങ്ങി. മഴ പെയ്താല്‍ നനയാതിരിക്കാന്‍ ഓടി കയറാന്‍ പോലും അടുത്ത് കെട്ടിടങ്ങളില്ല. സമീപത്തുള്ള കൊച്ചു വീടുകളില്‍ കയറി നില്‍ക്കാനും കഴിയില്ല. മഴ പെയ്യുമോ എന്ന ആശങ്ക ബലപ്പെടുന്നതിന്നിടെ മഴ ചാറാനും തുടങ്ങി. പുളിമരക്കൂട്ടങ്ങളുടെ ഇലകള്‍ക്ക് കുടയാകാന്‍ കഴിയുന്ന മഴ മാത്രമേയുള്ളു. പലരും മരചുവട്ടിലേക്ക് മാറി. അപ്പോഴാണ് വി എസിന്റെ വരവ് അറിയിച്ചു കൊണ്ടുള്ള അനൗണ്‍സ്മെന്റ് വാഹനം വന്നത്. വിപ്ലവ കേരളത്തിന്റെ വീര തേജസ്, അഴിമതിക്കും അനീതിക്കും എതിരെ തുറന്ന മൂന്നാം കണ്ണ്, വിപ്ലവം വിജയം വി.എസ്, ഇതാ ഈ വാഹനത്തിന്റെ തൊട്ടുപുറകില്‍ വരുന്നു എന്ന് അനൗണ്‍സ് ചെയ്ത വാഹനം വന്ന് യോഗ സ്ഥലത്തു നിര്‍ത്തി. വിഎസിന് സംസാരിക്കാനുള്ള മൈക്കും ആ വാഹനത്തിലാണ്. അഞ്ച് മിനിറ്റിനകം വി എസ് എത്തി. ചാറല്‍ മഴ പൊയെങ്കലും ഏതു സമയത്തും ശക്തമായ മഴ വരുന്ന പ്രതീതി. ഈ യോഗത്തിന് വിഎസ് അനുവദിച്ചിട്ടുള്ള പരമാവധി സമയം അര മണിക്കൂറാണ്. ഇത് കഴിഞ്ഞാലും നാലു കുടുംബയോഗങ്ങള്‍ കൂടി വേറെയുണ്ട്. കുടുംബയോഗത്തിന്നിടയില്‍ കിട്ടുന്ന അല്‍പസമയമാണ് നാരദ ന്യൂസിന് വിഎസ് അനുവദിച്ചിട്ടുള്ളത്.


മലമ്പുഴ സിപിഐ(എം) ഏരിയ സെക്രട്ടറി കൂടിയായ സുഭാഷ് ചന്ദ്രബോസാണ് അതിനു വേണ്ട കാര്യങ്ങള്‍ ചെയ്തത്. സ്വാഗത പ്രാസംഗികന്‍ സംസാരിക്കാനായി എണീറ്റപ്പോള്‍ ആ സീറ്റില്‍ വി എസിന്റെ അടുത്ത് ഇരുന്ന് സംസാരിക്കാന്‍ സമ്മതം കിട്ടി. അഭിമുഖത്തിനാണെന്ന് പറഞ്ഞപ്പോഴേ വി എസ് പറഞ്ഞു, മഴയാണ് വരുന്നത്, ഇപ്പോള്‍ എങ്ങിനെ സംസാരിക്കും... നിങ്ങള്‍ക്ക് വേണ്ടത് ഞാന്‍ കോമണായി പറയാം. അതില്‍ നിന്നെടുക്കാം. ഉമ്മന്‍ ചാണ്ടിയുടെ കേസുകളെ പറ്റി വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിക്കുള്ള സ്വതസിദ്ധമായ പൗരാവകാശം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എനിക്കുമുണ്ട്. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകള്‍ ഉണ്ടെന്ന് പറയാനുള്ള അവകാശം പ്രതിപക്ഷനേതാവെന്ന നിലയില്‍ ഉണ്ട്. എന്റെ വായ മൂടിക്കെട്ടാനുള്ള ശ്രമം കോടതി തന്നെ തള്ളികളഞ്ഞില്ലേ.. കൂടുതല്‍ ഞാന്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കു,  ഇപ്പോള്‍ പറയാനില്ല.  വി.എസ്. മഴ വരും മുമ്പ് കുടുംബയോഗം തീര്‍ക്കണമെന്നതിനാല്‍ വി എസ് സംസാരിക്കാന്‍ എണീറ്റു. സംസ്ഥാനത്ത് ഇപ്പോള്‍ എന്തിനും കാശുകൊടുത്താലെ നടക്കൂ എന്ന അവസ്ഥയാണ്. പക്ഷെ കാശു കൊടുത്തില്ലെങ്കിലും കാര്യങ്ങള്‍ നടക്കും. അതിന് എല്‍ഡിഎഫ് ഭരണം വരണം. അതു വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ അതിന് തയ്യാറെടുത്ത് കഴിഞ്ഞു. എന്റെ വായ മൂടിക്കെട്ടാന്‍ ഉമ്മന്‍ ചാണ്ടി കേസ് കൊടുത്തു, ആ കേസ് കോടതി തള്ളി. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നു, ജനങ്ങള്‍ ഇടപെടണമെന്ന്, ജനങ്ങള്‍ ഇയാള്‍ക്ക് കൂലിവേല ചെയ്യുന്നവരാണ് എന്ന ധാരണയിലാണ് ഉമ്മന്‍ചാണ്ടി. ജനങ്ങളെ പുച്ഛിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്യുന്നത്. മലമ്പുഴ മണ്ഡലത്തില്‍ എന്റെ നാലാമത്തെ മത്സരമാണിത്. ഓരോ തവണയും ജനങ്ങള്‍ വോട്ട് കൂടുതല്‍ തന്ന് എന്നെ സഹായിച്ചു. ഇത്തവണയും അതുണ്ടാകണം.  സംസാരിച്ച് കൈ കൂപ്പി വി എസ് ഇരുന്നു.

ചില കുട്ടികള്‍ക്ക് വിഎസിനൊപ്പം ഫോട്ടോയെടുക്കണം. അതിനായി ഇരുന്നു. പത്താം ക്ലാസ് പരീക്ഷയ്ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ കുട്ടിക്ക് ട്രോഫി നല്‍കി അഭിനന്ദനം. യോഗം കഴിഞ്ഞു, ഇനി അടുത്ത സ്ഥലത്തേക്ക്.  4 കുടുംബയോഗങ്ങളില്‍ കൂടി പങ്കെടുക്കാനുണ്ട്. ഒരു ദിവസം പത്തു കുടുംബയോഗങ്ങളാണ് കണക്ക്.

വി എസ് ഇത്തവണ മുമ്പത്തേക്കാള്‍ കൂടുതലായി 10 ദിവസം മണ്ഡലത്തില്‍ മാത്രം ചെലവഴിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വെള്ളാപ്പള്ളി നടേശന്‍ വി എസിന്റെ തോല്‍വിക്കായി മണ്ഡലത്തില്‍ നിന്ന് പണമൊഴുക്കി പണിയെടുക്കുന്നതിനാലാണ് വി എസിന് കൂടുതല്‍ സമയം മണ്ഡലത്തില്‍ നില്‍ക്കേണ്ടി വരുന്നതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ പ്രധാനമായും വി എസിന്റെ കുടുംബയോഗങ്ങള്‍ അവസാനിച്ചു. തുടര്‍ച്ചയായി കുടുംബയോഗങ്ങള്‍ ഉണ്ടാകില്ല. ഇനി പൊതു പരിപാടിക്കാണ് പ്രാമുഖ്യം. പത്ത് ദിവസം മണ്ഡലത്തില്‍ മാത്രമല്ല, ജില്ലയിലെ പരിപാടികളിലാണ് ഉണ്ടാവുന്നതെന്നും സിപിഐ(എം) കേന്ദ്രങ്ങള്‍ നാരദ ന്യൂസിനോട് പറഞ്ഞു.

വെള്ളാപ്പള്ളി പറയുന്ന എസ്എന്‍ഡിപിക്കാര്‍ പരമ്പരാഗതാമായി ഇടത് മുന്നണിക്ക് വോട്ടു ചെയ്യുന്നവരാണ്. ഇത്തവണയും അതില്‍ വലിയ മാറ്റം ഉണ്ടാകില്ലെന്നതാണ് വസ്തുതയെന്ന്  ഇടത് കേന്ദ്രങ്ങള്‍ പറയുന്നു. അതേസമയം മലമ്പുഴയിലെ സ്ഥിതിഗതികളെ പറ്റി രണ്ടു തവണ അന്വേഷണം നടത്തി നാരദ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂന്നാമത്തെ തവണ മണ്ഡലത്തിലെ ട്രെന്‍ഡ് അറിയാന്‍ നാരദ ഒരിക്കല്‍ കൂടി അന്വേഷണം നടത്തി. വിഎസ് വ്യക്തമായ വിജയം ഉറപ്പാക്കി കഴിഞ്ഞ മണ്ഡലത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തിനുള്ള മത്സരമാണ് നടക്കുന്നത്. വലിയ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി ക്യഷ്ണകുമാറാവും രണ്ടാം സ്ഥാനത്ത് വരികയെന്ന് ട്രെന്‍ഡാണ് മണ്ഡലത്തില്‍ ഇപ്പോള്‍ ഉള്ളത്. വെള്ളാപ്പള്ളിയുടെ സഹായം ഉണ്ടായിട്ട് കൂടി ഒരു ഘട്ടത്തിലും മുന്നിലെത്താന്‍ യുഡിഎഫിനായിട്ടില്ല.