സംസ്ഥാനത്ത് ഇടത് തരംഗമുണ്ടായിട്ടും മലമ്പുഴയിലും പാലക്കാടും ഇടത് വോട്ടുകളില്‍ വന്‍ ചോര്‍ച്ച

മലമ്പുഴയില്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 57 ശതമാനം വി എസ് നേടിയിരുന്നു. എന്നാല്‍ ഇത്തവണ നാലായിരം വോട്ടിന്റെ ഭൂരിപക്ഷം വി എസിന് ലഭിച്ചെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 11 ശതമാനം വോട്ടുകള്‍ കുറഞ്ഞു

സംസ്ഥാനത്ത് ഇടത് തരംഗമുണ്ടായിട്ടും മലമ്പുഴയിലും പാലക്കാടും ഇടത് വോട്ടുകളില്‍ വന്‍ ചോര്‍ച്ച

പാലക്കാട്: ചുവപ്പ് കോട്ടയായ മലമ്പുഴയില്‍ ഇത്തവണ ഇടത് വോട്ടുകളില്‍ വന്‍ ചോര്‍ച്ച. ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ നാലായിരം വോട്ടിന്റെ വര്‍ദ്ധനയുണ്ടായെങ്കിലും കിട്ടിയ വോട്ടില്‍ 11 ശതമാനം കുറഞ്ഞു. മലമ്പുഴയില്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 57 ശതമാനം വി എസ് നേടിയിരുന്നു. ആകെ പോള്‍ ചെയ്ത 136316 വോട്ടുകളില്‍ 77,752 വോട്ടാണ് വി എസ് നേടിയത്. അന്നത്തെ പ്രധാന എതിരാളിയായിരുന്ന ലതികാ സുഭാഷ് 54312 വോട്ടും നേടി. ഇത് 39.04 ശതമാനമാണ്. എന്നാല്‍ ഇത്തവണ ആകെ പോള്‍ ചെയ്തത് 158931 വോട്ടുകളാണ്. ഇതില്‍ 73299 വോട്ടുകള്‍ വി എസിന് ലഭിച്ചെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 11 ശതമാനം വോട്ടുകള്‍ കുറഞ്ഞു. എന്നാല്‍ സാങ്കേതികമായി നാലായിരത്തോളം വോട്ടുകളുടെ വര്‍ദ്ധനയുണ്ട്. മലമ്പുഴയിലെന്ന പോലെ തന്നെ പാലക്കാടും സിപിഎമ്മിന് വോട്ട് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പാലക്കാട് 7.6 ശതമാനം വോട്ട് സിപിഎമ്മിന് ഇത്തവണ കുറഞ്ഞു. മലമ്പുഴയിലും പാലക്കാടും രണ്ടാമതായി എത്തിയത് ബി ജെ പിയാണ്. പാലക്കാട് മണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായി സി പി എം മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടു. സമാനമായ അവസ്ഥ കോണ്‍ഗ്രസിന് മലമ്പുഴയില്‍ ഉണ്ടായി. കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി മലമ്പുഴയില്‍ മൂന്നാമതായി. എന്നാല്‍ പാലക്കാട് മൂന്നാമതായ പാര്‍ട്ടിയായ സിപിഎം മലമ്പുഴയില്‍ വിജയിച്ചപ്പോള്‍ മലമ്പുഴയില്‍ മൂന്നാമതായ കോണ്‍ഗ്രസ് പാലക്കാട് മണ്ഡലത്തില്‍ സീറ്റ് നില നിര്‍ത്തുന്നതും കണ്ടു. മലമ്പുഴയില്‍ യു ഡി എഫിന് കഴിഞ്ഞ തവണ ലഭിച്ച 39.84 ശതമാനം വോട്ട് ഇത്തവണ 22 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ കെ കെ ദിവാകരന്‍ മത്സരിച്ചപ്പോള്‍ കിട്ടിയതിനെക്കാള്‍ 7.60 ശതമാനം വോ്ട്ട് സിപിഎമ്മിന് കുറഞ്ഞു. കഴിഞ്ഞ തവണ ഇടത് മുന്നണിക്ക് 35.81 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ഇത്തവണ അത് 28.20 ശതമാനമായി കുറഞ്ഞു. പ്രധാനമന്ത്രിയുടെ പാലക്കാട്ടെ സന്ദര്‍ശനം ന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കിയ ഭീതി മൂലം എല്‍ ഡി എഫിന് കിട്ടേണ്ട വലിയൊരു ശതമാനം വോട്ടുകള്‍ ഇത്തവണ യു ഡി എഫിന് കിട്ടിയതായാണ് ഇതു സംബന്ധിച്ച് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന സി പി എമ്മിലെ എന്‍ എന്‍ ക്യഷ്ണദാസ് നാരദ ന്യൂസിനോട് പറഞ്ഞത്.

മലമ്പുഴയില്‍ വി എസിനെതിരെ വോട്ട് കുറക്കാനും എതിര്‍ പ്രചരണത്തിനും ചില ബാഹ്യഘടകങ്ങള്‍ ശ്രമിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എസ്.എന്‍.ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലമ്പുഴയില്‍ ക്യാമ്പ് ചെയ്തു വി എസ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വി എസിന് മലമ്പുഴയില്‍ ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി വെല്ലുവിളിയും നടത്തിയിരുന്നു. ഇതിനെതിരെ ശക്തമായി രീതിയിലാണ് പാര്‍ട്ടി അവിടെ പ്രവര്‍ത്തിച്ചത്. മലമ്പുഴയില്‍ വി എസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പുറകെ സി പി എം മണ്ഡലം സെക്രട്ടറിയെ മാറ്റിയതും വിഷയമായിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി മണ്ഡലം യോഗത്തില്‍ പങ്കെടുത്തിരുന്നു. മലമ്പുഴയില്‍ യു ഡി എഫും ബി ജെ പിയും തമ്മില്‍ ഒത്തുകളി നടന്നെന്നാണ് യു ഡി എഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനെ പറ്റി വി എസ് പറഞ്ഞത്. മലമ്പുഴയില്‍ വോട്ടു കച്ചവടം നടന്നതായും വി എസ് പറഞ്ഞു.