പിണറായിക്ക് സുധീരന്റെ ഫേസ്ബുക്ക്‌ ആശംസകള്‍

ജനങ്ങള്‍ക്ക് വേണ്ടത് സമാധാന ജീവിതമാണെന്നും അത് ഉറപ്പാക്കാന്‍ സാധിക്കട്ടെയെന്നും സുധീരന്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

പിണറായിക്ക് സുധീരന്റെ ഫേസ്ബുക്ക്‌ ആശംസകള്‍

മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന പിണറായി വിജയന് ആശംസകള്‍ നേര്‍ന്നും, പുതിയ മന്ത്രിസഭയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌. ജനങ്ങള്‍ക്ക് വേണ്ടത് സമാധാന ജീവിതമാണെന്നും അത് ഉറപ്പാക്കാന്‍ സാധിക്കട്ടെയെന്നും സുധീരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വി.എം  സുധീരന്റെ  ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

മുഖ്യമന്ത്രിയായി നാളെ ചുമതലയേല്‍ക്കുന്ന ശ്രീ. പിണറായി വിജയന് ആശംസകള്‍ നേരുന്നു. ഏറ്റെടുക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിനു കഴിയട്ടെ.


സ്ഥാനമേറ്റ ശേഷം അദ്ദേഹത്തിന്റെ പ്രഥമപരിഗണന സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഉണ്ടായ രാഷ്ട്രീയ അതിക്രമങ്ങള്‍ക്ക് ഉടനടി അറുതിവരുത്തുക എന്നതാണ്.
സംസ്ഥാന വ്യാപകമായി തന്നെ കോണ്‍ഗ്രസ്‌, യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. പിണറായിയില്‍ തന്നെ നാല്കോണ്‍ഗ്രസ് ഓഫീസുകള്‍ ഉള്‍പ്പടെ കണ്ണൂരില്‍ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി.പി.എം. ആക്രമണമുണ്ടായി.

കരുനാഗപ്പള്ളിയില്‍ ഐ.എന്‍.റ്റി.യു.സി. യൂണിറ്റ് സെക്രട്ടറി അന്‍സാര്‍ ഉള്‍പ്പെടെ പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടു. കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ്, ആര്‍.എസ്.പി. ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി വേണം.

ബി.ജെ.പി,സി.പി.എം. സംഘട്ടനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും ആശങ്കയുണ്ടാക്കുന്നു. സി.പി.എം,ബി.ജെ.പി. നേതൃത്വം അണികളെ നിയന്ത്രിക്കണം. മുഖം നോക്കാതെ നടപടി സ്വീകരിച്ചേ മതിയാകൂ. കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍ വരണം. രാഷ്ട്രീയത്തിന്റെ പേരില്‍ ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമുണ്ടാകരുത്.

ജനങ്ങള്‍ക്ക് വേണ്ടത് സമാധാന ജീവിതമാണ്. അത് ഉറപ്പുവരത്താന്‍ ശ്രീ. പിണറായി വിജയന് സാധിക്കട്ടെ എന്നാണ് എന്റെ പ്രത്യാശ.

Read More >>