തീരം വിഴുങ്ങുന്ന തിരമാലകള്‍ മുന്നറിയിപ്പ്; ഇത് തലതിരിഞ്ഞ വികസന നയങ്ങളുടെ തിരിച്ചടി

ആഗോളതാപനത്തെയും കാലം തെറ്റിയ കാലാവസ്ഥയെയും കുറ്റം പറയുമ്പോള്‍ ആര്‍ത്തിപൂണ്ട വികലമായ വികസനനയങ്ങളുടെ പരിണിതി കൂടി നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

തീരം വിഴുങ്ങുന്ന തിരമാലകള്‍ മുന്നറിയിപ്പ്;  ഇത് തലതിരിഞ്ഞ വികസന നയങ്ങളുടെ തിരിച്ചടി

കേരളത്തിന്റെ സ്വാഭാവിക കടല്‍ത്തീരം നശിച്ചതാണ് കടലിന്റെ മക്കള്‍ക്ക് വിനയായത് എന്ന് പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അഞ്ച് ദിവസം പെയ്ത മഴയില്‍ തിരുവനന്തപുരം ജില്ലയിലെ തീരദേശം മുഴുവന്‍ വെള്ളത്തിനടിയിലായി. ആയിരത്തോളം പേര്‍ തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടി. കടലാക്രമണത്തെ തുടര്‍ന്ന് 200 ത്തോളം വീടുകള്‍ തകരുകയും മത്സ്യത്തൊഴിലാളികളുടെ ജിവനോപാധികളായ വള്ളവും വലയും ഉള്‍പ്പടെ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും മണ്‍സൂണ്‍ ആരംഭിച്ചിട്ടില്ല. ആഗോളതാപനത്തെയും കാലം തെറ്റിയ കാലാവസ്ഥയെയും കുറ്റം പറയുമ്പോള്‍ ആര്‍ത്തിപൂണ്ട വികലമായ വികസനനയങ്ങളുടെ പരിണിതി കൂടി നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.


കടലിന്റെ മക്കള്‍ക്ക് വിനയാകുന്നത് തലതിരിഞ്ഞ വികസന നയങ്ങള്‍

പ്രകൃതിയെ പരിഗണിക്കാത്ത വികസനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന വിദഗ്ദധര്‍ കാലങ്ങളായി മുന്നറിയിപ്പ് നല്‍കുന്നു. കോര്‍പ്പേറ്ററുകള്‍ക്കും ടൂറിസം മാഫിയകള്‍ക്കും കൈയ്യയച്ച് സഹായിക്കുന്ന രാഷ്ട്രീയക്കാരും അധികൃതരും അന്നന്നത്തെ ചെറിയ ലാഭം മാത്രമേ കാണുന്നുള്ളു. വിഴിഞ്ഞത്ത് നിലവിലുള്ള ചെറിയ മത്സ്യ ഹാര്‍ബര്‍ 60 വര്‍ഷം മുമ്പ് നിലവില്‍ വരുമ്പോള്‍ അത് ഉണ്ടാക്കാന്‍ പോകുന്ന വിപത്തുക്കളെ കുറിച്ച് അന്ന് വല്യ ധാരണയുണ്ടായിരുന്നില്ല എന്ന് പ്രശസ്ത പരസ്ഥിതി പ്രവര്‍ത്തകന്‍ ജോസഫ് വിജയന്‍ ചൂണ്ടികാട്ടുന്നു. ഒരു ഭാഗത്ത് കര കൂടുകയും മറു ഭാഗത്ത് കടല്‍ കൂടുതല്‍ കയറുകയും ചെയ്യുന്ന പ്രതിഭാസം 70കളില്‍ തുടങ്ങിയതാണ്. അവിടം കൊണ്ട് നാം പഠിക്കേണ്ടിയിരുന്നു. പിന്നിട് താത്കാലിക ആശ്വാസത്തിനായി കണ്ടുപിടിച്ച അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണവും, കടല്‍ഭിത്തി നിര്‍മ്മിക്കലും തീരത്തിന്റെ മൊത്തം സ്വഭാവത്തെ മാറ്റിയെഴുതി. ശാസ്ത്രീയമായ രീതിയില്‍ വിഷയങ്ങളെ പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും കഴിവുള്ള ശാസ്ത്രഗവേഷണ സംഘങ്ങള്‍ നമുക്കുണ്ട്. ഇവരൊക്കെ പലപ്പോഴും നല്‍കിയ മുന്നറിയിപ്പുകളെ അവഗണിച്ചാണ് മാറിമാറി വന്ന സര്‍ക്കാരുകള്‍ തീരം കോര്‍പ്പേററ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും തീറെഴുതി കൊടുത്തത്. ഏറ്റവും ഒടുവില്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് എന്ന് സ്ഥാപനത്തിന്റെ ശാസ്ത്രഞ്ജരെ ഭീഷണിപ്പെടുത്തി അദാനിക്ക് വേണ്ടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്ന ഏറ്റവും നാശോന്മുഖമായ പദ്ധതിക്ക് നല്ല പരിസ്ഥിതി റിപ്പോര്ട്ട വാങ്ങികൊടുക്കുന്നത് വരെ എത്തിച്ചു. പക്ഷെ പ്രകൃതിക്ക് ഒരു താളമുണ്ട്. അത് തെറ്റുമ്പോള്‍ തിരിച്ചടിച്ച് തുടങ്ങും.

പൂന്തുറ മുതല്‍ ശംഖുമുഖം വരെ

മണ്‍സൂണ്‍ കാലത്ത് തെക്കോട്ടൊഴുകുന്ന മണല്‍ നോണ്‍ മണ്‍സൂണ്‍ കാലത്ത് വടക്കോട്ട് തിരികെയത്തുന്ന സ്വഭാവിക പ്രക്രിയയാണ് കടലിന്റെയും തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെയും സമാധാന ജിവിതത്തെ നിര്‍ണ്ണയിച്ചിരുന്നത്. വിഴിഞ്ഞത്ത് ആദ്യത്തെ മത്സ്യബന്ധന തുറമുഖം സ്ഥാപിച്ചതിനെ തുടര്‍ന്നാണ് ഈ ഒഴുക്ക് ആദ്യം തടസ്സപ്പെടുന്നത്. അടിമലത്തുറ മുതല്‍ പൂവാര്‍ വരെയുള്ള പ്രദേശത്തെ പ്രശ്നങ്ങളും പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള പ്രശ്നവും രണ്ടാകുന്നത് ഇങ്ങിനെയാണ്.

തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് കടലാക്രമണം രൂക്ഷമായ പ്രദേശത്ത് അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണവും കല്ലിടീല്‍ ആരംഭിച്ചതും ഇതിന് പുറകേയാണ്. പൂന്തുറ ഭാഗത്തുള്ള തീരശോഷണത്തെ തടയാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച് പുലിമുട്ടുകള്‍ അവിടെ ഗുണം ചെയ്തുവെങ്കിലും അത് വടക്ക് ഭാഗത്ത് തീരശോഷണം ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ബീമാപള്ളിയില്‍ കടല്‍ കയറിയപ്പോള്‍ അവിടെ ചെറിയ പുലിമുട്ടുകള്‍ കൂടി നിര്‍മ്മിച്ചപ്പോള്‍ അത് വലിയതുറ ഭാഗത്ത് കടലാക്രമണം ശക്തിപ്പെടുത്തി. മണ്‍സൂണ്‍ കാലത്ത് സ്വഭാവികമായി തെക്കോട്ട് ഒഴുകുന്ന മണലിന്റെ വടക്കോട്ടുള്ള ഒഴുക്ക് തടസ്സെപ്പടുമ്പോള്‍ വടക്ക് ഭാഗത്ത് കര ഇല്ലാതെയാകുന്നു. വിഴിഞ്ഞത്തെ ഡ്രഡ്ജിങ്ങ് സ്ഥിതി കൂടുതല്‍ വഷളാക്കി. തെക്ക് നിന്ന് വടക്കോട്ടുള്ള സ്വഭാവികമായി ഒഴുകുന്ന മണല്‍ ഇപ്പോള്‍ ഡ്രഡ്ജിങ്ങിന്റെ കുഴികളില്‍ തന്നെ നിറയുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. ഇതാണ് വലിയതുറ ഭാഗത്ത് ഇത്തവണ കര തീരയെില്ലാതെ ആവുകയും 20 വര്‍ഷത്തിലേറേയായി ആ ഭാഗത്ത് താമസിച്ചിരുന്ന് മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ പൂര്‍ണ്ണമായി കടലെടുക്കുന്നതിലേക്കും എത്തിച്ചത്.

വര്‍ഷകാലം ആരംഭിക്കുന്നതിന് മുന്‍പേ ഒന്നാം നിരയും രണ്ടാം നിരയും കടന്ന് വെള്ളം മൂന്നാം നിരയിലേക്ക് എത്തി. കടല്‍ഭിത്തി നിര്‍മ്മിച്ചതും ആത്യന്തികമായി തീരം നഷ്ടപ്പെടാന്‍ സഹായിച്ചു. ആഞ്ഞടിച്ച തിര ഈ കല്ലുകളെ പോലും തങ്ങള്‍ക്ക് നേരെ എറിയുകയായിരുന്നു എന്നാണ് വലിയതുറയിലെ മത്സ്യത്തൊഴിലാളിയും സാമൂഹികപ്രവര്‍ത്തകയും കൂടിയായ ജെറുമി സാക്ഷ്യപ്പെടുത്തുന്നത്. 200 ലോഡ് കല്ലുകള്‍ എങ്കിലും ഈ അഞ്ച് ദിവസം കൊണ്ട് കടല്‍ കൊണ്ട് പോയിട്ടുണ്ട്. കല്ലെടുക്കാന്‍ മലകള്‍ പോലും ബാക്കിയില്ലാതാകുന്ന സംസ്ഥാനത്ത് കല്ലിടല്‍ ഇനി താത്കാലിക ആശ്വാസത്തിന് പോലും  പ്രായോഗികമല്ല.

അടിമലത്തുറ മുതല്‍ പൂവാര്‍ വരെ

അടിമലത്തുറയില്‍ ഇത്തവണ സുനാമിത്തിരകളെ അനുസ്മരിപ്പിക്കും വിധം ആണ് കടല്‍ ആഞ്ഞടിച്ചത് എന്ന് പ്രദേശവാസിയായ മേരി പറയുന്നു. തീരെ പ്രതീക്ഷിക്കാത്ത സമയത്ത് കുട്ടികളെയും എടുത്ത് എങ്ങോട്ട് ഓടും എന്ന് പകച്ച് പോയി. പ്രദേശവാസികള്‍ തന്നെ പൊഴി മുറിച്ചാണ് ഇത്തവണ വലിയ അപകടം ഒഴിവാക്കിയത്. അതിന് ശേഷമാണ് ഫയര്‍ഫോഴ്സും മറ്റും എത്തിയത് എന്നു മരിയ പറയുന്നു. ആര്‍ത്തലച്ച് വന്ന തിരമാലകളില്‍ ഇത്തവണയും വീട് നഷ്ടപ്പെട്ടവരും ഉണ്ട് അടിമലത്തുറയില്‍. കയറികിടക്കാന്‍ മകന്റെ വീടെങ്കിലും ബാക്കിവെച്ചത് ദൈവസഹായം എന്നാണ് 75 വയസ്സായ ഉപകാരി പറയുന്നത്.

അടിമലത്തുറയിലെ മലയടിവാരം വരെ പണ്ട് കടലുണ്ടായിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ താമസിക്കുന്ന പ്രദേശം വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സ്വഭാവിക മണല്‍ ഒഴുക്ക് തടസ്സപ്പെട്ട് കര രൂപപ്പെട്ടതാണ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ മണല്‍ അടിയുകയും വലിയ മണല്‍ കൂനകള്‍ പല ഭാഗത്ത് രൂപപ്പെടുകയും ചെയ്യുന്നു. ഈ പ്രതിഭാസം അടിമലത്തുറ മുതല്‍ പൂന്തുറ വരെയുള്ള തീരത്തെ നിരപ്പില്ലാത്ത ഭുമിയാക്കി. കടലേറ്റ കാലത്ത് കയറുന്ന വെള്ളം തിരികെ പോകാതെ കെട്ടികിടക്കുന്നു. വര്‍ഷങ്ങളായി ഇത് നടക്കുന്നുണ്ടെങ്കിലും പുതിയ തുറമുഖത്തിന് വേണ്ടിയുള്ള ഡ്രഡ്ജിങ്ങ് ഇത് രൂക്ഷമാക്കി എന്നും ജോസഫ് വിജയനെ പോലുള്ള വിദഗ്ദധര്‍ പറയുന്നു. കടലിലേക്ക് ഇറങ്ങാന്‍ വഴിയില്ലാതെ വന്നപ്പോഴാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെറിയ നടപ്പാതകള്‍ വെട്ടി നല്‍കിയത്. എന്നാല്‍ നടപ്പാത വെട്ടാന്‍ മണ്ണ് എടുത്ത സ്ഥലത്ത് മലിനജലം കെട്ടികിടന്ന് അതും തീരാദുരിതമായി.

കുറഞ്ഞത് 2500 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന അടിമലത്തുറയില്‍ 50 ഓളം വീടുകളില്‍ മാത്രമാണ് കക്കൂസുകള്‍ ഉള്ളത്. കക്കൂസ് കെട്ടാന്‍ നല്‍കുന്ന 15,000 രൂപയുടെ ധനസഹായം കൊണ്ട് ഇവിടങ്ങളില്‍ അടിത്തറ കെട്ടാന്‍ പോലും ആകില്ല എന്ന യാഥാര്‍ത്ഥ്യവും ഉണ്ട്. കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള ഡ്രെയിനേജ് ജലം, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലര്‍ന്ന് വെള്ളക്കെട്ടിനു ദുര്‍ഗന്ധവും ഇതോടെ പ്രദേശം സാംക്രമിക രോഗ ഭീതിയിലായി. വെള്ളത്തില്‍ സ്പര്‍ശിക്കുന്നവര്‍ക്കെല്ലാം ദേഹത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നുമുണ്ട്. അടിമലത്തുറയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതികളെല്ലൊം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.തീരദേശ വികസന കോര്‍പ്പറേഷനും 2013-14 കാലത്ത് നടപ്പാക്കിയ ഓട നിര്‍മ്മാണം പാതി വഴിയില്‍ നിന്നു. അശാസ്ത്രീയമായ നിര്‍മ്മാണം മൂലം വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് മണല്‍ വന്ന് മൂടി. കുടിവെളളത്തിന് ആശ്രയിക്കുന്നത് പ്രദേശത്തുള്ള പൊതുകിണറാണ്. മാലിന്യകുമ്പാരങ്ങളായി ഉപേക്ഷിക്കപ്പെട്ട പൊതുകിണറുകളും നിരവധിയുണ്ട് പ്രദേശത്ത്.

മാലിന്യങ്ങള്‍ക്കിടയില്‍ ദുരിത ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്നാണ് കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ മരിയ പറയുന്നത്. റിസോര്‍ട്ട് മാഫിയയെയും അദാനിയെയും സഹായിച്ച് രാഷ്ട്രീയക്കാര്‍ തങ്ങളുടെ ദുരിത ജീവിതം കണ്ടില്ലെന്ന് നടിക്കുകയാണ് എന്നും ഇവര്‍ ആരോപിക്കുന്നു. തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശത്തെ മത്സ്യബന്ധനം തടസ്സപ്പെട്ടു. തൊട്ടപിറകെ കടല്‍ക്ഷോഭവും. ചുരുക്കത്തില്‍ മണ്‍സൂണിന് മുമ്പേ വറുതി എത്തിയ അവസ്ഥയാണ് ഇവിടെ. പദ്ധതി നടപ്പിലായാല്‍ കുറച്ച് പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും എന്ന് വെറുതേ ആഗ്രഹിക്കുന്നവരും ഉണ്ട് ഇക്കൂട്ടത്തില്‍ എന്നും മരിയ പറയുന്നു.

വിഴിഞ്ഞം പദ്ധതി പ്രദേശം

കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞം പദ്ധതി പ്രദേശത്തും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. മുക്കോല, കോട്ടപ്പുറം, കരിമ്പള്ളിക്കര എന്നിവിടങ്ങളിലെ വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്ന പൈപ്പ് മാലിന്യം നിറഞ്ഞ് അടഞ്ഞതോടെയാണ് പ്രദേശത്ത് വെള്ളംകെട്ടാന്‍ തുടങ്ങിയത്. രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച തീരദേശ റോഡിന് അടിയിലാണ് ഈ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് പ്രദേശത്ത് മൂന്ന് അടിയോളം വെള്ളമാണ് പൊങ്ങിയത്. രാത്രിയായതിനാല്‍ വീട്ടിനുള്ളില്‍ വെള്ളം കയറിത്തുടങ്ങിയപ്പോഴാണ് പലരും ഉണര്‍ന്നത്. വെള്ളം തുറന്നുവിടാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ വെള്ളത്തിന്റെ സമ്മര്‍ദം താങ്ങാതെ തുറമുഖ റോഡിന്റെ അഞ്ചുമീറ്ററിലേറെ ഭാഗം ഒലിച്ചുപോയി. റോഡ് തകര്‍ന്നതോടെ വെള്ളം കടലിലേക്ക് ഒഴുകുകയായിരുന്നു. വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഇതാണ് അനുഭവമെങ്കില്‍ വരും നാളുകളില്‍ രൂക്ഷമാകും എന്നും ജോസഫ് വിജയന്‍ ചുണ്ടികാട്ടുന്നു. എന്തായാലും ഇതിലൂടെ അദാനിക്ക് ഒരു നഷ്ടവുമില്ലെന്നതാണ് വസ്തുത. ഇത് മുഴുവന്‍ കേരള സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന 1463 കോടി രൂപ ഉപയോഗിച്ച് ചെയ്യുന്ന നിര്‍മ്മാണ പ്രവൃത്തികളിലാണ് ഉള്‍പ്പെടുന്നത്. നഷ്ടം നമ്മുടെ ഖജനാവിനാണ്, പൊതുജനങ്ങള്‍ക്കാണ്. പുതിയ സര്‍ക്കാര്‍ ഇതെല്ലാം ഒരു പുനഃപരിശോധനക്ക് വിധേയമാക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

കോവളം

അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയായ കോവളത്തെയും കടലാക്രമണം ബാധിച്ചു തുടങ്ങി. ആഞ്ഞടിക്കുന്ന കടല്‍ത്തിരകള്‍ തീരത്തെ വിഴുങ്ങുകയാണ്. ഭാഗ്യവശാല്‍ ഇത്തവണ ആളപായം ഒഴിഞ്ഞു എന്ന് മാത്രം.

കടല്‍ കലിത്തുളളുമ്പോള്‍ ക്യാംപുകളിലേ ദുരിതത്തിലേക്ക്... കടലിന്റെ മക്കളുടെ തീരാ ദുരിതം


കേരളത്തിന്റെ തീരദേശത്ത് കടല്‍ കയറുമ്പോള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടുന്ന മത്സ്യത്തൊഴിലാളികള്‍ എല്ലാ സീസണിലേയും പതിവ് കാഴ്ചയാണ്. കടലാക്രമണത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ അഭയം തേടുന്നു. ജൂണിലും ജൂലൈയിലുമൊക്കെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന ഈ സ്‌ക്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കലാണ് പതിവ്. മഴ കുറയുമ്പോള്‍ ഇവര്‍ തിരികെ ചെറ്റകുടിലുകളിലേക്ക് മടങ്ങിപോകും എന്നതാണ് രീതി. തിരയെടുത്ത വീടുകളുടെ സ്ഥാനത്ത് പലിശക്ക് വാങ്ങിയോ കെട്ടുതാലി പണയപ്പെടുത്തിയോ 50,000 രൂപയെങ്കിലും ഒപ്പിച്ച് ചെറ്റകള്‍ പൊക്കി വീണ്ടും ഇവര്‍ ജീവിച്ച് തുടങ്ങും. വാടക വീട്ടില്‍ പോലും മടങ്ങിപോകാന്‍ നിവൃത്തിയില്ലാത്തവര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ തന്നെ തുടരുന്നു. ജനനവും മരണവും കല്യാണവും കുട്ടികളുടെ പഠനവുമൊക്കെ ഈ ദുരിതാശ്വാസ ക്യാംപുകളില്‍ അനുഭവിച്ച് തീര്‍ക്കുന്നവരാണ് പലരും.

വലിയതുറയില്‍ ഇത്തവണ കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട മൂന്ന് സ്‌കൂളുകളിലായി 150ാേളം കുടുംബങ്ങളാണ് അഭയം തേടിയിടത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വീടുകള്‍ നഷ്ടപ്പെട്ട എല്ലാവരും വലിയതുറയിലെ യുപി ,എല്‍പി സ്‌കൂളിലും ഫിഷറീസ് സ്‌കൂളിലും കയ്യില്‍ കിട്ടിയ വീട്ട്‌സാധനങ്ങളുമായി അഭയം തേടിയതാണ്. ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ലഭ്യമാകാത്തപ്പോഴും ഇവര്‍ പരാതിപ്പെടുന്നത് പെണ്‍മക്കളുടെ സുരക്ഷയെ കുറിച്ചാണ്. മദ്യപിക്കുന്ന പുരുഷന്മാര്‍ക്കിടയില്‍ കൊച്ചുകുട്ടികള്‍ പോലും പലപ്പോഴും സുരക്ഷിതരല്ല എന്നിരിക്കെ തങ്ങള്‍ എന്ത് ചെയ്യും എന്നും ഇവര്‍ ചോദിക്കുന്നു. പെണ്‍മക്കളുടെ സുരക്ഷയെ ഓര്‍ത്ത് ക്യാംപില്‍ കഴിയാതെ അവരെ ബന്ധു വീടുകളിലേക്ക് പറഞ്ഞയച്ചിരിക്കുകയാണ് ഇവരില്‍ പലരും.

നാല് വര്‍ഷം മുന്‍പ് കടലാക്രമണത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട വികലാംഗന്‍ കൂടിയായ ബേണി മൂന്ന് പെണ്‍മക്കളുടെ സുരക്ഷയെ ഓര്‍ത്താണ് ചെറ്റകുടിലിലേക്ക് മടങ്ങിയത്. കടം വാങ്ങിയാണെങ്കിലും വീണ്ടും ചെറ്റപൊക്കി ജീവിച്ചുതുടങ്ങി. ഇത്തവണയും ആദ്യം കടലെടുത്ത വീടുകളില്‍ ഒന്നാണ് ബേണിയുടേത്. മൂത്ത മകളെ നഴ്സിങ് പഠിപ്പിക്കാന്‍ ലോണിന് മുട്ടാത്ത വാതിലുകളില്ല. സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ പലതും അകാശപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് ബേണിയുടെ ജീവിതം.

കടലില്‍ പോയി മീന്‍പിടിച്ച് മാത്രം ജിവിക്കുന്ന തീരദേശത്തുള്ളവര്‍ക്ക് വറുതിയുടെ കാലം കൂടിയാണ് മഴകാലം. ദുരിതാശ്വാസ ക്യാംപായി സര്‍ക്കാര്‍ അംഗീകരിച്ചയിടങ്ങളില്‍ ഭക്ഷണം കിട്ടുന്നത് കൊണ്ട് പട്ടിണിയില്ല എന്നത് മാത്രമാണ് ആശ്വാസം. സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിച്ച യുപി സ്‌കൂളില്‍ മാത്രമാണ് പക്ഷെ ഭക്ഷണവും വെള്ളവും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ പേരിനെങ്കിലും അധികൃതര്‍ ലഭ്യമാക്കിയിട്ടുള്ളത്. യുപി സ്‌കൂളിലെയും എല്‍ പി സ്‌കൂളിലെയും മുറികള്‍ നിറഞ്ഞപ്പോഴാണ് ഇവര്‍ ഫിഷറീസ് സ്‌ക്കുളിലും അഭയം തേടിയത്. ഇവിടെ പൂട്ടിയിട്ട മുറി തുറന്ന് കൊടുക്കാന്‍ പോലും തയ്യാറാകാതിരുന്നിനെ തുടര്‍ന്ന് വരാന്തയിലാണ് പലരും രാവും പകലും ഒരുപോലെ ഉറക്കമില്ലാതെ മക്കള്‍ക്ക് കാവലിരുന്നത്. സന്നദ്ധ സംഘടനകളോ പള്ളി വക സഹായമോ സര്‍ക്കാരിന്റെ കണക്കിലോ ഒന്നും ഇവര്‍ പെടുന്നില്ല. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി സ്ഥലം സന്ദര്‍ശിച്ച് ഇവരെ പുനരധിവസിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ കൈകൊളളണം എന്ന നിര്‍ദ്ദേശമാണ് നല്‍കിയത്.

ഒന്നാം തീയതി സ്‌കൂളുകള്‍ തുറക്കും. ഇപ്പോള്‍ ദുരിത്വാശ്വാസ ക്യാംപുകളായി മാറിയിട്ടുള്ള സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാതായാല്‍ തങ്ങളുടെ മക്കളുടെ പഠനം മുടങ്ങുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍

നാല് വര്‍ഷം മുന്‍പ് കടലാക്രമണത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ട 117 കുടുംബങ്ങള്‍ക്ക് 6 മാസത്തിനകം വീട് നല്‍കാം എന്ന് പറഞ്ഞത് മന്ത്രി വി എസ് ശിവകുമാറും യുഡിഎഫ് സര്‍ക്കാരുമാണ്. ഈ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് അരിയും പയറും പുരുഷന്മാര്‍ക്ക് മദ്യവും നല്കി വോട്ട് ചോദിച്ച വന്ന സ്ഥാനാര്‍ത്ഥികളെയൊന്നും പോളിംഗിന് ശേഷം കടല്‍ത്തിര പൊങ്ങിയപ്പോള്‍ കണ്ടില്ല എന്നാണ് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന ജോര്‍ജ്ജ് പറയുന്നത്. അറ്റ കൈക്കാണ് ഇത്തവണ റോഡ് ഉപരോധിച്ചത്. അത് കൊണ്ട് കുറച്ചെങ്കിലും ശ്രദ്ധ ലഭിച്ചു. ഇത്തവണയും എല്ലാവരും വോട്ട് ചെയ്തു. വോട്ട് ബഹിഷ്‌കരിക്കും എന്ന് ഭീഷണിപ്പെടുത്താനുള്ള കുഴിഞ്ഞ ബുദ്ധി തങ്ങള്‍ക്ക് ഇത് വരെയുണ്ടായില്ല എന്നും ജോര്‍ജ്ജ് പറയുന്നു.

പുരുഷന്‍മാര്‍ക്ക് മദ്യം നല്കി വോട്ട് ചെയ്യിക്കുന്നു. അവരുടെ രാഷ്ട്രീയചായ്വുകള്‍ സ്ത്രീകളെയും സമ്മര്‍ദ്ദത്തിലാക്കും. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടോ എന്നോ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോ എന്നും ഇവര്‍ ചോദിക്കാറില്ല. ആകെ അറിയാവുന്നത് തങ്ങള് ഇതിന് വിധിക്കപ്പെട്ടവരാണ് എന്ന് ആശ്വസിക്കാനാണ്.

പണിയാധുങ്ങള്‍ സൂക്ഷിക്കാനും സുരക്ഷിതമായി തലചായ്ക്കാനും ഓരോ കുടുംബത്തിനും 2 സെന്റ് സ്ഥലം വീതം നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് തൊട്ട് മുന്‍പാണ് മുട്ടത്തറ സ്വിവേജ് പ്ലാന്റിന്റെ സ്ഥലത്ത് എന്‍ജിനിയറിങ്ങ് കോളേജിനും ബിഎസ്എഫിനും സ്വീവേജ് ട്രീറ്റ്മെന്റ് ഉള്‍പ്പടെ നിരവധി പദ്ധതികള്‍ക്ക് വീതം വെച്ചു നല്‍കിയ ശേഷം ഒടുവില്‍ വികലാംഗര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ടി സ്ഥലം മാറ്റിവെച്ച ഉത്തരവിടുന്നത്. ഇതില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ ഉള്ള മൂന്നര ഏക്കര്‍ സ്ഥലം ഏറ്റെടുക്കല്‍ മാത്രം തടസ്സപ്പെട്ടു എന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന് സംസ്ഥാനത്ത് ഇത് വരെ നടപ്പിലാക്കിയ ഫ്‌ളാറ്റ് പദ്ധതികളെല്ലാെം തന്നെ പരാജയമായിരുന്നു എന്ന് സാമൂഹിക പ്രവര്‍ത്തക മാഗ്ലിന്‍ പീറ്റര്‍ ആരോപിക്കുന്നു. കടലിന്റെ മക്കളായ തങ്ങള്‍ക്ക് വള്ളങ്ങളും വലകളും സൂക്ഷിക്കാനുള്ള സൗകര്യമാണ് അനിവാര്യം. മത്സ്യത്തൊഴിലാളി കൂടുംബങ്ങളില്‍ പെണ്‍മക്കള്‍ക്കാണ് വീടിന്റെ അവകാശം. ഒന്നോ രണ്ടോ പെണ്‍മക്കളുള്ളപ്പോള്‍ ഇവര്‍ വിവാഹം കഴിഞ്ഞ് ഒന്നിച്ച് ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന സാഹചര്യം ഓര്‍ത്ത് നോക്കു എന്നാണ് മാഗ്ലിന്‍ പീറ്റര്‍ ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വലിയതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള മത്സ്യത്തൊഴിലാളികളുടെ ജനസംഖ്യയില്‍ വല്യ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്നത് കൂടി ഓര്‍ക്കണം.

ശാശ്വത പരിഹാരം

കേരളത്തിന്റെ തീരപ്രദേശത്തെയും മത്സ്യത്തൊഴിലാളികളുടെ ജിവിതത്തെയും മൂച്ചൂടും നശിപ്പിക്കുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം സ്വഭാവികമായ കടല്‍ത്തീരം മടക്കികൊണ്ട് വരിക എന്നതാണ്. ഇച്ഛാശക്തിയുള്ള സര്‍ക്കാരിന് പോലും അതിന് കാലതാമസമെടുക്കും. പക്ഷെ അടിയന്തിരമായി മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്ന മാറ്റി പുനരധിവസിപ്പിക്കേണ്ടതുണ്ട്. ഒരു കാലിലെ മന്ത് മറുകാലിലേക്ക് മാറ്റുന്ന നടപടികള്‍ക്ക് പകരം കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള ശാസ്ത്രീയമായ പഠനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയെങ്കിലും വേണ്ടത്.

വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മ്മാണം മൂലമുള്ള നാശനഷ്ടങ്ങളും ദുരന്തങ്ങളും ഇനിയും കൂടുതല്‍ വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ പ്രകൃതി നമുക്ക് കാണിച്ചു തന്നത് സാമ്പിള്‍ വെടിക്കെട്ട് മാത്രമെന്നാണ് ജോസഫ് വിജയന്‍ പറയുന്നത്. അടുത്ത ഒരാഴ്ച കഷ്ടിച്ച് കഴിയുമ്പോള്‍ മണ്‍സൂണ്‍ കാല ദുരിതങ്ങള്‍ ആരംഭിക്കും. ജനരോഷം തിരമാലകളേക്കാള്‍ ശക്തിയോടെ ആഞ്ഞടിക്കുന്നത് വരെയും കാത്തിരിക്കാനാണോ ഭാവം എന്നും അദ്ദേഹം ചോദിക്കുന്നു.

ആലപ്പുഴ, ഏറണാകുളം തീരപ്രദേശങ്ങളിലും കടല്‍ ക്ഷോഭം രൂക്ഷമാണല്ലോ എന്നും അതിനും കാരണം വിഴിഞ്ഞമാണോ എന്ന ചോദ്യത്തിന് ടൂറിസം ഇന്ത്യയുടെ എഡിറ്റര്‍ കൂടിയായ രവിശങ്കര്‍ നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. ആലപ്പുഴയുടെ പ്രശ്നം അനിയന്ത്രിതമായ കരിമണല്‍ ഖനനം ആണ്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ എവിടെയൊക്കെ കടല്‍ ക്ഷോഭം മുന്‍പില്ലാത്ത വിധം ഇപ്പോള്‍ കാണുന്നുണ്ടോ അതിന്റെ തെക്ക് വശത്ത് കടലിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തില്‍ ചെറിയ തുറമുഖങ്ങള്‍, ഫിഷിംഗ് ഹാര്‍ബറുകള്‍, കടല്‍ ഭിത്തികള്‍, എന്നിവ കഴിഞ്ഞ വര്‍ഷങ്ങളില്‍ പണിതിട്ടുണ്ടാകും എന്നും അദ്ദേഹം പറയുന്നു. സംശയം ഉണ്ടെങ്കില്‍ ഗൂഗിള്‍ മാപ് എടുത്ത് നോക്കിയാല്‍ മതി എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഒരു കാര്യം നിസംശയം പറയാം കടലിന്റെ മക്കളെയും കാടിന്റെ മക്കളെയും തിരിച്ചറിയാത്ത വികസനം വികസനമല്ല. ആഗോളതാപനവും പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ ആക്രമണങ്ങളും ആദ്യം തുടച്ച് നീക്കാന്‍ പോകുന്നത് പ്രകൃതിയോട് ഇണങ്ങി ജിവിക്കുന്ന വിഭാഗങ്ങളെയാണ്. കാട് കൈയ്യേറി ആദിവാസികളെ ദുരിതത്തിലാക്കിയ നമ്മള്‍ ഇപ്പോള്‍ കടലും കയ്യേറി തീരദേശവാസികളെയും നരകത്തിലാക്കി. ദുരിതത്തില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരല്ല അവരെന്ന് ബോദ്ധ്യപ്പെടുത്താന്‍ നമ്മുടെ ജനാധിപത്യത്തിന്‍രെ ചക്രം തിരിക്കുന്നവര്‍ക്കും അവര്‍ക്ക് കൈത്താങ്ങാകാന്‍ പൊതുസമൂഹത്തിനും ഉത്തരവാദിത്ത്വമുണ്ട്.

Read More >>