വിഴിഞ്ഞം പദ്ധതി ഒരു പുനർചിന്ത അത്യാവശ്യം

വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ പാരിസ്ഥിതിക - സാമ്പത്തിക - സാമൂഹിക മേഖലകളിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പഠിക്കാനോ, നമ്മുടെ വികസന നയം എന്താവണമെന്നോ ജനങ്ങളെ അറിയിക്കാൻ തയ്യാറായില്ല. മറിച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ പശ്ചാത്തലത്തിൽ, പോർട്ടിന് വേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥ - രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്കുകൾ അപ്പടി വിശ്വസിച്ച് വാർത്തകൾ കൊടുത്തു കൊണ്ടിരുന്നു. കെ വി രവിശങ്കർ എഴുതുന്നു.

വിഴിഞ്ഞം പദ്ധതി ഒരു പുനർചിന്ത അത്യാവശ്യം

കെ.വി. രവിശങ്കർ

കേരളം കഴിഞ്ഞ ഒരു ദശകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു മെഗാ വികസന പദ്ധതിയായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടയിനർ തുറമുഖ നിർമാണം. മാറി മാറി വന്ന സർക്കാറുകൾ യാതൊരുവിധ പഠനവും നടത്താതെ കേരളത്തിന്റെ സ്വപ്ന പദ്ധതിയായി വിഴിഞ്ഞത്തെ വിശേഷിപ്പിച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് സാക്ഷാൽ സി പി രാമസ്വാമി അയ്യർ തൊട്ട് എം വി രാഘവൻ വരെയുള്ളവർ വിഴിഞ്ഞം കേരളത്തിന്റെ ഭാവി തന്നെ മാറ്റി കുറിക്കുന്ന പദ്ധതിയാകും വിഴിഞ്ഞം എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അതിന് പിറകിലെ ലോബിയെ വികസനത്തിന്റെ വക്താക്കളായും എതിർശബ്ദം ഉയർതുന്നവരെ വികസന വിരുദ്ധരായും ചിത്രികരിച്ചു. നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ പോലും സ്വപ്ന പദ്ധതിയുടെ മറുപുറം അന്വേഷിച്ച് പോയില്ല.


അത് കേരളത്തിന്റെ പാരിസ്ഥിതിക - സാമ്പത്തിക - സാമൂഹിക മേഖലകളിൽ ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പഠിക്കാനോ, നമ്മുടെ വികസന നയം എന്താവണമെന്നോ ജനങ്ങളെ അറിയിക്കാൻ തയ്യാറായില്ല. മറിച്ച് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ പശ്ചാത്തലത്തിൽ, പോർട്ടിന് വേണ്ടി നിലകൊള്ളുന്ന ഉദ്യോഗസ്ഥ - രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്കുകൾ അപ്പടി വിശ്വസിച്ച് വാർത്തകൾ കൊടുത്തു കൊണ്ടിരുന്നു.

ഒടുവിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും വിഴിഞ്ഞം പദ്ധതിയെ എതിർക്കാൻ പറ്റാത്ത തരത്തിൽ എത്തിച്ചു. പദ്ധതിയെ എതിർത്താൽ വോട്ട് ബാങ്ക് എതിരാവുമെന്ന് പേടിച്ച് സുസ്ഥിര വികസനത്തിന്നായി നിലകൊളുന്ന സി പി ഐ, സി പി എം പാർട്ടികൾ വരെ പദ്ധതിയെ പരിപൂർണമായി എതിർക്കാതെ മൌനം പാലിച്ചു നിന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ളവർ പരസ്യമായി വെല്ലുവിളിച്ചപ്പോൾ തങ്ങൾ പദ്ധതിയെ എതിർക്കുന്നില്ല, അധികാരത്തിൽ വന്നാൽ പദ്ധതി നിർത്തി വയ്ക്കില്ല എന്ന് വരെ പറയേണ്ട ഗതികേടിൽ വരെ എത്തി ചേർന്നു.

ഈ ലേഖകൻ 1992 മുതൽ പദ്ധതിയുടെ വിവിധ വശങ്ങളെ പറ്റിയുള്ള സന്ദേഹങ്ങളെ അപ്പപ്പോൾ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഒക്കെ അറിയിച്ചു കൊണ്ടിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ പോലും വർഷങ്ങളോളം കുറ്റകരമായ അനാസ്ഥ ഈ പദ്ധതിയുടെ മറുവശത്തെ പറ്റി പഠിക്കാതെ മാറി നടന്നു.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം പത്തോളം മേജർ പോർട്ടുകൾ കിഴക്കൻ പടിഞ്ഞാറൻ തീരങ്ങളിൽ ആയി നിലവിൽ വന്നു. എല്ലാം കേന്ദ്ര സർക്കാരിന്റെ തുറമുഖ മന്ത്രാലയത്തിന്റെ കീഴിൽ. വേണ്ടത്ര പഠനം നടത്തിയ ശേഷം ആണ് ഈ വൻകിട തുറമുഖങ്ങൾ എല്ലാം നിലവിൽ വന്നത്. ഒരിക്കൽ പോലും ആരും വിഴിഞ്ഞം പ്രദേശം ഒരു അന്താരാഷ്ട്ര തുറമുഖത്തിന് പറ്റിയതാണെന്ന് പറഞ്ഞില്ല. ഒരിക്കൽ, 1980 കളുടെ അവസാനത്തിൽ കോവളത്ത് വന്ന ഒരു സായിപ്പ് ഇതൊരു നല്ല തുറമുഖത്തിന് പറ്റിയ സ്ഥലമാണെന്ന് പറഞ്ഞു. അത് അന്നത്തെ ഒരു ടി വി ചാനലിലെ വാർത്താധിഷ്ടിത പരിപാടി ഏറ്റുപിടിച്ചു. ഇതാ കേരളത്തിന്റെ-സ്വപ്ന പദ്ധതി എന്ന് എട്ടു പിടിച്ചു. ഇന്നത്തെ പോലെ മറ്റു ചാനലുകൾ ഇല്ലാതിരുന്ന കാലത്ത് ആരും അതിന്റെ മറുപുറം തേടി പോയില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും, അധികാരികളുടെയും സമ്മർദത്തിൽ പദ്ധതിയെ പറ്റി കൂടുതൽ ഒന്നും പഠിക്കാതെ, കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ സർക്കാർ ഉടമസ്ഥതയിൽ വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റെഡ് എന്ന കമ്പനി രൂപികരിച്ചു.
കമ്പനിയുടെ ലക്ഷ്യം വിഴിഞ്ഞം കേന്ദ്രമായി മദർ ഷിപ്പുകൾ എന്നറിയപ്പെടുന്ന വലിയ കപ്പലുകൾക്ക് വരെ അടുക്കാനാകുന്ന വലിയ തുറമുഖം നിർമിക്കുക.

Vizhinjam International Seaportഅവർ പഠനം നടത്തി പദ്ധതിയുടെ ഗുണഗണങ്ങൾ മാത്രം പറയുന്ന പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഈ രംഗത്ത് പ്രാവിണ്യമുള്ള അന്താരാഷ്ട്ര ഏജൻസി കളെ കണ്ടു പിടിച്ച് ഏൽപ്പിച്ചു. പഠിച്ച എല്ലാവരും പദ്ധതി കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയും, പാരിസ്ഥിതിക - സാമൂഹിക നഷ്ടവും ഉണ്ടാവുമെന്ന് കാര്യകാരണ സഹിതം റിപ്പോർട്ട് കൊടുത്തു. പിന്നെയും റിപ്പോർട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ അടുത്ത ഏജൻസിയെ തേടി പോയി.

ഈ സമയത്തൊന്നും നമ്മുടെ മുഖ്യധാര മാദ്ധ്യമങ്ങൾക്കോ, രാഷ്ട്രീയ നേതാക്കൾക്കോ മറു ചോദ്യം ചോദിയ്ക്കാൻ തോന്നിയില്ല. പ്രകടനങ്ങൾ, പ്രക്ഷോഭങ്ങൾ, നിരാഹാരം അങ്ങനെ നിരവധി സമ്മർദ്ധ തന്ത്രങ്ങൾ തലസ്ഥാന നഗരം കണ്ടു. എല്ലാവരും ഒന്ന് മാത്രമേ കേട്ടുള്ളൂ. വിഴിഞ്ഞം ഒരു സ്വപ്ന പദ്ധതിയാണ് എന്ന് മാത്രം!

അവസാനം കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതിയുടെ നടത്തിപ്പിനായി ഒരു പങ്കാളിയെ കണ്ടെത്തി. അതും ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ട് ഓപ്പറേറ്റർ എന്ന് പറയപെടുന്ന അദാനി ഗ്രൂപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുപ്പം കൊണ്ട് ലോകം അറിയപെടുന്ന ഗൗതം അദാനി നേതൃത്വം നൽകുന്ന അദാനി പോർട്‌സ് ലിമിറ്റഡ്.

കേരളത്തിന്റെ വികസന സ്വപ്നങ്ങൾ ക്ക് ഇനിയൊന്നും വേണ്ട എന്ന് പറഞ്ഞു തന്നെ കഴിഞ്ഞ സർക്കാർ, വിഴിഞ്ഞം പദ്ധതി വച്ച് വോട്ട് പിടിക്കാൻ ശ്രമിച്ചു. കഴിഞ്ഞ നിരവധി വർഷങ്ങളായി കേരളത്തിന്റെ സ്വപ്ന പദ്ധതി എന്ന് കൊട്ടിഘോഷിച്ച പദ്ധതി യഥാർത്യമാകുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട പലതും ചർച്ച ചെയ്യാൻ ഇനിയും സമയം വൈകിയിട്ടില്ല എന്നാണ് കഴിഞ്ഞ 20 വർഷങ്ങളായി ഈ വൻകിട തട്ടിപ്പിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന ഈ ലേഖകന്റെ വിനീതമായ അഭിപ്രായം.

വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ വിവിധ മേഖലകളെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് പല തട്ടിൽ നിന്നും നോക്കി കാണണം. പ്രധാനമായും നാല് കാരണങ്ങൾ ആണ് എനിക്ക് ചൂണ്ടി കാണിക്കാനുള്ളത്. ആദ്യത്തേതും പരമപ്രധാനവും ഏതെന്ന് പറയുന്നതിലും നല്ലത് നാലു കാര്യങ്ങൾക്കും തുല്യ പ്രാധാന്യം ഉണ്ടെന്നുള്ളതാണ്.

ഒന്ന് ഒരു സമൂഹത്തിന്റെ (മത്സ്യതൊഴിലാളി മേഖല ) നിലനിൽപ്പിന്റെ പ്രശ്‌നം.

രണ്ട് പരിസ്ഥിതിയുടെ പ്രശ്‌നം. തിരുവനന്തപുരം ജില്ലയുടെ മൊത്തം തീര പ്രദേശങ്ങളെ ബാധിക്കുന്ന വലിയ പ്രശ്‌നം

മൂന്ന് കേരളത്തിന്റെ ഭാവിക്ക് സാദ്ധ്യതയുള്ള ഒരേ ഒരു മേഖലയായി എല്ലാവരും ഒരു പോലെ വിലയിരുത്തുന്ന ടൂറിസംമേഖലയുടെ തളർച്ച.

നാലമെത്തെതും, ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടെണ്ടതും ആയ സാമ്പത്തിക വശം.

നമ്മുടെ സംസ്ഥാനത്തിന്റെ നിലനില്പ്പിനെ അതുമല്ലെങ്കിൽ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയങ്ങൾ കാണാതെ കണ്ണടച്ച് ഇരുട്ടാക്കിയിട്ടു ഒരു കാര്യവുമില്ല.

വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ വികസനത്തിന് മുതൽ കൂട്ടാകുമെങ്കിൽ നടപ്പിൽ വരുത്തുക തന്നെ വേണം. മറിച്ചാണെങ്കിലോ ? നാം ആക്കാര്യം ഒരു നൂറു വട്ടം കൂടി ആലോചിക്കുകയും വേണം. ഇനിയും അതിന് വൈകിയിട്ടില്ല.

വികസനത്തിന്റെ കാഴ്ചപാടുകൾ തന്നെ മാറിമറിയുന്ന ഈ ആധുനിക കാലത്ത്, സൈലന്റ് വാലി പോലെയുള്ള വൻകിട പദ്ധതികൾ ജനകീയ പ്രതിഷേധം ഫലം കണ്ട്, വേണ്ട എന്ന് വച്ച ഈ കൊച്ചു കേരളത്തിൽ, ഇത് വരെ വിഴിഞ്ഞതിന്റെ കാര്യത്തിൽ എതിരഭിപ്രായങ്ങൾ നാമമാത്രമായി രുന്നു എന്നത് കൊണ്ട്, ഭാവിയിൽ വലിയ പ്രതിഷേധം ഉണ്ടായിക്കൂടാ എന്നില്ലല്ലോ? ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് വേണ്ട എന്ന് വച്ച പശ്ചിമ ബംഗാളിലെ സിങ്ങുർ, നന്ദി ഗ്രാം, ഒറിസ്സയിലെ ബലിയപാൽ നിവാസികളെ ഇത്തരുണത്തിൽ ഓർക്കുന്നത് നന്ന്.

Vizhinjam International Seaport1തെക്കൻ കേരളത്തിന്റെയും, പ്രത്യേകിച്ചും തലസ്ഥാനത്തെ വികസനത്തെ ബാധിക്കുന്ന ഒരു പ്രാദേശിക പ്രശ്‌നമായി ഇത് വളർത്തിയെടുക്കുന്നതിൽ പദ്ധതിയെ അനുകൂലിക്കുന്നവർ വിജയിച്ചിരുന്നു. അത് കൊണ്ടു തന്നെ മുഖ്യധാര മാധ്യമങ്ങളും, ഭരണ നേതൃത്വവും, ഇതിന്റെ മറുവശം അറിഞ്ഞിട്ടും പുറത്തു പറയാൻ വൈമുഖ്യം കാണിച്ചു.
പദ്ധതിയെ കുറിച്ച് എന്തെങ്കിലും എതിരഭിപ്രായം പ്രകടിപ്പിച്ചവരെ മുഴുവൻ വികസന വിരുദ്ധർ എന്നും റിസോർട്ട് ലോബിയുടെ ആളുകൾ എന്നും മുദ്രകുത്തി മാറ്റി നിർത്തുകയായിരുന്നു ഇത് വരെ. ചെയ്തത്.

അദാനിയുദെ രംഗ പ്രവേശം

ഒടുവിൽ അദാനിക്ക് പദ്ധതി അനുവദിച്ചു കൊടുക്കും എന്ന് ഉറപ്പായപ്പോൾ മാത്രമാണ് ചെറുതായെങ്കിലും ഇതിന്റെ മറുവശത്തെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയത്.

അന്നത്തെ പ്രതിപക്ഷത്തെ മുഖ്യ കക്ഷികളായ സി.പി.എമ്മും, സി.പി ഐ യും വരെ പദ്ധതിക്ക് ഞങ്ങൾ എതിരല്ല മറിച്ച് പദ്ധതിയുടെ മറവിൽ നടക്കാൻ പോകുന്ന വലിയ അഴിമതിയാണ് തങ്ങൾക്ക് പ്രശ്‌നമെന്ന് പറഞ്ഞു. മറിച്ച് ഇത്രയും കാലമായിട്ടും പദ്ധതി നടപ്പിൽ വരുമ്പോഴുണ്ടാകുന്ന വലിയ നഷ്ടത്തെ കുറിച്ച് പഠിക്കാൻ പോലും തയ്യാറാവാത്ത ദയനീയമായ അവസ്ഥയാണ് കേരളത്തിലെ ഭരണ - പ്രതിപക്ഷ നേതാക്കൾക്കിടയിൽ പോലും ഉള്ളത്. സ്വകാര്യ സംഭാഷണങ്ങളിൽ പദ്ധതി ഒരിക്കലും കേരളത്തിന് ആത്യന്തികമായി ഗുണം ചെയ്യില്ല എന്ന് അറിയുമ്പോഴും, നട്ടെല്ലോടെ മറിച്ചൊരഭിപ്രയം പറയാൻ ആരും തയ്യാറല്ല. അതാണ് കേരളത്തിലെ രാഷ്ട്രിയ നേതൃ ത്വത്തിന്റെ ഏറ്റവും വലിയ പരാജയം. അത് കൊണ്ടു കൂടിയാണ് വിഴിഞ്ഞം പദ്ധതിയെ പറ്റിയുള്ള ചർച്ചകൾ നാം തുടങ്ങിയിട്ടേ ഉള്ളൂ എന്ന് അഭിപ്രായപെടാൻ കാരണം.

കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും, ഇത്രയും ഏകപക്ഷീയമായി ഒരു വൻകിട പദ്ധതിക്ക് വേണ്ടി എല്ലാവരും, ഒരേ സ്വരത്തിൽ തുടർച്ചയായി ഇത്രയും കാലം സംസാരിച്ചത്. അതിനെതിരെ സംസാരിക്കുന്നവരും, ലേഖനങ്ങൾ എഴുതുന്നവരും വികസന വിരോധികളും, അനുകൂലിക്കുന്നവ രാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത സ്വപ്ന പദ്ധതിയെ താലോലിക്കുന്നവരും.

ഏതൊരു വലിയ അടിസ്ഥാന വികസന പദ്ധതി നടപ്പിൽ വരുത്തുമ്പോഴും അത് മായി ബന്ധപ്പെട്ട മറ്റു മേഖലകളെ അതെങ്ങനെ ബാധിക്കുന്നു എന്ന് സാമൂഹിക - പാരിസ്ഥിക - സാമ്പത്തിക പഠനങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത്രയും വലിയ പദ്ധതി ഒരു ദശകത്തിലധികമായി കേരളം മുഴുവൻ ചർച്ച എല്ലാ രാഷ്ട്രിയ പാർട്ടികളും വാതോരാതെ ചർവിത ചർവണം നടത്തിയിട്ടും, പ്രശ്‌നത്തിന്റെ കാതലിലേക്ക് കടക്കാനുള്ള ധൈര്യമോ, ചങ്കൂറ്റമോ ഇത് വരെ ആരും കാണിച്ചില്ല.

വിഴിഞ്ഞത്തിനായി വാതോരാതെ വാദിച്ച മുഴുവൻ പത്ര - ദൃശ്യ മാധ്യമങ്ങളും പോർട്ടിനു വേണ്ടി നിലകൊള്ളുന്ന അധികാരികളുടെ വശം അപ്പടി വിഴുങ്ങി ഒരു ജനതയെ മുഴുവൻ പറ്റിക്കുമ്പോഴും അതിന്റെ മറു വശത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഒന്നര പതിറ്റാണ്ടായിട്ടും തയ്യാറാവുന്നില്ല എന്ന ദയനീയ സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. പദ്ധതിയുടെ എല്ലാ വശങ്ങളും ചർച്ച ചെയ്യണം എന്ന് പറഞ്ഞാൽ പോലും അത് വലിയ രാജ്യദ്രോഹ കുറ്റമാകുന്ന അവസ്ഥാ വിശേഷം നിലവിലുള്ളപ്പോൾ ആരെങ്കിലും സത്യം തുറന്നു പറയുമോ?

വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്ന സർക്കാർ സംവിധാനം വിഴിഞ്ഞം പദ്ധതിയെ പറ്റി അവർക്കു വേണ്ട വിധത്തിൽ പദ്ധതി നടപ്പിലാക്കാൻ എല്ലാ പഠനങ്ങളും നടത്തി, പാരിസ്ഥിക പഠന റിപ്പോർട്ട് പോലും ചില അദ്ധ്യായങ്ങൾ മനപൂർവം ഒഴിവാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ച പകൽ കൊള്ളയായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത്. അതാണ് ഇപ്പോൾ ഹരിത ട്രിബുണൽ പരിഗണിക്കുന്ന പ്രധാന വിഷയം.

Vizhinjam International Seaport3പദ്ധതിക്ക് യാതൊരു വിധ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇല്ല എന്ന് പറഞ്ഞു, അന്ന് കേന്ദ്രത്തിലുള്ള സ്വാധീനം ദുരുപയോഗം ചെയ്ത് വാങ്ങിയെടുത്ത പാരിസ്ഥിതിക ആഘാതപഠനത്തിന്റെ വെളിച്ചത്തിലാണ് കേരളം കണ്ട ഏറ്റവും വലിയ പകൽ കൊള്ളക്ക് കൂട്ടുനിന്ന് പദ്ധതിഇത് വരെ ഇന്ത്യയിലെങ്ങും കേട്ടു കേൾവിയില്ലാത്ത നിബന്ധനകളുടെ അടിസ്ഥാനത്തിൽ വരുന്ന 80 വർഷത്തേക്ക് അദാനി എന്ന ഇന്ത്യൻ കുത്തക കമ്പനിക്ക് തീറെഴുതി കൊടുത്തത്.

എന്നാൽ അതിന് മറ്റൊരു വശമുണ്ട്. ഒരു വൻകിട സ്വപ്ന പദ്ധതി എന്ന് പറയുന്ന വിഴിഞ്ഞം പദ്ധതി ഭാവിയിൽ കേരളത്തിന്റെ വിവിധ മേഖലകൾക്ക് ഉണ്ടാക്കുന്ന ഭീമമായ സാമ്പത്തിക - സാമൂഹിക - പരിസ്ഥിതി നഷ്ടം നമുക്ക് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തതാണ്.

ഇപ്പോൾ വിഴിഞ്ഞം കണ്ടയിനർ തുറമുഖത്തിനായി പത്ര -ദൃശ്യ മാദ്ധ്യമങ്ങളിൽ വന്നു വലിയ വായിൽ സംസാരിക്കുന്ന പല രാഷ്ട്രിയ നേതാക്കളും രഹസ്യമായി സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, വിഴിഞ്ഞം പദ്ധതി കേരളത്തിന് ഒരു വികസനവും കൊണ്ടു വരില്ല എന്ന്.

നമ്മുടെ രാഷ്ട്രിയക്കാർക്ക് വോട്ട് ബാങ്കിനും, വലിയ പദ്ധതികളിലൂടെ കിട്ടുന്ന വലിയ കമ്മിഷനും അപ്പുറം ഒന്നിലും ചിന്ത ഉണ്ടാവില്ല. ആയിരം പ്രാവശ്യം ഒരു നുണ പറഞ്ഞു അത് സത്യമായി ആളുകളെ ധരിപ്പിക്കാൻ അവർക്കുള്ള പ്രാവീണ്യം, ഇതിനെതിരെ പ്രതികരിക്കുന്ന പലർക്കും ഉണ്ടാവില്ല.

വലിയ പദ്ധതികളിലൂടെ കിട്ടുന്ന വലിയ കമ്മിഷൻ, അടിക്കാനാണ്, കൊച്ചിൻ മെട്രോ, ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞ മഹാന്മാരുടെ കണ്ണും, വിഴിഞ്ഞം പോർട്ട് എന്ന വലിയ പദ്ധതിയിൽ ആണെന്നും, ആ വലിയ കമ്മിഷൻ അടിക്കാനാണ് ഇതിനു വേണ്ടി മുറവിളി കൂട്ടുന്നതെന്നും ഇപ്പോൾ കാണാതിരുന്നിട്ട് കാര്യമില്ല. ഇന്ത്യയിലെ എല്ലാ പോർട്ടുകളും, ഏത് അവസ്ഥയിൽ ആണെന്നും, അടുത്ത 50 വർഷം ഓരോ പോര്ടിന്റെയും ഭാവി എന്താണെന്നും വിശദമായി തന്നെ പഠന റിപ്പോർട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി, സർക്കാർ നിയോഗിച്ച കണ്‌സർൾട്ടന്റുകൾ തന്നെ, പല കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. അതൊന്ന് വിശദമായി വായിക്കാനോ, പഠിക്കാനോ, ഇത് വരെ പ്രഗൽഭരായ പത്രപ്രവർത്തക സുഹൃത്തുക്കളോ, രാഷ്ട്രിയ നേതാക്കളോ, പരിസ്ഥിതി പ്രവർത്തകരൊ, സാമ്പത്തികകാര്യവിദഗ്ദരോ തയ്യാറാകാത്തത് വലിയ കഷ്ടമാണ്.

കൊങ്കൺ റെയിൽവേയുടെ ശിൽപി ഈ ശ്രീധരൻ അടക്കമുള്ള പ്രഗല്ഭരായ പലരും വിഴിഞ്ഞം എന്ന മഹാ അബദ്ധത്തെ പറ്റി പറഞ്ഞു കഴിഞ്ഞു.

വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പ് ഏറ്റെടുത്തു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായി. ആദ്യ ഘട്ടത്തിൽ കടലിന്റെ അടിവശത്തെ മണ്ണ് പരിശോധന എന്ന പേരിൽ കടലിന്റെ അടിത്തട്ട് വരെ കുഴിച്ചു മറിച്ച് ഖനനം നടത്തി. പടിഞ്ഞാറൻ തീരത്തെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന വെട്ജ് ബാങ്ക് മുഴുവൻ നശിപ്പിച്ചാണ് ഇത് ചെയ്തത്. അത് കഴിഞ്ഞു ഏറ്റവും പ്രധാനമായ ബ്രേക്ക് വാട്ടർ പണി തുടങ്ങാൻ ഇരുന്നപ്പോഴാണ് വേനൽ മഴ തുടങ്ങിയതും, കടൽ പ്രക്ഷുബ്ദമായത്. ഇത് വരെ കടലിൽ നിന്ന് കോരി എടുത്ത മണ്ണ് മുഴുവൻ കടൽ തിരിച്ചെടുത്തു. പദ്ധതി പ്രദേശത്തേക്ക് പണിത റോഡ്, പൈപ്പ് ലൈൻ എല്ലാം തകർന്നു.

വിഴിഞ്ഞം പദ്ധതിയെ പറ്റി എഴുതി, പറഞ്ഞു മടുത്ത് പ്രതികരണങ്ങൾ എല്ലാം നിർത്തിയിരിക്കുന്ന അവസ്ഥയിൽ ആണ് കഴിഞ്ഞ ആഴ്ച ഇലക്ഷൻ തിരക്ക് വോട്ട് കഴിഞ്ഞ് വോട്ടെണ്ണൽ തുടങ്ങുന്നതിന്റെ തലേ ദിവസം തലസ്ഥാന നഗരിയുടെ ജന പ്രതിനിധിയും, മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന ശ്രീ വി എസ് ശിവകുമാർ പൂന്തുറ, വലിയതുറ പ്രദേശങ്ങളിലെ കടലാക്രമണ സ്ഥലങ്ങൾ കണ്ട ശേഷം നടത്തിയ പ്രതികരണവും, പിറ്റേ ദിവസം പത്രങ്ങളിൽ തിരുവനന്തപുരത്തിന്റെ തെക്കൻ തീരങ്ങളിൽ ഉണ്ടായ കഷ്ട നഷ്ടങ്ങൾ വീണ്ടും പദ്ധതിയുടെ മറ്റു വശങ്ങളിലേക്ക് ശ്രദ്ധ അടിയന്തിരമായി കൊണ്ടു പോകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതയിരുന്നു.

ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം !

വിഴിഞ്ഞം പദ്ധതിയെ പറ്റി ഇനിയും ഒന്നും പറയില്ല എന്ന് കരുതിയതാണ്. അപ്പോഴാണ് മന്ത്രി ശ്രീ. വി. എസ് . ശിവകുമാറിന്റെ വാട്ട്സ്ആപ്പ് സന്ദേശം,' മഴക്കെടുതി വല്ലാതെ ബാധിച്ച വലിയതുറ, പൂന്തുറ പ്രദേശങ്ങൾ ഇന്ന് സന്ദർശിച്ചു. അടിയന്തര നടപടികൾ സ്വീകരിക്കാൻ വേണ്ട നിർദേശം നൽകി. ഇതിന് ശ്വാശ്വത പരിഹാരം ഉടൻ ചെയ്യുന്നതാണ് 'വിഴിഞ്ഞം പദ്ധതിയുടെ ബ്രേക്ക് വാട്ടർ നിർമാണത്തിന് കടൽ കുഴിച്ചു തുടങ്ങിയതെ ഉള്ളൂ. പണി കാൽ ഭാഗം പോലും ആയിട്ടില്ല. അപ്പോഴേക്കും ഭീമാകാരമായ തിരകൾ തെക്കെൻ തീരങ്ങളെ ബാധിച്ചു തുടങ്ങി. ഇപ്പോൾ വലിയതുറ, പൂന്തുറ പ്രദേശങ്ങളിൽ വെറും 110 കുടുംബങ്ങൾ കടൽ ക്ഷോഭം കാരണം വീടുകൾ നഷ്ടപ്പെട്ട അവസ്ഥയിലായി. വരും വർഷങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങൾ മുഴുവൻ ഇതേ അവസ്ഥ ആയിരിക്കും. അപ്പോഴും നമ്മുടെ രാഷ്ട്രീയ നേതാക്കളെല്ലാം ഉടൻ ശ്വാശ്വത പരിഹാരവും ആയി വരണം.

ഇതിനൊരു മറു കുറിപ്പ് കൂടി: 'പൂന്തുറയിൽ പുതിയ ഫിഷിങ്ങ് ഹാർബർ പണിയാൻ ചില നിർദ്ദേശങ്ങൾ വന്നപ്പോൾ, ഒരു കാരണവശാലും അത് മുന്നോട്ട് കൊണ്ടു പോകരുത്, തിരുവനന്തപുരം ജില്ലയിലെ ശംഖുമുഖം മുതലുള്ള കടൽ തീരത്തെ അത് കാര്യമായി ബാധിക്കും എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞപ്പോൾ വികസനത്തെ നിങ്ങൾ തകർക്കാൻ നോക്കരുത് എന്ന് പറഞ്ഞവരുള്ള നാടാണിത്' വികസിച്ച്, വികസിപ്പിച്ച് ഇവർ നാട്ടിൽ സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കും!

ഇതിന് പരിഹാരമായി വിഴിഞ്ഞത്ത് ഇട്ടത് പോലെ ടെട്ര പോഡ് എന്ന കോൺക്രീറ്റ് കല്ലുകൾ ഇട്ടാൽ പോരെ എന്ന് സംശയം ഉന്നയിക്കുന്നവർക്ക്:

കേരളത്തിന്റെ തീരപ്രദേശം മുഴുവൻ അത് ഇടുക സാദ്ധ്യമാണോ ? എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയല്ലേ ഇത്.

മറ്റൊരു വശം - അതിന് വേണ്ടിയുള്ള ശ്രമം മാത്രമാണ് നമ്മുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ പിറകിൽ. പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുമ്പോൾ നമ്മുടെ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പും, കോണ്ട്രാക്ടർ ലോബിയും ഇത് മുന്നിൽ കണ്ടിരുന്നു. പക്ഷെ അത് കാണാനുള്ള ശേഷി നമ്മുടെ വികസന നായകർക്ക് ഇല്ലാതെ പോയി!
ആലപ്പുഴ, ഏറണാകുളം തീര പ്രദേശങ്ങളിലും കടൽ ക്ഷോഭം രൂക്ഷ മാണല്ലോ ? അതിനും കാരണം വിഴിഞ്ഞമാണോ?

ആലപ്പുഴയുടെ പ്രശ്‌നം അനിയന്ത്രിതമായ കരിമണൽ ഖനനം ആണ് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ എവിടെ ഒക്കെ കടൽ ക്ഷോഭം മുൻപില്ലാത്ത വിധം ഇപ്പോൾ കാണുന്നുണ്ടോ അതിന്റെ തെക്ക് വശത്ത് കടലിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധത്തിൽ ചെറിയ തുറമുഖങ്ങൾ, ഫിഷിംഗ് ഹാർബറുകൾ, കടൽ ഭിത്തികൾ, എന്നിവ കഴിഞ്ഞ വർഷങ്ങളിൽ പണിതിട്ടുണ്ടാകും. യാതൊരു സംശയവും വേണ്ട. സംശയം ഉണ്ടെങ്കിൽ ഗൂഗിൾ മാപ് എടുത്ത് നോക്കിയാൽ മതി.