വിഴിഞ്ഞം; യുഡിഎഫ് സർക്കാരിന്റെ തട്ടിപ്പുകൾ

പദ്ധതി അദാനിക്ക് കൊടുക്കാൻ നടത്തിയ രഹസ്യ നീക്കത്തിന്റെ കൂടുതൽ തെളിവുകൾ വ്യക്തമാക്കുന്നതാണ് വിഴിഞ്ഞം പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അടുത്തിടെ കൊടുത്ത വിഴിഞ്ഞം പ്രൊജക്റ്റ് ഫീസിബിലിടി റിപ്പോർട്ട്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എന്താണ് വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകൾ. കെ വി രവിശങ്കർ എഴുതുന്നു

വിഴിഞ്ഞം; യുഡിഎഫ് സർക്കാരിന്റെ തട്ടിപ്പുകൾ

രവിശങ്കർ.കെ വി

വിഴിഞ്ഞം പ്രൊജക്റ്റ് ഫീസിബിലിടി റിപ്പോർട്ട് ഏപ്രിൽ 2015 ലെ ഉള്ളുകള്ളികൾ

വിഴിഞ്ഞം കണ്ടയിനർ പ്രൊജക്റ്റ് ''കേരളത്തിന്റെ സ്വപ്നപദ്ധതി'' എന്നായിരുന്നു ഇത്രയും കാലം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ യു.ഡി.എഫ് സർക്കാർ വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പുകാരെ കണ്ടെത്തുന്നതിന് തലേദിവസം മാത്രം ( 2015 April 22) ധൃതി പിടിച്ച് തയാറാക്കിയ സാദ്ധ്യത പഠന റിപ്പോർട്ട് പ്രകാരം പദ്ധതി ഒരു തരത്തിലും പൊതുഖജനാവിന് ലാഭകരമല്ലാത്തതിനാൽ എങ്ങെനെയെങ്കിലും ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് കയ്യൊഴിയാം, എന്ന പരിതാപകരമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുകയും, ഇതിന്റെ മറവിൽ വിഴിഞ്ഞത്തിനായി ഏറ്റെടുത്ത സ്ഥലവും, സർക്കാർ നിർമിച്ചു കൊടുക്കുന്ന പോർട്ടും കോടികളുടെ അഴിമതിയിലൂടെ അദാനിക്ക് വെള്ളിതളികയിൽ വച്ച് നീട്ടുന്ന അവസ്ഥയാണ് സംജാതമായത്.


വിഴിഞ്ഞം പ്രൊജക്റ്റ് ഫീസിബിലിടി റിപ്പോർട്ട് ഏപ്രിൽ 2015 പ്രകാരം, വിഴിഞ്ഞം കണ്ടയിനർ പ്രൊജക്റ്റ് യാതൊരു വിധത്തിലും ലാഭകരമാകില്ല എന്ന നിസ്സഹായാവസ്ഥ സ്വയം സൃഷ്ടിച്ച്, അദാനിയെങ്കിൽ അദാനി, എന്ന് പറഞ്ഞു ആത്യന്തികമായി പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന അവസ്ഥയിലേക്ക് ഉമമൻചാണ്ടി സർക്കാർ കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു.

അന്താരാഷ്ട്ര നാവികഗതാഗത മേഖലയിൽ നാഴിക കല്ലാവുമെന്ന് പ്രചരിപ്പിച്ച ഒരു വൻകിട പദ്ധതി , കേരളത്തിന്റെ ഗതാഗത മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉതകുന്നത് എന്ന ഒരു സാധാരണ വിശേഷണത്തിലൂടെ, കഴിഞ്ഞ സർക്കാരിന്റെ സംസ്ഥാനവികസന നയത്തോടുള്ള ഉദാസിനമായ ഉള്ളിലിരിപ്പ് വ്യകതമാക്കുന്നു ( Page no. 11 Objective of the project) വിഴിഞ്ഞം പോർട്ടിന്റെ പ്രധാന എതിരാളികൾ കൊച്ചി, തൂത്തുകുടി തുറമുഖങ്ങൾ ആണെന്നും, കണ്ടയിനർ കൈകാര്യം ചെയ്യുന്ന താരിഫ് ആകർഷണമാനെങ്കിൽ, കൊളോമ്പോ പോർട്ടിലെ ബിസിനസ് അകർഷിക്കാം എന്നും, ഒഴുക്കൻ മട്ടിൽ പറയുന്നതിലൂടെ പദ്ധതി ഭാവിയിൽ കേരളത്തിന്റെ പൊതുഖജനാവിന് എത്രമാത്രം ഭാരമാകുമെന്ന് സൂചന തരുന്നു.

വിഴിഞ്ഞം പദ്ധതിക്ക് സർക്കാർ കണക്കുകൾ പ്രകാരം ആകെയുള്ള ചെലവ് 7525 കോടി രൂപ. അതിൽ സംസ്ഥാന സർക്കാർ മൂലധനം, കേന്ദ്ര സർക്കാർ വി.ജി.പി ഫണ്ട് അടക്കം 5071 കോടി രൂപ. അദാനി ഗ്രൂപ്പ് ചിലവഴിക്കുന്നത് വെറും 2464 കോടി രൂപയും വിഴിഞ്ഞം പ്രൊജക്റ്റ് ഫീസിബിലിടി റിപ്പോർട്ട് ഏപ്രിൽ 2015 പേജ് 98 ൽ പോർട്ട് നിർമിക്കാൻ വേണ്ട തുക 4018 കോടി രൂപ എന്ന് വ്യക്തമായ കണക്കുകൾ സഹിതം പറയുന്നു. എന്നാൽ പേജ് 99 ൽ പോർട്ട് എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റിന് വേണ്ടി 3360 കോടി രൂപ വേണ്ടി വരുമെന്നും പറയുന്നു. അതായത് ഭവന നിർമാണം ( Residential) , ചില്ലറ വ്യാപാരം ( Retail) , വാണിജ്യ ആവശ്യങ്ങൾ ( Commercial) , ഇടത്തരം ( Mid Market) , മുന്തിയ ആഡംബര ( Luxury) ഹോട്ടലുകൾ എന്നിവയ്ക്കായി മാത്രം 2947 കോടി വകയിരുത്തിയിരിക്കുന്നു.

അതായത് പോർട്ട് സർക്കാർ 4018 കോടി രൂപ കണ്ടെത്തി, നിർമിച്ച ശേഷം അദാനിയുടെ റിയൽ എസ്റ്റേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി 3360 കോടി രൂപ , അതിൽ പ്രയോക്തക്കളായ അദാനി ഗ്രൂപ്പ് ചിലവഴിക്കുന്നത് വെറും 2464 കോടി. ബാക്കി ഏകദേശം 896 കോടി രൂപ കേരളത്തിലെ സാധാരണ ജനങ്ങളുടെ നികുതി പണം ചിലവഴിക്കുന്ന അതിദയനീയമായ അവസ്ഥ. അതോടൊപ്പം കേരളത്തിന്റെ പൊതുമുതൽ അടുത്ത 40 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറാനും അണിയറയിൽ വ്യക്തമായ രൂപ രേഖ തയ്യാറാക്കിയതായി, വിഴിഞ്ഞം പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ http://www.vizhinjamport.in സർക്കാർ പ്രസിദ്ധീകരിച്ച രേഖകൾ വ്യക്തമാക്കുന്നു.

പദ്ധതി അദാനിക്ക് കൊടുക്കാൻ നടത്തിയ രഹസ്യ നീക്കത്തിന്റെ കൂടുതൽ തെളിവുകൾ വ്യക്തമാക്കുന്നതാണ് വിഴിഞ്ഞം പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അടുത്തിടെ കൊടുത്ത വിഴിഞ്ഞം പ്രൊജക്റ്റ് ഫീസിബിലിടി റിപ്പോർട്ട് ഏപ്രിൽ 2015. അദാനിയുമായി ഡൽഹിയിൽ കെ.വി.തോമസ് എം പിയുടെ വസതിയിൽ വച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസാരിച്ച ശേഷം തിരുത്തൽ വരുത്തിയ ഫീസിബിലിറ്റി റിപ്പോർട് ഏപ്രിൽ 2015 ഉം, മെയ് മാസം ഏഴാം തിയതി പ്ലാനിംഗ് ബോർഡ് ഓഫീസിൽ വച്ച് കൂടിയ എമ്പവേർഡ് കമ്മിറ്റിയുടെ മിനുട്‌സ് എന്നിവ ഇക്കാര്യം പകൽ പോലെ വ്യക്തമാക്കുന്നു.

ഈ രേഖകൾ സൂക്ഷമമായി പരിശോധിക്കുമ്പോൾ, ഒരു കാര്യം വ്യക്തമാകും, വിഴിഞ്ഞം പദ്ധതിക്ക് ഒരേ ഒരു പങ്കാളിയെ മാത്രമേ ഗ്ലോബൽ ടെണ്ടെറിലൂടെ കിട്ടിയുള്ളൂ എന്ന് വരുത്തി തീർക്കാൻ, പദ്ധതിയുടെ ഫീസിബിലിറ്റി റിപ്പോർട്ട് അടക്കം അതിനനുസരിച്ച് മാറ്റം വരുത്തി പ്രസിദ്ധീകരിക്കുകയും, അതിലെ ചില കാര്യങ്ങൾ എമ്പൊവെർഡ് കമ്മിറ്റി മുൻപാകെ കൊണ്ടു വന്നു സാധൂകരിക്കുകയും ചെയ്തതിലൂടെ ഉന്നതങ്ങളിൽ തന്നെ ഇതിനു വേണ്ട ചരട് വലികൾ നടന്നു എന്ന് വ്യക്തമാക്കുന്നു. മൊത്തം പദ്ധതി തുകയിലെ മാറ്റം, സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമിതികളിലെ പുനക്രമികരണം, വി. ജി. പി ഫണ്ട്, ആദ്യം തന്നെ ഗ്രാൻഡ് ആയി അനുവദിക്കുക തുടങ്ങിയ നിരവധി കാര്യങ്ങളിലെ അവ്യക്തത വലിയ അഴിമതിയിലെക്കും, പദ്ധതിയുടെ നടത്തിപ്പിനായി അദാനി മാത്രം വന്നതിലെ രംഗ പ്രവേശവും ജനങ്ങൾ അറിയാൻ ബാധ്യസ്ഥരാണ്.

മുൻപ് 30 വർഷമായി നിജപെടുത്തിയിരുന്ന കാലാവധി 40 വർഷമായും, പതിനഞ്ചാം വർഷം മുതൽ ലാഭത്തിന്റെ തുച്ഛമായ ഒരു ശതമാനം മാത്രം കിട്ടുന്ന തരത്തിൽ ഫീസിബിലിറ്റി റിപ്പോർട് തിരുത്തൽ വരുത്തിയതും, എന്തിനെന്ന് വ്യക്തമല്ല. മറിച്ച് ആദാനി പറഞ്ഞ എല്ലാ നിബന്ധനകളും അംഗീകരിക്കുക വഴി സംസ്ഥാനത്തിന്റെ എല്ലാ താൽപര്യങ്ങളും ഒരു കുത്തകക്ക് അടിയറ വയ്ക്കുന്നതിലൂടെ, ഏകദേശം 4000 കോടിയുടെ റിയൽ എസ്റ്റേറ്റ് താൽപര്യം സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുമ്പോൾ, അതിന്റെ വിപണി മൂല്യം ഏകദേശം 6000 കോടി രൂപ വരും. പദ്ധതി പ്രദേശത്ത് ഒരു സെന്റ് ഭൂമിക്ക് 20 ലക്ഷം വിപണി മൂല്യം ഇപ്പോൾ തന്നെ ഉള്ളപ്പോൾ, 10 മുതൽ 12 ലക്ഷം രൂപ വരെ നല്കിയാണ് നിർബന്ധപൂർവ്വം ബാക്കിയുള്ള ഭൂമി കൂടി സർക്കാർ ഏറ്റെടുക്കാൻ പോകുന്നത് എന്ന് കാണുമ്പോൾ ഇതിന്റെ കള്ളക്കളി വ്യക്തമാകും.
ഇതിനെല്ലാം പുറമെയാണ് കേരള സർക്കാർ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാൻ ഉദേശിക്കുന്ന 5071 കോടി രൂപയുടെ അടുത്ത 40 വർഷത്തെ പലിശയിനത്തിൽ പൊതുഖജനാവിൽ നിന്നും ഊർന്നു പോകുന്ന 2,24,438.68 കോടി രൂപ. നമുക്ക് 2054 ൽ തിരിച്ചു കിട്ടും എന്ന് അനുമാനിക്കുന്നതോ വെറും 7800 കോടി രൂപ മാത്രവും.

വിഴിഞ്ഞം പ്രൊജക്റ്റ് ഫീസിബിലിടി റിപ്പോർട്ട് പ്രകാരം മറ്റൊരു ഞെട്ടിക്കുന്ന വസ്തുത കൂടി പുറത്തു വന്നു.

ഭൂമിയും, ആസ്തിയും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ആയിരിക്കും എന്ന വരിക്കൊപ്പം മറ്റൊരു വരി കൂടി എഴുതി ചേർത്തു. അത് ഇങ്ങനെയാണ്: 'നടത്തിപ്പുകാർക്ക് ഭൂമിയും, ആസ്തിയും , കരാറും ഉൽപ്പന്നങ്ങളും പണയം വച്ച് വച്ച് പണം കണ്ടെത്താം'. സംസ്ഥാന സർക്കാർ പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് വാങ്ങിയ ഭൂമിയും, മറ്റ് ആസ്തികളും ബാങ്കുകളിൽ പണയം വച്ചു കൊണ്ടുകിട്ടുന്ന തുക ഉപയോഗിച്ച് അദാനിയുദെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാം. ആ പണം കൊണ്ട് ഹോട്ടൽ, ഷോപ്പിംഗ് മാൾ, ആഡംബര പാർപ്പിട സമുച്ചയങ്ങളും കെട്ടിപ്പൊക്കി തോന്നിയ പോലെ കച്ചവടം ചെയ്യാം. എന്ന് അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം എഴുതി വച്ചിരിക്കുന്നു.

ഏതെങ്കിലും കാരണവശാൽ പദ്ധതി നഷ്ടം വന്നാൽ ബാങ്കുകൾ പണയപ്പെടുത്തിയ വസ്തുക്കൾ ഏറ്റെടുത്താലും അദാനിക്ക് നഷ്ടമില്ല. എല്ലാം നഷ്ടപെടുന്നത് കേരളത്തിലെ ജനങ്ങൾക്കാണ്.
ഈ സാഹചര്യത്തിൽ രണ്ടു കാര്യങ്ങൾ പുതിയ സർക്കാർ വിഴിഞ്ഞം കരാറിന് പിറകിൽ പ്രവർത്തിച്ച എമ്പവേർഡ് കമ്മിറ്റിയിലെ ഉദ്യോഗസ്ഥരോട് അടിയന്തിരമായി വിശദീകരണം തേടണം

1. ഒരു വികസന പദ്ധതി നടപ്പാക്കി എന്ന് വരുത്തി തീർക്കാൻ മാത്രമാണോ വിഴിഞ്ഞം കരാർ ഉണ്ടാക്കിയത്? അത് വഴി കേരളത്തിന് മൊത്തം ഉണ്ടാകുന്ന കോടി കണക്കിന് രൂപയുടെ നഷ്ടത്തിന് ആര് ഉത്തരം പറയും? അദാനി ഇടക്ക് വച്ച് പദ്ധതി നിർത്തി വച്ച് പോയാൽ ഉണ്ടാകുന്ന പാരിസ്ഥിതിക - സാമ്പത്തിക - സാമൂഹിക നഷ്ടത്തിന് ആര് ഉത്തരം പറയും ? സാമ്പത്തിക നഷ്ടം ആരിൽ നിന്നും ഈടാക്കും?
2. അല്ലെങ്കിൽ ഈ പദ്ധതി പുതുക്കിയ രൂപത്തിൽ നടപ്പാക്കാൻ തീരുമാനിച്ചത് കൊണ്ട് ആർക്കൊക്കെ എന്ത് നേട്ടമാണ് ഉണ്ടായത്?
സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിച്ച വിഴിഞ്ഞം പദ്ധതി ഒരു കാരണവശാലും സംസ്ഥാനത്തിന്റെ സാമ്പത്തികഭാവിക്ക് ഗുണം ചെയ്യില്ലെങ്കിൽ അത് എന്ത് കൊണ്ടെന്ന് ജനങ്ങളെ ബോധ്യപെടുത്താൻ ഉത്തരവാദപ്പെട്ട ഭരണാധികാരികൾ തയ്യാറാകണമായിരുന്നു. പക്ഷെ അവിടെ വികസനം എന്നാ ഉമ്മാക്കി കാണിച്ചു് എല്ലാവരുടെയും വായ മൂടി കെട്ടാനാണ് കഴിഞ്ഞ സർക്കാർ ശ്രമിച്ചത്. ഇത് അവസാന അവസരമാണെന്ന് വിളിച്ചു കൂവി, കരാറിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നവരെ ( അന്നത്തെ പ്രതിപക്ഷത്തെ മൊത്തത്തിൽ ) വികസന വിരുദ്ധരായി ചിത്രികരിക്കുന്ന അവസ്ഥ ഇപ്പോൾ വൻ ഭൂരിപക്ഷത്തോടെ ഭരണത്തിലേറിയ, ഇടതു മുന്നണി സർക്കാർ തുറന്നു കാട്ടാൻ തയ്യാറാകണം.

വേണ്ടി വന്നാൽ സംസ്ഥാന ഖജനാവിന്റെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്താൻ ധവള പത്രം ഇറക്കുന്നത് പോലെ വിഴിഞ്ഞം പദ്ധതിയെ കുറിച്ച് ധവള പത്രം ഇറക്കി ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റണം. വൻകിട പദ്ധതികളല്ല വികസനം, ജനങ്ങളുടെ നിത്യേനയുള്ള നിലനിൽപ്പും, പ്രകൃതിയുടെ സംരക്ഷണവും,

വിഭവങ്ങളുടെ സൂക്ഷമതയോടെയുള്ള ഉപഭോഗവുമാണ് നാടിന് വേണ്ടതെന്ന് വോട്ടെടുപ്പിലൂടെ കേരള ജനത തെളിയിച്ചു കഴിഞ്ഞു. ഇവിടെ പ്രാദേശിക വികസനം എന്ന ബ്ലാക്ക് മെയിൽ തന്ത്രം തുറന്നു കാട്ടണം,
സ്വകാര്യ സർക്കാർ സംയുക്ത മേഖലയിൽ നടപ്പാക്കുന്ന, ഏതൊരു വൻകിട അടിസ്ഥാന സൌകര്യ വികസന പദ്ധതിയുടെയും, പേരിൽ നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട്' സാധാരണ ഗതിയിൽ പദ്ധതി പൂർത്തികരിച്ച് പ്രവർത്തനം തുടങ്ങിയ ശേഷമാണ് നൽകാറ് . ഇത് സ്വകാര്യ പങ്കാളി, പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ച് പോകുന്നത് ഒഴിവാക്കാനാണ്. എന്നാൽ അദാനി ആദ്യമേ തന്നെ ഈ തുക അതായത് സംസ്ഥാനവും, കേന്ദ്രവും നൽകുന്ന ഏകദേശം 1635 കോടി രൂപ ആദ്യം തന്നെ ഗ്രാൻഡ് ആയി ആവശ്യപെടുകയും, അത് മുൻകൂറായി നൽകാൻ തിരുമാനിക്കുകയും ചെയ്തതായി എമ്പവേർഡ് കമ്മിറ്റി യുടെ മിനുട്‌സ് വ്യക്തമാക്കുന്നു.

അതെ സമയം സാധാരണക്കാരായ ജനങ്ങളെ, വികസനത്തിന്റെ വാതായനങ്ങൾ നിങ്ങൾക്കായി ഞങ്ങൾ തുറന്നു തരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയും, അതിന്റെ മറവിൽ കോടികളുടെ അഴിമതി നടത്തുകയും ചെയ്യുന്ന അവസ്ഥയാണ് അദാനിക്ക് പദ്ധതി കൈമാറിയതിലൂടെ സംജാതമായത്. .
ഇത്രയും നഗ്‌നമായ അഴിമതി സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുമ്പോൾ ഇതൊന്നും, പരിശോധിക്കനോ, അതിന്റെ പുറകിലെ കള്ളകളികൾ പുറത്തു കൊണ്ടുവരാനോ ഒരു പത്ര - ദൃശ്യ മാദ്ധ്യമങ്ങളും രംഗത്ത് വരാത്തതിലെ ദുരൂഹതയും ജനങ്ങൾ മനസ്സിലാക്കണം.

കോടികളുടെ പരസ്യവും മറ്റും അദാനിയിലൂടെയും, വിവിധ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലൂടെയും, മുഖ്യധാര പത്ര - ദൃശ്യ മാധ്യമങ്ങൾക്ക് ഇടനിലക്കാരായി രംഗത്ത് വന്ന ചില മുതിർന്ന മാദ്ധ്യമ പ്രവർത്തകർ വാഗ്ദാനം ചെയ്തതായി അന്ന് വന്ന ചില വാർത്തകളും ഞെട്ടിക്കുന്നതാണ്.
കേരളം കൊടുക്കുന്ന പണം വിഴിഞ്ഞം പദ്ധതി നടപ്പാക്കാനായി കേരളം മുടക്കുന്ന ആകെ തുക 5071 കോടി രൂപയാണ്. പദ്ധതിയുടെ ആകെ ചെലവ് 7525 കോടി രൂപ. അതിൽ അദാനിയുദെ മുതൽ മുടക്ക് വെറും 2461 കോടി രൂപ മാത്രം.

ഇനി അദാനി ചിലവാക്കുന്ന തുകയുടെ കണക്കുകൾ വിശദമായി പരിശോദിക്കുമ്പോഴാണ് നമുക്കൊരു ഞെട്ടൽ ഉണ്ടാവുക. അതിന്റെ ഗൂഡാലോചനകൾ വ്യക്തമാക്കുന്നത് ഇങ്ങനെ ,
തുറമുഖ അനുബന്ധ വികസനത്തിനുള്ള ചെലവ് 3,360 കോടി രൂപ. ഇതാണ് അദാനി ഗ്രൂപ്പ് വികസിപ്പികുന്നത്. എന്നാൽ അതിനുള്ള മുഴുവൻ തുകയും അവർ മുടക്കാൻ തയ്യാറല്ല. 3,360 കോടി രൂപയുടെ വികസന പ്രവർത്തനത്തിന് 73.3 % മാത്രമാണ് പരമാവധി വായ്പ്പ ബാങ്കുകളിൽ നിന്നും ലഭ്യമാകുക. അതായത് 2,646 കോടി രൂപ. ഈ തുക നേരത്തെ പറഞ്ഞ സർക്കാർ ഭൂമിയും, മറ്റ് ആസ്തികളും പണയം വച്ച് വളരെ എളുപ്പത്തിൽ ലഭ്യമാക്കാം. അതായത് ഒരു രൂപ പോലും കയ്യിൽ നിന്ന് മുടക്കാതെ 7,525 കോടി രൂപയുടെ ഭൂമിയും, മറ്റ് ആസ്തികളും പോർട്ട് ഉൾപ്പെടെ അദാനിക്ക് അടുത്ത 40 വർഷത്തേക്ക് ഉമ്മൻ ചാണ്ടി സർക്കാർ തീറെഴുതി കൊടുത്തിരിക്കുന്നു. അത് വേണമെങ്കിൽ 80 വർഷം വരെ നീണ്ടു പോകാം. രാജ്യത്ത് നിലവിലുള്ള മറ്റ് പദ്ധതികളുടെ ചരിത്രം പരിശോധിച്ചാൽ അത് അനിശ്ചിത കാലത്തേക്ക് അദാനിയുദെ കയ്യിൽ തന്നെയാകും എന്നർത്ഥം .

4,089 കോടി രൂപ പദ്ധതിക്കും, 3,360 കോടി രൂപ പോർട്ട് എസ്റ്റേറ്റ് വികസനത്തിനും ചിലവഴിക്കുന്ന പദ്ധതിയിൽ സംസ്ഥാന സർക്കാർ മുടക്കുന്ന 5,071 കോടി രൂപയുടെ അവസ്ഥയാണ് അടുത്ത ചർച്ച വിഷയം. വിഴിഞ്ഞം പദ്ധതിക്കായി . സർക്കാർ മുടക്കുന്ന 5,071 കോടി രൂപക്ക് നിലവിലുള്ള ബാങ്ക് പലിശയായ പത്തു ശതമാനം വച്ച് കണക്കാക്കിയാൽ 40 വർഷം കൊണ്ട് പലിശയിനത്തിൽ മാത്രം 2. 24 ;ലക്ഷം കോടി രൂപയാകും.

മുതൽ ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് 2.29,509.68 കോടി രൂപ. ഇത്രയും അതി ഭീമമായ തുക താങ്ങാനുള്ള കഴിവ് ഇപ്പോഴേ 1.50 ലക്ഷം കോടി കടമുള്ള കേരളത്തിന് താങ്ങാനാവുമോ ? അതിലും എത്രയോ നല്ലതല്ലേ പദ്ധതി ഇവിടെ വച്ച് ഉപേക്ഷിച്ച് ജനങ്ങളോട് സത്യം വിളിച്ചു പറയുന്നത്. സത്യം ജനങ്ങളെ കണക്കുകളും, വസ്തുത കളും വച്ച് ബോദ്ധ്യപ്പെടുത്താൻ വേണ്ടി വരുന്ന തുക കേരളത്തിന് നഷ്ടമാകുന്ന തുകയുടെ ലക്ഷത്തിൽ ഒരംശം മാത്രമേ വരൂ .

രണ്ടാം ഭാഗം: വിഴിഞ്ഞവും മത്സ്യ തൊഴിലാളി ഗ്രാമങ്ങളും

Story by