വിഴിഞ്ഞവും മത്സ്യ തൊഴിലാളി ഗ്രാമങ്ങളും

വിഴിഞ്ഞം പദ്ധതിക്കായി ഏകദേശം 4 കിലോ മീറ്റർ കടൽ നികത്തുമ്പോൾ വടക്ക് ഏകദേശം 8 മുതൽ 16 കിലോമീറ്റർ വരെ ബീച് കാലക്രമേണ ഇല്ലാതാകും. ഇതിനെ പറ്റി ആധികാരികമായി പ്രതികരിക്കേണ്ട ഹാർബർ വകുപ്പ് ഒന്നും മിണ്ടില്ല. കാരണം അവിടുത്തെ ഉദ്യോഗസ്ഥ - കോണ്ട്രാക്ടർ ലോബി വളരെ ശക്തമാണ്. കെ വി രവിശങ്കർ എഴുതുന്നു

വിഴിഞ്ഞവും മത്സ്യ തൊഴിലാളി ഗ്രാമങ്ങളും

കെ വി രവിശങ്കർ

1962 ൽ ആണ് ഇന്നത്തെ വിഴിഞ്ഞം ഫിഷിങ്ങ് ഹാർബർ പണി തുടങ്ങിയത്. 1965 ആയപ്പോഴേക്കും പ്രവർത്തന ക്ഷമമായി. ഇപ്പോൾ പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷങ്ങൾ കഴിയുന്നു. അതിനിടക്ക് തെക്കൻ കേരളത്തിലെ കടലോരത്തിന് സംഭവിച്ച മാറ്റങ്ങൾ എന്തെന്ന് തിരുവനന്തപുരം പൂന്തുറ മുതൽ തെക്ക് അടിമലത്തുറ വരെയുള്ള മത്സ്യഗ്രാമങ്ങളിലെ പ്രായമായവരോട് ചോദിച്ചാൽ മതി. എത്ര ദൂരം കടലെടുത്തു എന്ന്.

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം: 1905 ആഗസ്റ്റിൽ തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരാണ് വിഴിഞ്ഞം തുറമുഖത്തിന് ഒരു രൂപരേഖ തയ്യാറാക്കിയത്. കിഴക്ക് ചൊവ്വര കോടി മുതൽ പടിഞ്ഞാറ് വിഴിഞ്ഞം മുനമ്പുവരെയാണ് തുറമുഖത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത്. വെള്ളായണി കായലുമായി ബന്ധിപ്പിച്ച് കപ്പൽ കയറ്റി നിര്ത്താ നാണ് വിഭാവന ചെയ്തത്. ഇത് യാഥാര്ത്ഥ്യപമാക്കാൻ ദിവാന് കഴിഞ്ഞില്ല.1947ൽ ഒരു മത്സ്യബന്ധന തുറമുഖത്തിന് തുടക്കമിട്ടെങ്കിലും തിരുകൊച്ചി സംയോജനത്തോടെ അതും വഴിയിലായി. 1955-57 ൽ സി.ആർ.ജൂക്കിന്റെ നേതൃത്വത്തിൽ എഫ്.എ.ഒ. സംഘം വിഴിഞ്ഞത്തെക്കുറിച്ച് ഒരു പഠന റിപ്പോര്ട്ട് തയ്യാറാക്കി. 1962 സെപ്റ്റംബർ 12ന് കേന്ദ്ര ഭക്ഷ്യ കാര്ഷിഞക വകുപ്പ് മന്ത്രി എസ്.കെ. പാട്ടീൽ തുറമുഖപദ്ധതിയുടെ ആദ്യഘട്ട നിര്മ്മാതണ ഉദ്ഘാടനം നിര്വ്വ ഹിച്ചു. അങ്ങനെയാണ് മത്സ്യബന്ധന തുറമുഖം ഇന്ന് കാണുന്ന നിലയിൽ യാഥാര്ത്ഥ്യരമായത്. കടൽ പ്രക്ഷുബ്ധമാകുന്ന ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ സമീപ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായും ആശാകേന്ദ്രവുമായും വിഴിഞ്ഞം നിലകൊള്ളുന്നു..


വിഴിഞ്ഞം ഫിഷിങ്ങ് ഹാർബർ പ്രവർത്തനം തുടങ്ങി ഏകദേശം 20 വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും വിഴിഞ്ഞത്തിന് വടക്ക് ഭാഗത്തായി, തിരുവനതപുരം നഗരത്തോട് ചേർന്ന വലിയതുറ, ബീമാപ്പള്ളി, പൂന്തുറ കടപ്പുറങ്ങൾ മുഴുവൻ കടലെടുത്തതും, ശംഖുമുഖം ബീച്ചിന്റെ പകുതിയോളം കടൽ കൊണ്ട് പോയതും, അവിടെ നിന്നുള്ള മണൽ നിക്ഷേപിച്ച്, വിഴിഞ്ഞത്തിന്റെ തെക്ക് ഭാഗത്തായി, നിർദിഷ്ട വിഴിഞ്ഞം കണ്ടയിനർ തുറമുഖത്തിന്റെ ഭാഗമായി നികത്തപെടുന്ന, പുളിങ്കുടി, ചൊവ്വര ഭാഗത്തെ കടൽ തീരത്തിന് വീതി കൂടിയതും, ഇത്തരുണത്തിൽ ഓർക്കുന്നത് നന്നായിരിക്കും തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ആകർഷണവും, നഗരത്തിലെ പതിനായിരകണക്കിന് ആളുകളുടെ സായാഹ്ന്‌ന സങ്കേതവുമായ ശംഖുമുഖം ബീച് ഓരോ വർഷം കഴിയുന്തോറും കടലെടുത്തു ശോഷിച്ചു വരുന്നു. രണ്ടു വർഷം മുൻപ് ഒരു വർഷക്കാലത്ത് എയർപോർട്ട് റോഡ് പകുതിയോളം കടലെടുത്തു.

പൂന്തുറ, ഭീമാപ്പള്ളി തുടങ്ങിയ കടലോര ഗ്രാമങ്ങൾരക്ഷിക്കാൻ കടൽ ഭിത്തി കെട്ടി. എന്നാലും വർഷ കാലത്ത് കടൽ ക്ഷോഭം കൊണ്ടുണ്ടാകുന്ന നാശത്തിന് ഒരു കുറവുമില്ല. വിഴിഞ്ഞം ഫിഷിങ്ങ് ഹാർബർ പണിയാൻ വെറും 400 മീറ്റർ മാത്രം കടൽ കെട്ടിയടച്ചപ്പോൾ, വടക്ക് നാല് കിലോമീറ്ററിൽ അധികം ദൂരത്തെ ബീച് കടലെടുത്തു. ഓരോ വർഷം കഴിയുന്തോറും അതിന്റെ ഭീകരത കൂടി വരുന്നു.

വളരെ ചെറിയ ബ്രേക്ക്വാട്ടർ മാത്രം സ്ഥാപിച്ച വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം, ഇത്രയധികം മണൽ തെക്ക് ഭാഗത്ത് നിക്ഷേപിക്കുമെങ്കിൽ, കിലോ മീറ്ററുകൾ നീളത്തിൽ കടൽ നികത്തി ഉണ്ടാക്കുന്ന ഭിത്തിയും, ബ്രേക്ക്വാട്ടർ പ്രതിഭാസവും, തിരുവനതപുരം നഗരത്തിന്റെ വടക്ക് ഭാഗത്ത് കിടക്കുന്ന പുത്തൻതോപ്പ് കടപ്പുറം മുതൽ നിരവധി മത്സ്യതൊഴിലാളി ഗ്രാമങ്ങളുടെ ഭാവിയെ തന്നെ ബാധിക്കുമെന്ന്, മനസ്സിലാക്കാൻ കേരളത്തിന്റെ വടക്ക് മുതൽ തെക്ക് വരെ സ്ഥാപിച്ചിട്ടുള്ള ചെറുതും വലുതുമായ ഇരുപതോളം മത്സ്യബന്ധന തുറമുഖങ്ങളുടെ, പാരിസ്ഥിതിക മാറ്റം മാത്രം പഠിച്ചാൽ മതി. ഇത്രമാത്രം കടൽ മണൽ, പ്രകൃത്യാൽ തന്നെ ആഴമുള്ള കടൽ എന്ന് പറയുന്ന, നിർദിഷ്ട തുറമുഖ പ്രദേശത്ത് നിക്ഷേപിച്ചാൽ അവിടെ സ്ഥിരമായി ഡ്രെട്ജിംഗ് വേണ്ടിവരുമെന്ന് പറയാൻ, വലിയ സമുദ്രശാസ്ത്രജ്ഞാനം ഒന്നും വേണമെന്നില്ല. ആ പ്രദേശത്തുള്ള പ്രായം ചെന്നവരുടെ അനുഭവജ്ഞാനം മാത്രം ചോദിച്ചറിഞ്ഞാൽ മതി.

വിഴിഞ്ഞം പദ്ധതിക്കായി ഏകദേശം 4 കിലോ മീറ്റർ കടൽ നികത്തുമ്പോൾ വടക്ക് ഏകദേശം 8 മുതൽ 16 കിലോമീറ്റർ വരെ ബീച് കാലക്രമേണ ഇല്ലാതാകും. ഇതിനെ പറ്റി ആധികാരികമായി പ്രതികരിക്കേണ്ട ഹാർബർ വകുപ്പ് ഒന്നും മിണ്ടില്ല. കാരണം അവിടുത്തെ ഉദ്യോഗസ്ഥ - കോണ്ട്രാക്ടർ ലോബി വളരെ ശക്തമാണ്. കടൽ ക്ഷോഭം വന്ന് മത്സ്യ തൊഴിലാളി ഗ്രാമങ്ങൾ കടലെടുത്താലെ അവർക്ക് കോടികളുടെ ലാഭം കൊയ്യാൻ പറ്റു. കടൽ ഭിത്തി കെട്ടാൻ ഓരോ കിലോമീറ്റർ നീളത്തിനും കോടികളാണ് ചെലവ്. അത് വെറുതെ കളയാൻ ആരെങ്കിലും തയ്യാറാവുമോ?

ഒരാഴ്ച, മുൻപ് ഉണ്ടായ കടൽക്ഷോഭത്തിൽ പൂന്തുറ - വലിയതുറ ഭാഗത്തെ ഏകദേശം 150 ൽ അധികം വീടുകളാണ് കടലെടുത്തത്. തെക്ക് പൂവാർ ഭാഗത്ത് വെള്ളം കയറി കുറെയേറെ മത്സ്യ തൊഴിലാളി കുടുംബങ്ങൾ കഷ്ടപ്പെട്ടു. കോവളം കേന്ദ്രത്തിലെ ഹവ്വ, ലൈറ്റ് ഹൗസ്, സമുദ്ര ബീച്ചുകളിൽ മുൻ വർഷത്തേക്കാൾ കടൽ കയറി നാശം വരുത്തി. ഇത് വരെ ഇങ്ങനെ ഒരു പ്രകൃതി ക്ഷോഭം കണ്ടിട്ടില്ലെന്ന് പ്രായമായവർ പറയുമ്പോൾ നാം മനസ്സിലാക്കണം.
Shanghumugamവിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കടൽ കുഴിക്കാൻ തുടങ്ങിയ ശേഷം ആദ്യമായുള്ള മഴയിൽ തന്നെ ഇത് തെക്കൻ കേരള കടൽ തീരം കാണാത്ത വിധത്തിൽ കടലും തിരമാലകളും പെരുമാറുന്നു എങ്കിൽ അത് ഒരു മുന്നറിയിപ്പായി നാം കാണണം. പദ്ധതിക്ക് വേണ്ടി കുഴിച്ച സ്ഥലത്തെ മണൽ മുഴുവൻ കടൽ തിരികെ എടുത്തു. ഇനി കാല വർഷം വരുന്നു. അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കി വേണം പുതിയ സർക്കാർ തീരുമാനങ്ങൾ എടുക്കാൻ. വികസനത്തിന് വേണ്ടിയുള്ള കാപട്യതെക്കൾ മനുഷ്യ ക്ഷേമ പക്ഷത്ത് നിൽക്കുന്ന ഒരു സർക്കാർ കേരളത്തിൽ അധികാര മേൽക്കുമ്പോൾ പുതിയ പ്രതീക്ഷകളാണ് നൽകുന്നത്.
വിഴിഞ്ഞം കണ്ടയിനർ തുറമുഖത്തിന്റെ പ്രവർത്തനം തുടങ്ങി പത്തോ ഇരുപതോ വർഷം കഴിഞ്ഞ് മാത്രം സംഭവിക്കുന്ന ഈ മാറ്റത്തെ കുറിച്ച് അറിയുന്ന ചുരുക്കം ചില മത്സ്യ തൊഴിലാളി യൂണിയൻ നേതാക്കളും, കേരളത്തിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഫിഷറീസ് വകുപ്പോ, മത്സ്യഫെഡോ, മത്സ്യതൊഴിലാളി-ക്ഷേമനിധി ബോർഡോ ഇത് വരെ, വിഴിഞ്ഞം കണ്ടയിനർ തുറമുഖവുമായി ബന്ധപ്പെട്ട ഒരു ചർച്ചകളിലും തങ്ങളുടെ നിലപാടുകൾ പരസ്യമായി പറഞ്ഞിട്ടില്ല. അതുമല്ലെങ്കിൽ ഈ വിഷയം കേരളത്തിലെ ലക്ഷകണക്കിന് മത്സ്യതൊഴിലാളികളെ ഭാവിയിൽ എങ്ങനെ ബാധിക്കുമെന്നുപൊലും അവർക്ക് നിശ്ചയമില്ല. ഇതുമായി ബന്ധപ്പെട്ട ഒരു പഠനവും അവർ നടത്തിയതായി അറിയുകയും ഇല്ല.

അറബികടലിന്റെ ഒഴുക്കും, അതുണ്ടാക്കുന്ന മാറ്റങ്ങളെയും കുറിച്ച് പഠിച്ച വിദഗ്ദർ, കേരളത്തിലെ ഫിഷറീസ് വകുപ്പിൽ തന്നെയുണ്ടായിട്ടും, അവരുടെ വായ സർക്കാരിന്റെ, അധികാരത്തിൽ മൂടിക്കെട്ടിയത് കൊണ്ട്, ഒന്നും ഇത് വരെ പുറത്ത് വന്നില്ലെന്ന് മാത്രം. ഒടുവിലായെങ്കിലും, ഒരു ഉയർന്ന ഉദ്യോഗസ്ഥൻ, സർക്കാർ സർവീസിൽ നിന്നും പിരിഞ്ഞ ശേഷം, ഈ സത്യം പുറത്ത് പറയാൻ ധൈര്യം കാണിച്ചപ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്ന, മാധ്യമപ്രവർത്തകർ, ഭാവിയിൽ കേരളത്തിലെ ജനതയോട് മാപ്പ് പറയേണ്ടി വരുമെന്ന് തീർച്ച.

ഇപ്പോൾ അടിമലത്തുറ ബീച് വരെ ഓരോ വർഷവും വീതി കൂടി വരുന്ന കടൽത്തീരം ഭാവിയിൽ പൂവാർ, പൊഴിയൂർ മേഖലകളിലേക്ക് കൂടി വ്യാപിക്കും.

കേരളത്തിലെ ഏറ്റവും ജന സാന്ദ്രത കൂടിയ രണ്ടു ഗ്രാമങ്ങൾ ആണ് അടിമലത്തുറയും, പൊഴിയൂരും എന്ന് വിസ്മരിക്കരുത്. അത് മാത്രമല്ല സാക്ഷരതയിൽ മറ്റു കേരളീയ ഗ്രാമങ്ങളെക്കാൾ പിന്നിലും ആണ്. അവരുടെ നിത്യ വൃത്തിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ ഉയർത്തുന്ന പ്രതിഷേധം നാം വിചാരിക്കുന്നതിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ട്ടിക്കും എന്ന് കാണാതിരിക്കരുത്.

അത് മാത്രമല്ല വിഴിഞ്ഞം കണ്ടയിനർ തുറമുഖത്തേക്ക് കപ്പലുകൾ എത്തിച്ചേരുന്നത് ഈ ഗ്രാമങ്ങളിലെ കടൽതീരത്ത് കൂടിയാണ്. സാധാരണ വള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന ഇവിടുത്തെ മത്സ്യ തൊഴിലാളികൾ വലിയ കപ്പലുകളുടെ സുഗമമായ പാതയ്ക്ക് പ്രതിബന്ധം സൃഷ്ടിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ , ഒരു എൻ റിക ലക്‌സി എന്ന അനുഭവം നമ്മെ പഠിപ്പിച്ചതാണ്. അതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമ പ്രശ്‌നങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല എന്നത്, ഭാവിയിലേക്കുള്ള ഒരു വലിയ ചൂണ്ടു പലക കൂടിയാണ്. വിഴിഞ്ഞം പദ്ധതിയുമായി ലോകബാങ്കിന്റെ ഐ എഫ് സി ഓംബുട്‌സ്മാൻ ഏറ്റവും അവസാനം പുറത്തിറക്കിയ റിപ്പോർട്ടിൽ വളരെ വ്യക്തമായി തന്നെ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട ഇക്കാര്യങ്ങൾ വിശദമായി പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

വിഴിഞ്ഞം പദ്ധതിക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ച ശേഷം, തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ പ്രഖ്യാപിച്ച സമരം ഒത്തു തീർക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ പരിഹാരമായി നിർദ്ദേശിച്ച നഷ്ട പരിഹാര പാക്കേജ് വിഴിഞ്ഞം പദ്ധതിയുടെ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ടിൽ എവിടെയും നിർദേശിച്ചതായി അറിയില്ല. അതിനെ കുറിച്ച് പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ പരിസ്ഥിതി പഠന റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ട് പോലുമില്ല.

തിരുവനന്തപുരം നഗരത്തിലെ ശംഖുമുഖത്ത് നിന്ന് വെളിയിലേക്ക് പോകുന്ന റോഡിൻറെ ഇടത് (പടിഞ്ഞാറ്) ഭാഗത്തായി സ്ഥിതി ചെയ്യുന്ന, രണ്ടു വരികളിലായി ഇപ്പോൾ നിലവിലുള്ള ഏകദേശം 250 വീടുകൾ മാറ്റി സ്ഥാപിക്കാനും, അവർക്കുള്ള നഷ്ടപരിഹാരത്തിനായി, പദ്ധതിയുടെ നിലവിലുള്ള ചിലവിന്റെ പുറത്തായി 475 കോടി രൂപ മാറ്റി വയ്ക്കാൻ ധാരണാ പത്രം ഒപ്പിട്ടതാണ്.  അതിൽ നിന്ന് തന്നെ ഒരു കാര്യം സർക്കാർ പുറത്തു പരസ്യമായി പറയാതെ വ്യക്തമാക്കുന്നു. വിഴിഞ്ഞം പദ്ധതി യഥാർത്യമായാലുള്ള തീര ശോഷണം ചെറുതല്ല. അങ്ങനെ ഒരു നിഗമനത്തിൽ എത്തുകയാണെങ്കിൽ, പുതിയ സർക്കാരിന്റെ മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതു വരെ ആരും പറയാത്ത ഒന്നാണ്.

തലസ്ഥാന നഗരത്തിന്റെ മൊത്തം വികസനത്തിന് മുതൽ കൂട്ടാകുന്ന പോർട്ട് വരുമ്പോഴേക്കും നമ്മുടെ നിലവിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന്, നാം പുതിയ സ്ഥലം അന്വേഷിക്കേണ്ടി വരും. വെളിയിലേക്ക് തിരിയുന്ന റോഡിൻറെ അറ്റം കൃത്യമായ രീതിയിൽ , വളവില്ലാതെ ബീമാപ്പള്ളി ഭാഗത്തേക്ക് കണക്കാക്കിയാൽ ഇപ്പോഴത്തെ ഡോമെസ്ടിക് ടെർമിനൽ അടക്കം കടലെടുക്കും. അതോടൊപ്പം തിരുവനന്തപുരത്തിന്റെ, ഐശ്വര്യമായി എല്ലാവരും കണക്കാക്കുന്ന ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട വിഴിഞ്ഞം കണ്ടയിനർ തുറമുഖം പൂർണമായും നിർമാണം തുടങ്ങുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ വിശദമായി തന്നെ പഠിച്ചില്ലെങ്കിൽ ഭാവിയിൽ അതുണ്ടാക്കുന്ന നിരവധി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടുത്തെ രാഷ്ട്രിയ നേതൃത്വത്തിന് ബാധ്യതയുണ്ട് എന്ന് മറക്കരുത്. നിർമാണം തുടങ്ങിയാൽ പിന്നീടൊരിക്കലും നമുക്ക് നമ്മുടെ കടലും കടൽ തീരവും തിരിച്ചെടുക്കാൻ ആകില്ല. മറിച്ച് അദാനിക്ക് ആദ്യ ഘട്ടത്തിൽ മുതൽ മുടക്കില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചു പോകാൻ എളുപ്പമാണ്. അത് കൊണ്ടാണ് ഭാവിയിൽ വിഴിഞ്ഞം ഒരു സിങ്ങൂരോ, നന്ദിഗ്രാമമോ ആകരുതെന്ന് പറയുന്നത്.

ശംഖുമുഖത്ത് കടൽ തീരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ആറാട്ട് കൊട്ടാരം, പ്രസിദ്ധമായ ശംഖുമുഖത്തെ കൽ മണ്ഡപം എന്നിവ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നതിന് മുൻപ് തന്നെ കടലെടുക്കും. അത് കൊണ്ട് തിരുവിതാംകൂർ രാജവംശത്തിന്റെ കുലദേവതയായ ശ്രീ പദ്മനാഭ സ്വാമിയുടെ അചാരാനുഷ്ടാനങ്ങൾ, നിലനിർത്താനും, ലക്ഷകണക്കിന് വരുന്ന വിശ്വാസികളുടെ മനസ്സിന് മുറിവേൽക്കാതിരിക്കാനും ആയി, വേലി മുതൽ തെക്ക് പൂന്തുറ വരെ കടൽ തീരം സംരക്ഷിക്കാനായി അടിയന്തിര നടപടി എന്ന നിലയിൽ കടൽ ഭിത്തി കെട്ടാനുള്ള നടപടികൾ സ്വീകരിക്കണം. അഞ്ചു വർഷങ്ങൾ മുൻപ് ഏകദേശം കൽ മണ്ഡപത്തിനടുത്തുള്ള റോഡിൻറെ പകുതി വരെ കടലെടുത്തത് കാണാതിരിക്കരുത്.

ശംഖുമുഖത്തെ മനോഹരമായ കടൽ തീരം തലസ്ഥാന വാസികളുടെ ചുരുക്കം ചില സായം സന്ധ്യ വിനോദ കേന്ദ്രങ്ങളിൽ ഒന്നാണ്. അത് നഷ്ടപെടുക എന്ന് പറയുന്നത് അനന്തപുരിയുടെ ആത്മാവ് നഷ്ടപെടുന്നതിന് തുല്യമാണ്. അതെ സമയം തന്നെ വിമാനത്താവളം, ആറാട്ട് കൊട്ടാരം, കൽ മണ്ഡപം എന്നിവ നഷ്ടമാകാതെ സൂക്ഷിക്കുകയും വേണം.

Shanghumugam mandapamകേരളത്തിനോ, തിരുവനന്തപുരത്തിനോ യാതൊരു വിധ ഉപയോഗവുമില്ലാത്ത വിഴിഞ്ഞം വെള്ളാനക്ക് വേണ്ടി ഇനിയും നാം കോടികൾ അനാവശ്യമായി ചിലവക്കണോ എന്ന് പുതിയ സർക്കാർ തീരുമാനിക്കണം. അതും അടിയന്തിര പ്രാധാന്യത്തോടെ.

വാൽകഷണം: വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ട കേസ് ന്യൂഡൽഹിയിലെ ദേശീയ ഹരിത ട്രിബുണലിന്റെ മുഖ്യ ബെഞ്ചിൽ നടന്നു കൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് എന്ന സർക്കാർ കമ്പനിയും, തദ്ദേശ വാസികളായ ചിലരും ആണ് ഇതിൽ കക്ഷികൾ. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വരുന്നതിന്റെ തലേ ദിവസമായ മെയ് 24 ന് രഹസ്യമായി പോർട്ട് അധികൃതർ പുതിയ ഒരാവശ്യവുമായി കോടതിയെ സമീപിച്ചു. ഈ കേസിലെ നേരിട്ട് ബാധിക്കുന്ന കക്ഷി ( affected party) എന്ന നിലയിൽ അദാനി ഗ്രൂപ്പിനെ ഈ കേസിൽ കക്ഷി ചേർക്കണമെന്ന്. സത്യപ്രതിജ്ഞ നടന്ന ദിവസം കമ്പനി വക്കിൽ ഇത് മായി ബന്ധപ്പെട്ട ഫയൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. അങ്ങനെ ആണെങ്കിൽ ഗുരുതരമായ ചില നടപടികളുമായാണ്, വിഴിഞ്ഞം പോർട്ട് അധികൃതർ മുന്നോട്ട് പോയതെന്ന് മനസ്സിലാക്കണം.

ഇടതുപക്ഷം അധികാരത്തിൽ വന്നാൽ വിഴിഞ്ഞം പദ്ധതിയുടെ കരാറുമായി നടന്ന എല്ലാ കള്ളകളികളും പുന:പരിശോദിക്കുമെന്ന്, ശ്രീ .പിണറായി വിജയനും, ശ്രീ കാനം രാജേന്ദ്രനും അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയ ശേഷം ഭരണമാറ്റം നടക്കുന്ന അവസാന മണിക്കൂറുകളിൽ നടന്ന അന്തർ നാടകങ്ങൾ കൂടുതൽ നിഗൂഡതകൾ പുറത്തു കൊണ്ടു വരുന്നു. ഹരിത ട്രിബുണലിൽ ഈ കേസ് നടക്കാൻ തുടങ്ങിയിട്ട് ഏകദേശം രണ്ടു വർഷം പൂർത്തിയാകുന്നു. ഇത് വരെ ഇത്തരമൊരു ആവശ്യം ഉന്നയിക്കാത്ത വിഴിഞ്ഞം പോർട്ട് അധികൃതർ ധൃതി പിടിച്ച് ഇത്തരമൊരു നീക്കം നടത്തിയതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതായി സംശയിക്കണം. അദാനി ഈ കേസിൽ യാതൊരു തരത്തിലും ബന്ധപ്പെട്ട കക്ഷിയല്ല. കാരണം വിഴിഞ്ഞം പോർട്ട് അധികൃതർ നേരിട്ടാണ് പാരിസ്ഥിതിക ആഖാത പഠനം ( Environment Impact Assessment Study) നടത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയത്. ആ പഠനത്തിലെ കള്ളകളികൾ ചോദ്യം ചെയ്താണ് ശ്രീ . ജോസഫ് വിജയനും, മറ്റും കോടതിയെ സമീപിച്ചത്. രിസ്ഥിതി അനുമതി കിട്ടിയ ശേഷമാണ് ഉമ്മൻ ചാണ്ടി സർക്കാർ പലതും മറച്ചു വച്ച് അദാനി ഗ്രൂപ്പിന് ലോകത്ത് ഇത് വരെ ആരും കാണുകയും കേൾക്കുകയും ചെയ്യാത്ത നിബന്ധനകളോടെ കേരളത്തിന്റെ പൊതു മുതൽ അടുത്ത 80 വർഷത്തേക്ക് തീറെഴുതിയത്.

അദാനി ഈ കേസിൽ കക്ഷി ചേരുന്നതോടെ കേരള സർക്കാരിനുണ്ടാകുന്ന കഷ്ട നഷ്ടങ്ങൾ എന്തൊക്കെയാണെന്ന് വരും നാളുകളിൽ അറിയാം.അപ്പോഴും ഒരു ചോദ്യം ബാക്കിയാകും. ഭരണ മാറ്റത്തിന്റെ നാളുകളിൽ ഒരാഴ്ച കാത്തു നിൽക്കാൻ ക്ഷമ കാണിക്കാതെ എന്തിന് ഉദ്യോഗസ്ഥർ ഇത്തരമൊരു തീരുമാനം എടുക്കുകയും, അത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു? വരും ദിവസങ്ങളിൽ കേരളം ചർച്ച ചെയ്യപ്പെടുന്നത് ഈ വിഷയമായിരിക്കും.
ആദ്യഭാഗം ഇവിടെ വായിക്കാം

Story by