വെനസ്വേലയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേല, ആഗോളവിപണിയിലെ വിലയിടിവിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.

വെനസ്വേലയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ

കാരക്കാസ്: വെനസ്വേലയില്‍ രണ്ട് മാസത്തെ സാമ്പത്തിക അടിയന്തരാവസ്ഥ. പ്രസിഡന്റ് നിക്കോളാസ് മദുറോയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെനസ്വേലയെ രക്ഷിക്കാനാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് മദുറോയുടെ വിശദീകരണം. അടിയന്തരാവസ്ഥാ കാലയളവില്‍ രാജ്യത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും മദുറോ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനസ്വേല, ആഗോളവിപണിയിലെ വിലയിടിവിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്.


അതേസമയം, അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. തലസ്ഥാനമായ കാറക്കസില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

നാഷണല്‍ അസംബ്ലിയുടെ പിന്തുണയില്ലാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ മദുറോ അധികാരം  ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് ജീസസ് ടൊറാല്‍ബ ആരോപിച്ചു.

സര്‍ക്കാറിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്നും മദുറോ പ്രസിഡന്റ് പദവിയൊഴിഞ്ഞ് ഹിതപരിശോധനക്ക് തയാറാകണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍, സര്‍ക്കാരിനെ മറിച്ചിടാന്‍ ആഭ്യന്തരശക്തികളും യുഎസും ശ്രമിക്കുകയാണെന്ന് മദുറോ ആരോപിച്ചു. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസഫിനെ പുറത്താക്കിയതിന് ശേഷം യുഎസ് ലക്ഷ്യമിടുന്നത് തന്നെയാണെന്നും മദൂറോ പറഞ്ഞു.

കഴിഞ്ഞ ജനവരിയിലും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Read More >>