കരിങ്കുരങ്ങിന്റെ നിറഭേദങ്ങള്‍..

കറുപ്പ് നിറത്തിനുള്ളിൽ തന്നെയും, പല നിറങ്ങളുടെയും ആന്തരിക ചേരിത്തിരിവ് ഉണ്ടെന്ന് തെളിയിക്കുകയാണ് വെള്ളാപ്പള്ളി. വർണ്ണവിവേചനവും, ജാതിയുടെ മേൽക്കോയ്മയും, അധികാരകൊതിയും ചേർന്ന്,ഒരിക്കൽ അടിയറവു പറയിപ്പിച്ച സ്വാതന്ത്ര്യത്തിൻെറ മേൽ നിന്നാണ് വെള്ളാപള്ളിയുടെ കയ്യടി നേടുന്ന പ്രഭാഷണങ്ങൾ നടക്കുന്നത്. ഇത്തരം പരിഹാസങ്ങൾ ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളുടെ വിളംബരമാണ്.. സാംസ്ക്കാരിക ബിംബങ്ങൾ ഇനി ഉയർക്കുവാനില്ലാത്ത കാലത്തിന്റെ ദുരന്തമായിരിക്കുമത്.

കരിങ്കുരങ്ങിന്റെ നിറഭേദങ്ങള്‍..

"എം.എം.മണിയൊന്നും നിയമസഭയിലേക്ക് പോകേണ്ടയാളല്ല. പൂരപ്പറമ്പിലേക്ക് പോകേണ്ടയാളാണ്. ഭൂതപ്പാട്ടു പാടാൻ പറഞ്ഞയക്കാൻ കൊള്ളാവുന്ന ഈ കരിങ്കുരങ്ങിനെ അങ്ങോട്ട് വിടുകയെന്നല്ലാതെ മനുഷ്യരുടെ ഇടയിൽ പറഞ്ഞയക്കാൻ കൊള്ളില്ല." വെള്ളാപള്ളി നടേശന്റെ വാക്കുകളാണിത്. പറഞ്ഞതാകട്ടെ ഉടുമ്പചോല നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മണിയാശാൻ എന്ന് വിളിക്കപ്പെടുന്ന എം.എം.മണിയെ കുറിച്ചും !

സമത്വമുന്നേറ്റ യാത്രയിലൂടെ നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ സമത്വാവകാശത്തിന് അഹോരാത്രം പോരാടി, ബി.ഡി.ജെ.എസ് പാർട്ടി സ്വന്തമായി രൂപീകരിച്ചു അഭിമാനം കൊള്ളുന്ന വെള്ളാപ്പള്ളി നടേശന്റെ വാക്കുകളിൽ തെളിയുന്നത് വിഢിത്തമാണെന്ന് കരുതാനാവില്ല. ഭ്രാന്തമായ കയ്യടികൾ പ്രോത്സാഹിപ്പിക്കുവാനുണ്ടെങ്കിൽ എന്തും വിളിച്ചു പറയാമെന്ന ധാർഷ്ട്യമാണിത്. മനുഷ്യ രോദനങ്ങൾ നിറഞ്ഞ ഒരു ഭ്രാന്താലയത്തിന്റെ നിർമ്മിതിയിലാണ് ഇക്കൂട്ടർ.


കറുപ്പ് നിറത്തിനുള്ളിൽ തന്നെയും, പല നിറങ്ങളുടെയും ആന്തരിക ചേരിത്തിരിവ് ഉണ്ടെന്ന് തെളിയിക്കുകയാണ് വെള്ളാപ്പള്ളി. വർണ്ണവിവേചനവും, ജാതിയുടെ മേൽക്കോയ്മയും, അധികാരകൊതിയും ചേർന്ന്,ഒരിക്കൽ അടിയറവു പറയിപ്പിച്ച സ്വാതന്ത്ര്യത്തിൻെറ മേൽ നിന്നാണ് വെള്ളാപള്ളിയുടെ കയ്യടി നേടുന്ന പ്രഭാഷണങ്ങൾ നടക്കുന്നത്. ഇത്തരം പരിഹാസങ്ങൾ ഇനിയും വരാനിരിക്കുന്ന ദുരന്തങ്ങളുടെ വിളംബരമാണ്.. സാംസ്ക്കാരിക ബിംബങ്ങൾ ഇനി ഉയർക്കുവാനില്ലാത്ത കാലത്തിന്റെ ദുരന്തമായിരിക്കുമത്.

ജാതിക്കോമരങ്ങള്‍ രൌദ്രഭാവം പൂണ്ടിരുന്ന കാലത്ത് കേരളക്കരയെ സ്വാമി വിവേകാന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചതായി വിശ്വസിക്കപ്പെടുന്നു.ഇങ്ങനെയുള്ള കേരളത്തില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരളത്തെ ജാതിവ്യവസ്ഥിതിയുടെ പേക്കൂത്തില്‍ നിന്ന് ഒരു പരിധി വരെ മോചിപ്പിക്കാന്‍ ശ്രീാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും പരിശ്രമിച്ചതും മറന്നു കൂടാ.

എന്നും മഹത്ദര്‍ശനങ്ങള്‍ മാത്രമുണ്ടായിരുന്ന ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ പ്രചാരണത്തിായി സ്ഥാപിക്കപ്പെട്ടതാണ് എസ്.എന്‍.ഡി.പി ട്രസ്റ്റ്‌. അതിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയാണ്  മതവിദ്വേഷത്തിന്റെയും,വര്‍ണ്ണവിവേചനത്തിന്റെയും ഉദ്ധരണികള്‍ മുഴക്കുന്നത്

കരിംഭൂതവും,കരിങ്കുരങ്ങും...മണിയാശന്‍ വെള്ളാപ്പള്ളിയുടെ കാഴ്ചയില്‍ അങ്ങനെയാണ് പോലും. സദസ്സിനെ കയ്യിലെടുക്കാനുള്ള കുറുക്കു വിദ്യയാണ് താന്‍ വിളമ്പിയത് എന്നൊക്കെ വിശദീകരിച്ചാലും, കറുപ്പ് നിറത്തോടുള്ള വെള്ളാപ്പള്ളിയുടെ മാനസിക അയിത്തം ഈ വാക്കുകളില്‍ പകല്‍ പോലെ വ്യക്തമാകുന്നു.

വെള്ളാപ്പള്ളിയ്ക്കു മറുപടി നല്‍കുവാന്‍ ഉചിതം കലാഭവന്‍ മണിയുടെ വാക്കുകളാണ്.." ഈ നിറം അധ്വാനത്തിന്റെ നിറമാണ്..വെയിലത്തും പറമ്പിലും പണിയെടുക്കുന്നവര്‍ക്ക് മാത്രമേ ഈ നിറം ലഭിക്കുകയുള്ളൂ...എല്ലാറ്റിനും ഉപരി ഇത് ഗ്യാരണ്ടി നിറമാണ്..തരം പോലെ മാറില്ലെന്നു അര്‍ത്ഥം. തരം പോലെയും, തക്കം പോലെയും സ്വഭാവം മാറ്റുന്നവര്‍ക്ക് ഈ നിറത്തിന്റെ മഹത്വം അറിയാന്‍ കഴിഞ്ഞെന്നു വരില്ല. "


രാഷ്ട്രീയംഎന്തുമായിക്കൊള്ളട്ടെ, ജാതിയും,വര്‍ണ്ണവും കൈയ്യാളുന്ന നിയമസംവിധാനങ്ങള്‍ നാടിന്റെ അഖണ്ടതയെ നിഷ്ക്രീയമാക്കും. വംശത്തിന്റെയും നിറത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഗുണത്തിലും കഴിവിലുമൊക്കെ വ്യത്യാസമുണ്ട് എന്ന വിശ്വാസമാണ് വർണ്ണവിവേചനത്തിനാധാരം.

എം.എം.മണി ഒരു രാഷ്ട്രീയക്കാരനാണ്, ഒരു മലയോര കര്‍ഷകനും! വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടത് മണിയുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാകുന്നതാണ് ഉചിതം. അതാണ് സാംസ്കാരികതയും. ജനികിതമായ ഏറ്റകുറച്ചിലുകള്‍ പരിഹാസങ്ങളായി വിമര്‍ശിക്കപ്പെടുന്നത്, കേരളത്തെ ഭ്രാന്താലയമാക്കി തീര്‍ക്കും. ഈ ഭ്രാന്തന്‍ ജല്‍പ്പനങ്ങള്‍ സാമൂഹ്യ ജീര്‍ണ്ണതകളുടെ എല്ലാ തലങ്ങളെയും ഒരിക്കല്‍ ആഴത്തില്‍ മൂടിയ ജീര്‍ണതകളെ കുഴിമാടത്തില്‍ നിന്നുയര്‍ത്തും.

മണിയാശാനുള്ള വെള്ളാപ്പള്ളിയുടെ ഉപദേശം അവസാനിച്ചിട്ടില്ല. ഭൂതപ്പാട്ട് പാടാന്‍ പൂരപ്പറമ്പിലേക്ക് പോകുവാനും വെള്ളാപ്പള്ളി ഉപദേശിക്കുന്നു. പൂരപറമ്പുകള്‍ അധൃഷ്ഠർക്കുള്ളതാണെന്നും, ഭൂതപാട്ടുകള്‍ നിന്ദ്യമാണെന്നും പുരാണങ്ങളില്‍ എവിടെയും പരാമര്‍ശിച്ചതായി കാണുന്നില്ല. അപ്പോള്‍ പിന്നെ കറുത്തവനായ മണിക്ക് ഇങ്ങനെ ഒരു വഴി കാട്ടാന്‍ 'വെള്ളാ'പ്പള്ളിക്ക് തോന്നിപ്പിച്ചത് എന്തായിരിക്കും?

തിളങ്ങുന്ന കുപ്പായത്തിനുള്ളില്‍, സ്വര്‍ണ്ണ ചങ്ങലകള്‍ അലങ്കരിക്കുന്ന ചര്മ്മതിന്നു നിറം കറുപ്പ് തന്നെയാണെന്നും അവ തങ്ങളുടെ മനസ്സിലേക്കും ക്യാന്‍സര്‍ പോലെ ബാധിച്ചിരുക്കുന്നു എന്ന് നിലകണ്ണാടികള്‍ കാട്ടികൊടുക്കുന്നുണ്ടാവില്ല. അലക്കുവാൻ തരം തിരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങൾക്ക് മാത്രമെ, നിറത്തിന്റെ വിവേചനം ആവശ്യമുള്ളൂ.

കറുപ്പിന്റെ നിറഭേദങ്ങൾ തേടി അവർ അയിത്തത്തെ തിരികെ കൊണ്ടു വരുന്നു. ഒരിക്കല്‍,തകര്‍ത്തുകളഞ്ഞ ഭ്രാന്താലയത്തിന്റെ നിര്‍മ്മാണത്തില്‍ ഉല്‍സാഹഭരിതരാണവര്‍ !!