രാം ഗോപാല്‍ വര്‍മ്മയുടെ 'വീരപ്പന്‍' വീണ്ടും വിവാദകുരുക്കില്‍

മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനാണെന്ന് വീരപ്പനായി വേഷമിടുന്ന സന്ദീപ് ഭരദ്വാജ് പറയുന്ന സംഭാഷണമാണ് ചിത്രത്തില്‍ നിന്ന് മുറിച്ച് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.

രാം ഗോപാല്‍ വര്‍മ്മയുടെ

രാംഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ 'വീരപ്പ'നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഒഴിയുന്നില്ല. നടന്‍ രജനികാന്തിനെ തട്ടിക്കൊണ്ടുപോകാന്‍ വീരപ്പന്‍ പദ്ധതിയിട്ടിരുന്നതായി റാം ഗോപാല്‍ വര്‍മ്മ വെളിപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.  ചിത്രത്തിന്  സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതായിരുന്നു തുടര്‍ന്നുള്ള വിവാദം.

ഇപ്പോള്‍ ചിത്രത്തിലെ സുപ്രധാനമായ ചില  സംഭാഷണരംഗങ്ങള്‍ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് രാം ഗോപാല്‍ വര്‍മ്മയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു പ്രമുഖ  മാധ്യമത്തിന് വര്‍മ്മ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരനാണെന്ന് വീരപ്പനായി വേഷമിടുന്ന സന്ദീപ് ഭരദ്വാജ് പറയുന്ന സംഭാഷണമാണ് ചിത്രത്തില്‍ നിന്ന് മുറിച്ച് മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്.


രാജീവ് ഗാന്ധി വധത്തില്‍ പ്രഭാകരന്റെ പങ്കിനെപ്പറ്റി സുപ്രീം കോടതി പോലും പരാമര്‍ശിച്ചിട്ടുണ്ട്.  അതിനാല്‍ സെന്‍സര്‍ ബോര്‍ഡ് ആ രംഗം മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതിന് പിന്നിലുള്ള ന്യായം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും ഇതേക്കുറിച്ച് ബോര്‍ഡ് അധികൃതരോട്  താന്‍ വിശദീകരണം തേടിയതായും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി.വര്‍മ്മയുടെ ചോദ്യത്തിന് ബോര്‍ഡ് മറുപടിയും നല്കിയിട്ടുണ്ട്. 
ഈ സംഭാഷണം ചില തമിഴ് സംഘടനകളെ പ്രകോപിപ്പിച്ചേക്കാം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്ന വിശദീകരണം.


സന്ദീപ്‌ ഭരദ്വാജ്, ഉഷ ജാദവ്, ലിസ റേ തുടങ്ങിയവര്‍ അഭിനയിക്കുന്ന 'വീരപ്പന്‍' മെയ്‌ 27-ന് തീയറ്ററുകളില്‍ എത്തും.