ഇടതുപക്ഷത്തിനു ജയം സാധ്യമായ വട്ടിയൂര്‍ക്കാവിലെ പോരാട്ടം

ബിജെപി വിജയിച്ച വാര്‍ഡുകളില്‍ തുരുത്തുംമൂല ഒഴിച്ചു നിര്‍ത്തിയാല്‍ എട്ട് സ്ഥലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് രണ്ടാമത് എത്തിയിരിക്കുന്നത്. ഒരേയൊരു സ്വതന്ത്രന്‍ ജയിച്ച മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രണ്ടാമത് എത്തിയിരിക്കുന്നത്.

ഇടതുപക്ഷത്തിനു ജയം സാധ്യമായ വട്ടിയൂര്‍ക്കാവിലെ പോരാട്ടം

രാവണന്‍ കണ്ണൂര്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ 24 വാര്‍ഡുകള്‍  ഉള്‍പ്പെടുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2008 ലെ പുനഃസംഘടനയോടെയാണ് തിരുവനന്തപുരം നോര്‍ത്ത് നിയമസഭാ മണ്ഡലം വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലമായത്. തിരുവനന്തപുരം നോര്‍ത്ത് നിയമസഭാമണ്ഡലത്തില്‍ സിപിഐ(എം)ന് ആധിപത്യം ഉണ്ടായിരുന്നു. സി.പി.ഐ(എം) നേതാവ് എം. വിജയകുമാര്‍ ഇവിടെ നിന്നും നാല് തവണ വിജയിച്ചിട്ടുണ്ട്. മണ്ഡല പുനഃസംഘടനയ്ക്ക് മുന്‍പ് ഉണ്ടായിരുന്ന ഉള്ളൂര്‍, കടകംപള്ളി എന്നീ പഞ്ചായത്തുകള്‍ മാറി പകരം, തിരുവനന്തപുരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങള്‍ എന്നിവ പുതിയതായി ചേര്‍ന്നു. ഇടതുപക്ഷത്തെ ചെറിയാന്‍ ഫിലിപ്പിനെ തോല്‍പ്പിച്ചു കെ. മുരളീധരന്‍ ആണ് നിലവിലെ എംഎല്‍എ കെ മുരളീധരന്‍ തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഐ(എം) സംസ്ഥാനക്കമ്മിറ്റി അംഗവും മുന്‍ രാജ്യസഭാ എംപിയുമായിരുന്ന ഡോ. ടിഎന്‍ സീമയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി  കുമ്മനം രാജശേഖരന്‍ ബിജെപിക്ക് വേണ്ടിയും ജനവിധി തേടുന്നു. ശക്തമായ ത്രികോണമത്സരം നടക്കുന്ന തലസ്ഥാന ജില്ലയിലെ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011 ല്‍ ബിജെപി ക്ക് 11.98% വോട്ടു ലഭിച്ചപ്പോള്‍ ലോകസഭാ ഇലക്ഷനില്‍ ബിജെപി ഇവിടെ ഒന്നാം സ്ഥാനത് എത്തിയിരുന്നു. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തിലുള്ള കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ ഇടതുമുന്നണി 38,595 വോട്ടുക്കള്‍ നേടി ഒന്നാമതെത്തി 32,864 വോട്ടുമായി ബിജെപി രണ്ടാം സ്ഥാനത്തും, 29,434 വോട്ടുകള്‍ നേടി യുഡിഎഫ് മൂന്നാമതും എത്തി. 80% ത്തിനു മുകളില്‍ ഭൂരിപക്ഷ സമുദായം ഉള്ള ഈ മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.


മണ്ഡലത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് 8699 സ്ത്രീവോട്ടര്‍മാര്‍ കൂടുതലാണ് എന്നുള്ളതും അഭ്യസ്തവിദ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് എന്നുള്ളതിനാലും മുന്‍ കോളേജ് അദ്ധ്യാപിക കൂടിയായ ഡോ. ടി.എന്‍. സീമയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളാണ്. (വോട്ടര്‍ നില: ആകെ -182603, സ്ത്രീകള്‍ - 95651, പുരുഷന്മാര്‍ - 86952)

എല്‍ഡിഎഫ് വിജയിച്ച വാര്‍ഡുകളില്‍ 44% വോട്ടുകളാണ് എല്‍ഡിഎഫിന് അനുകൂലമായിട്ട് പോള്‍ ചെയ്യപ്പെട്ടത്. യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ 40% വോട്ടും, ബിജെപി ജയിച്ച വാര്‍ഡുകളില്‍ 42% വോട്ടുമാണ് ജയിച്ച മുന്നണിക്ക് അനുകൂലമായിട്ടുള്ളത്.

യുഡിഎഫും ബിജെപിയും വിജയിച്ച സ്ഥലങ്ങളില്‍, ഏകദേശം 35% വോട്ടുകളുമായി, രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്നത് എല്‍ഡിഎഫ് ആണ്. ബിജെപി വിജയിച്ച വാര്‍ഡുകളില്‍ തുരുത്തുംമൂല ഒഴിച്ചു നിര്‍ത്തിയാല്‍ എട്ട് സ്ഥലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് രണ്ടാമത് എത്തിയിരിക്കുന്നത്. ഒരേയൊരു സ്വതന്ത്രന്‍ ജയിച്ച മണ്ഡലത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് രണ്ടാമത് എത്തിയിരിക്കുന്നത്. അതായത് തോറ്റ സ്ഥലങ്ങളിലും എല്‍ഡിഎഫിന് 35% വോട്ട് പിടിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

മൂന്നാം സ്ഥാനത്തുള്ള മുന്നണിക്ക് (ബിജെപി/യുഡിഎഫ്) ശരാശരി 25% വോട്ട് ആണ് ലഭിച്ചിരിക്കുന്നത്. കോര്‍പറേഷന്‍ തെരെഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചയിടങ്ങളില്‍ യുഡിഎഫും, യുഡിഎഫ് ജയിച്ചയിടങ്ങളില്‍ ബിജെപിയും മൂന്നാം സ്ഥാനത്ത് ആണ് ഫിനിഷ് ചെയ്തിരിക്കുന്നത്. യുഡിഎഫ്-ബിജെപി മുന്നണികള്‍ എല്‍ഡിഎഫിനെ തോല്പിക്കുവാന്‍ വേണ്ടി പരസ്പരം വോട്ടു കൈമാറിയെന്നത് വ്യക്തമാണ്. എന്നാല്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇരു മുന്നണികളും നിര്‍ത്തുമ്പോള്‍ ഇത്തരമൊരു വോട്ട് കച്ചവടം നടക്കില്ല. ഇതിന്റെ ഗുണമുണ്ടാകുവാന്‍ പോകുന്നത് എല്‍ഡിഎഫിനാണ്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിര്‍ത്തിയത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു എന്നുള്ളതും, ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി. രാജേഷ് 13494 വോട്ടുകള്‍ പിടിച്ചുവെന്നുള്ളതും മുരളീധരന് ലഭിച്ച 16000 വോട്ടിന്റെ ഭൂരിപക്ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു.

2016-ല്‍ സ്ഥിതി വളരെ വ്യത്യസ്തമാണ്. ഇടതുമുന്നണിക്ക് അനുകൂലമായ ഒരു ട്രെന്‍ഡാണ് ഈ മണ്ഡലത്തിലുള്ളത്. ഭരണവിരുദ്ധവികാരം കേരളത്തില്‍ മൊത്തം ശക്തിയായി ആഞ്ഞടിക്കുന്നത് ഇവിടെയും പ്രതിഫലിച്ചാല്‍ അത് കൊണ്ഗ്രസ്സിനു വിപരീതമായി ഭവിക്കും കൂടാതെ മുരളീധരന് കിട്ടേണ്ട ഭൂരിപക്ഷ സമുദായ വോട്ടുകള്‍ കുമ്മനം രാജശേഖരന് പോയാല്‍  മോതത്തിലെ മണ്ഡലത്തിലെ ട്രെന്‍ഡ് ഇടതനുകൂലമായി മാറിയേക്കും. ഇപ്പോഴത്തെ മണ്ഡലത്തിലെ ട്രെന്‍ഡ് വച്ച് നോക്കിയാലും മുന്‍ കണക്കുകള്‍ എടുത്തുനോക്കിയാലും ഡോ. ടി.എന്‍. സീമ 35% വോട്ടുകളുമായി ജയിക്കുകയും,  ഏകദേശം 29% വോട്ടുകളുമായി യുഡിഎഫ് രണ്ടാം സ്ഥാനത്തും 27% വോട്ടുകളുമായി ബിജെപി മുന്നണികള്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്യുമെന്നാണ് ചില നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതായത് കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ ഉള്ള 6000 വോട്ടിന്റെ മേല്‍ക്കൈ 10000 വോട്ടായി വര്‍ദ്ധിക്കും. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് വട്ടിയൂര്‍ക്കാവ് എന്നത് വെറും യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധമില്ലാത്തതാണ്  എന്ന് പറയേണ്ടിവരും.