ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കണമെന്ന വിധി കൊല്ലത്ത് പ്രതിഫലിക്കുമോ?

2012 ഫെബ്രുവരി 15-നാണ് കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സംഘത്തിലെ കൊല്ലം മുദാക്കര ഡെറിക് വില്ലയില്‍ വലന്റൈന്‍ (50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജീഷ് പിങ്കി (21) എന്നിവരാണ് വെടിയേറ്റുമരിച്ചത്.

ഇറ്റാലിയന്‍ നാവികരെ വിട്ടയയ്ക്കണമെന്ന വിധി കൊല്ലത്ത് പ്രതിഫലിക്കുമോ?

italian-marines


രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ വിട്ടയ്ക്കണമെന്ന യു.എന്‍ മധ്യസ്ഥ കോടതി ഉത്തരവിട്ടെന്ന് ഇറ്റലി. എന്നാല്‍ യു.എന്‍ കോടതിയുടെ ഉത്തരവ് ഇറ്റലി ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നാണ് ഇന്ത്യന്‍ നിലപാട്. ഉത്തരവിന്റെ പകര്‍പ്പ് നാളെ പുറത്തുവന്നാല്‍ മാത്രമേ കോടതി എന്താണ് വിധിച്ചിട്ടുള്ളതെന്ന് വ്യക്തമാകൂ. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ചതിനുള്ള സംഭവവികാസങ്ങള്‍ കേരളത്തില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇറ്റലിക്ക് അനുകൂലമായാണ് പുതിയ വിധിയെങ്കില്‍ തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുന്ന കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തെ ഇതു ബാധിക്കാനും സാധ്യതയുണ്ട്.

നാവികരെ വിട്ടയയ്ക്കണമെന്ന് യു.എന്‍ കോടതി ഉത്തരവിട്ടതായി ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ 'അന്‍സ'യാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലത്തോറെ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യയുടെ കസ്റ്റഡിയാണ്. ന്യൂഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിഞ്ഞിരുന്ന ഇവരില്‍ ലത്തോറെ അസുഖബാധിതനായതോടെ ചികിത്സക്കായി 2014-ല്‍ ഇറ്റലിയിലേക്ക് തിരിച്ചു പോയിരുന്നു. ലത്തോറെ ഇറ്റലിയില്‍ തുടരുന്നതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സമയം നീട്ടി നല്‍കുകയും ചെയ്തിട്ടുണ്ട്.

2012 ഫെബ്രുവരി 15-നാണ് കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സംഘത്തിലെ കൊല്ലം മുദാക്കര ഡെറിക് വില്ലയില്‍ വലന്റൈന്‍ (50), കളിയിക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജീഷ് പിങ്കി (21) എന്നിവരാണ് വെടിയേറ്റുമരിച്ചത്. എന്റിക്ക ലക്‌സി എന്ന ഓയില്‍ ടാങ്കര്‍ കപ്പലിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ലത്തോറെയും ഗിരോണും ഇവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. കടല്‍ക്കൊള്ളക്കാരെന്ന് കരുതിയാണ് വെടിവച്ചതെന്നായിരുന്നു നാവികരുടെ അവകാശവാദം. തുടര്‍ന്ന് ഇരുവരും അറസ്റ്റിലായതോടെ ഇന്ത്യയും ഇറ്റലിയും നമ്മിലുള്ള നയതന്ത്ര ബന്ധത്തിലും വിള്ളല്‍ വീണു. വെടിവയ്പ് നടന്നത് അന്താരഷ്ട്ര അതിര്‍ത്തിയിലാണെന്നും നാവികര്‍ക്കു മേല്‍ നടപടിയെടുക്കാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നുമാണ് ഇറ്റലിയുടെ നിലപാട്.

ഇതിനിടെ അവധിക്ക് നാട്ടില്‍ പോയ നാവികരെ തിരികെ അയയ്ക്കില്ലെന്ന് ഇറ്റലി നിലപാടെടുത്തത് രണ്ടാം യു.പി.എ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ന്ന് വന്‍ സമ്മര്‍ദ്ദത്തിലൊടുവിലാണ് നാവികരെ തിരികെ അയയ്ക്കാന്‍ ഇറ്റലി തയാറായത്. നാവികര്‍ക്കെതിരെയുള്ള കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഇറ്റലി കേസുമായി ഹേഗിലുള്ള യു.എന്‍ മധ്യസ്ഥ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസ് ഈ കോടതി മുമ്പാകെ കേള്‍ക്കാമെന്ന് ഇരുരാജ്യങ്ങളും തീരുമാനിക്കുകയും ചെയ്തു പ്രൊഫ. ഫ്രാന്‍സെന്‍സ്‌കോ ഫ്രാന്‍കിയോനി, ജസ്റ്റിസ് പി. ചന്ദ്രശേഖര റാവു എന്നിവരാണ് ഇറ്റലിയുടേയും ഇന്ത്യയുടേയും പ്രതിനിധികള്‍.

നാവികരെ വിട്ടയയ്ക്കണമെന്നും ഇറ്റലിയില്‍ പോകാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു എന്നതാണ് ഇറ്റലിയുടെ വാദം. എന്നാല്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നാണ് കോടതി നിര്‍ദേശമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് നാവികര്‍ തിരികെ എത്തുമെന്ന കാര്യത്തില്‍ ഇന്ത്യക്ക് ഉറപ്പു ലഭിക്കേതുണ്ട്. നാവികര്‍ തിരികെയെത്തിയില്ലെങ്കില്‍ ഇന്ത്യക്ക് യു.എന്‍ കോടതിയെ സമീപിക്കാന്‍ കഴിയും. പക്ഷേ കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാരിനെ ഇത് പ്രതിരോധത്തിലാക്കും.

അതോടൊപ്പം, കേരളത്തിലെ തീരദേശ മേഖലകളിലുള്ള മണ്ഡലങ്ങളില്‍, പ്രത്യേകിച്ച് കൊല്ലം മേഖലയില്‍, ഇതെങ്ങനെ ബാധിക്കുമെന്നതും പ്രധാനമാണ്.

Read More >>