കലാപത്തിനു കാതോർത്ത് യുഡിഎഫ്

യുഡിഎഫിൽ ഇനി കലാപത്തിന്റെ നാളുകളാണ്. ഒരു വശത്ത് ഉമ്മൻ ചാണ്ടിയും കൂട്ടരും മറുവശത്ത് വി എം സുധീരനുമാകും യുദ്ധമുഖം തീർക്കുക. സുധീരന് ഹൈക്കമാൻഡിന്റെ പിന്തുണ ഉണ്ടെന്നതും കാര്യങ്ങളെ സങ്കീർണ്ണമാക്കും. ടി സി രാജേഷ് എഴുതുന്നു.

കലാപത്തിനു കാതോർത്ത് യുഡിഎഫ്

udfടി സി രാജേഷ്

തുടർ ഭരണം ഉറപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് നേരിട്ടത് കനത്ത തിരിച്ചടി. പ്രമുഖ മന്ത്രിമാരുൾപ്പെടെ തോൽക്കുകയും കുത്തകയെന്നു കരുതിയ സിറ്റിംഗ് സീറ്റുകളിൽ നല്ലൊരു പങ്ക് ഇടതുമുന്നണി പിടിച്ചെടുക്കുകയും ചെയ്തതോടെ യുഡിഎഫിനുള്ളിൽ പടപ്പുറപ്പാട് ഉറപ്പായി. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്ന ഏക സീറ്റ് ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റാണെങ്കിലും അവിടെ ദുർബലനായ സ്ഥാനാർഥിയെ നിറുത്തി ബിജെപിക്ക് അവസരമൊരുക്കിയെന്നതിന്റെ പാപഭാരവും ഇനി യുഡിഎഫ് ചുമക്കേണ്ടിവരും.


മുൻപെങ്ങുമില്ലാത്ത ആത്മവിശ്വാസത്തോടെ യുഡിഎഫും കോൺഗ്രസും തിരഞ്ഞെടുപ്പിനെ നേരിട്ട അവസരമായിരുന്നു ഇത്. വികസനത്തിന്റെ കാര്യത്തിൽ അധികാരമൊഴിയുന്ന സർക്കാർ മുൻപെങ്ങുമില്ലാത്ത നേട്ടമാണുണ്ടാക്കിയതെന്ന പ്രചാരണത്തെ കേരളത്തിലെ ജനങ്ങൾ ഇത്രയും നിഷ്‌കരുണം തള്ളിക്കളയുമെന്ന് അവർ കരുതിയില്ല. പാലായിൽ കെ.എം.മാണി വിജയിച്ചെങ്കിലും മന്ത്രിമാരായ കെ.ബാബു, ഷിബു ബേബി ജോൺ, കെ.പി.മോഹനൻ, സ്പീക്കർ എൻ. ശക്തൻ തുടങ്ങിയവരുടെയെല്ലാം പരാജയം യുഡിഎഫിന് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുന്നത്.

ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേക്കേറിയ ആർഎസ്പിയും ജനതാദൾ എസും തുടച്ചുനീക്കപ്പെടുകയും സിപിഎമ്മിൽ നിന്ന് അടർത്തിയെടുത്ത ശെൽവരാജ് തോൽക്കുകയും ചെയ്തതും യുഡിഎഫിന് താങ്ങാവുന്നതിനപ്പുറമുള്ള തിരിച്ചടിയാണ്.

യുഡിഎഫിലെ സ്ഥാനാർഥി നിർണയ സമയത്തുതന്നെ കെ.ബാബു ഉൾപ്പെടെയുള്ളവരുടെ കാര്യത്തിൽ വെല്ലുവിളി ഉയർത്തിയ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ഇനി പാർട്ടിക്കുള്ളിൽ ഉമ്മൻ ചാണ്ടിക്കെതിരെ കലാപക്കൊടി ഉയർത്താനുള്ള സാധ്യത ഏറെയാണ്. കോൺഗ്രസിനുള്ളിൽ ഏറെക്കാലമായി ശക്തിപ്പെട്ടു നിൽക്കുന്ന നേതൃമാറ്റം എന്ന ആവശ്യം കുറേക്കൂടി ശക്തമായി ഉയരും. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന പ്രസ്താവന മുൻകൂട്ടി ഇറക്കിയത് ഇതിന്റെ ഭാഗമാണ്.

ഉമ്മൻ ചാണ്ടി മാറിനിൽക്കുന്ന സാഹചര്യം വന്നാൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ട അടുത്ത പേര് രമേശ് ചെന്നിത്തലയുടേതാണ്. പക്ഷേ, എ ഗ്രൂപ്പിൽ നിന്ന് രമേശ് കടുത്ത എതിർപ്പു നേരിടുമെന്നുറപ്പാണ്.

യുഡിഎഫ് തോറ്റാൽ അതിന്റെ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്ന് ഉമ്മൻ ചാണ്ടി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. വലിയ തോൽവി സംഭവിച്ച സാഹചര്യത്തിൽ സർക്കാരിനെതിരെയുള്ള അഴിമതി ആക്ഷേപങ്ങൾ കാരണമായി എന്ന വിലയിരുത്തലുണ്ടാകുമെന്നുറപ്പാണ്. ബാർ കോഴ ആരോപണ വിധേയനായ കെ.ബാബുവിനേറ്റ പരാജയം ഈ ആക്രമണത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ബാബുവിനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്ന് നേരത്തേതന്നെ ആരോപണമുണ്ടായിരുന്നു. കെ.എം.മാണി ഉൾപ്പെടെയുള്ളവർ ഇക്കാരണത്താൽ ഉമ്മൻ ചാണ്ടിക്കെതിരെ വിരൽചൂണ്ടുമെന്നുറപ്പാണ്.

ഇരു ഗ്രൂപ്പുകൾക്കും അഭിമതനല്ലാത്ത കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ വിവാദനിലപാടുകളും വിശകലനത്തിനു വിധേയമാകും. സുധീരൻ തർക്കം ഉന്നയിച്ച അഞ്ചു സീറ്റുകളിൽ തൃപ്പൂണിത്തുറയിലും പാറശ്ശാലയിലും മാത്രമാണ് പരാജയപ്പെട്ടത്. കോന്നിയും ഇരിക്കൂറും കോൺഗ്രസ് വിജയിച്ചു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ മാറ്റിയെന്നതിൽ സുധീരനു സന്തോഷിക്കാം. നിലപാടിൽ പപ്പാതിയുള്ള വിജയമെന്നു വാദിച്ചുനിൽക്കാൻ സുധീരനു സാധിക്കുമെങ്കിലും പാർട്ടിയുടെ എതിർപ്പാണ് തന്റെ പരാജയത്തിനു കാരണമെന്ന് ബാബു പറഞ്ഞിട്ടുണ്ട്.

പൂർണമായിട്ടല്ലെങ്കിലും സുധീരന്റെ നിലപാടുകൾ വിമർശനത്തിനു വിധേയമാകും. പക്ഷേ, അതിനെയെല്ലാം ഭരണപരാജയവും അഴിമതിയും മറ്റ് വിവാദങ്ങളും ഉയർത്തിക്കാട്ടി നേരിടാൻ സുധീരനു വലിയ ബുദ്ധിമുട്ടുണ്ടാകില്ല. താൻ മാറ്റമാവശ്യപ്പെട്ട രണ്ടിടത്ത് സ്ഥാനാർഥികൾ തോറ്റകാര്യവും സുധീരന് ചൂണ്ടിക്കാണിക്കാനാകും.

ആകെയുള്ള സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസും മുസ്ലീംലീഗും തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്നതും യുഡിഎഫ് രാഷ്ട്രീയത്തെ ഇളക്കിമറിക്കാൻ പോന്നകാര്യമാണ്. കോൺഗ്രസ് 22 സീറ്റു നേടിയപ്പോൾ മുസ്ലീം ലീഗ് 18 സീറ്റുമായി തൊട്ടുപിന്നിലുണ്ട്. ഇതിലൂടെ മുന്നണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇനി ലീഗിന് സാധിക്കും. യുഡിഎഫിനുള്ളിൽ കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടതും ലീഗുമാത്രമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി യുഡിഎഫിലെത്തിയ ജനതാദളും ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പു കാലത്തെത്തിയ ആർഎസ്പിയും പൂർണമായി തുടച്ചുനീക്കപ്പെട്ടു കഴിഞ്ഞു.

ഇവർക്ക് രാജ്യസഭയിലും ലോക്‌സഭയിലുമായി ഓരോ എംപിമാർ ഉള്ളതു മാത്രമാണ് ആശ്വാസം. ഈ പാർട്ടികളുടെ സ്ഥാനാർഥികൾ പരാജയപ്പെട്ടത് അത്ര നിസ്സാരവോട്ടിനല്ലെന്നത് കോൺഗ്രസിന് ആശ്വാസം നൽകുന്നുണ്ട്. അല്ലായിരുന്നെങ്കിൽ ആ കുറ്റവും കോൺഗ്രസിന് ചുമക്കേണ്ടി വരുമായിരുന്നുവെന്നുറപ്പാണ്.

Read More >>