യുഡിഎഫിന്റെ ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിക്ക് തീവ്രവാദി ബന്ധമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം

മാറാട് കൂട്ടക്കൊല അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം നാരദാ ന്യൂസിന്. യുഡിഎഫിന്റെ ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിക്ക് തീവ്രവാദി ബന്ധം. മാറാട് ഗൂഢാലോചനാ കേസ് സിബിഐ അന്വേഷണം അട്ടിമറിച്ചതിന് പിന്നില്‍ ബിജെപി നേതാക്കളും കുഞ്ഞാലിക്കുട്ടിയും.

യുഡിഎഫിന്റെ ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിക്ക് തീവ്രവാദി ബന്ധമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആദം മുല്‍സി എംപിക്ക് പാക് തീവ്രവാദ ബന്ധമെന്ന് മാറാട് ഗൂഢാലോചന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍. 2003 ല്‍ കേരളത്തെ നടുക്കിയ മാറാട് കൂട്ടക്കൊല ഗൂഢാലോചന കേസ് അന്വേഷിച്ച കോഴിക്കോട് പോലീസ് സൂപ്രണ്ടായിരുന്ന സിഎം പ്രദീപ് കുമാര്‍ 14.1.2016 ന് കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് എംപി ആദം മുല്‍സിക്ക് 2006 ല്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ ചാരനായ ഫഹദുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നത്. കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് പിന്നീട് പ്രദീപ് കുമാറിനെ മാറ്റിയിരുന്നു.


മാറാട് കലാപത്തിലെ ഗൂഢാലോചനാ കേസിന്റെ അന്വേഷണ സമയത്ത് പരിശോധിച്ച ഫോണ്‍കോളുകളില്‍ നിന്നാണ് ഫഹദുമായി ആദം മുല്‍സിക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചതെന്നാണ് പ്രദീപ് കുമാര്‍ പറയുന്നത്. ആദം മുല്‍സിയുടെ നമ്പറില്‍ നിന്നും ഫഹദിന്റെ നമ്പറിലേക്ക് നിരവധി തവണ കോളുകള്‍ പോയതായി അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. മാറാട് കലാപവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. മാറാട് കൂട്ടക്കൊല ക്രൈം ബ്രാഞ്ച് കണ്ടെത്തിയത് പോലെ ഒന്നാം മാറാട് കലാപത്തിന് പ്രതികാരമായി ചെയ്തതല്ല എന്നും മറ്റ് പല ലക്ഷ്യങ്ങളും കലാപത്തിന് പിന്നിലുണ്ടായിരുന്നു.

Card


മാറാട് പ്രദേശത്ത് നടപ്പിലാക്കാന്‍ അപ്രായോഗികമായ നിരവധി പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരിന്റെ ജിം(ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റ്)ല്‍ അവതരിപ്പിച്ചിരുന്നുവെന്നും അത്തരം പദ്ധതികള്‍ക്കായി വന്‍ തോതില്‍ സ്ഥലം ആവശ്യമായി വന്നിരുന്നുവെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു. രണ്ടാം മാറാട് കലാപമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സ്ഥലം സന്ദര്‍ശിക്കുകയും കലാപത്തിനിരയായവര്‍ക്ക് ഗള്‍ഫില്‍ ജോലിയും ധനസഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കലാപ ബാധിത പ്രദേശത്ത് മുഖ്യമന്ത്രിക്കോ മറ്റ് ഉന്നത നേതാക്കള്‍ക്കോ പ്രദേശത്ത് കടന്നു ചെല്ലാന്‍ കഴിയുന്നതിന് മുമ്പായിരുന്നു കൈതപ്രത്തിന്റെ സന്ദര്‍ശനം.

ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങളോട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഗള്‍ഫിലെ പ്രമുഖ മലയാളി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് താന്‍ അവിടെ പോയതെന്നാണ് കൈതപ്രം പോലീസിന് മൊഴി നല്‍കിയത്. കൂടാതെ മുഹമ്മദലിയുടെ ക്ഷണപ്രകാരം ദുബായിലെ പാകിസ്ഥാനി പൗരന്റെ വീട്ടില്‍ നടന്ന വിരുന്നുസത്കാരത്തില്‍ കൈതപ്രവും പങ്കെടുത്തിരുന്നു. ആ സത്കാരത്തിനിടെ പാകിസ്ഥാനി-മലയാളി സൗഹൃദത്തെ പറ്റി സിനിമയെടുക്കുന്നതിന് കുറിച്ച് ധാരണയായിരുന്നതായും ഈ സിനിമയിലഭിനയിക്കാനായി ഒരു പാകിസ്ഥാനി പൗരന്‍ കോഴിക്കോട് വന്ന് താമസിച്ചിരുന്നെന്നും കൈതപ്രം പറഞ്ഞതായി സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഈ സിനിമയെക്കുറിച്ചോ പാക്കിസ്ഥാന്‍ പൗരനെക്കുറിച്ചോ പിന്നീട് യാതൊരു വിവരവും ഇല്ലെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.

ഇതുകൂടാതെ മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കുന്നതിനെ എതിര്‍ത്തിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാനത്തെ പ്രമുഖരായ ബിജെപി നേതാക്കളും സിബിഐ അന്വേഷണത്തെ അട്ടിമറിക്കാന്‍ കൂട്ടുനിന്നതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശ ബന്ധമുള്ള കേസായതിനാല്‍ സിബിഐയോ മറ്റേതെങ്കിലും കേന്ദ്ര ഏജന്‍സിയോ അന്വേഷിക്കണമെന്നാണ് പ്രദീപ് കുമാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നത്.


സുധീഷ്‌ സുധാകരൻ & രാം കുമാര്‍