യുഎഇയില്‍ അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ലൈസന്‍സ് സമ്പ്രദായം

വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം 2021 ഓടെ പൂര്‍ണമായും നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദി അറിയിച്ചു.

യുഎഇയില്‍ അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ലൈസന്‍സ് സമ്പ്രദായം

അബുദാബി:രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും ലൈസന്‍സ് ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അടുത്ത വര്‍ഷം തുടക്കമാകും. 2017ല്‍ ആരംഭിച്ച് 2021ഓടെ രാജ്യത്തെ മുഴുവന്‍ അധ്യാപകരെയും ലൈസന്‍സ് സമ്പ്രദായത്തിന് കീഴില്‍ കൊണ്ടുവരുകയാണ് ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പ്രൊഫഷനല്‍ ലൈസന്‍സ് സംവിധാനം 2021 ഓടെ പൂര്‍ണമായും നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ അല്‍ ഹമ്മാദി അറിയിച്ചു. അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍, കെ.എച്ച്. ഡി.എ, അബൂദബി സെന്‍റര്‍ ഫോര്‍ ടെക്നിക്കല്‍ ആന്‍റ് വൊക്കേഷനല്‍ എജുക്കേഷന്‍ ആന്‍റ് ട്രെയിനിങ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപൈ്ളഡ് ടെക്നോളജി തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


"അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ അധ്യാപകരെയും ലൈസന്‍സ് പരിധിയില്‍ കൊണ്ടു വരും. വിവിധ വിദ്യാഭ്യാസ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാകും പദ്ധതിയുടെ പ്രയോഗവത്കരണം. ഇതിനായി ദേശീയതലത്തില്‍ പരീക്ഷ ഏര്‍പ്പെടുത്തും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് അനുവദിക്കും."അല്‍ ഹമ്മാദി പറഞ്ഞു.

ബിരുദമുള്ളവര്‍ക്ക് മാത്രമേ പരീക്ഷ എഴുതാന്‍ കഴിയൂ. പരീക്ഷക്ക് അധ്യാപകരെ പ്രാപ്തരാക്കാന്‍ സര്‍വകലാശാലക്ക് കീഴില്‍ പ്രത്യേക പരിശീലനവും ഏര്‍പ്പെടുത്തും. പദ്ധതിയുടെ ആദ്യഘട്ടമായി 750 അധ്യാപകര്‍ക്ക് അടുത്ത വര്‍ഷം പരിശീലനം നല്‍കി പരീക്ഷക്ക് തയാറാക്കും.