ബൈക്കില്‍ പായുന്ന ഫെമിനിസം

പാന്റസും ജാക്കറ്റും ധരിച്ചു, ഹെൽമറ്റും വച്ച് ബുള്ളറ്റ് ഓടിക്കുന്ന സ്ത്രീകളെ പുരുഷൻമാർ മാത്രമല്ല, മറ്റ് സ്ത്രീരത്നങ്ങളും അൽപ്പം അസൂയയോടെ തന്നെ നോക്കി നിന്നു. ഇത്തവണയുള്ള അടക്കം പറച്ചിലുകൾ അൽപം വ്യത്യസ്തമായിരുന്നു.."ഇത് ശരിക്കും പെണ്ണാണോ അതോ ആണോ?"

ബൈക്കില്‍ പായുന്ന ഫെമിനിസം

"ഇത് എനിക്ക് സ്വാതന്ത്ര്യവും, ശക്തിയുമാണ്..." 48 വയസ്സുള്ള വൈശാലി പ്രതികരിച്ചു. ബൈക്കിൽ യാത്ര ചെയ്യാൻ ഏറെ ഇഷ്ടമാണ് വൈശാലിക്ക്. ഇതിലെന്താണിത്ര കൗതുകമെന്നാവും.600cc യിലധികം പവറുള്ള  മോട്ടോർ ബൈക്കുകളിൽ നീണ്ട യാത്രകൾ നടത്തുന്നതിനെ കുറിച്ചാണ് അവർ പറയുന്നത്. അത് പിൻസീറ്റ് ഡ്രൈവിംഗല്ല, ഹോണ്ടാ ആക്ടീവ ഡ്രൈവിംഗുമല്ല.., ഒന്നാന്തരം, സ്പോർട്ടസ് ബൈക്കുകളും ഹെവി മോട്ടോർ ബൈക്കുകളും മുൻ സീറ്റിലിരുന്നു ഓടിച്ചു പോകുന്നതിന്റെ ലഹരിയാണ് വൈശാലി വിവരിച്ചത്.


കാലത്തിന് മാറ്റം വന്നിട്ടുണ്ട്. ബഹു ഭൂരിപക്ഷം സ്ത്രീകളിൽ ഈ മാറ്റം പ്രകടമാണ്. സ്ത്രീകളും ബൈക്ക് യാത്രകളും അത്ര ചേർച്ചയിൽ അല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ബൈക്കിന്റെ പിൻസീറ്റിൽ ഇടതുവശത്തെയ്ക്ക് ദർശനം വാങ്ങി ഇരുന്ന ഫെമിനിസം, കൈനെറ്റിക് ഹോണ്ടയുടെ വരവോടെ ഇരുചക്ര നിയന്ത്രണത്തെ സായത്തമാക്കി.

വളയിട്ട കൈകൾക്ക് ഇണങ്ങും വിധം വാഹന നിയന്ത്രണത്തെ ചിട്ടപ്പെടുത്തിയ കൈ നെറ്റിക് ഹോണ്ട കൊണ്ടുവന്ന വിപ്ലവം അതിശയിപ്പിക്കുന്നതായിരുന്നു. ക്ലച്ചിനെ കുറിച്ചും ഗിയറിനെ കുറിച്ചും ആകുലതകൾ വേണ്ട. വാഹനത്തിൽ കയറാനും ഇറങ്ങാനും കാലുകൾ അകറ്റിയുള്ള പരാക്രമങ്ങളും വേണ്ട. അങ്ങനെ, മുൻ സീറ്റിൽ ഇരുന്നു പറയുന്ന ഫെമിനിസ്റ്റുകളെ നോക്കി '
കലികാലം...എന്നല്ലാതെ എന്ത്  പറയാന്‍ '
എന്നു നെടുവീർപ്പിട്ട നരച്ച തലകളെ അവഗണിച്ചു സ്ത്രീകൾ സഞ്ചാരസ്വാതന്ത്ര്യം വിപുലമാക്കി.

100cc താഴെ പവറുള്ള സ്കൂട്ടറുകളിൽ പായുന്ന വനിതകൾക്കിടയിലും, അന്നും ചില ഒറ്റപ്പെട്ട ബൈക്ക് യാത്രികരുണ്ടായിരുന്നു. പാന്റസും ജാക്കറ്റും ധരിച്ചു, ഹെൽമറ്റും വച്ച് ബുള്ളറ്റ് ഓടിക്കുന്ന സ്ത്രീകളെ പുരുഷൻമാർ മാത്രമല്ല, മറ്റ് സ്ത്രീരത്നങ്ങളും അൽപ്പം അസൂയയോടെ തന്നെ നോക്കി നിന്നു. ഇത്തവണയുള്ള അടക്കം പറച്ചിലുകൾ അൽപം വ്യത്യസ്തമായിരുന്നു..
"അത് ശരിക്കും പെണ്ണാണോ അതോ ആണോ?"


ഏറെ പിന്തുണ നൽകുന്ന വീട്ടുകാരും, അസാമാന്യമായ ഇച്ഛാശക്തിയും ഉള്ള സ്ത്രീകൾ മാത്രമാണ് അന്ന് മോട്ടോർ ബൈക്കുകൾ ഓടിച്ചിരുന്നത്. ബൈക്ക് യാത്രകൾ ഭാവിയിൽ ഗർഭധാരണത്തെ ബാധിക്കുമെന്ന് പറഞ്ഞു സമൂഹം നിരുൽസാഹപ്പെടുത്തിയ പെൺ സ്വപ്നങ്ങൾ ഇന്ന് നിരാശയോടെ ചില ഓര്‍മ്മകളിലേക്ക് മടങ്ങുന്നുണ്ടാവും.

എല്ലാറ്റിനും ഉപരിയായി സ്ത്രീ ജന്മങ്ങളുടെ അവതാരലക്ഷ്യം തന്നെ വിവാഹവും, ഗർഭധാരണവും, പ്രസവവും, വീട്ടു പരിപാലനമാണെന്നിരിക്കെ ബൈക്കുകൾ ഓടിക്കണമെന്ന് അവളുടെ ആഗ്രഹങ്ങൾ അതിമോഹങ്ങളും അസംബന്ധവുമായിരുന്നു. എളുപ്പത്തിൽ കൊഴിയുന്ന സ്വപ്നങ്ങളെ പെണ്ണിനുളളൂ എന്ന ധാരണ ശരിവയ്ക്കും വിധം അവൾ ഗിയർലെസ് വാഹനയാത്രകളിൽ സ്വതന്ത്രയായി വിഹരിച്ചു. മോട്ടോർ ബൈക്കുകളിൽ പായുന്ന പെൺകുട്ടികളുടെ ഗര്‍ഭധാരണവും അതിനെ തുടര്‍ന്ന് തകര്ന്നടിയുമെന്നു കരുതിയ അവളുടെ ഭാവിയുമോര്‍ത്തു ആശങ്കപ്പെടുവാനും അവര്‍ മറന്നില്ല.

ഇരുചക്രവാഹനങ്ങളുടെ രൂപവും, ഘടനയും മാറി. സ്കൂട്ടറും ബൈക്കും എന്ന വേർത്തിരിവുകൾക്കുമപ്പുറം പുതിയ മോഡലുകൾ ഇന്ത്യൻ നിരത്തിൽ പരിചിതമായി. ഹാർലി ഡേവിഡ്സൺ, ബി.എം.ഡബ്ല്യൂ മോട്ടോറാഡ്, ഡ്യൂക്കാറ്റി സ്ക്കാബ്ലർ തുടങ്ങിയ പല വിദേശികളും ഇന്ത്യൻ പാതകൾ കീഴടക്കുവാൻ തുടങ്ങി. അവയെ കീഴടക്കുവാനും ചില സ്ത്രീകളുണ്ടായിരുന്നു. 100cc ക്കപ്പുറം തങ്ങൾക്കും സ്വാതന്ത്ര്യമുണ്ടെന്ന് അവർ തെളിയിച്ചു. ഇപ്പോൾ അവർ എണ്ണത്തിൽ ഏറെയാണ്.

ആതിര മുരളി അവരിലൊരാളാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോട്ടോർ ബൈക്ക് സ്പോർട്സുകാരിയാണ് ഈ പെൺകുട്ടി. ഏറ്റവുമധികം വാഹന ലൈസൻസുകളുള്ള പ്രായം കുറഞ്ഞ വ്യക്തിയെന്ന URF റെക്കോർഡ് സ്വന്തമാക്കി ആതിര തന്റെ പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു. കേരളത്തിലെ ഇരുചക്രവാഹമോടിക്കുന്ന സ്ത്രീകളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു കൊണ്ടു ആതിര നൽകിയ സന്ദേശമിതായിരുന്നു -
"ഒരുമയുടെ ശക്തി നമ്മുക്ക് സൃഷ്ടിക്കാം, അങ്ങനെ സമൂഹവും വളരട്ടെ, ഇത് ഒരു പ്രചോദനമാകട്ടെ ..."


ശക്തിയേറിയമോട്ടോർ ബൈക്കുകളുടെ നിയന്ത്രണത്തിന് ശാരീരിക ബലം മാത്രം പോരാ. അവ പായിച്ച് മനസ്സ് പറയുന്ന ദിശയിലേക്ക് പോകാൻ ആത്മബലവും വേണം.അവൾക്കൊപ്പം നിൽക്കാൻ കരുത്തുറ്റ മനസ്സും!

'സ്ത്രീ സ്വാതന്ത്ര്യത്തിന്' ഇതിലും നല്ലൊരു മാർഗ്ഗമില്ലെന്നാണ് സ്ത്രീ റൈഡറുമാരുടെ കാഴ്ചപ്പാട്. അരുത് എന്ന വിലക്കുന്നതിനെ മറികടക്കുന്നതിന്റെ സന്തോഷം പലരിലും പ്രകടമാണ്. മാനസികമായ കരുത്തു മാത്രമല്ല, കായികമായ നിയന്ത്രണവും റൈഡിംഗ് നൽകുന്നു.സ്വപ്നങ്ങളെ പിന്തുടരുന്നതിലും സന്തോഷം മറ്റെന്തുണ്ട്?

ദീർഘദൂര യാത്രകൾ റൈഡിംഗ് ഭ്രമമുള്ള പുരുഷ സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ, ലിംഗ അസമത്വത്തിന്റെ ചിന്തകൾ പോലും ഉണ്ടാകാറില്ല. യാത്രകളിൽ ആണും പെണ്ണുമില്ല. തങ്ങളുടെ മോട്ടോർ ബൈക്കുകളെ അഗാധ പ്രണയിക്കുന്ന മനുഷ്യർ മാത്രമാണവർ.

വളകൾ ഊരി മാറ്റിയ ആ കൈകൾക്ക് ഇപ്പോൾ സ്പോർട്സ് വാച്ചുകളാണ് ചേർച്ച. സാരിയും ചുരിദാറും മാറ്റി പാന്റസും ജാക്കറ്റും അണിഞ്ഞിട്ടും അവൾക്ക് സൗന്ദര്യം ഒട്ടും മങ്ങിയിട്ടില്ല. കോലാപ്പൂരി ചെരുപ്പുകൾ വീടിന്റെ ഏതെങ്കിലും കോണിൽ കാണും. സ്പോർട്സ് ഷൂസും, ഹെൽമറ്റും ധരിച്ച്, ലൈസൻസും ഇതര രേഖകളും എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി അവൻ യാത്ര തുടങ്ങുന്നു.. നിങ്ങൾ നെറ്റി ചുളിക്കും മുമ്പേ അവൾ വാഹനം കിക്ക്സ്റ്റാർട്ട് ചെയ്തിട്ടുണ്ടാവും!