സ്വച്ഛ ഭാരതം എന്ന ദേശീയ തട്ടിപ്പ്

ഇത് കേരളം ആയതുകൊണ്ട് മാത്രമാണ് എത്ര മൂടിവെക്കാന്‍ ശ്രമിച്ചിട്ടും ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം പുറം ലോകം അറിഞ്ഞത്. മാലിന്യങ്ങള്‍ക്കിടയില്‍ ആദിവാസിക്കുട്ടി ഭക്ഷണം തിരയുമ്പോഴും അവിടെ മാധ്യമങ്ങള്‍ക്ക് എത്താനും അത് നിര്‍ഭയം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതും ഇത് കേരളം ആയതുകൊണ്ട് മാത്രമാണ്.

സ്വച്ഛ ഭാരതം എന്ന ദേശീയ തട്ടിപ്പ്

പി സി ജിബിന്‍
കേരളം സൊമാലിയ ആണെന്നാണ് പ്രധാനമന്ത്രി മോഡിയുടെ പുതിയ കണ്ടെത്തല്‍. പട്ടികജാതി വിഭാഗത്തിലെ കുട്ടികളുടെ മരണനിരക്കുമായി ബന്ധപ്പെട്ടുള്ള വാക്കുകള്‍ക്കിടയിലാണ് പ്രധാനമന്ത്രി 'സൊമാലിയന്‍ പരാമര്‍ശം' നടത്തിയത്. പക്ഷെ എല്ലാ കാര്യത്തിലും കേരളം സൊമാലിയ ആണെന്നും 'വഴികാണിക്കാന്‍' ബിജെപി എത്തിയാലേ കാര്യങ്ങള്‍ ശരിയാവുകയുള്ളൂ എന്ന രീതിയില്‍ ആണ് സംഘപരിവാര്‍ തിരഞ്ഞെടുപ്പ് പ്രചരണം. തിരഞ്ഞെടുപ്പുകളെ ശക്തി പ്രകടനത്തിനുള്ള വേദി എന്നതിനേക്കാള്‍ ഉപരി തങ്ങളുടെ ആശയപ്രചാരണത്തിനുള്ള ഇടമാക്കി മാറ്റുകയാണ് സംഘപരിവാര്‍.വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണം കിട്ടിയ ആളുകളെ കാണിക്കുന്നു എന്ന നിലയില്‍ ആണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോകള്‍ പോലും. കേന്ദ്രത്തിന്റെ പദ്ധതികള്‍ യഥാവിധി നടപ്പിലാക്കാത്ത ഇടത്/ഐക്യമുന്നണി സ്ഥാനാര്‍ത്ഥകള്‍ക്ക്  എതിരെയാണ് തങ്ങള്‍ മത്സരിക്കുന്നത് എന്നൊക്കെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്നത്. കേരളത്തെ വികസിപ്പിക്കാന്‍ കേന്ദ്രം കഴിഞ്ഞ രണ്ടു കൊല്ലം കൊണ്ട് ചെയ്ത കാര്യങ്ങള്‍ എടുത്തു നോക്കാം. എല്ലാ കണക്കുകളും എടുത്തു വിശകലനം ചെയ്യുക എന്നതിനേക്കാള്‍ നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച 'സ്വച്ഛ് ഭാരത്' കണക്കുകള്‍ തന്നെ വിശകലനം ചെയ്യാം.

സ്വതന്ത്ര ഇന്ത്യ രൂപീകൃതമായ കാലം മുതല്‍ കേരളത്തില്‍ കേന്ദ്ര ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച സകല ടോയ്‌ലറ്റുകളും 'സ്വച്ഛ് ഭാരത്' വഴി നിര്‍മിച്ചതാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. പദ്ധതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തില്‍ ഇതുവരെ സ്വച്ഛ് ഭാരത് വഴി 12,19,948 ശൗചാലയങ്ങള്‍ നിര്‍മിച്ചു എന്നാണ്! ചുരുക്കി പറഞ്ഞാല്‍ മലയാളിയെ ശൗചാലയത്തില്‍ 'കാര്യം' സാധിക്കാന്‍ പഠിപ്പിച്ചത് മോഡിജി ആണെന്ന് സാരം! 286.1864 കോടി രൂപയുടെ പദ്ധതി കേരളത്തില്‍ മാത്രം നടപ്പിലാക്കി എന്നാണ് റിപ്പോര്‍ട്ട്  കാര്ഡ് പറയുന്നത്. എന്നാല്‍ 45,000 ത്തോളം ശൗചാലയങ്ങളുടെ നിര്‍മാണം മാത്രമാണ് ഇതുവരെ തുടങ്ങിയിട്ടുള്ളത്. 2011ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം കേരളത്തില്‍ 3,70,385 വീടുകളില്‍ ആണ് ശൗചാലയങ്ങള്‍ ഇല്ലാത്തത്. എന്നാല്‍ കേന്ദ്ര കുടിവെള്ള സാനിറ്റേഷന്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്വച്ഛ് ഭാരത് മിഷന്റെ റിപ്പോര്ട്ട്  കാര്‍ഡോ ലഭ്യമാണ്. ഇത് പ്രകാരം നാല്‍പ്പത്തയ്യായിരം ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു എന്ന് പറയുന്നു. സ്വച്ഛ് ഭാരത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ശുചിത്വ മിഷന്‍ ആണ്. ഇവിടെനിന്നും വിവരാവകാശ പ്രവര്‍ത്തകര്‍ ശേഖരിച്ച കണക്കുകളും രസകരം തന്നെ. പന്ത്രണ്ട് ലക്ഷത്തില്‍ അധികം വരുന്ന അവകാശ വാദവും സെന്‍സക്‌സ് പ്രകാരമുള്ള കണക്കുകളും തമ്മിലുള്ള അന്തരം മൂന്നിരട്ടിയോളം ആണ്! ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും കണക്കുകള്‍ സംബന്ധിച്ച് ശുചിത്വ മിഷനില്‍ നിന്നും യാതൊരു വിധ വിശദീകരണവും വന്നിട്ടില്ല.
സെന്‍ട്രല്‍ റൂറല്‍ സാനിറ്റേഷന്‍ പ്രോഗ്രാം, നിര്‍മല്‍ ഭാരത് അഭിയാന്‍, ടോട്ടല്‍ സാനിറ്റേഷന്‍ കാമ്പയിന്‍ തുടങ്ങി മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ 1947 മുതല്‍ നടപ്പിലാക്കിയ നിരവധി പ്രോജക്ടുകളില്‍ നിര്‍മിച്ചിട്ടുള്ള ശൗച്യാലയങ്ങളുടെ കണക്കാണ് സ്വച്ഛ് ഭാരത്തിന്റെ പേരില്‍ പുറത്ത് വന്നിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.സ്വച്ഛ് ഭാരത്തിന്റെ അന്യ സംസ്ഥാനങ്ങളിലെ കണക്കുകളും ടോയിലെറ്റ് നിര്‍മാണവും കേരളത്തില്‍ ഉള്ളതിനേക്കാള്‍ ഭീകരം ആണ്. ഒഡീഷയിലെ ഖുര്‍ദ് ഖോര്‍ദ ജില്ലയിലെ ബലിപട്ടണ ഗ്രാമത്തില്‍ നിന്നും സുഹൃത്തും സാമൂഹ്യപ്രവര്‍ത്തകയും ആയ ഹിമബിന്ദു ചിന്തകുന്ദ പകര്‍ത്തിയ സ്വച്ഛ് ഭാരത് ടോയ്‌ലറ്റിന്റെ ചിത്രം നോക്കുക. നിര്‍മാണ ചിലവുകള്‍ ചുമരില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളം കിട്ടാക്കനിയായ ഈ ഗ്രാമത്തില്‍ നിര്‍മിച്ച ടോയ്‌ലെറ്റുകള്‍ ആരും ഇതുവരെയായി ഉപയോഗിച്ചിട്ടില്ല. ശൗചാലയത്തിന് പകരം കുഴല്‍ക്കിണര്‍ മതിയായിരുന്നു എന്നാണ് ഗ്രാമീണര്‍ പറയുന്നത്. കുടിക്കാന്‍ കഞ്ഞിപോലും ഇല്ലാത്തവന് സ്വര്‍ണപാത്രവും വെള്ളി കരണ്ടികളും നല്‍കിയിട്ടുണ്ട്. 'നോക്കൂ എന്റെ ജനത വിലകൂടിയ പാത്രങ്ങളില്‍ ആണ് ഭക്ഷണം കഴിക്കുന്നത്' എന്ന് പറഞ്ഞ ഒരു രാജാവ് ഒരിക്കലും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കണക്കുകള്‍ ഊതി വീര്‍പ്പിച്ച് കാണിച്ചും ഫോട്ടോഷോപ്പ് വികസനം കാണിച്ചും രാജ്യത്തെ 'സ്വര്‍ഗ രാജ്യം' ആക്കുന്ന മോഡി മാജിക്കിനോട് കിടപിടിക്കാന്‍ ഒരിക്കലും കേരളത്തിന് കഴിയില്ല. ഇത് കേരളം ആയതുകൊണ്ട് മാത്രമാണ് എത്ര മൂടിവെക്കാന്‍ ശ്രമിച്ചിട്ടും ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം പുറം ലോകം അറിഞ്ഞത്. മാലിന്യങ്ങള്‍ക്കിടയില്‍ ആദിവാസിക്കുട്ടി ഭക്ഷണം തിരയുമ്പോഴും അവിടെ മാധ്യമങ്ങള്‍ക്ക് എത്താനും അത് നിര്‍ഭയം റിപ്പോര്‍ട്ട്  ചെയ്യാന്‍ കഴിയുന്നതും ഇത് കേരളം ആയതുകൊണ്ട് മാത്രമാണ്.