ഫ, പുല്ലേ! എന്ന് സ്‌നേഹപൂർവം ജനാധിപത്യത്തോട് രാജ്യസഭയിൽ നിന്ന്

സുരേഷ് ഗോപി എന്ന ആഢ്യ നായർ നിങ്ങളെ പോലെ ഒരു നീക്ക് പോക്ക് സംഘിയല്ല, നല്ല ഒറിജിനൽ പത്തരമാറ്റാണ്. സിനിമാ നടന്മാരിൽ സംഘികൾ നമ്മുടെ കോമിക് രഘുവിനെ പോലെ പിന്നെയും ഒരുപാടുണ്ട്. അവരിൽനിന്ന് ഒരു സുരേഷ്ഗോപി മാത്രം രാജ്യസഭയിൽ എത്തിയതിന് പിന്നിൽ? അതാണ് ജനാധിപത്യത്തിന്റെ മുഖമടച്ചുള്ള വിശ്വവിഖ്യാതമായ ആ ആട്ട്. വിശാഖ് ശങ്കർ എഴുതുന്നു.

ഫ, പുല്ലേ! എന്ന് സ്‌നേഹപൂർവം ജനാധിപത്യത്തോട് രാജ്യസഭയിൽ നിന്ന്

വിശാഖ് ശങ്കർ

കല മനുഷ്യനെയും തിരിച്ചും സ്വാധീനിക്കുന്ന പ്രക്രിയ ഏകതാനമായ സൈദ്ധാന്തിക വിശകലനങ്ങൾക്ക് വഴങ്ങാനാകുന്നതിലും സങ്കീർണ്ണവും വൈരുദ്ധ്യാത്മകവുമാണ്. അവ ഓരോ കലയുടെയും സവിശേഷ സ്വഭാവങ്ങൾക്കനുസരിച്ച്, സ്ഥലകാലങ്ങളാൽ നിയന്ത്രിക്കപ്പെട്ട് പരിണമിച്ചുകൊണ്ടേയിരിക്കും. ഒരിക്കൽ ജനകീയമായിരുന്ന കലകൾ പിന്നീട് അങ്ങനെ അല്ലാതാകും. പുതിയ ചിലവ ആ സ്ഥാനം കയ്യടക്കും. ഇതിനൊന്നും സാമാന്യവൽക്കരിക്കാവുന്ന സൈദ്ധാന്തിക ചട്ടക്കൂടുകൾ കണ്ടെത്താനാവില്ല എന്നതാണ് സത്യം. എന്നാൽ ജീവിക്കുന്ന ഓരോ കലയും അതിന്റേതായ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ജനങ്ങളുമായി സംവദിക്കുകയും അതിലൂടെ പൊതുബോധവുമായി പ്രതിപ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ചില കലകൾക്ക് വൻ ജനപ്രിയത ലഭിക്കുമ്പോൾ മറ്റുചിലവയുടെ കാര്യത്തിൽ അത് ഭാഗികമാകുന്നതിന്റെയും കാരണവും പ്രേക്ഷകസമൂഹവും കലയും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളുടെ സവിശേഷതകൾ തന്നെയാണ്. അത്തരം സവിശേഷതകൾ തന്നെയാണ് സിനിമയെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ജനകീയ കലയാക്കി മാറ്റിയത്, ഈ നൂറ്റാണ്ടിന്റെ കലയായി അതിന്റെ തുടർച്ചയ്ക്ക് കളമൊരുക്കുന്നതും.

സിനിമ എന്നത് എന്നാൽ ഒരൊറ്റ വിഭാഗമായി, ഒരു ഭാവുകത്വപാഠത്തെ മാത്രം പിൻപറ്റി നിലനിന്നിരുന്ന ഒന്നുമല്ല. നിരവധി തരം സിനിമകൾ അതിന്റെ താരതമ്യേനെ ഹ്രസ്വമായ ചരിത്രത്തിനുള്ളിൽ തന്നെ നമുക്ക് കണ്ടെടുക്കാനാവും. അവയെ അവയുടെ ജനപ്രിയതയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാൽ മുഖ്യധാരാസിനിമ, സമാന്തരസിനിമ എന്ന രണ്ട് വിഛേദങ്ങളിൽ എത്താം. പൊതുബോധത്തെ രൂപീകരിക്കുകയും, അതിനൊത്ത് സ്വയം രൂപപ്പെടുകയും ചെയ്യുന്ന വാണിജ്യസിനിമ എന്ന് വിളിക്കുന്ന പാരമ്പര്യമാണ് മുഖ്യധാരാസിനിമയെങ്കിൽ സമാന്തരസിനിമ പൊതുബോധവുമായി കലഹിക്കുകയും അതിൽ ഭാഗികമായെങ്കിലും ചില തിരുത്തുകൾ വരുത്തുകയും അത്തരം ഒരു പ്രതിപ്രവർത്തന പാരമ്പര്യത്തിലൂടെ സ്വയം പരിഷ്‌കരിക്കുകയും ചെയ്യുന്ന ഒരു വിഭാഗവും.

ഇവ തമ്മിൽ കുറച്ചുകൂടി ലളിതമായ ഒരു വിഭജനം വേണമെങ്കിൽ മുഖ്യധാരാസിനിമ താര സിനിമകൾ ആണെന്ന് പറയാം. അത് താരങ്ങളെ സൃഷ്ടിക്കുന്നു, എന്നിട്ട് താരങ്ങളാൽ ഭരിക്കപ്പെടുന്നു. ഉള്ള താരങ്ങൾ പൊലിയുന്ന കണക്കിന് പിന്നെയും താരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അവരാൽ സിനിമാ വ്യവസായം ഭരിക്കപ്പെടുന്നു. സമാന്തര സിനിമയിൽ താരമില്ല. ഒരു താരം അതിൽ അഭിനയിച്ചെന്നിരിക്കും. അതിലൂടെ വന്ന ഒരു നടി/നടൻ പിന്നീട് താരമായെന്നും വരാം. പക്ഷേ സമാന്തര സിനിമയിൽ സിനിമയാവും സൂപ്പർ താരം .

പൊതുബോധവും താരാധിപത്യവും

പൊതുബോധം ഭരിക്കുന്ന വ്യവസ്ഥയിൽ അതിനെ മാനിപ്പുലേറ്റ് ചെയ്യാൻ സന്നദ്ധരായ വ്യക്തികളിലേക്കേ അധികാരം ചെന്നെത്തൂ. അതിന്റെ രീതിശാസ്ത്രം മേഖലകൾക്കനുസരിച്ച് വ്യത്യാസപ്പെടുമെന്ന് മാത്രം. രാഷ്ട്രീയത്തിൽ പ്രായവും നരയും അതിൽ തന്നെ ഒരു അധികാരമാകുന്നെങ്കിൽ കേരളത്തിന്റെ താരരാഷ്ട്രീയത്തിൽ അത് മറിച്ചാണ്. രാഷ്ട്രീയത്തിൽ നരച്ചവരുടെ വാക്കിന് എതിർവാ പാടില്ല എന്നാണെങ്കിൽ സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും മുകേഷും ജഗദീഷും സുരേഷ് ഗോപിയും ഒന്നും അൻപതുകളിലും അറുപതുകളിലും നരയ്ക്കില്ല. അതിനും എതിർവാ പാടില്ല. സംഭവം ചില നിഷ്ഠകളും ചര്യകളും, പിന്നെ പാരമ്പര്യവും ഒക്കെ ചേർന്ന ഒരത്ഭുതമാണ് !

സോൾട്ട് ആൻഡ് പെപ്പർ ഫാഷനാകുകയും, പരസ്യങ്ങളിൽ സിനിമാ താരങ്ങളെ ബഹുദൂരം പിന്തള്ളി മുമ്പിലെത്തിയ മുപ്പതുകൾ മാത്രം പ്രായമുള്ള മഹേന്ദ്ര സിങ്ങ് ധോണിയെ പോലുള്ള കായികതാരങ്ങൾ നരച്ച താടിയും മുടിയുമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടും നമ്മുടെ താരങ്ങൾക്ക് നരയ്ക്കില്ല, മുടിയും കൊഴിയില്ല, എല്ലാം കാച്ചെണ്ണയുടെ ഗുണം! പറഞ്ഞുവന്നത് കേരളീയ പൊതുബോധത്തിന്റെ നേർ പ്രതിനിധാനങ്ങളെ തേടേണ്ടത് അവർ കാലാകാലങ്ങളായി പരിപാലിച്ച് പോരുന്ന ജനപ്രിയ വ്യവസായത്തിലെ ജനപ്രിയ നായകരിലാണ് എന്നാണ്.

സംസ്‌കാരിക പഠനങ്ങൾ എന്ന ധാര അക്കാദമിക് തലങ്ങളിൽ ഫാഷനായതോടെ, അത്തരം പഠനങ്ങൾ പലതും വെറും സ്ഥൂലങ്ങളായെങ്കിലും, ആ ധാരയ്ക്ക് മംഗലശ്ശേരി നീലകണ്ഠന്മാർ പ്രതിനിധാനം ചെയ്യുന്ന കേരളീയ പൊതുബോധത്തിലെ ഫ്യൂഡൽ ജീർണ്ണതകളെ തുറന്നിടാനായി എന്നത് ഒരു വസ്തുതയാണ്. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ജനപ്രിയതയ്ക്ക് തുല്യമാകുന്നില്ല എന്നതിനാലാവാം പക്ഷേ നീലകണ്ഠനെ പോലെ തന്നെ പ്രതിലോമകരമായ ചില താരബിംബങ്ങൾ വേണ്ടത്ര വിശകലനം ചെയ്യപ്പെടാതെ പോയിട്ടുമുണ്ട്. അവയിൽ പ്രധാനം തൊണ്ണൂറുകളിൽ കൊട്ടക നിറഞ്ഞോടിയ സുരേഷ് ഗോപിയുടെ പോലീസ് സിനിമകളിലെ നായക സ്വരൂപങ്ങളാണ്.

പോലീസ് സിനിമകൾ

പഴയ പ്രേംനസീർ സിഐഡി സിനിമകൾ മുതൽ പൊലീസ് സിനിമകൾ മലയാളത്തിലെ ഒരു ജനപ്രിയ പ്രമേയമാണ്. എന്നാൽ അതിൽ വന്ന പരിണാമങ്ങൾ സവിശേഷ പഠനങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ് താനും. ജനാധിപത്യ വ്യവസ്ഥയിൽ ഭരണകൂടം എന്നതു പോലെ ബ്യുറോക്രസിയും തത്വത്തിൽ അധികാരിയായ പൊതുജനത്തിന്റെ സേവക വിഭാഗമാണെങ്കിലും പഴയ ഫ്യൂഡൽ ഹാങ്ങോവറുകളിൽ നിന്ന് ഇനിയും പൂർണ്ണമായി മോചനം നേടിയിട്ടില്ലാത്ത ഒരു സമൂഹം എന്ന നിലയിൽ നാം അവരെ കാണുന്നതും, അവർ നമ്മെ കാണുന്നതും തത്വത്തിന്റെ നേർവിപരീത തലത്തിലാണ്. യജമാന/സേവക ദ്വന്ദ്വം വച്ച് ജനാധിപത്യ സമൂഹത്തിലെ പൊതുജനവും ബ്യുറോക്രസിയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നത് പരമാവധി ഒരു റിവേഴ്‌സ് ഡിക്രിമിനേഷനേ ആകൂ എങ്കിലും ഫലത്തിൽ ഇവിടെ അതുപോലും സംഭവിക്കുന്നില്ല. മറിച്ച് സർക്കാർ ജീവനക്കാർ യജമാനരും അവരുടെ സേവനം തേടിവരുന്നവർ അവരുടെ പരിചാരകരും ആകേണ്ടി വരുന്ന അവസ്ഥ. ഇത് ഏറ്റവും നീചമായി പ്രതിഫലിക്കുന്ന ഒരിടമാണ് മറ്റൊരു സർക്കാർ ഓഫീസ് മാത്രമായ പോലീസ് സ്റ്റേഷൻ. അതുകൊണ്ട് തന്നെ പൊലീസും പൊതുസമൂഹവുമായുള്ള ബന്ധം വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒന്നാണ്. ഈ വൈരുദ്ധ്യം പൊലീസ് സിനിമകളിലും കാണാം.

സാധാരണ പോലിസുകാരൻ അന്നും ഇന്നും നമുക്ക് കൊമേഡിയനാണ്. അഴിമതി മുതൽ ആത്മാഭിമാനമില്ലായ്മ വരെയുള്ളതിന്റെയെല്ലാം പ്രതീകം. അയാളെ മാറി നിന്ന് അപഹസിക്കുമ്പോൾ ശരാശരി മലയാളി ഒരു 'വെറും' പോലീസുകാരനാണെന്നത് നമ്മൾ തിരിച്ചറിയുന്നുണ്ടോ എന്തോ! എന്തായാലും ഒരു സബ് ഇൻസ്‌പെക്ടർ എങ്കിലും ആകുന്നതോടെ നമ്മുടെ പോലീസ് കാഴ്ചപ്പാട് മാറുന്നു. അവിടന്നങ്ങോട്ട് എല്ലാവരും ചുരുങ്ങിയത് നായകരല്ലെങ്കിൽ വില്ലന്മാരെങ്കിലുമാണ്. നമ്മുടെ പോലീസ് സിനിമകളിൽ പോലീസുകാർ തന്നെയായ ഉപവില്ലന്മാർ കഴിച്ചാൽ ബാക്കി ഒക്കെയും പലതരം മുതലാളിമാർ, അതായത് കള്ളക്കടത്ത് മുതൽ പരിസ്ഥിതിക്കൊള്ള വരെ നടത്തി മുതൽ ആളുന്നവരായിരുന്നു ഒരു ദീർഘകാലം. ഇവരോടൊക്കെ ഒറ്റയാൾ പോരാട്ടം നടത്തി ജയിക്കുന്ന പൊലീസ് നായകന്മാർ പ്രേംനസീർ, ജയൻ തുടങ്ങി മമ്മൂട്ടി, മോഹൻലാൽ വരെയുള്ള നിരവധി താരദേഹങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടുമുണ്ട്.

അതിന് മാറ്റം വരുന്നത് തൊണ്ണൂറുകളോടെയാണ്. ഇവിടം മുതൽ വില്ലന്മാർ മാറി.അവരെ നേരിടുന്നതിന്റെ രീതിശാസ്ത്രം മാറി. മിക്കവാറും ജനപ്രതിനിധികളായി കേന്ദ്രവില്ലന്മാർ എന്നതിന് സമാന്തരമായി സംഭവിക്കുന്ന മറ്റൊരു മാറ്റമാണ് പഞ്ച് ഡയലോഗുകൾ കായികമായ പോർവിളികൾക്കപ്പുറം വില്ലന്റെയും നായകന്റെയും ഭൂതകാലങ്ങളെ കേന്ദ്രീകരിച്ചായി എന്നത്. മത്തി വിറ്റതും, ആക്രി പെറുക്കിയതുമായ വില്ലന്റെ ഭൂതകാലം അയാളുടെ നാവടപ്പിക്കാൻ തുടങ്ങി. അങ്ങനെ വിജയിച്ച സിനിമകളിൽ പലതിലും പല നായകന്മാരായിരുന്നുവെങ്കിലും അത്തരം സ്ലോമോഷൻ സഞ്ചാരങ്ങളിലൂടെ താരപദവി നേടിയത് ഒരൊറ്റ സുരേഷ് ഗോപി തന്നെ ആയിരുന്നു.

ക്ഷോഭങ്ങളെ അരാഷ്ട്രീയമാക്കിയ തൊണ്ണുറുകൾ

തൊണ്ണൂറുകളിൽ തിരശ്ശീലയിൽ നടന്ന യുദ്ധങ്ങളിൽ മിക്കവയിലും മുഖ്യവില്ലന്മാർ ജനപ്രതിനിധികൾ ആയിരുന്നു. അവരൊക്കെയും അപഹസിക്കപ്പെട്ടത് 'അപ്പന്റെ വകയായി' ഒന്നുമില്ലാതിരുന്ന ഭൂതകാലങ്ങളിലൂടെയും. മത്തി പെറുക്കിവിറ്റും, ആക്രിക്കച്ചവടം നടത്തിയും തുടങ്ങിയ ആണുങ്ങളുടെ വളർച്ചയൊക്കെ ഒരു നെടുങ്കൻ ഡയലോഗിലൂടെ അപഹാസ്യവൽക്കരിക്കപ്പെടുമ്പോൾ ഒപ്പം ഒരു ചതിയുടെ കഥകൂടെ കൂട്ടിച്ചേർക്കപ്പെടും. അധികാരം കയ്യാളുന്നത് പെണ്ണാണെങ്കിൽ അവളുടെ ജീവിതത്തിൽ നിന്ന് വ്യഭിചാരത്തിന്റെ ഒരു ആരോപണം കണ്ടെടുക്കപ്പെടും. ഒന്നിനും സ്ഥിരീകരണം വേണ്ട. നായകൻറെ സ്ലോ മോഷനിൽ നിന്ന് അത് നമ്മൾ വായിച്ചു കൊള്ളും.

സുരേഷ് ഗോപി സിനിമകളുടെ ഒരു രസസമവാക്യം ഇതായിരുന്നു.1992ൽ ഇറങ്ങിയ 'തലസ്ഥാനം' വൻവിജയമായി. തുടർന്ന് 'ഏകലവ്യൻ', 'മാഫിയ', 'കമ്മീഷണർ', 'ഭരത്ചന്ദ്രൻ ഐപിഎസ്' എന്നിങ്ങനെ നിരവധി ഹിറ്റുകൾ. തുടർന്ന് ജയരാജിന്റെ 'പൈതൃക'വും 'കളിയാട്ട'വും പോലെയുള്ള സിനിമകളിൽ അഭിനയിക്കുകയും കളിയാട്ടത്തിലെ പെരുമലയൻ വേഷത്തിന് സംസ്ഥാന, ദേശീയ അവർഡുകൾ ലഭിക്കുകയും ചെയ്തുവെങ്കിലും ഷാജി കൈലാസ്, രഞ്ജിപണിക്കർ കൂട്ടുകെട്ട് ഉണ്ടാക്കിയ പോലീസ് ഡ്രാമകളാണ് സുരേഷ് ഗോപിക്ക് താരമൂല്യവും ക്ഷുഭിതയൗവ്വന ഇമേജും ഒക്കെ നേടിക്കൊടുത്തത് എന്ന് വ്യക്തം .

അവയിൽ നിരന്തരം അപഹസിക്കപ്പെട്ടിരുന്നവരാണ് ജന പ്രതിനിധികൾ. അപൂർവ്വം ചില അപവാദങ്ങൾ മാറ്റിവച്ചാൽ ജനാധിപത്യവ്യവസ്ഥയിലൂടെ അധികാരത്തിൻറെ പ്രതിനിധാനം നേടിയ മിക്കവാറും പേരും എളിയ ഭൂതകാല പരിസരം ഉള്ളവരാണ്. ഇവരെ ഒക്കെയും ഒറ്റയടിക്ക് റദ്ദ് ചെയ്ത് അതിന് മേൽ പാരമ്പര്യ അധികാരത്തെ പരോക്ഷമായി സ്ഥാപിക്കുക എന്ന ഫ്യൂഡൽ വിടുപണി എടുക്കുന്ന 'നീലകണ്ഠൻ' സിനിമകളുടെ ഗണത്തിൽ തന്നെയാണ് ഇവയും പെടുന്നത്. ആകെ ഒരു വ്യത്യാസം ഉള്ളത് ഇത്തരം കഥാപാത്രങ്ങളെയും തീർച്ചയായും അവതരിപ്പിച്ചിട്ടുള്ള പ്രേംനസീർ, ജയൻ മുതൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് നായക വൃന്ദത്തിൽ ആരും ഇത്തരം സിനിമകളുടെ ബലത്തിൽ മാത്രം താരപദവി നേടിയവർ ആയിരുന്നില്ല എന്നതാണ്. സുരേഷ് ഗോപി എന്ന സൂപ്പർ താരം മേൽപറഞ്ഞ തരം സവിശേഷ പോലീസ് സിനിമകളിൽ നിന്ന് നിർമ്മിക്കപ്പെട്ടതാണ് എന്ന് മാത്രമല്ല അദ്ദേഹം ഏതാണ്ട് മുഖ്യധാരാസിനിമയിൽ നിന്ന് പുറത്തായി എന്ന് കരുതപ്പെട്ട കാലത്ത് മൃതസഞ്ജീവനി ആയതും 'ഭരത്ചന്ദ്രൻ ഐപിഎസ്' എന്ന മറ്റൊരു ടിപ്പിക്കൽ 'സുരേഷ് ഗോപി പോലീസ് സിനിമ' ആയിരുന്നു. അതിലും അടിമുടി രാഷ്ട്രീയക്കാരോടുള്ള കൊടും പുച്ഛം തന്നെയായിരുന്നു പ്രമേയവും.

താരം മാറി എം പി

സുരേഷ് ഗോപി എന്ന തൊണ്ണൂറുകളിൽ നമ്മുടെ വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിച്ച നമ്മുടെ സ്വന്തം 'ക്ഷുഭിത'യൗവ്വനം ഇനി നമുക്കായി പ്രകമ്പനം കൊള്ളിക്കാൻ പോകുന്നത് കൊട്ടകയെയോ, ടെലിവിഷനിലെ കോടീശ്വരൻ വേദിയെയോ ആയിരിക്കില്ല. 'എ ഷോർട്ട് ബ്രേക്ക്' എന്നതിന് 'ദേ പോയി ദാ വന്നു' എന്ന് തർജ്ജിമ ചമച്ചതിന്റെ പേരിലും ആയിരിക്കില്ല. പ്രകമ്പനം കൊള്ളുന്നത് സാക്ഷാൽ രാജ്യസഭയും അതിനിട്ട് തള്ളുന്നത് 'ക്ഷുഭിത'യൗവ്വനം കഴിയാത്ത ഒരു ക്ഷുഭിത മദ്ധ്യവയസുമാണ്. മലയാളിയുടെ സ്വന്തം സ്ലോ മോഷൻ സുരേഷ് ഗോപി രാജ്യസഭയിൽ എത്തുകയാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രതിനിധിയായി അദ്ദേഹം രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ട് ഒരു മാസം ആകുന്നു. രാജ്യസഭാംഗം എന്ന നിലയിൽ അദ്ദേഹം ഇനി ഭാവിയിൽ മന്ത്രിസഭയിലേക്കും എത്തിക്കൂടായ്കയില്ല. അങ്ങനെയെങ്കിൽ കേരളത്തിനും ലഭിക്കും താരശോഭയുള്ള ഒരു മന്ത്രി. നടന്നതെല്ലാം നല്ലതിന്. ഇനി നടക്കാനിരിക്കുന്നതും നല്ലതിന്. പക്ഷേ സുരേഷ് ഗോപിയെ സുരേഷ് ഗോപിയാക്കിത്തീർത്ത അദ്ദേഹത്തിന്റെ സിനിമാജീവിതവും, അതിലെ നിരവധി ജനപ്രിയകഥാപാത്രങ്ങളും, അവയെ ജനപ്രിയമാക്കി മാറ്റിയ അവയുടെ രാഷ്ട്രീയവും രാജ്യസഭയിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വേഷവും തമ്മിൽ ചില വൈരുദ്ധ്യങ്ങൾ ഇല്ലേ എന്ന ഒരു ശങ്ക ആർക്കെങ്കിലും ഉണ്ടായാൽ അത് തികച്ചും അന്യായമാണ് എന്ന് പറയാനും ആവില്ല.

ഒരു നടൻ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അയാളുടെ വ്യക്തിത്വത്തിന്റെ നേർ പ്രതിനിധാനങ്ങളല്ല എന്നത് ഒരു പ്രാഥമിക തത്വമാണ്. ഒരു സിനിമയിൽ വില്ലനായി, അല്ലെങ്കിൽ ഗുണ്ടയായി അഭിനയിച്ചത് ശ്രദ്ധിക്കപ്പെട്ടു എന്നതിനാൽ പിന്നെ ജീവിത കാലം മുഴുവൻ അത്തരം വേഷങ്ങൾ തന്നെ ആവർത്തിക്കേണ്ടി വന്ന നിരവധി മനുഷ്യർ കൂടി അടങ്ങുന്ന ഒരു സിനിമാ ചരിത്രത്തിൽ ആ തത്വം പ്രത്യേകിച്ചും പ്രസക്തമാണ്. ആ നിലയ്ക്ക് സുരേഷ് ഗോപി സിനിമയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ബാദ്ധ്യത ആ വ്യക്തിയിൽ വരുന്നതെങ്ങനെ എന്ന ചോദ്യം ന്യായമായും ഉയരും. പക്ഷേ മറുപടിയും ലളിതമാണ്. താരങ്ങൾ അവർ തിരഞ്ഞെടുത്തതായാലും, അവർക്ക് വീണുകിട്ടിയതായാലും ഒരു ഇമേജ് വിറ്റ് ജീവിക്കുന്നവരാണ്. ആ കച്ചവടത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. ഇല്ലെങ്കിൽ അന്തരിച്ച നടൻ മുരളിയെ പോലെ ലഭ്യമായ അവസരങ്ങൾ ഉപയോഗിച്ച് അത് അവർ വ്യക്തമാക്കണം. താൻ അഭിനയിച്ച സിനിമകളിൽ അല്ല, താൻ അഭിനയിച്ചതും അഭിനയിക്കാൻ കഴിയാതെ പോയതുമായ നാടകവേദികളിലും സങ്കൽപ്പങ്ങളിലും ആണ് തന്റെ കലാജീവിതം എന്നും സിനിമ അഷ്ടിവൃത്തിയ്ക്ക് ഒരു തൊഴിൽ ആയിരുന്നുവെന്നും പറയാനുള്ള ആർജ്ജവമെങ്കിലും കാണിക്കണം.

ജനാധിപത്യവും അപ്പന്റെ വകയും

പ്രജാവൽസലനായ രാജാവ് അയാളുടെ അപ്പന്റെ വകയായി കിട്ടിയ രാജ്യവും വിഭവങ്ങളും പ്രജകൾക്ക് കൂടി അൽപാൽപം വീതിച്ച് കൊടുക്കുന്ന ഏർപ്പാടായ രാജഭരണം മാറുകയും പകരം ജനാധിപത്യവ്യവസ്ഥ നിലവിൽ വരികയും ചെയ്തിട്ട് കാലമേറെയായി. ഈ വ്യവസ്ഥയിൽ ജനങ്ങളും ഭരണകൂടവും രണ്ടല്ല, ഒന്നാണ്. ഇവിടെ ഒരു ജനപ്രതിനിധിക്ക് അധികാരം ലഭിക്കുന്നത് അപ്പന്റെ വക എന്ന നിലയിലല്ല, ജനകീയ പ്രാതിനിധ്യ വ്യവസ്ഥയിലൂടെയാണ്. തങ്ങളുടെ വിഭവങ്ങൾ തങ്ങൾക്കിടയിൽ തുല്യമായി വിതരണം ചെയ്യപ്പെടാനും, തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനും ഉള്ള ഒരു വ്യവസ്ഥ എന്ന നിലയിലാണ് ജനങ്ങൾ ഒരു ജനാധിപത്യ സർക്കാരിന്റെ കയ്യിൽ അധികാരം എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ അധികാര വിനിയോഗത്തിന് തിരുത്തൽ ശക്തിയായി ഇതേ പ്രാതിനിധ്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന ഒരു പ്രതിപക്ഷവും കാണും. കൂടാതെ ഈ ഭരണ, പ്രതിപക്ഷങ്ങളിലെ പാർട്ടിയോ, പാർട്ടികളോ ഒക്കെയും അതിന്റെ അംഗങ്ങളും അനുഭാവികളും അടങ്ങുന്ന പൊതുജനത്തിന്റെ മേൽനോട്ടത്തിന് വിധേയമായിരിക്കുകയും ചെയ്യും.

ചുരുക്കി പറഞ്ഞാൽ രാജാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിൽ എത്തുന്നതോടെ 'അപ്പന്റെ വക' എന്ന വക ഇല്ലാതാകുന്നു. പാർട്ടിയോ മുന്നണിയോ സർക്കാരോ ഒന്നും ആരുടെയും അപ്പന്റെ വകയല്ല, നമ്മുടേതാണ് എന്ന്. പക്ഷേ ഇത് നമുക്ക് മേൽ മറ്റൊരു ഉത്തരവാദിത്തം കൂടി ഏൽപിക്കുന്നു. കാലികമായി നമ്മുടെ പ്രാതിനിദ്ധ്യാവകാശം നമ്മൾ ഏൽപിച്ച ഏതെങ്കിലും പ്രതിനിധി തന്റെ നിലമറന്ന് ഇതൊക്കെ അയാളുടെ അപ്പന്റെ വകയാണ് എന്ന നിലയിൽ ഏറ്റെടുക്കാൻ ശ്രമിച്ചാൽ അത് തടയുകയും അയാളെ ഇറക്കിവിടുകയും ചെയ്യാനാവശ്യമായ ഇടപെടലുകൾ നടത്താൻ നാം സദാ ജാഗരൂകരായിരിക്കണം എന്നതാണത്.

ഒരു വ്യവസ്ഥ എന്ന നിലയിൽ രാജാധിപത്യം ജനാധിപത്യത്തിന് വഴിമാറിയിട്ടും നമ്മൾ പൊതുജനം ഇപ്പോഴും പഴയ ഫ്യൂഡൽ രാജാധിപത്യ മൂല്യങ്ങളിൽ നിന്നുകൊണ്ടാണ് ജനാധിപത്യ സർക്കാരുകളെയും സംഘടനകളെയും നോക്കിക്കാണുന്നതും വിശകലനം ചെയ്യുന്നതും എന്നത് ദുഖകരമായ ഒരു യാഥാർത്ഥ്യമാണ്. ജനാധിപത്യവ്യവസ്ഥയിലെ രാഷ്ട്രിയ പ്രവർത്തകൻ എന്നത് ആ സമൂഹത്തെ ഏറ്റവും അരികിൽ നിന്ന് പ്രതിനിധാനം ചെയ്യുന്നവനാണ്. അയാളിൽ തുടങ്ങുന്ന ചങ്ങലയിലൂടെയാണ് പൊതുജനം അവരുടെ അധികാരം ഭരണകൂടത്തിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആ 'രാഷ്ട്രിയക്കാർ ' അപഹാസ്യരായാൽ യഥാർത്ഥത്തിൽ അപഹസിക്കപ്പെടുന്നത് നമ്മുടെ ജനാധിപത്യ അധികാരമാണ് എന്നതാണ് സത്യം. ഇത് മനസിലാക്കാതെയാണ് നാം എല്ലാറ്റിൽ നിന്നും മാറിനിന്ന് സർവ്വതിനെയും പരിഹസിച്ച് ചിരിക്കുന്നത്.

ഫ, പുല്ലേ!

ഈ ചിരിക്ക് പിന്നിൽ ഒരു ഫ്യൂഡൽ ദാസ്യ മനസ്ഥിതി മറഞ്ഞിരിപ്പുണ്ട്. അത് സകലതും തങ്ങൾക്കായി ചെയ്തുതരുന്ന നല്ലവനായ ഒരു പൊന്നുതമ്പുരാനെ ജനാധിപത്യത്തിലും തേടുന്നു. തങ്ങളുടെ ജനാധിപത്യപരമായ ഉത്തരവാദങ്ങളിൽ നിന്ന് മാറി നിന്നുകൊണ്ട് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായ ഒരു അതിഭൗതീക രക്ഷാധികാരിയെ തേടുന്നു, അതായത് ഫലത്തിൽ 'നല്ലവ'നായ ഒരു രാജാവിനെ, പ്രഭുവിനെ, വീരനെ തേടുന്നു. ഒരു രക്ഷാകർതൃബിംബത്തിന് വേണ്ടിയുള്ള നമ്മുടെ ഈ അരാഷ്ട്രീയ മദ്ധ്യവർഗ്ഗത്തിന്റെ കാത്തിരിപ്പുകൾക്ക് മുകളിലാണ് 'പാരമ്പര്യ'മില്ലാത്ത ജനപ്രതിനിധികളുടെ മുഖത്ത് 'ഫ, പുല്ലേ' എന്ന് ആട്ടുന്ന ക്ഷോഭിക്കുന്ന ആഢ്യ നായകൻ പിറക്കുന്നത്.

അത്തരമൊന്ന് കേവലം ഒരു തിരശീലാബിംബം മാത്രമല്ല, ഒരു മാതൃകയാണ്. ഇന്ത്യയാകെ പടർന്ന് പിടിച്ച ബീഫ് വിവാദത്തിനോട് 'ഞാനും എന്റെ കുടുംബവും ബീഫ് വീട്ടിൽ കയറ്റാറില്ല' എന്ന് പ്രതികരിച്ച താരനായകൻ അയാളുടെ താരപ്രതിനിധാനങ്ങളിൽ നിന്ന് വേറിട്ടതല്ല തന്റെ വ്യക്തിത്വവും എന്ന് അടിവരയിടുകയാണ്. ഇതിനെ സുരേഷ് ഗോപിയും കുടുംബവും മാട്ടിറച്ചി ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട് അവർ അതിനെ വീട്ടിൽ കയറ്റുന്നില്ല എന്ന വാദം കൊണ്ട് പ്രതിരോധിക്കാൻ കേരളത്തിലെ സംഘികളെങ്കിലും ശ്രമിച്ചേക്കാം. അവർക്കിട്ടാണ് 'ഫ, പുല്ലേ' എന്ന ആട്ട്.

സുരേഷ് ഗോപി എന്ന ആഢ്യ നായർ നിങ്ങളെ പോലെ ഒരു നീക്ക് പോക്ക് സംഘിയല്ല, നല്ല ഒറിജിനൽ പത്തരമാറ്റാണ്. സിനിമാ നടന്മാരിൽ സംഘികൾ നമ്മുടെ കോമിക് രഘുവിനെ പോലെ പിന്നെയും ഒരുപാടുണ്ട്. അവരിൽനിന്ന് ഒരു സുരേഷ്ഗോപി മാത്രം രാജ്യസഭയിൽ എത്തിയതിന് പിന്നിൽ? അതാണ് ജനാധിപത്യത്തിന്റെ മുഖമടച്ചുള്ള വിശ്വവിഖ്യാതമായ ആ ആട്ട്.

Story by