ജിഷ വധക്കേസ്; രണ്ടു ദിവസത്തിനകം പ്രതികളെ പിടിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് ശോഭ സുരേന്ദ്രന്‍

തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ ജോലിക്കു നിന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു വരുന്നതായും ശോഭ സുരേന്ദ്രന്‍ നാരദ ന്യൂസിനോട്

ജിഷ വധക്കേസ്; രണ്ടു ദിവസത്തിനകം പ്രതികളെ പിടിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് ശോഭ സുരേന്ദ്രന്‍

പാലക്കാട്: ജിഷ വധക്കേസില്‍  പ്രതികളെ പിടികൂടാത്തത് ചില ഉന്നതരെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷം പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു, രണ്ടു ദിവസത്തിനകം ഇനി പോലീസിന് പ്രതികളെ പിടിക്കാന്‍ കഴിയുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ്.

അതിന് കഴിഞ്ഞില്ലെങ്കില്‍ ഇടത് സര്‍ക്കാരും യു ഡി എഫും തമ്മില്‍ ഒത്തു കളിക്കുകയാണെന്ന് സംശയിക്കണം. നിര്‍ഭയ കേസിലെ എല്ലാ പ്രതികളേയും രണ്ട് ദിവസം കൊണ്ടാണ് പിടികൂടിയത്. സത്യസന്ധമായി അന്വേഷിച്ചാല്‍ പ്രതികളെ പിടിക്കാന്‍ രണ്ടു ദിവസം മതി. രണ്ട് ദിവസത്തിനകം പ്രതികളെ പിടിച്ചില്ലെങ്കില്‍ ബി ജെ പി ശക്തമായി പ്രക്ഷോഭത്തിനിറങ്ങുമെന്ന് ശോഭ സുരേന്ദ്രന്‍ നാരദ ന്യൂസിനോട് പറഞ്ഞു.


ഇതുവരെയുള്ള കേരള രാഷട്രീയത്തില്‍ യു ഡി എഫും. എല്‍ ഡി എഫും തമ്മിലുള്ള ഒത്തുതീര്‍പ്പാണ് കണ്ടിട്ടുള്ളത്. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നശേഷം ജിഷ വധക്കേസ് പ്രതികളെ പിടിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ നടത്തി വന്ന സമരം പിന്‍വലിച്ചു. സൂര്യനെല്ലി, വിതുര, തോപ്പുംപടി തുടങ്ങിയ പീഡന കേസുകളിലെ പ്രതികളെയൊന്നും ഒരു സര്‍ക്കാരും പിടിച്ചിട്ടില്ല. അത്തരമൊരു ഒത്തു തീര്‍പ്പ് ഈ കേസിലും ഉണ്ടാകുമൊയെന്ന് സംശയമുണ്ടെന്ന് അവര്‍ പറഞ്ഞു.

പി പി തങ്കച്ചന്‍ ജിഷയുടെ പിതാവാണെന്നും തങ്കച്ചന്റെ അറിവോടെയാണ് ജിഷയുടെ കൊല നടത്തിയതെന്നുമുള്ള ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍ നാരദ ന്യൂസ് വാര്‍ത്തായാക്കിയിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്ന് പി പി തങ്കച്ചന്‍ ഇത് നിഷേധിക്കുകയും ആരോപണം ഉന്നയിച്ച ജോമോനെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇതിനെ കുറിച്ചും ശോഭ സുരേന്ദ്രന്‍ നാരദ ന്യൂസിനോട് പ്രതികരിച്ചു.

തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ ജോലിക്കു നിന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ബി ജെ പിയും അന്വേഷിച്ചു വരുന്നുണ്ടെന്നും രണ്ട് ദിവസത്തിനകം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Read More >>