നടന്‍ ശശി കപൂറിന്റെ ജീവചരിത്രം പുറത്തിറങ്ങി

'ശശി കപൂര്‍- ദി ഹൗസ്ഹോള്ഡര്‍, ദി സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകയായ അസീം ചബ്രയാണ്

നടന്‍ ശശി കപൂറിന്റെ ജീവചരിത്രം പുറത്തിറങ്ങി

പഴയ കാല ഹിന്ദി നടനും ദാദ സാഹിബ് ഫാല്‍കെ  ജേതാവുമായ ശശി കപൂറിന്റെ ജീവചരിത്രം പുറത്തിറങ്ങി. 'ശശി കപൂര്‍- ദി ഹൗസ്ഹോള്ഡര്‍, ദി സ്റ്റാര്‍' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകയായ അസീം ചബ്രയാണ്.

78-കാരനായ ശശി കപൂറിന്റെ ചലച്ചിത്ര ജീവിതത്തിനും വ്യക്തിജീവിതത്തിനും ഒരേപോലെ ഊന്നല്‍ കൊടുത്താണ് ജീവചരിത്രം രചിച്ചിരിക്കുന്നത് എന്നാണു അസീം ചബ്ര പുസ്തകപ്രകാശന വേളയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഹിന്ദി സിനിമയുടെ കുലപതികളായ കപൂര്‍ കുടുംബത്തില്‍ ജനിച്ച ശശി കപൂര്‍ ബാലതാരമായാണ് ചലച്ചിത്രലോകത്തു അരങ്ങേറ്റം കുറിച്ചത്.


തുടര്‍ന്ന് 1961-ല്‍ പുറത്തിറങ്ങിയ 'ധര്‍മ്മപുത്ര' എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായ  ശശി കപൂര്‍ വളരെ പെട്ടെന്ന് തന്നെ അക്കാലത്തെ ഒന്നാം നിര നായകന്മാരില്‍ ഒരാളായി മാറി. 116 ചിത്രങ്ങളിലോളം അദ്ദേഹത്തിന് നായകവേഷം അണിയാന്‍  സാധിച്ചു. 'കഭി കഭി' , 'വക്ത്' , 'ത്രിശൂല്‍' , 'സത്യം ശിവം സുന്ദരം' , 'ക്രോധി' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങള്‍. 1960-80 കാലഘട്ടങ്ങളില്‍ ഉടനീളം തന്റെ താരപദവി നിലനിര്‍ത്തിയ അദ്ദേഹം  2 ഹോളിവുഡ് ചിത്രങ്ങളിലും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.

ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തെ 'പദ്മഭൂഷണ്‍', 'ദാദ സാഹിബ്‌ ഫാല്‍ക്കെ' തുടങ്ങിയ പരമോന്നത പുരസ്ക്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.