സൗദിയുമായി നയതന്ത്ര തര്‍ക്കം; ഇറാന് ഹജ്ജ് നഷ്ടമാകും

സൗദിയില്‍ ശിയാ പണ്ഡിതനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഇറാനിലുണ്ടായ പ്രതിഷേധത്തില്‍ സൗദി എംബസി അഗ്നിക്കിരയായിരുന്നു.

സൗദിയുമായി നയതന്ത്ര തര്‍ക്കം; ഇറാന് ഹജ്ജ് നഷ്ടമാകും

തെഹ്‌റാന്‍:സൗദിയുമായുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന്ഇറാന് ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം നഷ്ടമായേക്കും.

സൗദി അറേബ്യയുമായി ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രിയാണ് മാധ്യമങ്ങളെ അറിയിച്ചത്. കടുത്തതും അനുചിതവുമായ നിലപാടുകളാണ് സൗദി സ്വീകരിച്ചതെന്നും മന്ത്രി ആരോപിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കാന്‍ ഇറാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സൗദി അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇറാന്‍ പൗരന്‍മാര്‍ക്ക് മറ്റു രാജ്യങ്ങളിലൂടെ വിസയ്ക്ക് അപേക്ഷ നല്‍കണമെന്നാണ് സൗദിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയും ഇറാനുമായുള്ള നയതന്ത്രബന്ധം കഴിഞ്ഞ ജനുവരിയില്‍ വിച്ഛേദിച്ചിരുന്നു. സൗദിയിലേക്കുള്ള വിമാന സര്‍വീസും റദ്ദാക്കിയിരിക്കുകയാണ്. സൗദിയില്‍ ശിയാ പണ്ഡിതനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഇറാനിലുണ്ടായ പ്രതിഷേധത്തില്‍ സൗദി എംബസി അഗ്നിക്കിരയായിരുന്നു. തുടര്‍ന്നാണ് സൗദി ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്.