'സര്‍ക്കാര്‍' മൂന്നാം ഭാഗം ഒരുങ്ങുന്നു

ശിവ സേന തലവന്‍ ബാല്‍ താക്കറെയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ടാണ് രം ഗോപാല്‍ വര്‍മ്മ ആദ്യ രണ്ടു ഭാഗങ്ങളും ഒരുക്കിയത്

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍ സുഭാഷ് നാഗ്രെ എന്ന കരുത്തനായ മറാത്തി രാഷ്ട്രീയ നേതാവിനെ  അവതരിപ്പിക്കുന്ന 'സര്‍ക്കാര്‍' മൂന്നാം ഭാഗം ഒരുങ്ങുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ ,കത്രിന കൈഫ്‌ തുടങ്ങിയവര്‍ അഭിനയിച്ച് 2005-ല്‍ പുറത്തിറങ്ങിയ സര്‍ക്കാരും 2008-ല്‍ പുറത്തിറങ്ങിയ , അമിതാഭും അഭിഷേകും ഐശ്വര്യ റായിയും ഒന്നിച്ച 'സര്‍ക്കാര്‍ രാജും' ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരേപോലെ സ്വന്തമാക്കിയ ചിത്രങ്ങളാണ്.


ശിവ സേന തലവന്‍ ബാല്‍ താക്കറെയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ഭാഗികമായി പ്രചോദനം ഉള്‍ക്കൊണ്ടാണ് രം ഗോപാല്‍ വര്‍മ്മ ആദ്യ രണ്ടു ഭാഗങ്ങളും ഒരുക്കിയത്. വിഖ്യാത സാഹിത്യ സൃഷ്ടിയായ 'ഗോഡ്ഫാദര്‍' എന്ന മാറിയോ പ്യൂസോ നോവലില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും വര്‍മ്മ ഈ ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പുതിയ ചിത്രത്തിന്റെ തിരക്കഥയെക്കുറിച്ചോ താരങ്ങള്‍ ആരെന്നതിനെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അമിതാഭ് ബച്ചന്‍ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ തവണ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് എന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 'നിശബ്ദ്' , 'ആഗ്', 'രണ്', 'ഡര്‍ന സരൂരി ഹൈ' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ തിരക്കഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നും പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും രാം ഗോപാല്‍ വര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു.