സാനിയ മിര്‍സയുടെ ജീവചരിത്രം ജൂലൈയില്‍

ലോക ടെന്നിസില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച കായിക താരം സാനിയ മിര്‍സയുടെ ജീവചരിത്രം ഒരുങ്ങുന്നു

സാനിയ മിര്‍സയുടെ ജീവചരിത്രം ജൂലൈയില്‍

ലോക ടെന്നിസില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച കായിക  താരം സാനിയ മിര്‍സയുടെ ജീവചരിത്രം ഒരുങ്ങുന്നു. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന ജീവചരിത്രം രചിക്കുന്നത്‌ സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സയും മാധ്യമ പ്രവര്‍ത്തകയായ ശിവാനി ഗുപ്തയും ചേര്‍ന്നാണ്.

'ഏയ്‌സ് അഗൈന്‍സ്റ്റ്‌ ഓഡ്സ്' എന്നാണു ജീവചരിത്രത്തിന്  നാമകരണം ചെയ്തിരിക്കുന്നത്. 4൦ അദ്ധ്യായങ്ങള്‍ അടങ്ങിയിരിക്കുന്ന പുസ്തകത്തില്‍ ഹൈദെരാബാദിലെ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് ഇന്ന്  ലോക വനിതാ ഡബിള്‍സില്‍ ഒന്നാം നമ്പര്‍ താരം  എന്ന പദവിയില്‍ എത്തിനില്‍ക്കുന്ന  സാനിയയുടെ ജൈത്രയാത്രയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. 16 വയസ്സില്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറ്റം കുറിച്ച സാനിയ 3൦-ആം വയസ്സില്‍ എത്തിനില്‍ക്കുമ്പോള്‍ അഭിമാനിക്കാനായി അവരുടെ പക്കല്‍ വിജയങ്ങളും ബഹുമതികളും  ഏറെയുണ്ട്.


എന്നാല്‍ ഈ യാത്രയില്‍ സാനിയക്ക് നിരവധി പ്രതിസന്ധികളും തരണം ചെയ്യേണ്ടി വന്നു. പാകിസ്ഥാനി ക്രിക്കറ്റ് താരമായ ശുഐബ് മാലികുമായുള്ള വിവാഹത്തെ തുടർന്ന് രാജ്യദ്രോഹി എന്ന് ശിവ സേന നേതാവ് ബാല്‍ താക്കറെയാല്‍ ആക്ഷേപിക്കപ്പെട്ടതുമുതല്‍ മുസ്ലിമായതിനാല്‍  ശരീരം തുറന്നുകാട്ടുന്ന വസ്ത്രങ്ങളിട്ടു പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടു കളിക്കുന്നതില്‍ ഇസ്ലാം പുരോഹിത സമൂഹം ഏര്‍പ്പെടുത്തിയ വിലക്ക് വരെ സാനിയയെ ചുറ്റിപ്പറ്റിയ എല്ലാ  വിവാദങ്ങളും ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷിച്ചവയാണ്. വൈകിയെങ്കിലും ഈ വിവാദങ്ങളില്‍ തന്റെ ഭാഗം എന്തെന്ന് ജനങ്ങളോട് വിശദീകരിക്കാനുള്ള ഒരു അവസരം കൂടിയാണ് സാനിയക്ക് ഈ ജീവചരിത്രം  എന്നാണു  സാനിയയുടെ അച്ഛനും പുസ്തകത്തിന്റെ രചയിതാവുമായ  ഇമ്രാന്‍ പറയുന്നത്.

തന്റെ ജീവിതകഥ വരുന്ന തലമുറയ്ക്ക്  പ്രചോദനം ആകും എന്ന വിശ്വാസത്തിലാണ് സാനിയ. പുസ്തകം ജൂലൈയില്‍ പുറത്തിറങ്ങും എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വാര്‍ത്ത.

Read More >>