സലിം കുമാര്‍ 'അമ്മ'യില്‍ നിന്നും രാജി വെച്ചു

" താരപോരാട്ടത്തില്‍ പക്ഷം പിടിക്കരുത് എന്ന് സംഘടനയില്‍ നിന്നും നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിച്ചതിനാലാണ് ഞാന്‍ രാജി വെച്ചത്"

സലിം കുമാര്‍

നടന്‍ സലിം കുമാര്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ നിന്നും രാജി വെച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ താര സ്ഥാനാര്‍ഥികള്‍ക്ക്  വേണ്ടി മറ്റു താരങ്ങള്‍ പ്രചാരണത്തിന് ഇറങ്ങിയതില്‍ പ്രതിഷേധിച്ചാണ് സലിം കുമാറിന്റെ  ഈ രാജി.

" താരപോരാട്ടത്തില്‍ പക്ഷം പിടിക്കരുത് എന്ന് സംഘടനയില്‍ നിന്നും നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിച്ചതിനാലാണ് ഞാന്‍ രാജി വെച്ചത്"-സലിം കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പത്തനാപുരത്ത് ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഗണേഷ് കുമാറിന്  വേണ്ടി പല ചലച്ചിത്ര താരങ്ങളും പ്രചരണത്തിനിറങ്ങിയിരുന്നു. 'അമ്മ'യുടെ ഭാരവാഹി  കൂടിയായ മോഹന്‍ലാലും സംവിധായകനായ പ്രിയദര്‍ശനും ഗണേഷ്കുമാറിന് വേണ്ടി പ്രചരണം നടത്താന്‍ ഇന്നലെ പത്തനാപുരത്ത് എത്തിയിരുന്നു. ഗണേഷിന് വോട്ട് ചെയ്യണമെന്നു ജനങ്ങളോട് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇതാണ് സലിംകുമാറിനെ ചൊടിപ്പിച്ചത്.

സലിംകുമാറിന്റെ തീരുമാനത്തെ പിന്തുണച്ചു പത്തനാപുരത്തെ കോണ്ഗ്രസ്സ് സ്ഥാനാര്‍ഥിയായ നടന്‍ ജഗദീഷും രംഗത്ത് എത്തിയിട്ടുണ്ട്. സലിം കുമാറിന് മാത്രമല്ല സംഘടനയിലെ പലര്‍ക്കും മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്‍റെയും പ്രവൃത്തി വേദനയുളവാക്കിയതായും ജഗദീഷ് മാധ്യമങ്ങളോട് വിശദീകരിച്ചു.