മറാത്തി സിനിമയില്‍ ചരിത്രമെഴുതി 'സൈറത്ത്'

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുരഭിമാനക്കൊലയെപ്പറ്റിയാണ് ചിത്രം പ്രതിപാദിക്കുന്നത്

മറാത്തി സിനിമയില്‍ ചരിത്രമെഴുതിമറാത്തി സംവിധായകന്‍ നാഗരാജ് മഞ്ചുളെയുടെ  'സൈറത്ത്' എന്ന സിനിമ മൂന്നാഴ്ച്ച കൊണ്ട് നേടിയത് 65 കോടി രൂപ. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മറാത്തി ഫിലിം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ചിത്രം ബോളിവുഡിലും വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്. ചിത്രം കണ്ട ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ ,ഇര്‍ഫാന്‍ ഖാന്‍, റിതേഷ് ദേശ്മുഖ് തുടങ്ങിയ പല പ്രമുഖരും ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ഇന്നത്തെ യുവാക്കള്‍ക്ക് ഒരു പാഠമായിരിക്കണം എന്നാണു ഇവരില്‍ പലരും അഭിപ്രായപ്പെടുന്നത്.


പുതുമുഖങ്ങളായ ആകാശ് തോസര്‍, റിങ്കു രാജ്ഗുരു എന്നിവര്‍  കേന്ദ്രകഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുരഭിമാനക്കൊലയെപ്പറ്റിയാണ് പ്രതിപാദിക്കുന്നത്. സമുദായ വിലക്കുകളെ പൊട്ടിച്ചെറിഞ്ഞു പ്രണയിക്കാന്‍ ശ്രമിക്കുന്ന രണ്ടു യുവ കമിതാക്കളുടെ ഹൃദയസ്പര്‍ശിയായ കഥ പറയുന്ന ചിത്രം തികച്ചും തുച്ചമായ ബജറ്റിലാണ് നിര്‍മ്മിച്ചത്. എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ചു ചിത്രം ചരിത്ര വിജയം സ്വന്തമാക്കിയ  സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കുവച്ചത് ലാഭത്തിന്റെ പങ്ക് അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും കൂടി നല്‍കിയാണ്.  മികച്ച നിരൂപക പ്രശംസയും നേടിക്കൊണ്ട് ചിത്രം  നിറഞ്ഞ സദസ്സില്‍  പ്രദര്‍ശനം തുടരുന്നു.