'സബാഷ് നായിഡു'വിന്‍റെ ചിത്രീകരണം ലോസ് ഏന്‍ജല്സില്‍ ആരംഭിച്ചു

'ദശാവതാരം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിച്ച ബലറാം നായിഡു എന്ന പോലീസ് ഉദ്യോഗസ്ഥനെ ചിത്രത്തിലൂടെ അദ്ദേഹം പുനവതരിപ്പിക്കുകയാണ്.

ടി കെ രാജീവ്കുമാറും കമലഹാസനും ഒന്നിക്കുന്ന ഏറ്റവും പുതിയ  ചിത്രം 'സബാഷ് നായിഡു'വിന്‍റെ ചിത്രീകരണം ലോസ് ഏന്‍ജല്സില്‍ ആരംഭിച്ചു. കമലഹാസന്‍ തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം തന്റെ ട്വിറ്റെര്‍ പേജിലൂടെ ആരാധകരെ അറിയിച്ചത്.

'ദശാവതാരം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിച്ച ബലറാം നായിഡു എന്ന പോലീസ് ഉദ്യോഗസ്ഥനെ ചിത്രത്തിലൂടെ അദ്ദേഹം പുനവതരിപ്പിക്കുകയാണ്. കമലഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളായി അഭിനയിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഇളയ മകള്‍ അക്ഷര ഹാസന്‍ ചിത്രത്തില്‍ സഹ സംവിധായികയായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഇളയരാജയാണ്.


രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമലഹാസന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍, ബ്രഹ്മാനന്ദന്‍, സൌരഭ് ശുക്ല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദിയിലും ചിത്രം മൊഴിമാറ്റം ചെയ്തു പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഹിന്ദിയില്‍ 'സബാഷ് കുന്തു' എന്ന പേരിലാകും ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തുക. ഈ വര്‍ഷം ഡിസംബര്‍ 1-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.