നിയമസഭ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിനു പിന്നാലെ ആര്‍എസ്പിയില്‍ കലാപക്കൊടി

പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ നേതാക്കളായ എ എ അസീസ്, എന്‍.കെ. പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ എന്നിവര്‍ പങ്കിട്ടെടുക്കുകയും തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാകുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചു ആര്‍എസ്പി യുവജനവിഭാഗമാണ് കലപാമുയര്‍ത്തിയിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിനു പിന്നാലെ ആര്‍എസ്പിയില്‍ കലാപക്കൊടി

നിയമസഭ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിനു പിന്നാലെ ആര്‍എസ്പിയില്‍ കലാപക്കൊടി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലുള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലും ദയനീയമായി പരാജയപ്പെട്ടതോടെയാണ് നേതൃമാറ്റത്തിനായുള്ള സമ്മര്‍ദം ശക്തമായത്. ശക്തി കേന്ദ്രമായ കൊല്ലത്തെ എല്ലാ സീറ്റിലും തോറ്റതോടെ യു.ഡി.എഫില്‍ ആര്‍.എസ്.പിയുടെ പ്രസക്തി ഇല്ലാതായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. ഒരു ലോക്സഭാ സീറ്റിനായി യു.ഡി.എഫിലേക്കു ചേക്കേറിയത് ശരിയായില്ലെന്ന അഭിപ്രായവും പാര്‍ട്ടിയിലെ ഭൂരിപക്ഷം ഉയര്‍ത്തുന്നുണ്ട്.


പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ നേതാക്കളായ എ എ അസീസ്, എന്‍.കെ. പ്രേമചന്ദ്രന്‍, ഷിബു ബേബിജോണ്‍ എന്നിവര്‍ പങ്കിട്ടെടുക്കുകയും തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളാകുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചു ആര്‍എസ്പി യുവജനവിഭാഗമാണ് കലപാമുയര്‍ത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് വി.പി. രാമകൃഷ്ണപിള്ളയാണ് നേതൃത്വത്തിനെതിരെ ആദ്യം രംഗത്തെത്തിയത്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊല്ലത്തെ മൂന്നു മണ്ഡലങ്ങളിലെ കനത്ത തോല്‍വി നേതൃത്വത്തിന്റെ പരാജയം മൂലമാണെന്നാണ് രാമകൃഷ്ണപിള്ള പറഞ്ഞത്.

ആര്‍.എസ്.പിക്കു വിജയചരിത്രം മാത്രമുള്ള ചവറയില്‍ ഷിബു ബേബി ജോണിന്റെയും ഇരവിപുരത്ത് സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെയും തോല്‍വി പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെ്‌നാണ് യുവജനവിഭാഗത്തിന്റെ വാദം. നേതൃത്വം മാറണമെന്നും യുവനിരയ്ക്കു പ്രാതിനിധ്യം നല്‍കണമെന്നുമുള്ള ആവശ്യം യുവജനവിഭാഗം ശക്തമായി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

വിഘടിച്ചുനിന്ന ആര്‍.എസ്.പികള്‍ ഒന്നിച്ചിട്ടും നേട്ടമുണ്ടാകാത്തത് അണികളെയും ഞെട്ടിപ്പിച്ചിട്ടുണ്ട്.

ആര്‍എസ്പി ചിഹ്നത്തില്‍ ആദ്യമായി മല്‍സരിച്ച് പരാജയപ്പെട്ട ഷിബു ബേബി ജോണിന്റെ ആര്‍.എസ്.പി-ബി വിഭാഗത്തിന് എല്‍.ഡി.എഫുമായി സഹകരിക്കണമെന്ന് താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്‍.കെ. പ്രേമചന്ദ്രനെ അനുകൂലിക്കുന്ന നേതാക്കള്‍ യു.ഡി.എഫില്‍ തുടരണമെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. യുഡിഎഫിലേക്കുള്ള തങ്ങളുടെ വരവിന് കോണ്‍ഗ്രസ് നേതാക്കള്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും വ്യക്തമാനക്കി തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ എഎ അസീസ് കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.

അതേസമയം, നേതൃമാറ്റം ചര്‍ച്ചയായിട്ടില്ലെന്നും തെരഞ്ഞെടുപ്പു തോല്‍വിയെപ്പറ്റി ജൂണ്‍ ഒന്നിനും രണ്ടിനും തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യുമെന്നും എഎ അസീസ് പറഞ്ഞു. ആര്‍.എസ്.പി വിട്ട് ആര്‍.എസ്.പി (ലെനിനിസ്റ്റ്) രൂപീകരിച്ച് കുന്നത്തൂരില്‍ വിജയിച്ച കോവൂര്‍ കുഞ്ഞുമോനാണ് ആര്‍എസ്പിയുടെ ഇപ്പോഴത്തെ പ്രധാന ഭീഷണി. ആര്‍എസ്പിയിലെ ഒരു വിഭാഗത്തെ അടര്‍ത്തിമാറ്റി പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കമാണ് ആര്‍എസ്പി. ലെനിനിസ്റ്റ് നേതാക്കള്‍ നടത്തുന്നത്.