റിയോ ഒളിമ്പിക്സിന് സിക വൈറസ് ഭീഷണി

മാരകമായ വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സ് പോലെ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കവുമായി മുന്നോട്ട് പോകുന്നത് വന്‍ ദുരന്തത്തിലേക്ക് നയിക്കും എന്നാണു ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്

റിയോ ഒളിമ്പിക്സിന് സിക വൈറസ് ഭീഷണിറിയോ ഡി ജനീറോയില്‍ ഓഗസ്റ്റ് 5 മുതല്‍ 11 വരെ നടക്കാനിരിക്കുന്ന ഒളിമ്പിക്സിന് സിക വൈറസ് ഭീഷണി. ഇതേ സംബന്ധിച്ച് ലോകപ്രശസ്ത ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഉള്‍പ്പെടെ 150- ഓളം പേര്‍ ലോകാരോഗ്യ സംഘടനക്കു കത്തെഴുതി സമര്‍പ്പിച്ചു.

മാരകമായ വൈറസിന്റെ  ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സ് പോലെ ലോകത്തെ ഏറ്റവും  വലിയ കായിക മാമാങ്കവുമായി മുന്നോട്ട് പോകുന്നത് വന്‍ ദുരന്തത്തിലേക്ക് നയിക്കും എന്നാണു ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഏകദേശം അഞ്ചു ലക്ഷത്തില്‍ അധികം പേര്‍ റിയോയില്‍ എത്തുന്നുണ്ട്.ഇവയില്‍ കായികതാരങ്ങളും അല്ലാത്തവരും ഉള്‍പ്പെടുന്നു. കാര്യ ക്ഷമമല്ലാത്ത  കൊതുകുനിവാരണ സംവിധാനങ്ങളും നിലവാരമില്ലാത്ത ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും  സ്വന്തമായുള്ള ബ്രസീലില്‍ ഇങ്ങനെ ഒരു രോഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്രത്തോളം ആളുകള്‍ എത്തിച്ചേരുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കും എന്ന് ശാസ്ത്രജ്ഞര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാതെ പോകരുതെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയെ ഓര്‍മ്മപ്പെടുത്തുന്നു.

എന്നാല്‍  രോഗ ഭീഷണി ഗുരുതരമല്ലെന്നും രോഗത്തെ പ്രതിരോധിക്കാന്‍ തക്ക മികച്ച സംവിധാനങ്ങള്‍ ബ്രസീലില്‍ ഉണ്ടെന്നുമാണ് കമ്മിറ്റിയുടെ വാദം.  അതുകൊണ്ട് തന്നെ   ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ നിലപാട്.