ഔദ്യോഗിക വസതികളിലെ അറ്റകുറ്റപ്പണി; മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാക്കാനുള്ള സാദ്ധ്യത മങ്ങുന്നു

മുഖ്യമന്ത്രി ഉള്‍പ്പെടെ 19 മന്ത്രിമാര്‍ക്കും കൂടി ഒരു കോടിയില്‍ താഴെ മാത്രം ചെലവാക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. അപൂര്‍വം ചില മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ ചെറിയ അറ്റകുറ്റപ്പണി നടത്തിയാല്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ്.

ഔദ്യോഗിക വസതികളിലെ അറ്റകുറ്റപ്പണി; മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാക്കാനുള്ള സാദ്ധ്യത മങ്ങുന്നു

തിരുവനന്തപുരം : മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ തീരുമാനം നടപ്പാക്കാനുള്ള സാദ്ധ്യത മങ്ങുന്നു. മിക്ക ഔദ്യോഗിക വസതികളിലെയും കസേര, മേശ തുടങ്ങിയ വീട്ടുപകരണങ്ങൾക്കും വാഷ് ബേസിൻ തുടങ്ങിയവയ്ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ട്. ഈ  സാഹചര്യത്തിലാണ് പരമാവധി അഞ്ച് ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തിയാല്‍ മതിയെന്നും ടൂറിസം വകുപ്പു ഇതിനു മേല്‍നോട്ടം വഹിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.


മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നത് മന്ത്രി ഭാര്യമാരുടെ നിര്‍ദ്ദേശം അനുസരിച്ച് വസതികള്‍ മോടി പിടിപ്പിച്ചുവെന്നതായിരുന്നു. പലയിടത്തും അന്ധവിശ്വാസത്തിന്റെ പേരില്‍ ഗേറ്റുകള്‍ വരെ മാറ്റി സ്ഥാപിച്ചു. കൂടാതെ ആഡംബര വസ്തുക്കളും വില കൂടിയ ടൈലുകളും ബാത്ത് റൂം സാമഗ്രികളും ഉപയോഗിച്ചാണ് പല വീട്ടിലും അറ്റകുറ്റപ്പണി നടത്തിയത്. ഏതൊക്കെ സാധനങ്ങള്‍ വേണമെന്ന് മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഇതു വേണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദ്ദേശം. വസതികളില്‍ ടൂറിസം വകുപ്പ് പരിശോധന നടത്തി വാസയോഗ്യമാക്കി നല്‍കണം. മന്ത്രിയുമായി മാത്രം ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയാല്‍ മതി. മറ്റു കൂടുംബാംഗങ്ങളുടെ അഭിപ്രായമോ നിര്‍ദ്ദേശമോ ചെവിക്കൊള്ളേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉള്‍പ്പെടെ 19 മന്ത്രിമാര്‍ക്കും കൂടി ഒരു കോടിയില്‍ താഴെ മാത്രം ചെലവാക്കിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. അപൂര്‍വം ചില മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ ചെറിയ അറ്റകുറ്റപ്പണി നടത്തിയാല്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. മന്ത്രിമാരായിരുന്ന കെ.എം.മാണി താമസിച്ചിരുന്ന 'പ്രശാന്ത' കെ.ബാബു താമസിച്ചിരുന്ന കാവേരി എന്നിവയ്ക്ക് വലിയ കുഴപ്പങ്ങളില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുള്ളത്. ഈ വസതികള്‍ അനുവദിച്ചിട്ടുള്ള മന്ത്രിമാരായ മാത്യു ടി തോമസിനും എ.കെ.ശശീന്ദ്രനും ഉടന്‍ തന്നെ ഇവിടേക്ക് താമസം മാറ്റാന്‍ കഴിയും. എല്ലാ ഔദ്യോഗിക വസതികളിലും മെത്തയും അടുക്കള ഉപകരണങ്ങളും മാറ്റണം. എന്നാല്‍ ചില വസതികളില്‍ സാരമായ പണികള്‍ ചെയ്യേണ്ടിവരുമെന്നും പി.ഡബ്ലു.ഡി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും ടോയ്‌ലറ്റുകള്‍ തകരാറിലാണ്. ഡ്രെയ്‌നജ് സംവിധാനങ്ങളും തകര്‍ന്നിട്ടുണ്ട്. ഇതു മാറ്റി സ്ഥാപിക്കുകയാണ് അടിയന്തരമായി ചെയ്യുന്നത്. നാളെ മുതല്‍ ഇതിനായുള്ള ജോലികള്‍ തുടങ്ങുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.  ക്ലിഫ് ഹൗസിന്റെ ഭിത്തിയില്‍ പായല്‍ പിടിച്ചിരിക്കുകയാണ്. ഇതെല്ലാം വൃത്തിയാക്കിയാല്‍ മാത്രമേ ഇവിടെ പെയിന്റിംഗ് ജോലികള്‍ തുടങ്ങാന്‍ കഴിയുകയുള്ളൂ. അനൂപ് ജേക്കബ് താമസിച്ചിരുന്ന നെസ്റ്റില്‍ അടുക്കളയുടെ ക്യാബിനുകള്‍ മുഴുവന്‍ പൊളിഞ്ഞു കിടക്കുകയാണ്. കൂടാതെ ബാത്ത്‌റൂം ഉപയോഗിക്കാനേ കഴിയില്ല. ടൈലുകള്‍ തകര്‍ന്ന അവസ്ഥയിലാണ്.

കന്റോണ്‍മെന്റ് ഹൗസിനു സമീപം നാലുവസതികള്‍ നിര്‍മ്മിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. ഇതില്‍ കെ.ബാബു താമസിച്ചിരുന്നത് ഒഴികെ മറ്റെല്ലായിടത്തും സാരമായ അറ്റകുറ്റപ്പണികളുണ്ട്. പി.കെ.ജയലക്ഷ്മി ഉപയോഗിച്ചിരുന്ന കന്റോണ്‍മെന്റ് ഹൗസിന് സമീപമുള്ള നിളയില്‍ എല്ലാ ബാത്ത്‌റൂമുകളും ഉപയോഗശൂന്യമാണ്. ക്ലോസറ്റുകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റി സ്ഥാപിക്കേണ്ടി വരും. എന്നാല്‍ ഇതു വേണ്ടെന്നാണ് ഈ വസതി ലഭിച്ച മന്ത്രി കെ.കെ.ശൈലജയുടെ നിലപാട്.

Story by
Read More >>