ഒരുലക്ഷം കോടി രൂപ എവിടെ? കേരളത്തിലെത്തിയോ എന്ന്‍ പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക്

ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ് കേരള അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ദക്ഷിണ കര്‍ണാടക.

ഒരുലക്ഷം കോടി രൂപ എവിടെ? കേരളത്തിലെത്തിയോ എന്ന്‍ പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക്

Money


കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കര്‍ണാടകത്തില്‍ നിന്ന് വന്‍തോതില്‍ കള്ളപ്പണമൊഴുകുന്നതായി സൂചന. ദക്ഷിണ കര്‍ണാടക മേഖലയിലെ ബാങ്കുകളില്‍ നിന്ന് ജനുവരി-മാര്‍ച്ച് സമയത്ത് ഒരുലക്ഷം കോടി രൂപയോളം പിന്‍വലിക്കപ്പെട്ടതിനു പിന്നില്‍ തെരഞ്ഞെടുപ്പാണെന്നാണ് സംശയം. ഇക്കാര്യത്തില്‍ എത്രയും വേഗം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഈ മേഖലയിലെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ് കേരള അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ദക്ഷിണ കര്‍ണാടക.

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ക്വാര്‍ട്ടറിലാണ് ഒരു ലക്ഷം കോടി രൂപയോളം ഈ മേഖലയിലെ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. മറ്റൊരു ക്വാര്‍ട്ടറിലും ഇത്തരത്തിലുള്ള പണം പിന്‍വലിക്കല്‍ കിട്ടില്ലെന്നും ഇതിനു പിന്നില്‍ അയല്‍ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പാണോ എന്ന് പരിശോധിക്കാനുമാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ പിന്‍വലിക്കപ്പെട്ട പണം ഇതുവരെ തിരികെ ബാങ്കുകളിലെത്താത്ത സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സൂചനയുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ സ്‌ക്വാഡുകള്‍ പണമൊഴുക്ക് സംബന്ധിച്ച് പരിശോാധന നടത്താറുണ്ട്. ഇത്തരത്തില്‍ നടന്ന ഒരു പരിശോധനയില്‍ കര്‍ണാടകത്തില്‍ നിന്ന് പാലക്കാട്ടേക്കു കൊവന്ന 1.34 കോടി രൂപ സ്‌ക്വാഡ് ഈയിടെ പിടിച്ചെടുത്തിരുന്നു. ഒരു സ്വര്‍ണ വില്‍പ്പനക്കാരനുമായി ബന്ധപ്പെട്ടതാണ് ഈ പണമെന്നാണ് പിടിയിലായവര്‍ അധികൃതരോട് വ്യക്തമാക്കിയത്.

പത്തുലക്ഷം രൂപയ്ക്ക് മേലുള്ള ഏത് ട്രാന്‍സാക്ഷനും തങ്ങളെ അറിയിക്കണമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബാങ്കുകളെ അറിയിക്കാറുണ്ട്. ഇടത്, വലത് മുന്നണികള്‍ക്കു പുറമെ ബി.ജെ.പി കൂടി ഇത്തവണ ശക്തമായി രംഗത്തു വന്നതോടെ ത്രികോണ മത്സരമാണ് പലയിടത്തും നടക്കുന്നത്. അതുകൊണ്ടു തന്നെ പണമൊഴുക്കും ശക്തമാണ്. ദക്ഷിണ കര്‍ണാടക, ഈ പ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന കാസര്‍കോട് അടക്കമുള്ള കേരളത്തിലെ ജില്ലകള്‍ എന്നിവിടങ്ങളില്‍ ബി.ജെ.പിക്കും മറ്റ് അനുബന്ധ സംഘടനകള്‍ക്കും ശക്തമായ സ്വാധീനമുണ്ട്. ദക്ഷിണ കര്‍ണാടക കേന്ദ്രീകരിച്ചാണ് കേരളത്തില്‍ പിടിമുറുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതും.

Read More >>