സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ചു രാജീവ് രവി

സിനിമയിലെ സംഭാഷണങ്ങളില്‍നിന്നും പാട്ടില്‍നിന്നും പുലയന്‍, പുലക്കിളി തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു

സെന്‍സര്‍ ബോര്‍ഡിനെതിരെ ആഞ്ഞടിച്ചു രാജീവ് രവി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി രാജീവ് രവി സംവിധാനം നിര്‍വ്വഹിച്ച 'കമ്മട്ടി പാടം' തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാല്‍ തീയറ്ററുകള്‍ക്ക് പുറത്ത് ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുന്നു. സിനിമയെച്ചൊല്ലി സംവിധായകന്‍ രാജീവ് രവി സെന്‍സര്‍ ബോര്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്ത്‌ എത്തിയിരിക്കുകയാണ്.

സിനിമയിലെ സംഭാഷണങ്ങളില്‍നിന്നും പാട്ടില്‍നിന്നും പുലയന്‍, പുലക്കിളി തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്നും ഇതിന്‍റെ ആവശ്യം എന്തായിരുന്നുവെന്ന് മനസ്സിലായില്ലെന്നുമാണ് രാജീവ് രവി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതൊരു അസഭ്യ പദമാണ് എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നല്‍കിയ വിശദീകരണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ‘എന്റെ പുലയനോട് ഒരുവാക്ക് പറഞ്ഞോട്ടെ’ എന്ന പാട്ടിന്റെ വരിയില്‍നിന്നുപോലും ആ വാക്ക് ഒഴിവാക്കേണ്ടിവന്നതായും അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ് അയച്ച കത്ത് എന്റെ കൈവശംഉണ്ടെന്നും രാജീവ്സി രവി വെളിപ്പെടുത്തി.


ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതും വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ രാജീവ് രവിയുടെ മറുപടി ഇപ്രകാരമായിരുന്നു; "എന്തിനാണ് അവര്‍ എന്റെ സിനിമയ്ക്ക് എ-സര്‍ട്ടിഫിക്കറ്റ് നല്‍കിയത്? അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ഇതിലും വയലന്‍സുള്ള എന്റെ സുഹൃത്തുക്കളുടെ സിനിമക്ക് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത് . വിവാദമുണ്ടാക്കലല്ല എന്റെ ലക്ഷ്യം. പക്ഷെ, എന്റെ സിനിമയ്ക്ക് എന്തുകൊണ്ട് എ സര്‍ട്ടിഫിക്കറ്റ് തന്നുവെന്നും ഈ വാക്കുകളൊക്കെ നീക്കം ചെയ്തതിന്റെ രാഷ്ട്രീയം എന്താണെന്നും എനിക്ക് അറിയണം".

രാജീവ് രവിയുടെ പരാമര്‍ശം സംവിധായനായ ആഷിഖ് അബു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ ചിത്രത്തിലെ ഒരു ഫ്രെയിം പോലും കട്ട് ചെയ്തുമാറ്റിയിട്ടില്ല എന്നാണു സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പുലയന്‍,പുലക്കിളി തുടങ്ങിയവ ജാതീയ അധിക്ഷേപങ്ങള്‍ ആയാതിനാലാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്നും തുടക്കം മുതല്‍ ഒടുക്കം വരെയുള്ള വയലന്‍സ് ആണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു പിന്നിലുള്ള കാരണം എന്നും സെന്‍സര്‍ ബോര്‍ഡ് അംഗമായ വിജയകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. "കൂടാതെ 'കമ്മട്ടി പാട'ത്തില്‍ വര്‍ണ്ണിച്ചിട്ടുള്ള ജീവിത പരിസരം മുതിര്ന്നവര്‍ക്കാന് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുക എന്നതും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമാണ്"-വിജയകൃഷ്ണന്‍ വ്യക്തമാക്കി.