കേരളത്തിലെ ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

സമൂഹത്തിലെ എല്ലാ അധികാര ശ്രേണിയിലും ദളിതര്‍ക്ക് പ്രാധിനിധ്യം ഉറപ്പാക്കുക എന്നല്ലാതെ വേറൊരു മാര്‍ഗ്ഗം നമ്മുടെ മുന്നില്‍ ഇല്ല. സംവരണം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ കോടതികളിലും, പത്ര/ദൃശ്യമാദ്ധ്യമങ്ങളിലും, എയ്ഡഡ് മേഖലയിലും നടപ്പിലാക്കിയാലേ ഒരു മുന്നോട്ട് പോക്ക് സാദ്ധ്യമാവൂ. സാമൂഹ്യ വിവേചനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കാര്യക്ഷമമാക്കിയും ബോധവത്കരണങ്ങളിലൂടെയും മാത്രമേ നാം ഉദ്‌ഘോഷിക്കുന്ന കേരളാ മോഡല്‍ അതിന്റെ യഥാര്‍ത്ഥ അവകാശികളായ ദളിത് വിഭാഗങ്ങളിലേക്ക് എത്തിച്ചേരുകയുള്ളു.

കേരളത്തിലെ ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

നിവാസ് ബാബു സെല്‍വരാജ്പൊതുവേ നമ്മള്‍ മലയാളികള്‍ക്കുള്ള ഒരു തെറ്റിദ്ധാരണയാണു കേരളത്തില്‍ ജാതി ചിന്തകള്‍ കുറവാണെന്ന്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തില്‍ ജാതീയ വിവേചനങ്ങള്‍ കുറവാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും, ആപേക്ഷിക സ്‌കെയിലില്‍ നോക്കുമ്പോള്‍ അല്ല എന്ന് ഒരു സൂക്ഷ്മ പരിശോധനയില്‍ കാണാം. നൂറ്റാണ്ടിനു മുന്നേ പന്തിഭോജനം നടന്ന നാട്ടില്‍ ഇന്നും ദളിത് അടുക്കളയില്‍ വെന്ത ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ അനവധിയാണ്. മിശ്ര വിവാഹത്തിന്റെ കാര്യമാണെങ്കില്‍ മാട്രിമോണിയല്‍ പരസ്യത്തില്‍ ജാതി പ്രശ്‌നമല്ല എന്ന് എഴുതിയിട്ട് ബ്രാക്കറ്റില്‍ പട്ടിക ജാതി-വര്‍ഗ്ഗക്കാര്‍ ക്ഷമിക്കുക എന്നെഴുതി വെക്കുന്ന പ്രബുദ്ധനായ മലയാളി നമ്മുടെ സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന റേസിസത്തിലേക്ക് ഒരു ചൂണ്ടു പലകയാണ്. കേരളത്തില്‍ ദളിതര്‍ നേരിടുന്ന ചില പ്രശ്‌നങ്ങളിലേക്ക് ഒന്ന് എത്തി നോക്കാം.


കേരളം എന്ന സംസ്ഥാനം രൂപം കൊണ്ട നാള്‍ മുതല്‍ മലയാളി സമൂഹത്തിനു ഒരു മുന്നോട്ട് പോക്ക് ഉണ്ടായിരുന്നു എന്ന് ആരും സമ്മതിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണു. ആരോഗ്യപരമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികപരമായും, സാമൂഹ്യപരമായും മലയാളിയുടെ പോക്ക് മുന്നോട്ട് തന്നെ ആയിരുന്നു. നോക്ക് തീട്ട്, 72 അടി തീട്ട്, പാട്ട കുടിയാന്‍ എന്ന പേരിലെ അടിമത്തം മുതലായ അത്യാചാരങ്ങള്‍ നില നിന്നിരുന്ന ഒരു സമൂഹത്തില്‍ നിന്നും അദ്ധ്വാനത്തിനു കൂലി ചോദിച്ച് മേടിക്കാന്‍ കെല്‍പ്പുള്ള തൊഴിലാളികളുള്ള ഒരു സമൂഹമായി, മനുഷ്യര്‍ ഏവരും തുല്യരാണു എന്ന ഒരു ചിന്ത ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മലയാളി സാംസ്‌കാരികമായി മുന്നേറി. ശ്രീനാരായണഗുരു, അയ്യങ്കാളി, പല്‍പ്പു, ആശാന്‍ മുതലായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ തുടങ്ങുകയും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചുക്കാന്‍ ഏറ്റെടുക്കുകയും ചെയ്ത ആ മുന്നേറ്റം കേരളത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമാക്കുകയും പില്‍ക്കാലത്ത് കേരളാമോഡല്‍ എന്ന പേരില്‍ ലോകമെങ്ങും അറിയപ്പെടാന്‍ വഴി ഒരുക്കുകയും ചെയ്തു. പക്ഷെ ആ സാമൂഹ്യ വികസനങ്ങളില്‍ തങ്ങള്‍ അര്‍ഹിച്ച ഷെയര്‍ നേടിയെടുക്കുന്നതില്‍ ദളിതര്‍ പരാജയപ്പെട്ടു അല്ലെങ്കില്‍ അവരിലേക്ക് അത് എത്തിക്കുന്നതില്‍ സമൂഹം പരാജയപ്പെട്ടു. കഴിഞ രണ്ട് പതിറ്റാണ്ടുകളായി പല പല കാരണങ്ങളാല്‍ മലയാളി സമൂഹത്തിന്റെ ആ മുന്നോട്ട് പോക്കിന്റെ പ്രവേഗം കുറഞ്ഞ് കുറഞ്ഞ് ഇപ്പോള്‍ പോക്ക് പിറകിലേക്കാണോ എന്ന് സംശയിക്കും വിധം കുറേ സംഭവ വികാസങ്ങള്‍ കേരളത്തില്‍ നടക്കുന്നു. ഈ പുറകോട്ട് പോക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ളവരെയാണു എന്നത് പ്രകടമാണു. നാട്ടിലെ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന അവഗണനയും വര്‍ഗ്ഗീയ വിവേചനങ്ങളും ചെറിയ തോതിലെങ്കിലും ചര്‍ച്ചാ വിഷയമാകുന്ന ഈ വേളയില്‍ അത്തരം വിവേചനങ്ങളില്‍ ചിലതിനെ കുറിച്ച് പരാമര്‍ശിക്കാം.

എന്റെ ജനനമാണു ഞാന്‍ ചെയ്ത ഏറ്റവും വലിയ പിഴ എന്ന് എഴുതി വെച്ചതിനു ശേഷമാണു വിദ്യാര്‍ത്ഥി നേതാവ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്, ആ
വാചകങ്ങള്‍ അന്വര്‍ത്ഥമാക്കും വിധമാണു കേരളത്തില്‍ ദളിതനായി ജീവിക്കുക എന്നത്. സാമൂഹ്യമായ വിവേചനങ്ങള്‍- ഒറ്റപ്പെടുത്തലുകള്‍ ഭീതിജനിപ്പിക്കും വിധം ക്രൂരമാണ്.''നിനക്കൊക്കെ പഠിച്ചില്ലെങ്കിലും ജോലി കിട്ടും അതുകൊണ്ടാണീ നെഗളിപ്പ്'' എന്ന് സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ തന്നെ അദ്ധ്യാപകര്‍ പറഞ് തുടങ്ങുമ്പോള്‍ ഒരു ദളിതന്റെ ദുരിത പര്‍വ്വം തുടങ്ങുന്നു. സ്‌റ്റൈപ്പന്റ് വാങ്ങി പഠിക്കല്‍ തുടരുന്തോറും അവഗണനയും കളിയാക്കലും കുത്ത് വാക്കുകളും കേള്‍ക്കാതെ ഒരു ദിവസം പോലും വിദ്യാര്‍ത്ഥിക്ക് കടന്ന് പോകില്ല. ഇതെല്ലാം കൊണ്ടാണു ഭൂരിഭാഗം ദളിത് വിദ്യാര്‍ത്ഥികളും എസ്എസ്എല്‍എസി വരെ പോലും സ്‌കൂളില്‍ പോകാത്തത്. ഇനി തൊഴില്‍ മേഖലകളിലാണെങ്കിലും ഇവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സമൂഹം മുഖം തിരിക്കുന്നതായാണു കണ്ട് വരുന്നത്. അത് കൊണ്ട് തന്നെ അത്യധികം കായികാദ്ധ്വാനം ആവശ്യമുള്ളതും കൂലി കുറഞതുമായ ജോലികളില്‍ ഏര്‍പ്പെടാന്‍ ദളിതര്‍ നിര്‍ബ്ബന്ധിതരാവുന്നു. ഇങ്ങനെ സാമൂഹികമായും സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ടാണു ഓരോ ദളിത് ജീവിതവും കേരളത്തില്‍ പിടിച്ച് നില്‍ക്കുന്നത്.

ഇതിനു പുറമേ ഇക്കാലത്ത് ഈ വിഷം വമിപ്പ് കലാ കായിക മേഖലകളിലും നിറഞ് നില്‍ക്കുന്നുണ്ട്. ദേശീയ ഗെയിംസുകളിലും, സ്‌കൂള്‍ ഗെയിംസുകളിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കുന്ന കേരള സ്‌പോര്‍ട്‌സ് ടീമുകള്‍ക്ക് പലപ്പോഴും ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലാണു ദിവസങ്ങളോളം യാത്ര ചെയ്ത് ഒന്ന് ഉറങ്ങാനോ കുളിക്കാനോ പോലും സൗകര്യമില്ലാതെ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്നത്, ഇതിന്റെ കാരണം ചികഞ്ഞ് പോയാല്‍ അതിന്റെ വേരു കിടക്കുന്നതും ജാതി വിവേചനത്തിലാണു. കഴിഞ്ഞ കൊല്ലം പാലക്കാട് എം പി, എം ബി രാജേഷ് ഇടപെട്ട് ഒരു സ്‌പെഷ്യല്‍ കോച്ച് ഏര്‍പ്പെടുത്തിയപ്പോഴാണു പലരും ഈ കാര്യങ്ങള്‍ അറിയുന്നത് തന്നെ.

സമൂഹത്തിന്റെ പൊതു ബോധ നിര്‍മ്മിതിയെ ഏറെ സ്വാധീനിക്കു സിനിമകളില്‍ ആണെങ്കില്‍ ക്രിമിനല്‍ കഥാപാത്രങ്ങളായി ചിത്രീകരിക്കപ്പെടുന്നതില്‍ പാതി ദളിത് രൂപങ്ങളാണു, ഇതിലൂടെ ഒക്കെയായി സമൂഹത്തില്‍ തലങ്ങനെയും വിലങ്ങനെയും ദളിതരെ പ്രതിലോമകരമായി ചിത്രീകരിക്കുന്നതിനാല്‍ അഭ്യസ്ഥ വിദ്യരായവര്‍പ്പോലും ഇത്തരം പിന്തിരിപ്പന്‍ ചിന്തകളുടെ ബോധവും പേറി നടക്കുന്നു എന്നത് യാദൃശ്ചികമല്ല. ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു മഹാന്‍ പറഞത് കേരളത്തില്‍ ദളിത് ആണുങ്ങളാണു ക്രിമിനല്‍ വാസനയില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും, സ്വന്തമായി നഷ്ടപ്പെടാന്‍ ഒന്നുംഇല്ലാത്തതുകൊണ്ട്, ജയില്‍ വാസം ഒരു അനുഗ്രഹമായി കരുതുന്നത് കൊണ്ട് അവരൊക്കെ സദാ കുറ്റങ്ങള്‍ ചെയ്യാന്‍ തയ്യാറായാണു നടപ്പ് എന്നും വരെ വാദിച്ച് കളഞ്ഞു ടിയാന്‍. കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഒരു എല്‍ എല്‍ ബിക്കാരന്റെ തലയില്‍ ഇത്രമാത്രം ചളി ഉള്ളപ്പോള്‍ പൊതുബോധം പേറുന്ന സാധാരണക്കാരുടെ കാര്യം പറയാതിരിക്കുന്നതാണു ഭേദം. കയ്യില്‍ കാശുണ്ടെങ്കില്‍ പോലും കേരളത്തില്‍ ഒരു ദളിതനു ഭൂമി വാങ്ങിക്കല്‍ എളുപ്പമല്ല, ദളിതനു ഭൂമി വില്‍ക്കാന്‍ മറ്റ് മലയാളികള്‍ തയ്യാറല്ല എന്നത് തന്നെ കാരണം. കേരളത്തില്‍ പരക്കെ, നഗരങ്ങളില്‍ പോലും ദളിതര്‍ക്ക് വീട് വാടകക്ക് കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ഉള്ളവരുടെ കാര്യവും വ്യത്യസ്തമല്ല,

സംവരണത്തിന്റെ പേരില്‍ അപഹസിക്കുന്നത് പോരാഞ്ഞ് സഹപ്രവര്‍ത്തകരില്‍ നിന്നും, കീഴുദ്യോഗസ്ഥന്മാരില്‍ നിന്നു പോലും വ്യാപകമായ വിവേചനം സര്‍ക്കാരുദ്യോഗം വഹിക്കുന്ന ദളിതര്‍ നേരിടുന്നുണ്ട്. പഞ്ചായത്ത് സെക്രട്ടറി സ്ഥലം മാറിപ്പോയപ്പോള്‍ അദ്ദേഹം ദളിതന്‍ ആയതുകൊണ്ട് ഓഫീസ് ചാണകം തളിച്ച് ശുചീകരിച്ച് ഗണപതി ഹോമം നടത്തിയവരും ഈ നാട്ടില്‍ ഉണ്ട് എന്നത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ ദളിതരുടെ ക്രയവിക്രയ ശേഷിയും വളരെ ശോചനീയമാണു, ബിസിനസ്സ് നടത്തിപ്പുകളോ മറ്റ് തൊഴില്‍ സംരഭങ്ങളോ തുടങ്ങാനോ തുടങ്ങിയത് നടത്തിക്കൊണ്ട് പോകാനോ ഇന്നത്തെ സാമൂഹിക സ്ഥിതിയില്‍ ദളിതര്‍ക്ക് ബുദ്ധിമുട്ടേറെയാണു. ജനസംഖ്യയില്‍ 11 ശതമാനത്തില്‍ അധികമുള്ള ദളിതരുടെ കൈയ്യിലുള്ള ഭൂമി ഒരു ശതമാനത്തിനു അടുത്ത് പോലും ഇല്ല കേരളത്തില്‍ വൈദ്യതി ഇല്ലാത്ത വീടുകളുടെയും, കക്കൂസ് ഇല്ലാത്ത വീടുകളുടെയും, ഒറ്റമുറി വീടുകളുടെയും ഒക്കെ കണക്കെടുത്താല്‍ ശതമാനക്കണക്കില്‍ ഭൂരിഭാഗവും ദളിതരുടേതാണു. സ്വന്തമായി വീടില്ലാത്തവരുടെയും, ഭൂമി ഇല്ലാത്തവരുടെയും ഒക്കെ കണക്കെടുപ്പില്‍ ആനുപാതികമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും ദളിതര്‍ തന്നെ.

കേരളം കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസത്തിന്റെ കാര്യമാണെങ്കില്‍ 2011 സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരില്‍ 80% പേരും സ്‌കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്തവരാണ്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ ജനസംഘ്യയുടെ വെറും 2%. വേറെ എടുത്ത് പറയേണ്ട വിവേചനം നിലനില്‍ക്കുന്നത് എയ്ഡഡ് സ്ഥാപനങ്ങളിലാണ്. സര്‍ക്കാര്‍ കണക്ക് പ്രകാരം അവിടെ പണിയെടുക്കുന്ന അദ്ധ്യാപകരില്‍ അയ്യായിരത്തില്‍ ഒന്നെന്ന കണക്കില്‍ പോലും പ്രാതിനിധ്യമില്ല. സ്വതന്ത്രമായി നിയമനം നടക്കുന്ന സര്‍ക്കാര്‍ സര്‍വ്വകലാശാലകളില്‍ തന്നെ സംവരണ വിഭാഗത്തില്‍ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നില്ല. വിവേചനങ്ങള്‍ പകല്‍ പോലെ തെളിയുന്ന ഈ ലിസ്റ്റ് നീണ്ട് നീണ്ട് പോകുന്നു എന്നത് കൊണ്ട് നിര്‍ത്തുകയാണു. ഹ്യുമന്‍ ഡെവലെപ്‌മെന്റ് ഇന്റക്‌സില്‍രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം തിളങ്ങുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് ഈ നാട്ടിലെ ദളിതരാണ്, അവരെ ഉള്‍ക്കൊള്ളാത്ത വികസനത്തില്‍ നമ്മള്‍ അഭിമാനിക്കുന്നതില്‍ അര്‍ത്ഥമില്ല

ഇത് മാറാനായി സമൂഹത്തിലെ എല്ലാ അധികാര ശ്രേണിയിലും ദളിതര്‍ക്ക് പ്രാധിനിധ്യം ഉറപ്പാക്കുക എന്നല്ലാതെ വേറൊരു മാര്‍ഗ്ഗം നമ്മുടെ മുന്നില്‍ ഇല്ല. സംവരണം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ കോടതികളിലും, പത്ര/ദൃശ്യമാദ്ധ്യമങ്ങളിലും, എയ്ഡഡ് മേഖലയിലും നടപ്പിലാക്കിയാലേ ഒരു മുന്നോട്ട് പോക്ക് സാദ്ധ്യമാവൂ. സാമൂഹ്യ വിവേചനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കാര്യക്ഷമമാക്കിയും ബോധവത്കരണങ്ങളിലൂടെയും മാത്രമേ നാം ഉദ്‌ഘോഷിക്കുന്ന കേരളാ മോഡല്‍ അതിന്റെ യഥാര്‍ത്ഥ അവകാശികളായ ദളിത് വിഭാഗങ്ങളിലേക്ക് എത്തിച്ചേരുകയുള്ളു. പുതുതായി അധികാരത്തില്‍ വരുന്ന ഗവണ്മെന്റ് ഈ ദിശയിലേക്കുള്ള മാറ്റത്തിനായുള്ള നടപടികള്‍ക്ക് മുന്‍ തൂക്കം കൊടുക്കുമെന്ന് പ്രത്യാശിക്കാം.