'പ്രതിഭ'യോടെ കായംകുളം

കായംകുളം എം.എല്‍.എ പ്രതിഭാ ഹരിയെ കുറിച്ചു..

കോളേജിൽ പഠിക്കുമ്പോൾ തന്നെ പഞ്ചായത്തംഗമാകുന്നു, തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക്. തകഴി ശിവശങ്കരപിള്ളയുടെ ജനനം മഹത്തരമാക്കിയ തകഴി പഞ്ചായത്തിന്റെ അദ്ധ്യക്ഷയാകാൻ കഴിഞ്ഞതാണ് ജീവിതത്തിലെ അപൂർവ്വ ഭാഗ്യങ്ങളിലൊന്ന് എന്നു വിശ്വസിക്കുന്ന യു.പ്രതിഭാ ഹരിയുടെ രാഷ്ട്രീയ യാത്ര ആരംഭിക്കുന്നതും സാഹിത്യമുറങ്ങുന്ന മണ്ണിൽ നിന്നാണെല്ലോ. അടുത്ത ഉത്തരവാദിത്വം ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റായിട്ടായിരുന്നു. വനിതാ സംവരണത്തിന്റെ അനുകൂല്യത്തിൽ ലഭിച്ച ഈ പദവികളിലൊക്കെയും പ്രതിഭാ തന്റെ ഇടം വ്യത്യസ്തമാക്കിയിരുന്നു എന്നുള്ളത് ഇവരെ ആള്‍ക്കൂട്ടത്തില്‍ മാറ്റി നിര്‍ത്തുന്നു.


സിറ്റിംഗ് എം.എൽ.എ ആയിരുന്ന സി.കെ.സദാശിവന് രണ്ടാമതൊരു ഊഴം നിഷേധിച്ചു സി.പി.എം, കുട്ടനാട്ടുകാരിയായ പ്രതിഭയെ കായംകുളത്ത് സ്ഥാനാർത്ഥിയായി രംഗത്തിറക്കിയപ്പോൾ മറ്റു രണ്ടു മുന്നണികളും തങ്ങളുടെ വിജയം അനായാസമെന്ന് കരുതിയത് സ്വാഭാവികമായിരുന്നു. അവർക്ക് അങ്ങനെ കരുതുവാനും കാരണങ്ങളേറെയായിരുന്നെല്ലോ.

സിറ്റിംഗ് എം.എൽ എ യെ മാറ്റിയതിന്റെ പ്രതിഷേധം അവർ പാർട്ടി അണികളിൽ നിന്നും പ്രതീക്ഷിച്ചു. പ്രാദേശികത എന്ന മാനദണ്ഡം പരിശോധിച്ചാൽ പ്രതിഭാ ഹരിക്ക് മറ്റ് രണ്ടു സ്ഥാനാർത്ഥികളേക്കാൾ സാധ്യതകൾ കുറവായിരുന്നു താനും. രണ്ടു പുരുഷൻമാരോടു ഏറ്റുമുട്ടുന്ന ഒരു സ്ത്രീയുടെ പരിമിതികളും പ്രതിഭയ്ക്ക് ക്ഷീണമാകുമെന്നും പൊതുവേ വിലയിരുത്തപ്പെട്ടു. എന്നാൽ, വ്യക്തമായ മാർജിനോടു കൂടിയാണ് പ്രതിഭയുടെ മിന്നും വിജയം. യു.ഡി.എഫിന്റെ എം.ലിജു, ബി.ഡി.ജെ.എസിന്റെ ഷാജി.എം പണിക്കരോടും ഏറ്റുമുട്ടി പ്രതിഭാ ഹരി നേടിയത് 11857 വോട്ടിന്റെ ഭൂരിപക്ഷമുള്ള വിജയമാണ്.

മിതമായ സംസാരശൈലി, ശാന്തമായ മുഖഭാവം, അപരിചിത്വം തോന്നാത്ത തരത്തിലുള്ള ഇടപെടലുകൾ എന്നിവ പ്രതിഭയെ കായംകുളത്തിന് സ്വീകാര്യമാക്കി. വസ്തുതകളെ പെട്ടെന്ന് ഉൾക്കൊള്ളുകയും, കാര്യമാത്ര പ്രസക്തമായ പ്രഭാഷണവും പ്രതിഭയുടെ 'പ്രതിഭ'യെ തെളിയിച്ചു.

മാർക്സിസ്റ്റ് പ്രസ്ഥാനത്തോടു അനുഭാവമുണ്ടായിരുന്നുവെങ്കിലും കുസാറ്റിലെ നിയമ വിദ്യാർത്ഥിയായിരുന്ന കാലത്ത് പ്രതിഭാ സജീവ വിദ്യാർത്ഥി രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ താൽപര്യപ്രകാരമാണ് 2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അതും 22 - മത്തെ വയസ്സിൽ. തുടർന്നു അടുത്ത തവണ പഞ്ചായത്ത് പ്രസിഡന്റായി. 38 മത്തെ വയസ്സിൽ കേരള നിയമസഭാംഗമാകുമ്പോഴും പ്രതിഭയുടെ കണ്ണുകളിൽ ആ തിളക്കം കാണാം... കൗതുകം നഷ്ടപ്പെട്ടിട്ടില്ലാത്ത കണ്ണുകളിലെ തിളക്കം !

ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരിക്കെ പുതു വർഷ പ്രതിജ്ഞകളിലും തന്റെതായ ഒരു 'ടച്ച്' പ്രതിഭാ നൽകിയിരുന്നു. ഒരു വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുകയില്ല എന്നും, സ്വർണ്ണാഭരണങ്ങൾ ഒഴിവാക്കുകയാണെന്നും പ്രതിഭാ നൽകിയ സന്ദേശത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ചില കാണാകാഴ്ചകളുണ്ടായിരുന്നു.

അവസാന എപ്പിസോഡിലൂടെ ടി .എൻ ഗോപകുമാർ തന്റെ ചോദ്യങ്ങൾ കണ്ണാടിയിലൂടെ ചോദിച്ചത് തന്നോടായിരുന്നതും പ്രതിഭയ്ക്ക് മറക്കുവാൻ കഴിയാത്ത അനുഭവമാണ്. വനിതാ സംവരണത്തിലൂടെ സാമൂഹിക-രാഷ്ട്രീയ രംഗത്തേക്കെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ടെങ്കിലും, സ്ത്രീകൾക്ക് അനുകൂല രാഷ്ട്രീയ സാഹചര്യങ്ങളല്ല നിലവിലുള്ളതെന്ന് പ്രതിഭാ പറഞ്ഞതും കണ്ണാടിയിലൂടെ നമ്മൾ കേട്ടു. രാഷ്ട്രീയത്തിൽ ജാതിവിഷം കലരുന്നതിനെ കുറിച്ചു ആശങ്കപ്പെട്ട പ്രതിഭാ രാഷ്ട്രീയത്തിലെ തന്റെ ഭാവിയിൽ അധികം പ്രതീക്ഷകൾ നൽകുവാനും തയ്യാറായിരുന്നില്ല.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ, പൊതുപ്രവർത്തനത്തിനൊപ്പം അമ്പലപ്പുഴ ബാറിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുവാനായിരുന്നു പ്രതിഭയുടെ തീരുമാനം. എന്നാൽ കാലം ഒരുക്കി വച്ച സമ്മാനം, നിയമസഭയുടെ രാജകീയ അകത്തളങ്ങളായിരുന്നു.

'തകഴിയുടെ കാത്ത' എന്ന സിനിമയിൽ കാത്തയായി വേഷമിടുന്നതും പ്രതിഭയാണ്. ദ ന്യൂസ് പേപ്പർ ബോയ് എന്ന ഹ്രസ്വ ചിത്രത്തിൽ പ്രതിഭാ അഭിനയിച്ചിട്ടുണ്ട്.

വികസനത്തെ കുറിച്ചുള്ള ദീർഘവീക്ഷണത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ മാത്രമല്ല പ്രതിഭ കണക്കുകൂട്ടുന്നത്. സാംസ്ക്കാരികമായ ഉയർച്ചയും, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റവും, സ്ത്രീകൾക്ക് സ്വപ്നങ്ങൾ നൽകുന്നതുമായ പല അർത്ഥങ്ങളും ഇതിലുണ്ടാവണമെന്ന് ഇവർ കരുതുന്നു.

ഭർത്താവ് കെ.എസ്.സി.ബി ഉദ്യോഗസ്ഥനായ ഹരി, മകൻ കനിവ്.

പ്രതിഭാ ഹരിയുടെ ചുവടുകൾ ഉയർച്ചയിലേക്കാണ്.. അതിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഉദാഹരണങ്ങളുണ്ടാവും..