കേരളം പോളിംഗ് ബൂത്തിലേക്ക്

പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

കേരളം  പോളിംഗ്  ബൂത്തിലേക്ക്

തിരുവനന്തപുരം:  പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്  തുടങ്ങി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടര്‍മാര്‍ 2,60,19,284. ഇതില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്‍മാരുമാണ്. 2011 ലേതിനെക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. 23,289 പ്രവാസി വോട്ടര്‍മാരും ഭിന്നലിംഗക്കാരായ രണ്ടുപേരും വോട്ടര്‍ പട്ടികയിലുണ്ട്.


21,498 പോളിങ് ബൂത്തുകളും 148 ഉപബൂത്തുകളുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരു ബൂത്തിലെ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1750 ആയിരിക്കും. ഇതില്‍ കൂടുതല്‍ പേരുള്ള ഇടങ്ങളിലാണ് ഉപ ബൂത്തുകള്‍ അനുവദിച്ചിട്ടുള്ളത്. 1,11,897 ജീവനക്കാരാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ട് ചെയ്യാന്‍ സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ ക്യൂ വാണ് ഉള്ളത്.  അംഗപരിമിതര്‍, കൈക്കുഞ്ഞുമായെത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കു വോട്ടു ചെയ്യാന്‍ മുന്‍ഗണന.

തിരഞ്ഞെടുപ്പിന്  കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 3176 ബൂത്തുകളില്‍ പ്രശ്‌നസാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.  പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 119 ബൂത്തുകള്‍ക്ക് നക്‌സല്‍ ഭീഷണിയുള്ളതായും വിലയിരുത്തപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നസാധ്യതാ ബൂത്തുകളുള്ളത് 1042 എണ്ണം. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കണ്ണൂരില്‍ സംഘര്‍ഷസാധ്യതയും കള്ളവോട്ടും തടയാനും അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.