പെരുമ്പാവൂരില്‍ പോലീസിന്റെ അഴിഞ്ഞാട്ടം; ജസ്റ്റിസ് ഫോര്‍ ജിഷ കൂട്ടായ്മയുടെ വനിതാ പ്രവര്‍ത്തകര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പരിക്ക്

പോലീസ് വണ്ടിയില്‍ വച്ച് ലാത്തിക്കടിച്ച പോലീസ് ഉടുപ്പ് വലിച്ച് കീറുകയും ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും, കൂട്ടത്തിലുണ്ടായിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് വേഷം മാറി പെണ്ണുങ്ങളുടെ കൂടെ കൂടിയതല്ലേടാ എന്നും പോലീസ് ചോദിച്ചു അപമാനിക്കാന്‍ ശ്രമിച്ചതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു

പെരുമ്പാവൂരില്‍ പോലീസിന്റെ അഴിഞ്ഞാട്ടം; ജസ്റ്റിസ് ഫോര്‍ ജിഷ കൂട്ടായ്മയുടെ വനിതാ പ്രവര്‍ത്തകര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പരിക്ക്പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ബലാല്‍ത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകികളെ പത്തു ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു ഫെയ്‌സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തിന് നേരെ വീണ്ടും ലാത്തിച്ചാര്‍ജ്. 'ജസ്റ്റിസ് ഫോര്‍ ജിഷ' എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് സംഘടിപ്പിച്ചത്.

നൂറോളം വരുന്ന പ്രവര്‍ത്തകര്‍ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫീസ് ഉപരോധിക്കുകയും ഡി.വൈ.എസ്.പിയെ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഒഫിസിനുള്ളില്‍ കടക്കാന്‍ ശ്രമിക്കവേ ആദ്യം പോലീസ് ലാത്തിവീശി. ഇതില്‍ ഗുരുതരമായി നട്ടെല്ലിന് പരിക്കേറ്റ വനിതപ്രവര്‍ത്തക സുജ ഭാരതിയുള്‍പ്പെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വൈകുന്നേരം ആറരയോടെ  ഡിവൈഎസ്പി ഓഫീസിനുള്ളില്‍ ഇരുന്ന് ഡി.വൈ.എസ്.പിയെ കാണണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്ന വനിത പ്രവര്‍ത്തകരേ അറസ്റ്റ് ചെയ്യണം എന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതിനേത്തുടര്‍ന്ന് സമരക്കാര്‍ അറസ്റ്റിന് തയ്യാറാവുകയും ചെയ്തു. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ട് പോകുന്നതിനിടെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ലാത്തി വീശുകയായിരുന്നു എന്നാണ് സമരക്കാരുടെ ആരോപണം.


സത്രീകളും ട്രാന്‍സ്‌ജെന്‍ഡേര്‍സുമായ പതിനാറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് വണ്ടിയില്‍ വച്ച് ലാത്തിക്കടിച്ച പോലീസ് ഉടുപ്പ് വലിച്ച് കീറുകയും ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് വേഷം മാറി പെണ്ണുങ്ങളുടെ കൂടെ കൂടിയതല്ലേടാ എന്നും പോലീസ് ചോദിച്ചതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.വഴിയരികില്‍ മാറി നിന്നവര്‍ക്ക് പോലും ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്. പുരുഷന്മാരില്‍ പലര്‍ക്കും തലക്കാണ് പരിക്കറ്റിട്ടുള്ളത്. പരിക്കേറ്റവരെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Story by