പോലീസ് വകുപ്പിലെ അഴിച്ചുപണി; ഡിജിപി സെന്‍കുമാറിന് കടുത്ത അതൃപ്തി

വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയുള്ള ഈ താഴ്ത്തല്‍ മുന്‍ പോലീസ് മേധാവിയെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നാണ് സൂചന.

പോലീസ് വകുപ്പിലെ അഴിച്ചുപണി; ഡിജിപി സെന്‍കുമാറിന് കടുത്ത അതൃപ്തി

അപ്രതീക്ഷിതമായി തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയ നടപടിയില്‍ ഡിജിപി സെന്‍കുമാറിന് കടുത്ത അതൃപ്തിയെന്ന് സൂചനകള്‍. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥ പദവിയില്‍ നിന്നും ഒരു രാത്രികൊണ്ട് പോലീസ് കണസ്ട്രക്ഷന്‍ തസ്തികയിലേക്കുള്ള സെന്‍കുമാറിന്റെ മാറ്റം പോലീസ് വകുപ്പിനെ ഞെട്ടിപ്പിച്ചിരുന്നു. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേയുള്ള ഈ താഴ്ത്തല്‍ മുന്‍ പോലീസ് മേധാവിയെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നാണ് സൂചന.


തിങ്കളാഴ്ച രാത്രിയോടെയാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചത്. ചൊവ്വാഴ്ചയേ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങൂ. ഉത്തരവ് തനിക്കു ലഭിച്ചിട്ടില്ലെന്നും ഉത്തരവ് കൈയില്‍ കിട്ടിയിട്ട് പ്രതികരിക്കാമന്നുമാണ് സെന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. പോലീസ് മേധാവിയില്‍ നിന്നും താഴേക്കിറങ്ങിയുള്ള പദവിയായതിനാല്‍ സെന്‍കുമാര്‍ കേന്ദ്ര സര്‍വ്വീസിലേക്ക് ശ്രമിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മാത്രം സര്‍വ്വീസ് ബാക്കി നില്‍ക്കേ അതിനു ശ്രമിക്കുന്നില്ലെന്നുള്ളതാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

കഴിഞ്ഞദിവസം രാത്രിയാണ് പോലീസ് വകുപ്പിലെ മാറ്റങ്ങള്‍ സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചത്. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയതിന് പിന്നാലെയാണ് പോലീസ് തലപ്പത്തെ വന്‍ അഴിച്ചുപണി. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങും.

ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി ഡിജിപി ജേക്കബ് തോമസിനെയും നിയമിച്ചു. ശങ്കര്‍ റെഡ്ഡിക്കു പുതിയ ചുമതല നല്‍കിയിട്ടില്ല. പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടക്കുവാന്‍ പോകുന്ന വിവരങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് നാരദാ ന്യൂസാണ്.

കഴിഞ്ഞ മന്ത്രിസഭയുടെ അഴിമതികളെക്കുറിച്ച് പഠിക്കുവാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയമിച്ചിരുന്നു. ഉപസമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന്റെ മേല്‍നോട്ടം ഋഷിരാജ് സിംഗിനായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ സൂചന നല്‍കിക്കഴിഞ്ഞു.