ജിഷയുടെ കൊലപാതകം; പൊലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു: കംപ്ലയിന്റ്സ് അതോറിറ്റി

കൊലപാകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കംപ്ലയിന്റ്സ് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

ജിഷയുടെ കൊലപാതകം; പൊലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു: കംപ്ലയിന്റ്സ് അതോറിറ്റി

ദളിത് നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊലപാതകം നടന്ന് 27 ദിവസം കഴിഞ്ഞിട്ടും പ്രതിക്കായി ഇരുട്ടില്‍ തപ്പുന്ന പോലീസിന് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയുടെ രൂക്ഷ വിമര്‍ശനം. കൊലപാകവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഘം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കംപ്ലയിന്റ്സ് അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

നിര്‍ദ്ദേശമുണ്ടായിട്ടും അതോറിറ്റിക്ക് മുന്‍പാകെ ഹാജരാകാത്തതിന് പൊലീസ് ഉദ്യോഗസ്ഥരെ ജസ്റ്റീസ് നാരായണക്കുറുപ്പ് ശാസിച്ചു. അടുത്ത മാസം രണ്ടിന് ഇവര്‍ വീണ്ടും ഹാജരാകാനും കമ്മീഷന്‍ നിര്‍ദേശിച്ചു. അന്വേഷണ സംഘത്തെ വിളിച്ച് വരുത്താന്‍ അതോറിറ്റിക്ക് അധികാരം ഇല്ലെന്നും അവരുടെ അധികാര പരിധിയില്‍ വരുന്നതല്ല പരാതിയെന്നും കാട്ടി കംപ്ലയിന്റ്സ് അതോറിറ്റിക്ക് എതിരെ ഐജി മഹിപാല്‍ യാദവ് രംഗത്തെത്തിയിരുന്നു.


കോടതിയോട് മാത്രമാണ് അന്വേഷണ സംഘത്തിന് ബാധ്യതയുള്ളതെന്നും അതോറിറ്റിയുടെ നടപടി അന്വേഷണത്തില്‍ ഇടപെടുന്നതിന് തുല്യമാണെന്നും മഹിപാല്‍ യാദവ് പറഞ്ഞിരുന്നു. പക്ഷേ ഐജിയുടെ ഈ പരാമര്‍ശങ്ങളെ അതോറിറ്റി തള്ളിക്കളയുകയാണ് ചെയ്തത്.

പ്രാഥമികഘട്ടത്തില്‍ വരുത്തിയ വീഴ്ചയുടെ പേരില്‍ ഐജി മഹിപാല്‍ യാദവ്, എസ്പി ജി എച്ച് യതീഷ്ചന്ദ്ര, ഡിവൈഎസ്പി അനില്‍കുമാര്‍, കുറുപ്പംപടി സിഐ രാജേഷ്, എസ്ഐ സോണി മത്തായി എന്നിവരോടാണ് ഇന്ന് ഹാജരാകാന്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നത്.