പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ

ഇന്ന് ചേരുന്ന സംസ്ഥാന സമിതിക്കും സെക്രട്ടറിയേറ്റിനും ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നാരദാ ന്യൂസ് ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടുചെയ്യുന്നു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകുമെന്ന് സൂചന; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരത്തോടെ

നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തിളക്കമാര്‍ന്ന വിജയത്തിനു പിറകേ പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഇന്ന് ചേരുന്ന സംസ്ഥാന സമിതിക്കും സെക്രട്ടറിയേറ്റിനും ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നാരദാ ന്യൂസ് ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടുചെയ്യുന്നു.

തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനൊപ്പം തന്നെ ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിഷയവും ഉയര്‍ന്നു വന്നിരുന്നു. പിണറായി വിജയനും വിഎസ് അച്യുതാനന്ദനും സ്ഥാനാര്‍ത്ഥികളായതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന ചോദ്യവും ഉത്തരംകിട്ടാതെ തന്നെ തുടര്‍ന്നു. ഇടയ്ക്ക് വിഎസ് ചില നാഷണല്‍ മീഡിയകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി സ്ഥാനം തനിക്കും പ്രാപ്തമാണെന്ന സൂചനയും നല്‍കിയിരുന്നു. എന്നാല്‍ ഇടതുപക്ഷ ദേശീയ നേതാക്കള്‍ തെരഞ്ഞെടുപ്പിന് ശേഷം അതിനെപ്പറ്റി ആലോചിക്കാമെന്ന സൂചനയാണ് നല്‍കിയരുന്നത്.


എന്നാല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ ദേശീയ- സംസ്ഥാന തലത്തിലുള്ള അനൗദ്യോഗിക കൂടിയാലോചനയുടെ ഫലമായി പിണറായി വിജയന്റെ പേര് ഉയര്‍ന്നു വരികയായിരുന്നു. മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തിനോട് താല്‍പര്യമുണ്ടെന്ന രീതിയില്‍ പ്രതികരിച്ചെങ്കിലും വിഎസും ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന.

വിഎസിനെ ഭരണത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രിയാക്കുകയും അതിനുശേഷം പിണറായിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയെന്ന അഭിപ്രായവും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ ഉടലെടുത്തിട്ടുണ്ട്. എന്നാല്‍ ഉപരികമ്മിറ്റി ഈ സാധ്യത തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരത്തോടുകൂടി പിണറായിയാണ് മുഖ്യമന്ത്രിയെന്ന പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.