അതിക്രൂരമായ കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞു; ഇപ്പോഴും ജനങ്ങളെക്കൊണ്ട് പച്ചമാങ്ങ കടിപ്പിച്ചും വിരലടയാളം ശേഖരിച്ചും ഇരുട്ടില്‍തപ്പി പൊലിസ്

അന്വേഷണത്തിന്റെ ഭാഗമായി സമീപപ്രദേശത്തുള്ള സംശയമുള്ളവരെയും കസ്റ്റഡിയിലുള്ളവരെയും അടക്കം 30 ഓളം പേരെ ഇതിനകം മാങ്ങ കടിപ്പിച്ചു.

അതിക്രൂരമായ കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞു; ഇപ്പോഴും ജനങ്ങളെക്കൊണ്ട് പച്ചമാങ്ങ കടിപ്പിച്ചും വിരലടയാളം ശേഖരിച്ചും ഇരുട്ടില്‍തപ്പി പൊലിസ്

പെരുമ്പാവൂരിലെ ദളിത് വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുട്ടില്‍ തപ്പിത്തടയുന്ന പോലീസ് അന്വേഷണത്തിന്റെ പേരില്‍ പച്ചമാങ്ങ കടിപ്പിക്കലും ബൂത്ത് കെട്ടി കൈവിരലടയാളം ശേഖരിക്കലുമടക്കമുള്ള നടപടികള്‍ പ്രഹസനമാകുന്നു. അതിക്രൂരമായ കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും അനേ്വഷണത്തില്‍ യാതൊരു പുരോഗതിയും കാണാതെ നില്‍ക്കുകയാണ് പൊലീസ് സംഘം.

അന്വേഷണത്തിന്റെ ഭാഗമായി സമീപപ്രദേശത്തുള്ള സംശയമുള്ളവരെയും കസ്റ്റഡിയിലുള്ളവരെയും അടക്കം 30 ഓളം പേരെ ഇതിനകം മാങ്ങ കടിപ്പിച്ചു. കൊല്ലപ്പെട്ട ജിഷയുടെ പുറത്തുകണ്ട കടിയുടെ പാട് പല്ലുകള്‍ തമ്മില്‍ അസാമാന്യ വിടവുള്ള ഒരാളുടേതാണെന്ന നിഗമനത്തിലാണ് പോലീസ് പച്ചമാങ്ങ കടിപ്പിക്കുന്നത്. . പല്ലിന് വിടവുള്ള കുറ്റവാളികളുടെയും കൊലക്കേസ് പ്രതികളുടെയും വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ആ രീതിയിലും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.


പച്ചമാങ്ങ കടിപ്പിക്കുന്നതിനൊപ്പം തന്നെ പൊലിസിന്റെ വിരലടയാള ശേഖരണവും നടക്കുന്നുണ്ട്. രായമംഗലം പഞ്ചായത്ത് 8, 9 വാര്‍ഡിലെ പുരുഷന്മാരുടെ വിരലടയാളമാണ് ശേഖരിക്കുന്നത്. രണ്ടു വാര്‍ഡിലുമായി 1400 ഓളം പുരുഷന്മാരുണ്ട്. എന്നാല്‍ ജിഷയുടെ വീടിനു സമീപത്ത് തുടര്‍ച്ചയായ നാലാം ദിവസവും ബൂത്ത്‌കെട്ടി കൈവിരലടയാളം ശേഖരിച്ചിട്ടും 800 പേരുടെ വിരലടയാളം മാത്രമേ ലഭിച്ചിട്ടുള്ളു.

വെള്ളിയാഴ്ച ജിഷയുടെ അച്ഛന്‍ പാപ്പുവില്‍നിന്ന് പൊലിസ് വിശദമായി മൊഴിയെടുത്തു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയാണ് പൊലിസ് മൂന്നുമണിക്കൂര്‍ നീണ്ട മൊഴിയെടുക്കല്‍ നടത്തിയത്. ഇതിനിടെ ജിഷ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് സൂചനയുള്ളതായി പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. കെമിക്കല്‍ ലാബിലെയും ഫോറന്‍സിക് ലാബിലെയും പ്രാഥമിക പരിശോധനയില്‍ ജിഷയുടെ ആന്തരികാവയവങ്ങളില്‍ പുരുഷബീജം കണ്ടെത്താനായില്ലെന്നാണ് പൊലിസ് പറയുന്നത്.

എന്നാല്‍ ഇത്രയും നാളുകള്‍ക്കിടയ്ക്ക് ഈ വിവരം ഇപ്പോഴാണ് പുറത്തു വരുന്നെന്നുള്ളത് സംശയമുണര്‍ത്തുന്നു. വ്യാഴാഴ്ച വൈകിട്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് തിരുവനന്തപുരം കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍നിന്ന് ഈ വിവരം ലഭിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ജിഷയുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ട രക്തത്തിന്റെ ഗ്രൂപ്പ് നിര്‍ണയിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ അതും കഴിഞ്ഞ് അടുത്ത ബുധനാഴ്ചയോടെ മാത്രമേ മെഡിക്കല്‍ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിക്കുവെന്നാണ് സൂചന.

Read More >>