വോട്ടെടുപ്പ് കഴിഞ്ഞു ഫലവും വന്നു; കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ സമീപത്തെ രാഷ്ട്രീയ ജനത്തിരക്കും ഒഴിഞ്ഞു

ഇന്ന് രാജേശ്വരിക്ക് ഒരുനേരത്തേ ആഹാരം വാങ്ങി നല്‍കുന്നത് ആശുപത്രി ജീവനക്കാരാണ്. ജിഷയുടെ മരണശേഷം കലക്ടര്‍ തുടങ്ങിയ അക്കൗണ്ടില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ ലക്ഷക്കണക്കിനു രൂപ സംഭാവന നിക്ഷേപിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 10 ലക്ഷം രൂപയുടെ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുകയെന്നും ഇവര്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞു ഫലവും വന്നു; കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ സമീപത്തെ രാഷ്ട്രീയ ജനത്തിരക്കും ഒഴിഞ്ഞു

പെരുമ്പാവൂരില്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി ആശുപത്രിയില്‍ കഴിയുന്നത് ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ. ജിഷ കൊല്ലപ്പെട്ടിട്ട് ഇന്ന് 24 ദിവസമാകുമ്പോള്‍ ആശുപത്രിയിലെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം തീരെ അസ്തമിച്ച മട്ടാണ്. തെരഞ്ഞെടുപ്പിന്റെ തലേദിവസം മുതല്‍ തന്നെ പെരുമ്പാവൂര്‍ ജനറല്‍ ആശുപത്രിയില്‍ ആളും ആരവവും ഒഴിഞ്ഞിരുന്നു.

ഇന്ന് രാജേശ്വരിക്ക് ഒരുനേരത്തേ ആഹാരം വാങ്ങി നല്‍കുന്നത് ആശുപത്രി ജീവനക്കാരാണ്. ജിഷയുടെ മരണശേഷം കലക്ടര്‍ തുടങ്ങിയ അക്കൗണ്ടില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവര്‍ ലക്ഷക്കണക്കിനു രൂപ സംഭാവന നിക്ഷേപിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 10 ലക്ഷം രൂപയുടെ ധനസഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ തുകയെന്നും ഇവര്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടയിലാണ് ജിഷയുടെ മരണം സംഭവിച്ചത്. തെരഞ്ഞെടുപ്പിനു മുന്നണികള്‍ കേരളമൊട്ടുക്കും ആയുധമാക്കിയതും ഈ മരണം തന്നെയായിരുന്നു. അതിന്റെ ഫലമായാണ് തന്റെ തോല്‍വിയെന്ന് പെരഒമ്പാവൂരിലെ സിറ്റിംഗ് എംഎല്‍എ സാജുപോള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു ദിവസം രാജേശ്വരിയെ പോളിങ് ബൂത്തിലെത്തിക്കാന്‍ പോലും ഒരു പാര്‍ട്ടിയും സന്നദ്ധമായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയെ പഠിപ്പിക്കാന്‍ അമ്മ രാജേശ്വരിക്കു ഭിക്ഷ എടുക്കേണ്ടിവരെ വന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. തന്നോട് രാജേശ്വരി ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സിജോ കുഞ്ഞച്ചന്‍ പറഞ്ഞു. പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളില്‍ പ്രസവശുശ്രൂഷ നടത്തി ജീവിച്ചിരുന്ന രാജേശ്വരി ജോലിയില്ലാത്തപ്പോള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ മുസ്ലിം പള്ളികള്‍ക്കു മുമ്പില്‍ ചെന്നിരുന്നു തലമൂടി ഭിക്ഷ എടുത്തിരുന്നുവെന്ന് തന്നെ അറിയിച്ചതായി സിജോ പറയുന്നു.

രാജേശ്വരിക്ക് അസുഖങ്ങള്‍ ഇല്ലെന്നു ബോധ്യപ്പെട്ടതിനെത്തുടര്‍ന്നു ഡിസ്ചാര്‍ജിന് ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇപ്പോഴും രാജേശ്വരിയെ ആശുപത്രിയില്‍തന്നെ കിടത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ നേരത്തേ മാനസികാരോഗ്യവിദഗ്ധന്റെ കൗണ്‍സിലിങിനു വിധേയയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും അന്വേഷണഉദ്യോഗസ്ഥര്‍ അവഗണിച്ചുവെന്നും ആക്ഷേപമുണ്ട്. കൗണ്‍സിലിങിന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ കൊച്ചിന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു.