ജിഷയുടെ കൊലപാതകം; പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന: അറസ്റ്റ് ഇന്നുതന്നെയുണ്ടായേക്കും

ഈ സംഭവവുമായി ബന്ധപ്പെട്ട് കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും താന്‍ മാനസിക രോഗമുള്ളയാളാണെന്ന് ആരോപിച്ച് പോലീസ് പരാതി അന്വേഷിക്കാതെ തള്ളുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

ജിഷയുടെ കൊലപാതകം; പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന: അറസ്റ്റ് ഇന്നുതന്നെയുണ്ടായേക്കും

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ(29) അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന. ഇന്നുതന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നും പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ 28 ന് പട്ടാപ്പകല്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ ജിഷയ്ക്കും അമ്മയ്ക്കും ഭീഷണിയുണ്ടായിരുന്നെന്നും ഒരു പഞ്ചായത്ത് അംഗത്തിന്റെ ബന്ധു നിരന്തരം പെണ്‍കുട്ടിയെ മൊബൈല്‍ ഫോണില്‍ വളിച്ചും അല്ലാതെയും ശല്യംചെയ്തിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഷയുടെ അമ്മയും ഈ വ്യക്തിയുമായി ഈ സംഭവത്തെച്ചൊല്ലി നിരവധി തവണ തര്‍ക്കമുണ്ടായിരുന്നുവെന്നും ഈ തര്‍ക്കം ഒരു ഘട്ടത്തില്‍ വധഭീഷണിയിലേക്കുവരെയെത്തിയെന്നും ജികയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.


ഈ സംഭവവുമായി ബന്ധപ്പെട്ട് കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും താന്‍ മാനസിക രോഗമുള്ളയാളാണെന്ന് ആരോപിച്ച് പോലീസ് പരാതി അന്വേഷിക്കാതെ തള്ളുകയായിരുന്നുവെന്നും അമ്മ പറഞ്ഞു.

മുമ്പ് വീടിനു മുന്നില്‍വച്ച് ജിഷയുടെ അമ്മയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ ജിഷ ബൈക്കിന്റെ കീ ഊരിയെടുത്തെന്നും പൊലീസില്‍ പരാതിപ്പെടാതെ താക്കോല്‍ തരില്ലെന്നും പറഞ്ഞുവെന്നും പിന്നീട് ചിലര്‍ ഇടപെട്ട് പ്രശ്‌നം തീര്‍ക്കുകയായിരുന്നുവെന്നും അമ്മ പറയുന്നു.

ഇതിനിടെ പെണ്‍കുട്ടിയുടെ സഹോദരീഭര്‍ത്താവിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എട്ടു വര്‍ഷമായി ജിഷയുടെ സഹോദരിയും ഭര്‍ത്താവും തമ്മില്‍ പിരിഞ്ഞാണു താമസിക്കുന്നത്. സംഭവദിവസം ഇയാള്‍ പെരുമ്പാവൂരില്‍ ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.