കൊച്ചിയിലെ ജനങ്ങളെ വൃക്കരോഗികളാക്കുന്നത് പെരിയാറിലെ മലിനജലം; പൈപ്പിലും ടാങ്കറിലും ലഭിക്കുന്നത് രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന ജലം

കൊച്ചി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും ലഭിക്കുന്ന കുടിവെള്ളം പലപ്പോഴും ഉപ്പ് ചുവയുള്ളതാണ്. ഏറ്റവും നല്ല ലായകമായ ഉപ്പ് പൈപ്പ് വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ എല്ലാ തരത്തിലുമുള്ള രാസ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് തന്നെയാണ് അര്‍ത്ഥം.ചുരുക്കത്തില്‍ ശുദ്ധജലം എന്ന പേരില്‍ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമല്ല എന്നും പൗരവകാശപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു

കൊച്ചിയിലെ ജനങ്ങളെ  വൃക്കരോഗികളാക്കുന്നത് പെരിയാറിലെ മലിനജലം; പൈപ്പിലും ടാങ്കറിലും ലഭിക്കുന്നത് രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്ന ജലം

എറണാകുളം ജില്ലയിലെ വൃക്ക രോഗികളുടെ എണ്ണം പെരുകുന്നത് ജനങ്ങള്‍ക്ക് ലഭിക്കുന്ന കുടിവെള്ളം ഭയാനകമായ നിലയില്‍ വിഷമയമായതിനെ തുടര്‍ന്നാണെന്ന് മനുഷ്യവകാശപ്രവര്‍ത്തകര്‍. കൊച്ചി നഗരത്തിലെ ലക്ഷകണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പെരിയാറിലെ ജലത്തെയാണ്. പൈപ്പ് വെള്ളമായും ടാങ്കറിലും എത്തിക്കുന്നത് 90 ശതമാനവും ഈ ജലം തന്നെയാണ്.കേരളത്തിലെ നീളം കൂടിയ നദിയായ പെരിയാറിന്റെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്നത് 250ലേറെ വ്യവസായശാലകളാണ്. ഇവ പുറംതള്ളുന്ന സംസ്‌ക്കരിക്കാത്ത, രാസസാന്നിദ്ധ്യമുള്ള ജലം പെരിയാറിനെ നാശത്തിന്റെ പടുകുഴിയില്‍ ആഴ്ത്തിയിരിക്കുന്നു.


കൊച്ചി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും ലഭിക്കുന്ന കുടിവെള്ളം പലപ്പോഴും ഉപ്പ് ചുവയുള്ളതാണ്. ഏറ്റവും നല്ല ലായകമായ ഉപ്പ് പൈപ്പ് വെള്ളത്തില്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ എല്ലാ തരത്തിലുമുള്ള രാസ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് തന്നെയാണ് അര്‍ത്ഥം.ചുരുക്കത്തില്‍ ശുദ്ധജലം എന്ന പേരില്‍ വിതരണം ചെയ്യുന്ന വെള്ളം ശുദ്ധമല്ല എന്നും പൗരവകാശപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.വര്‍ഷങ്ങളായി ഈ വെള്ളം കുടിക്കുന്നത് കൊണ്ടാകാം കൊച്ചിക്കാരില്‍ വൃക്കരോഗികളുടെയും തൈറോയ്ഡ രോഗികളുടെയും എണ്ണം അടുത്തിടെ വല്ലാതെ വര്‍ദ്ധിക്കുന്നതും.എറണാകുളം ജില്ലയില്‍ ഒരു ലക്ഷത്തിമുപ്പതിനായിരത്തില്‍പ്പരം വൃക്കരോഗികള്‍ ഉണ്ടെന്നാണ് കണക്ക്. അതായത് മുപ്പതില്‍ ഒരാള്‍ക്ക് വൃക്കരോഗമുണ്ട്.


ചത്തുപൊങ്ങുന്ന മത്സ്യങ്ങളും നിറം മാറുന്ന പെരിയാറും വ്യവസായശാലകളുടെ സമ്മാനം


കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലെ പെരിയാറിന്റെ തീരത്തുള്ള 282 വ്യവസായശാലകളില്‍ നൂറോളം എണ്ണം രാസവ്യവസായശാലകള്‍ ആണ്. ഇതില്‍ 26 കമ്പനികള്‍ മാരക വിഷമടങ്ങിയ മലിനജലം പെരിയാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്്. പെരിയാര്‍ മലിനമാക്കുന്ന കാര്യത്തില്‍ പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നേ വ്യത്യാസമില്ല. ഏലൂര്‍ ഇടയാര്‍ മേഖലയില്‍ കഴിഞ്ഞ 70 വര്‍ഷത്തിലധികമായി നടക്കുന്ന വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ മൂലം പെരിയാര്‍ നദിയും, കൊച്ചി കായലും, അതിന്റെ തീരപ്രദേശങ്ങളും വലിയതോതില്‍ വിഷമയമായിക്കഴിഞ്ഞു. 2006ല്‍കൊച്ചി സര്‍വകലാശാലയിലെ ഇന്‍ഡസ്ട്രീസ്് ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് ഹെഡായിരുന്ന ഡോ മധുസൂധനനന്‍ നടത്തിയ പഠനത്തില്‍ പെരിയാറിെ ആവാസവ്യവസ്ഥ പൂര്‍ണ്ണമായി തകര്‍ന്നതായി കണ്ടെത്തിയിരുന്നു. 70കളിലും 80കളിലും പെരിയാറില്‍ 35 തരം മത്സ്യങ്ങളുണ്ടായിരുന്നു.2006 ആയപ്പോഴേക്കും ഇത് 12 ഇനമായി ചുരുങ്ങി.മത്സ്യത്തൊഴിലാളികള്‍ക്ക് 3-7 കി വരെ മത്സ്യം ലഭിച്ചിരുന്നത് 2006ലെ റിപ്പോര്ട്ട് അനുസരിച്ച് 300 ഗ്രാമായി ചുരുങ്ങി.ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വെള്ളം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്ന് കണ്ടെത്തിയിരുന്നു. 2009ല്‍  പെരിയാറിലെ മുകള്‍ത്തട്ട് മുതല്‍ താഴെത്തട്ട് വരെ നടത്തിയ പഠനങ്ങില്‍  സൂക്ഷമജീവികള്‍ എല്ലാം ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായി എന്നും കണ്ടെത്തിയിരുന്നു.

പെരിയാരില് വര്‍ഷങ്ങളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യക്കുരുതിക്കും നിറംമാറ്റത്തിനും കാരണം വ്യവസായശാലകളില്‍ നിന്ന് സംസ്‌കരിക്കാതെ മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കി വിടുന്നത് മുലമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയാറാക്കിയ ഗ്രേറ്റര്‍ കൊച്ചി ആക്ഷന്‍ പ്ലാന്‍ പ്രകാരം ഇന്ത്യയില്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ 24ാം സ്ഥാനത്താണ് ഏലൂര്‍. ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡും, ഡല്‍ഹി ഐഐടിയും ചേര്‍ന്ന് 'കോമ്പ്രഹെന്‍സീവ് എന്‍വിയോണ്‍മെന്റല്‍ പൊലൂഷന്‍ ഇന്‍ഡെക്‌സ' തയാറാക്കിയിരുന്നു. ഇതില്‍ 75.08 സ്‌കോറാണ് ഏലൂരിന് ലഭിച്ചത്, അതായത് അപകടകരമാം വിധം മലീനീകരിക്കപ്പെട്ട പ്രദേശം എന്നര്‍ത്ഥം.

അതേസമയം പെരിയാര്‍ അപകടകരമാംവിധം മലിനിപ്പെട്ടിട്ടില്ലെന്നായിരുന്നു മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ അധ്യക്ഷനായിരുന്ന പഠനസംഘത്തിന്റെ കണ്ടെത്തല്‍. ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് വിഭിന്നമാണ് യാഥാര്‍ത്ഥ്യം.ടി.സി.സി, ഫാക്ട് തുടങ്ങിയ കമ്പനികള്‍ ഓരോ ദിവസവും ദശലക്ഷക്കണക്കിന് അസംസ്‌കൃതജലമാണ് പെരിയാറിലേക്ക് ഒഴുക്കി കൊണ്ടിരുന്നത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്ക്‌നോളജിയിലെ (കുസാറ്റ്) ഇന്‍ഡസ്ട്രീസ് ഫിഷറീസ് വിഭാഗം, ഗ്രീന്‍പീസ് ഫൗണ്ടേഷന്‍, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, സുപ്രീംകോടതി നിയോഗിച്ച പഠനസമിതി എന്നിവര്‍ കണ്ടെത്തിയത് പെരിയാര്‍ ശോചനീയമായ അവസ്ഥയിലാണെന്നാണ്. ഘനലോഹങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പെരിയാറിന്റെ അടിത്തട്ടില്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്. മത്സ്യസമ്പത്തിനെയും ഏലൂര്‍ വ്യവസായമേഖലയ്ക്ക് താഴേക്കുള്ള പെരിയാറിനെ ആശ്രയിച്ച് നിലനില്‍ക്കുന്ന കൃഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ 5 വര്‍ഷത്തിനിടെ പെരിയാറില്‍ 100ഓളം തവണ മത്സ്യങ്ങള്‍ ചത്ത് പൊങ്ങുകയും നിരവധി തവണ പെരിയാര്‍ നിറംമാറി ഒഴുകുകയും ചെയ്തു. ഈ വര്‍ഷം കഴിഞ്ഞ മെയ് 7 വരെ 10 തവണ മത്സ്യകുരുതി നടന്നു.ലക്ഷങ്ങള്‍ ചിലവഴിച്ച് പഠനങ്ങള്‍ നടത്തി നടപടികള്‍ അവസാനിപ്പിക്കുന്ന നയമാണ് ഈ കാര്യത്തില്‍ എന്നും നടന്നിട്ടുള്ളത്.ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍, 2003ലെ സുപ്രീംകോടതി വിധിയുമായി ബന്ധപെട്ട പഠനം, അപകടകരങ്ങളായ മാലിന്യങ്ങളെക്കുറിച്ചുള്ള 13ഓളം വരുന്ന വിവിധ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഇവയെയെല്ലാം നോക്കുകുത്തികളാക്കി കൊണ്ടാണ് വ്യവസായശാലകള്‍ മാലിന്യങ്ങള്‍ വലിയ രീതിയില്‍ പെരിയാറിലേക്ക് തള്ളിവിടുന്നത്.

പെരിയാറിനെ നശിപ്പിക്കാന്‍ ശ്രീശ്കതി പേപ്പര്‍ മില്‍സിനു ഒത്താശ ചെയ്യുന്നത് ഉന്നതര്‍

വ്യവസായശാലകള്‍ക്ക് മാലിന്യം പുറന്തള്ളുന്നതിന് 33ഓളം അംഗീകൃത ഭൂഗര്‍ഭ പൈപ്പുകളാണ് പെരിയാറില്‍ ഏലൂര്‍ ഇടയാര്‍ മേഖലയില്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് വിവിധ പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുറഞ്ഞത ്80ാേളം അനധികൃത പൈപ്പുകള്‍ ഉണ്ടെന്നു പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.പെരിയാറിലേക്ക മാലിന്യമൊഴുക്കുനന്തില്‍ ഏറ്റവും മുന്തിയ സ്ഥാനം ശ്രീശക്തി പപ്പേര്‍ മില്ലിനാണ്.നിരവധി തവണ ഈ വിഷയത്തില്‍ എല്ലാ വര്‍ഷവും കാരണംകാണിക്കല്‍ നോട്ടീസും അടച്ചപൂട്ടല്‍ നോട്ടീസും ലഭിക്കുന്ന ഈ കമ്പനിക്ക്് നിമയം അനുശാസിക്കുന്ന രീതിയില്‍ ഒരു സംസ്‌കരണ സംവിധാനവും ഏര്‍പ്പെടുത്താതെ തന്നെ വീണ്ടും പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടുന്നു എന്നതാണ് അത്ഭുതം.2004ല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുമ്പോള്‍ നല്കിയ അതേ കാരണങ്ങള്‍ തന്നെയാണ് കഴിഞ്ഞ മെയ് നാലിനും പിന്നീട് രണ്ട് ദിവസം മുമ്പുള്ള ഉത്തരവിലും ചൂണ്ടികാട്ടുന്നത്.ആകെയുള്ള മാറ്റം 2004ല്‍ 80 ടണ്‍ ഉത്പാദന ശേഷിയുണ്ടായിരുന്ന കമ്പനിക്ക് ഇന്ന180 ടണ്‍ ഉത്പാദന ശേഷിയുണ്ട് എന്നതാണ്.ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കാത്ത പള്‍പ്പ് അതേപോലെ പെരിയാറിലേക്ക് തള്ളുകയാണ് കമ്പനി ചെയ്യുന്നത് എന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കറുത്തൊഴുകിയ പെരിയാറിലേക്ക് കമ്പനിയുടെ ഔട്ട്‌ലെറ്റില്‍ നിന്ന നേരിട്ട മലിനജലം ഒഴുകുന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് മലീനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ 4ാം തീയതി നല്കിയ ക്ലോഷര്‍ ഉത്തരവ് 6ാം തീയതി പിന്‍വലിച്ചത് എങ്ങിനെയെന്ന് പരിശോധിക്കുമ്പോള്‍ ആര്‍ക്കും സാമാന്യബുദ്ധിക്ക് ബോദ്ധ്യപ്പെടുന്ന അഴിമതി കഥകളാണ് പുറത്ത് വരുക.നോട്ടീസ് പിന്‍വലിക്കാന്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായി എന്നാണ് പരിസ്ഥിതി-പൗരവകാശ പ്രവര്‍ത്തകന്‍ പുരുഷന്‍ ഏലൂര്‍ ആരോപിക്കുന്നത്.
കുറഞ്ഞത് 10 ലക്ഷത്തോളം ലിറ്റര്‍ വെള്ളം  ഒരു ദിവസം പുറത്ത് വിടുന്ന കമ്പനി മൂന്ന് മാസത്തേക്ക് 3 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനുള്ള ടാങ്ക് പണിയാമെന്ന വ്യവസ്ഥയിലാണ് കഴിഞ്ഞ ക്ലോഷസര് ഉത്തരവ് ബോര്‍ഡ് പിന്‍വലിക്കുന്നത് എന്നത് കൂടി കൂട്ടിചേര്‍ത്ത് വായിക്കണം.ഒരിക്കല്‍ കൂടി പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടില്ല എന്ന് ഉറപ്പിക്കാന്‍ ഇത്തവണ കമ്പനി നല്കി എന്ന് പറയുന്ന 24 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി 2013ലും 14ലുമായി  നല്കിയതാണ് എന്നും പരസ്ഥിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ വീണ്ടും പ്രതിഷേധം ശക്തമാക്കുകയും വീണ്ടും ഒരു ക്ലോഷര്‍ ഉത്തരവ് ഇറക്കാന്‍ മലീനികരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. മുന്‍സിപ്പില്‍ ചെയര്‍പേഴ്‌സണ്‍ അടങ്ങിയസമിതി ഉത്തരവ് പിന്‍വലിക്കാന്‍ പത്തിന നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.

പെരിയാര്‍ മലിനീകരണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ എന്നും  പ്രതിസ്ഥാനത്ത് ഒന്നാമതായി നില്‍ക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ തന്നെയാണ്. മലീനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനടക്കം ഇതില്‍ പങ്കുണ്ട് എന്നും പുരുഷന്‍ ഏലൂര് ആരോപിക്കുന്നു.
അടിയന്തിര പ്രാധാന്യത്തോട് കൂടി ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് 12ാം കേരള നിയമസഭ പരിസ്ഥിതി സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് കണ്ടവരില്ല.
കേരളത്തിന്റെ ജീവനാഡികള്‍ ആയ ഓരോ പുഴയും മരണം കാത്തുകിടക്കുമ്പോള്‍ ജനങ്ങളെ പോലെ തന്നെ അവയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ അധികൃതരും നാശത്തിന് കാരണകാരാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.പ്രകൃതിയെ മലിനീകരിക്കുന്ന കമ്പനികളെ സഹായിക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വം പെരിയാറിലെ അപകടകരമായ മലിനജലം കുടിക്കാന്‍ വിധിക്കപ്പെട്ട കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളെയും വരാന്‍ പോകുന്ന തലമുറകളെയും നിത്യരോഗികളാക്കുകയാണ്. വികസനത്തെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകളും നാടിനെയും ജനതയെും വലിയ നാശത്തിലേക്കാണ് തളളിവിടുന്നത് .

പ്രതിഷധേം ശക്തമാക്കി കള്ക്ടീവ് ഫോര്‍ റൈറ്റ് ടു ലീവ്

പെരിയാര്‍ വ്യവസായ മേഖലയില്‍ നിന്നും പെരിയാറിലേക്കൊഴുക്കുന്ന രാസമാലിന്യങ്ങളുടെ വിഷയം ദശകങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നതാണെങ്കിലും, മാലിന്യമുക്തമായ കുടിവെള്ളത്തിനുവേണ്ടിയുള്ള ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടിട്ടില്ല എന്നാണ് ചിലര് ചൂണ്ടികാട്ടുന്നത്.ശക്തമായ ജനകീയാഭിപ്രായം ഉയര്ന്നുവന്നാല്‍ മാത്രമേ സര്ക്കാനരിന്റെ കണ്ണുതുറക്കുകയുള്ളൂ എന്നതാണ് ഇന്നത്തെ സ്ഥിതി. അതിനാല് പരിസ്ഥിതി-പൗരാവകാശ പ്രവര്ത്ത്കരും വിദ്യാര്ത്ഥി, മനുഷ്യാവകാശ പ്രവര്ത്ത്കരും സംയുക്തമായി 'Collective for Right to Live' എന്ന ബാനറില്‍ രാസമാലിന്യവിമുക്തമായ കുടിവെള്ളാവകാശത്തിന് വേണ്ടിയുള്ള ഒരു പ്രചാരണ പ്രക്ഷോഭ ക്യാമ്പയിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ഇന്ന് വൈകിട്ട 5 മണിക്ക മറൈന്‍ ഡ്രൈവില്‍ (ഹെലിപാഡ്) ഉദ്ഘാടന പരിപാടിക്ക് ശേഷം നാടക-സാംസ്‌കാരിക പരിപാടിയും ഒരുക്കിയിട്ടുണ്ട്.